യാത്ര

ആകാശത്തിൽ
ഒറ്റച്ചിറകിൽ,
കടലിലൊരു
ചെതുമ്പലിൽ,
മണ്ണിൽ‍ പുതു
നുകപ്പാടിൽ,
മടിയിലമ്മതൻ ‍
കിതപ്പിന്നഗാധ
നീലിമയിൽ!
 
സ്വപ്നത്തിൽ
സ്വർണരഥത്തിൽ,
സുഷുപ്തിയിൽ
മഞ്ഞ മഞ്ചലിൽ,
ജാഗ്രത്തിൽ
ഉന്തുവണ്ടിയിൽ,
അന്ത്യനിദ്രയിൽ
ദിക്കറിയാതെ
പായും പാമ്പായ്
ഒറ്റ വരമ്പിൽ!
 
ബാല്യത്തിൽ ‍
പാൽ ചിരിയിൽ,
കൗമാരത്തിൽ ‍
ചൂരൽച്ചൂടിൽ,
യൗവനത്തിൽ ‍
പിന്നിയ മുടിയുടെ
എണ്ണക്കറുപ്പിൽ,
വാർ‍ധക്യത്തിൽ ‍
ഊന്നുവടിതൻ ‍
ഊർധ്വനിൽ!
 
ഘടികാരത്തിൽ
നിലച്ചു മരച്ച
ഒറ്റ സൂചിയിൽ,
കലണ്ടറിൽ
ദുഃഖവെള്ളിയുടെ
കടും ചുവപ്പിൽ
ജാതകത്തിൽ ‍
ജന്മ ശനിതൻ
അപഹാരത്തിൽ!
 
എങ്ങനെ മായുമീ-
യുന്മാദത്തിൻ
കളിയൂഞ്ഞാലിൽ ‍
മാഞ്ഞുപോയ
കാലത്തിന്റെ
തലവര?

ആദ്യസമാഹാരം കസവുകടല്‍. തോന്ന്യാക്ഷരം എന്ന കവിതാ ബ്ലോഗ്. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും പിജി കഴിഞ്ഞശേഷം വടകര കോ ഓപ്പറേറ്റീവ് കോളജില്‍ മലയാളം അധ്യാപകന്‍. തുടര്‍ന്ന് മംഗളം പത്രത്തില്‍ റിപ്പോര്‍ട്ടര്‍. ഇപ്പോള്‍ മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ.