
ആകാശങ്ങളിൽ അതിര് തീർത്തു കിടക്കുന്ന മലനിരകളിലേക്ക് വളഞ്ഞ് പുളഞ്ഞ് കിടന്ന മലമ്പാതയിലൂടെ ബസ് പതുക്കെ പതുക്കെ കയറി കൊണ്ടിരുന്നു. ആഹ്ളാദവും ഭീതിയും നിറയക്കുന്ന വഴികാഴ്ചകളിൽ ആശ്ചര്യപ്പെട്ട് ഇരിക്കുന്ന യാത്രക്കാരുടെ ഇടയിൽ കാഴ്ചകളിൽ കൗതുകങ്ങൾ ഇല്ലാതെ നിസംഗനായിഅയാളിരുന്നു.
സാംസൺ എബ്രഹാമിന് ഈ യാത്രകളും പറിച്ചു നടലുകളും പുത്തരിയല്ല. പോലീസ് ഇൻസ്പക്ടറായിട്ട് രണ്ട് വർഷമെ ആയുള്ളുവെങ്കിലും ആറാമത്തെ ട്രാൻസ്ഫർ ആണ് അയാളെ തേടി എത്തിയിട്ടുള്ളത്. ഇത്തവണ തെക്ക് നിന്ന് അങ്ങ് വടക്കോട്ടാണ്. ചുവന്ന വരികളാൽ അലംകൃതമായ സർവ്വീസ് ബുക്കിൽ അയാൾ കടന്നുപോയ അനേകം പോലീസ് സ്റ്റേഷനുകളുടെ മണമുണ്ടായിരുന്നു.
വെയിൽ മലനിരകൾ ഇറങ്ങി പോകുന്ന കാഴ്ചയുടെ ഭംഗി അയാളെ അത്ഭുതപ്പെടുത്തിയില്ല. ബസിനു മുന്നിലെ വഴിയിലേക്കാണ് ഇരുട്ട് ആദ്യമെത്തിയത് . മലനിരകൾ കടന്ന് മുകളിലെത്തിയപ്പോഴേക്കും മുന്നിലെ സമതല കാഴ്ചകൾ മറച്ച് ഇരുട്ട് മൂടിയിരുന്നു.
അത്രയൊന്നും തെളിച്ചമില്ലാത്ത ഇരുളിലും കുളിരിലും ഒളിഞ്ഞു കിടക്കുന്ന ആ ചെറുപട്ടണത്തിലേക്ക് സാംസൺ ബസ് ഇറങ്ങുമ്പോൾ കുടുക്കുമലയുടെ വടക്കെ ചെരുവിൽ തൻ്റെ വീട്ടുമുറ്റത്ത് അസ്വസ്ഥയോടെ നടക്കയായിരുന്നു കള്ളൻ നാണപ്പൻ. മുറ്റത്തിനപ്പുറം ഇരുട്ടു പിടിച്ച ഇടവഴിയെയും കാടും പുല്ലും നിറഞ്ഞ പറമ്പുകളെക്കാളും തൻ്റെ വീടിനെ അയാൾ ഭയപ്പെട്ടു. ആ ചെറു കൂരയക്കുള്ളിലെ വെള്ളിവെളിച്ചം കാണാതിരിക്കാൻ അയാൾ കണ്ണുകൾ ഇറുക്കി അടച്ചു.
നാണപ്പൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഒരാഴ്ച മുമ്പ് സംഭവിച്ചത്. ഭാര്യയും മക്കളും തന്നോട് ഒരു വാക്കു പോലും പറയാതെയാണ് അത് ചെയ്തത്. വീട്ടിലേക്കുള്ള ഇടവഴിയിലെ കാടും പള്ളയും വെട്ടിമാറ്റി തലക്ക് മീതെ കരണ്ട് കമ്പി വലിക്കുന്ന ലൈമാൻമാരെയും അവർക്ക് ഒത്താശ ചെയ്യുന്ന നാട്ടുകാരെയും കണ്ട് കൊണ്ടാണ് അയാൾ അന്ന് വീട്ടിലേക്ക് എത്തിയത്. താൻ മനസ്സിൽ പോലും ആഗ്രഹിക്കാത്ത ഒന്ന്. അയാൾക്ക് കലി പൊട്ടി പക്ഷെ ഭാര്യയുടെയും മക്കളുടെയും തുറിച്ച് നോട്ടത്തിൽ. തൻ്റെ വീട്ടിൽ ഒരിക്കലും കറന്റ് വെളിച്ചം എത്തരുതെന്നാഗ്രഹിച്ച ഇരുളിനെ പ്രണയിച്ച അയാളുടെ മിഴികൾ അടഞ്ഞ് പോയി.
