
അയൽ രാജ്യത്ത് യുദ്ധം
പൊട്ടിപുറപ്പെടുമ്പോൾ
ഞാൻ കഫേയിലിരുന്ന്
കോഫി ചുണ്ടോടടുപ്പിക്കുകയായിരുന്നു
ടി വി യിലെ ഫ്ലാഷ് ന്യൂസിലേക്ക്
ശ്രദ്ധപാളിയതിനാൽ
കോഫിക്കപ്പ് ഒന്ന് ചെരിഞ്ഞു
രണ്ടുതുള്ളി പുറത്തേക്ക് വീണു,
ഒരു ടിഷ്യൂപേപ്പർ കൊണ്ട്
വൃത്തിയാക്കാവുന്നത്രയും മാത്രം !
അടുത്തുള്ള മേശയിൽ
സ്ഫോടനങ്ങൾ കാണുന്നയാളുടെ മുഖത്ത്
തങ്ങിനിൽക്കുന്ന സന്തോഷം
കുടിക്കുന്ന കോക്ടയിൽ
രുചിയുടേതാകാം !
യുദ്ധം നമ്മുടെ അടുത്തെത്തിയല്ലോ
എന്ന ആശങ്കയിലും
കണക്കുകൾ തെറ്റാതെ
പൈസവാങ്ങിയിടുന്നുണ്ട് കാഷ്യർ
ഭക്ഷണം വിളിമ്പുന്നതിൽ നിന്ന്
ശ്രദ്ധതെറ്റാതിരിക്കാൻ
ടി വി യിൽ നോക്കാതെ
ബെയറർ ശ്രദ്ധാപൂർവ്വം
സാന്റ്വിച്ചുകളും,
സലാഡും
നിരത്തുന്നുണ്ട് ,
യുദ്ധഭൂമിയിൽ ഒരു സൈനികൻ
പാലിക്കേണ്ടത്ര
ജാഗ്രതയോടെ
വലിയ കെട്ടിടങ്ങൾ നിലം പതിക്കുന്നതും
ജനങ്ങൾ നിലവിളിച്ചോടുന്നതും
ചോരയിൽക്കുളിച്ചമനുഷ്യരെ
ആംബുലൻസുകളിൽ
കയറ്റിക്കൊണ്ടുപോകുന്നതുമൊക്കെ
കാണുന്നവരിൽ ചിലർക്ക്
സലാഡിലുള്ള മുളകിന്റെ എരിവ്
ചിലരിൽ കോഫിയുടെയോ
സ്നെക്സിന്റെയോ ചൂട്
മയോണൈസിന്റെ പുളി
ഒലീവ് കായയുടെയും,
കാപ്സികത്തിന്റെയും ചവർപ്പ് !
കോഫിഷോപ്പിൽ നിന്നിറങ്ങി
വാട്സാപ്പ് കൂട്ടായ്മയിലെ ചർച്ചയിൽ
ഇമോജികൊണ്ട് ഇടപെടുമ്പോൾ കണ്ടു
ഒരു തുള്ളികോഫി
ഷർട്ടിൽ വീഴ്ത്തിയ കറ
യുദ്ധം നൽകിയ മുറിവ് എന്നവണ്ണം
ഞാനതിൽ വിരലോടിച്ചു









