യാത്രാമൊഴി

നേരം പുലർന്നുവരുന്നതേയുണ്ടായിരുന്നുള്ളു. മുറ്റത്തിനിരുവശവും നേർത്ത മൂടൽമഞ്ഞിൻ്റെ കഷണങ്ങൾ പുകച്ചുരുളുകൾ പോലെ പടർന്നു കിടന്നു. കടും പച്ച നിറമുള്ള കുർത്തിക്കുമേൽ വെള്ളയിൽ പച്ച വരകളുള്ള കോട്ടൺ ഷോൾ വൃത്തിയായി പിൻ ചെയ്തുവച്ച് മായ യാത്രക്ക് തയ്യാറെടുത്തു.

ഏഴരയുടെ ബസ് പോയിക്കഴിഞ്ഞാൽപ്പിന്നെ കുറച്ച് അധിക സമയം കഴിഞ്ഞാലെ അടുത്ത ബസ് എത്തുകയുള്ളു. സ്ക്കൂൾ കുട്ടികളേയും ജോലിക്കാരേയും കുത്തി നിറച്ചു വരുന്ന ആ ബസിൻ കയറുക എന്നത് ഏറെ ശ്രമകരമായിരുന്നു. അതു കൊണ്ടു തന്നെയാണ് അവർ ഇത്ര നേരത്തെ തന്നെ യാത്ര പുറപ്പെട്ടത്.

രാവിലെ റെഡിയായി ഇറങ്ങുമ്പോൾ രവിയങ്കിൾ പൂമുഖത്തു തന്നെയുണ്ടായിരുന്നു. കയ്യിലെ ചെറിയ ബാക്ക് പാക്ക് മുതുകിൽ ഉറപ്പിച്ചു കൊണ്ട് യാത്രാനുമതിക്കെന്നവണ്ണം മായ അയാളെ നോക്കി.

മുറ്റത്തെ ചെറിയ മാവിൻ ചുവട്ടിലേക്ക് പടർന്നിറങ്ങാൻ വെമ്പുന്ന വെയിൽക്കുഞ്ഞുങ്ങളെ നോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു.

“ഇത്ര പുലർച്ചയ്‌ക്കേ പുറപ്പെടുവാണോ? “

അദ്ദേഹത്തിൻ്റെ വിഷാദം തളം കെട്ടി നിൽക്കുന്ന മുഖത്തേക്ക് നോക്കാനാവാതെ മുഖം തിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.

“അതേ അങ്കിൾ, ഓഫീസിൽ അത്യാവശ്യങ്ങൾ ഏറെയുണ്ട്. കൂടാതെ എൽ.എൽ.ബിയുടെ ഈവനിംഗ് കോഴ്സിൽ ചേർന്ന കാര്യം ഞാൻ പറഞ്ഞിരുന്നുവല്ലോ. അതു സംബന്ധമായും തിരക്കുകൾ ഏറെയുണ്ട്. അതു കൊണ്ട് ഇന്നു ചെന്നില്ലെങ്കിൽ ഒന്നും ശരിയാവില്ല. ഇത്ര ദിവസവും നിന്നതു തന്നെ ഭദ്രചിറ്റയുടെ കാര്യമായതുകൊണ്ടാണ് “

മറുപടിയായി രവി ഒന്നും പറഞ്ഞില്ലെങ്കിലും ആശ്രയമറ്റ ഒരു മനുഷ്യൻ്റെ മുഴുവൻ നിസ്സഹായതയും അദ്ദേഹത്തിൻ്റെ കണ്ണുകളിൽ പ്രകടമായിരുന്നു.

പോക്കറ്റിൽ നിന്നും ചാവിയെടുത്ത് സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്തുകൊണ്ട് അയാൾ പറഞ്ഞു.

“ബസ് സ്റ്റോപ്പിലേക്ക് വിടാം, കയറൂ.”

“വേണ്ട അങ്കിൾ. ഞാൻ നടന്നു പൊയ്ക്കൊള്ളാം. ബസ് വരാൻ സമയം ധാരാളമുണ്ടല്ലോ.?”

“ഇത്ര രാവിലെ നീ തനിച്ച്….” അതു ശരിയാവില്ല അയാൾ ആത്മഗതം ചെയ്തു.

“ഒരുപാടു കാലമായില്ലേ ഇതുവഴിയൊക്കെ ഒന്നു നടന്നിട്ട്? പഴയതുപോലെ ഈ വഴിയിൽക്കൂടി തിരക്കിട്ടു നടക്കുന്നത് ഇയ്യിടെ ഞാൻ സ്വപ്നം കാണുക പോലുമുണ്ടായി.”

ഒരു നിമിഷം അവൾ വീണ്ടും പഴയ വികൃതിക്കുട്ടിയായി.

“എങ്കിൽ ഞാൻ കൂടി നടക്കാം” രവി പിന്നെയും പറഞ്ഞു.

“വേണ്ടങ്കിൾ. ഭദ്രച്ചിറ്റയോടൊപ്പം ഒരുപാടു കാലം കളിച്ചു ചിരിച്ചു നടന്ന ഈ വഴിയിലൂടെ ഇന്നു ഞാൻ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം. അത് എൻ്റെയൊരു പ്രായശ്ചിത്തമാണെന്നു കൂട്ടിക്കോളൂ. “

അവൾ വീണ്ടും കെഞ്ചി.

ഇത്തവണ മറുത്തൊന്നും പറയാൻ രവിക്കു കഴിഞ്ഞില്ല. അയാളുടെ മൗനം സമ്മതമാണെന്നു കരുതി അവൾ ഗേറ്റു കടന്ന് പുറത്തേക്കിറങ്ങി.