വരാന്തയില ബൾബിൻ്റെ വെളിച്ചമെത്താത്ത തെക്കെ അതിരിൽ ചാഞ്ഞ് നിന്ന കശുമാവിൻ്റെ കൊമ്പിൽ കയറി അയാൾ ഇരുന്നു. അയാളുടെ ഭാരം കൊണ്ട് ആ കൊമ്പ് പതിയെ ഊയലാടി . പാടത്തിനരികിലെ പറമ്പിൽ പഴുത്ത് നിൽക്കുന്ന അടയ്ക്കാ തോട്ടമായിരുന്നു അപ്പോൾ നാണപ്പൻ്റെ മനസിൽ. രാത്രി പിന്നെയും പിന്നെയും ഇരുട്ടാകുന്നതും കാത്ത് ആ മരക്കൊമ്പിൽ അയാളിരുന്നു.
ദീർഘമായ യാത്രയും മടുപ്പും സാംസണെ വല്ലാതാക്കിയിരുന്നു. ആ രാത്രിയുടെ ആരംഭത്തിൽ എത്തിച്ചേർന്ന പോലീസ് സ്റ്റേഷനെക്കുറിച്ച് പഠിക്കാനൊന്നും അയാൾമുതിർന്നില്ല. രാജപുരം എന്ന പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ SHO ആയി ചാർജ് ഏറ്റ് സ്റ്റേഷനിലെ രാത്രി ഡ്യൂട്ടിക്കാരെ ഒന്നു പരിചയപ്പെട്ടു അത്ര മാത്രം. സ്റ്റേഷന് പുറകിൽ ആ പഴകിയ ക്വാർട്ടേഴ്സിൽ മാറി മാറി വന്ന് പോയവർ ഉപയോഗിച്ചു മുഷിഞ്ഞ മരക്കട്ടിലിൽ ഷീറ്റ് വിരിച്ച് സാംസൺ കിടന്നു യാത്രാക്ഷീണവും മലയിടുക്കകൾ കടന്നെത്തിയ രാത്രിയുടെ കുളിരും അയാളിൽ വല്ലാതെ ഉറക്കം പടർത്തി എവിടെന്നോ എന്നെന്നോ അറിയാതെ അയാൾ ഉറക്കമായി.
പയസ്വനിയുടെ ആഴങ്ങളിൽ നിന്ന് ഉയർന്ന നനുത്ത കാറ്റ് മലനിരകളെ തണുപ്പിച്ച് താഴ് വാരങ്ങളെ മൂടി തുടങ്ങിയപ്പോൾ നാണപ്പൻ മരക്കൊമ്പിൽ നിന്ന് താഴേക്കിറങ്ങി. അരയിൽ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു. കഴുത്തിലെ തോർത്ത് എടുത്ത് ഒന്ന് കുടഞ്ഞ് വിണ്ടും കഴുത്തിലിട്ടു. വരാന്തയിൽ കയറി മുകളിലെ തട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ചാക്ക് ചുരട്ടി എളിയിൽ തിരുകി ഒപ്പം ബീസക്കത്തിയും. പിന്നെ ഇരുട്ടു പുതച്ച ഇടവഴിയിലൂടെ താഴേക്ക് നടന്നു.
ഇടവഴിയിൽ നിന്ന് പാറക്കുട്ടങ്ങൾ നിറഞ്ഞ കുന്ന് കയറി അയാൾ വേഗം നടന്നു. കുന്നിനപ്പുറം നിറഞ്ഞ കശുമാവിൻ തോട്ടം കടന്നാൽ എളുപ്പം താഴെയുള്ള റോഡിലേക്ക് എത്താം. ഇരുട്ടിൽ ഒരു നിഴലായി അയാളെ കണ്ട് പാറപ്പുറങ്ങളിൽ മയങ്ങിക്കിടന്ന കുറുക്കൻമാർ നിശബ്ദമായ താഴ്വാരങ്ങളെ പേടിപ്പെടുത്തി ദുശകുനം പോലെ ഓരിയിടാൻ തുടങ്ങി. മലമടക്കുകളിൽ അടയിരുന്ന നരിച്ചീറുകൾ ചുവന്ന കണ്ണുകൾ തീപ്പന്തങ്ങളാക്കി പ്രേതവാഹകരെ പോലെ താഴ്വാരങ്ങളിലേക്ക് പറന്നുയർന്നു. അങ്ങകലെ ഇരുണ്ട മലനിരകൾക്കുള്ളിൽ തണുത്തു പോയ പയസ്വിനിയുടെ തെളിനീരിന് മുകളിൽ പാതി വിരിഞ്ഞ നിലാവിനെ അയാൾ തെല്ലു കൗതുകത്തോടെ ആദ്യ കാഴ്ചയിലെന്ന പോലെ നോക്കി. ആ കാഴ്ചയും കൗതുകങ്ങളും പെട്ടെന്ന് അയാളിൽ അസ്തമിച്ചു പോയി
ഇരുൾ മൂടീയ കശുമാവിൻ ചുവട്ടിലെ ഉണങ്ങിയ കരിയിലകളെ ഞെരിച്ചമർത്തി അയാൾക്ക് മാത്രം കാണാൻ കഴിയുന്ന വഴിയിലൂടെ നാണപ്പൻ വേഗത്തിൽ നടന്നു. പാറക്കൂട്ടങ്ങളും കുറുക്കന്മാരും അങ്ങ് പുറകിലായി. അവയുടെ ഓരിയിടൽ പതിയെ പതിയെ ഇരുളിൽ അലിഞ്ഞ് ചേർന്നു.
