യാത്രാ വൃത്തം

നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക്
ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേക്ക്
കുന്നുകളിൽ നിന്ന് സമതലങ്ങളിലേക്ക്
സമതലങ്ങളിൽ നിന്ന് കുന്നുകളിലേക്ക്
കാടുകളിലേക്ക് തീരത്തേക്ക്
പുഴകളിലേക്ക് കടലിലേക്ക്
ജീവികളിലേക്ക് മനുഷ്യരിലേക്ക്
ജീവിതങ്ങളിലേക്ക്
മരണത്തിലേക്ക് മരണത്തിൽ നിന്ന്

അവർ / നമ്മൾ
പോകാൻ കൊതിക്കുന്നു
പോകുന്നു മടങ്ങുന്നു

നമ്മൾ / അവർ അവിടങ്ങളിലേക്ക്
യാത്ര തുടങ്ങിയിരുന്നോ ………
അവിടെത്തിയോ………
തിരികെ വന്നോ………..

തേടിപ്പോയത് കിട്ടാതെ
അവിടവിടങ്ങളിൽ നഷ്ടമായവരെ
കാണാതെപോയവരെ തിരഞ്ഞു
വീണ്ടും വീണ്ടും പ്രയാണം

വഴിയിൽ
പൂവുകളേറ്റ ചോര നീറ്റുന്ന
ദൂരകിതപ്പുകൾ
പരിഭ്രമണചുഴലി
അതിൽ നമ്മളും അവരും …

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .