
നടപ്പാതയിലെ
അവസാനത്തെ
കാൽനടയാത്രിക
പാതയെ സ്വർണ്ണനൂലെന്നും,
നൂലിൻ്റെ രണ്ടറ്റങ്ങളെ
അധികാരമെന്നും അടിമത്തമെന്നും
പേരുചൊല്ലി വിളിച്ചവൾ!
വിഡ്ഢിയായിരിക്കാൻ വേണ്ടത്ര
ബുദ്ധിയുണ്ടായിരുന്നവൾ!
ഉടൽമണങ്ങളെ,
ഇഷ്ടത്താൽ ഹൃദ്യവും
അനിഷ്ടത്താൽ അരോചകവുമെന്ന്
വേർതിരിച്ചവൾ!
ഇന്ധനമെന്നും ബന്ധനമെന്നും പേരിട്ട,
ഓർമ്മകളെന്ന ഇരട്ടക്കുട്ടികളെ
നാടുകടത്തണമെന്ന്
കലഹിച്ചവൾ!
മണ്ണു മുളപ്പിച്ച വിത്തുകളെല്ലാം
മരത്തിൻ്റേതായിരുന്നെന്ന്,
നിൻ്റെ വിത്തുകളെ
മണ്ണ് മുളപ്പിക്കില്ല
ദ്രവിപ്പിക്കയേയുള്ളുവെന്ന്,
വേണ്ടതും വേണ്ടാത്തതും
മണ്ണിനറിയാമെന്ന്,
മനുഷ്യനോടുറക്കെ
വിളിച്ചുപറഞ്ഞവൾ!
ഒരുതരി വെളിച്ചംകൊണ്ട്
അതുവരെയുള്ള ഇരുട്ടുകളെ
റദ്ദുചെയ്തിരുന്നവൾ!
അവൾ, നടപ്പാതയിലെ
അവസാനത്തെ യാത്രിക,
ഇന്നലെ മരിച്ചു,
ഒപ്പം നടപ്പാതയും!