കുറ്റിക്കാടുകൾ ഇളക്കിമറിച്ച് ഒരു പന്നിക്കൂട്ടം അയാളെ കടന്ന് പാഞ്ഞു പോയി. പന്നികൾ പോയ വഴി നോക്കി അയാൾ ഒരു നിമിഷം നിന്നു. പിന്നെ എളിയിൽ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് ഇരുളിലേക്ക് പുകയൂതി ബീഡിയുടെ ലഹരിയിൽ അയാൾ വീണ്ടും നടന്നു. അങ്ങ് താഴെ പള്ളിയിലേക്ക് തിരിയുന്ന ജംഗ്ഷനിലെ തെരുവ് വിളക്കിൻ്റെ വെളിച്ചം കണ്ട് തുടങ്ങി. കശുമാവിൻ തോട്ടം അവസാനിക്കുകയാണ്. വളർന്നിറങ്ങിയ പുല്ലുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകലെന്ന പോലെ അയാൾ താഴേക്ക് നടന്നു.
മൺതിട്ടയിൽ നിന്ന് താഴെ റോഡിലേക്കിറങ്ങിയപ്പോൾ നാണപ്പൻ്റെ കാൽ ചെറുതായി വഴുക്കി. മഞ്ഞ് വിണ് പുല്ലും മണ്ണും നനഞ്ഞിരിക്കുന്നു. പതിയെ നടന്ന് പള്ളി ജംഗ്ഷനിലേക്കെത്തി. ജംഗ്ഷനപ്പുറം കോയക്കാൻ്റെ ചായപ്പീടിക . പീടികക്ക് മുന്നിലൂടെ റാണിപുരത്തേക്കുള്ള വഴി ആളനക്കമില്ലാതെ ഇരുൾ ‘പുതച്ച് കിടന്നു .
റാണിപുരത്തേക്കുള്ള ബസ് നിർത്തുന്നത് കോയക്കാൻ്റെ കടയുടെ മുന്നിലാണ് . പകലിൽ അടുത്ത പറമ്പുകളിലെ പണിക്കാർ ചായ കുടിക്കാൻ അവിടെ വന്നും പോയും ഇരിക്കും . കോയക്കയും ഉമ്മച്ചിയും പീടികക്കുള്ളിലാണ് കിടപ്പ്. ജംഗ്ഷനിൽ മുത്തപ്പൻ്റെ പളളിയുടെ പടം വെച്ച് വഴി ചൂണ്ടിയ ബോർഡ് ഉണ്ട്. പള്ളിയിലേക്കുള്ള വഴി കയറ്റമാണ്. മല പകുത്ത് മാറ്റി ഉണ്ടാക്കിയ വഴി. പള്ളിക്കപ്പുറത്തേക്ക് വീടുകൾ നന്നെ കുറവാണ്. കൃഷിയിടങ്ങളാണ് എമ്പാടും. ചന്ദ്രഗിരിപ്പുഴ വരെ നിരന്ന് കിടക്കുന്ന കവുങ്ങും വാഴയും ജാതിയും കാപ്പിയും നിറഞ്ഞ തോട്ടങ്ങൾ. പള്ളി ജംഗ്ഷനിലെ വിളക്ക് കാലിൻ ചുവട്ടിൽ അൽപ്പനേരം നിന്നശേഷം പള്ളിയിലേക്കുളള വഴിയെ നാണപ്പൻ നടന്നു.
(തുടരും..)