നനഞ്ഞ റോഡിൽ പതിഞ്ഞു കിടക്കുന്ന ചുവന്ന മുരിക്കിൻ പൂക്കളെ ചവിട്ടി നടന്നപ്പോൾ മായ ഓർത്തതു മുഴുവൻ ഭദ്ര ച്ചിറ്റയെക്കുറിച്ചായിരുന്നു.

ഓർമ്മകൾ തുടങ്ങുന്നത് കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്ന ഒരു ജൂൺ മാസത്തിലാണ്. പുതിയ ഉടുപ്പും കുടയും ബാഗുമൊക്കെയായി ആദ്യമായി സ്ക്കൂളിൽപ്പോയത് അമ്മയുടെ ഒരു അകന്ന ബന്ധുവായ ഭദ്രച്ചിറ്റയോടൊപ്പമായിരുന്നു. കാൽപ്പാദം മറഞ്ഞു കിടക്കുന്ന വലിയ പാവാടയും ജിമുക്കി കമ്മലും അണിഞ്ഞു നടന്നിരുന്ന പത്താം ക്ലാസ്സുകാരിയായചിറ്റ അന്ന് ഒരു പൂമ്പാറ്റയെപ്പോലെ സുന്ദരിയായിരുന്നു. അവരിൽ നിന്നും പ്രസരിച്ച വില കൂടിയ പെർഫ്യൂമിൻ്റെ കൊതിപ്പിക്കുന്ന സുഗന്ധം കണ്ണുകൾ അടച്ചു പിടിച്ച് മൂക്ക് ഒന്ന് വിടർത്തി വച്ചാൽ ഇപ്പോൾ വേണമെങ്കിലും തനിക്ക് പഴയ ഓർമ്മകളിൽ നിന്നും ആവാഹിച്ച് എടുക്കാൻ കഴിയും.

വലിയൊരു രാജവാളമരം തണൽ വിരിച്ച സ്ക്കൂൾ മുറ്റം. കുട്ടികളുമൊക്കെ തനിക്ക് പുതുക്കാഴ്ച്ചകളായിരുന്നു. ബെല്ലടിച്ചപ്പോൾ ചിറ്റ സ്വന്തം ക്ലാസ്സിലേക്ക് പോകാനൊരുങ്ങിയെങ്കിലും അവരുടെ കൈ വിരലുകളിൽ മുറുക്കി പിടിച്ചു കൊണ്ട് താൻ ഉറക്കെ കരഞ്ഞു.

അപ്പോൾ സ്കൂൾ മേൽക്കൂരയുടെ കോണുകളിൽ പാത്തിയോടിനു പകരം വച്ചിരിക്കുന്ന വലിയ ഇരുമ്പു തകിടിലൂടെ പുരപ്പുറത്തു വീഴുന്ന വെള്ളം മുഴുവൻ ചെടിത്തോട്ടത്തിനു സമീപത്തേക്ക് ഒഴുകിയെത്തുന്ന മനോഹരമായ കാഴ്ചയിലേക്ക് ചിറ്റ തൻ്റെ ശ്രദ്ധയെ തിരിച്ചുവിട്ടു.

അത്ര വലിയൊരു ജലപതനം ആദ്യമായി കണ്ടതിൻ്റെ ത്രില്ലിൽ താൻ അമ്പരന്നു നിൽക്കുമ്പോഴേക്കും അവർ സ്വന്തം ക്ലാസിലേക്ക് ഓടിമറഞ്ഞിരുന്നു. പക്ഷേ ഓരോ പീരിഡ് കഴിയുമ്പോഴും ഓടി വന്ന് തൻ്റെയടുത്ത് ഇരിക്കുകയും, കൂട്ടുകാരെ പരിചയപ്പെടുത്തുകയും ചെയ്തിരുന്ന ചിറ്റയുടെ സാമിപ്യം അന്ന് തനിക്ക് വളരെയേറെ ആശ്വാസകരമായിരുന്നു.

പിന്നീട് എത്രയോ വർഷങ്ങളാണ് ഭദ്രച്ചിറ്റയുടെ തണലിൽ അവരുടെ ഒരു അനിയത്തിക്കുട്ടിയേപ്പോലെ കഴിഞ്ഞത്? സത്യത്തിൽ പലപ്പോഴും ഒരു രക്ഷകർത്താവിനെപ്പോലെയായിരുന്നു അവർ തന്നോട് പെരുമാറിയത്.

രവിയങ്കിളിനെ വിവാഹം കഴിച്ചതിനു ശേഷം പോലും അവർക്ക് തന്നോടുള്ള സമീപനത്തിന് യാതൊരു മാറ്റവുമുണ്ടായില്ല.

എപ്പോൾ വന്നാലും തന്നോടൊപ്പം ഏറെ സമയം ചെലവഴിക്കുകയും കണ്ട സിനിമകളെപ്പറ്റിയും, വായിച്ച പുസ്തകങ്ങളെപ്പറ്റിയും അറിഞ്ഞ രുചികളെപ്പറ്റിയുമൊക്കെ വാതോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്ന ഭദ്രച്ചിറ്റ പലപ്പോഴും പറയും “ഞാൻ കണ്ട കാഴ്ച്ചകൾ, അറിഞ്ഞ രുചികൾ, ആർജ്ജിച്ച സന്തോഷങ്ങൾ… ഒക്കെയും നീ കൂടി അറിയാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ…. “

ഒരാൾ ഒരു കാര്യം നേരിട്ട് അനുഭവിക്കുന്നതും, അത് അനുഭവിച്ച ആൾ പറഞ്ഞറിയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സത്യത്തിൽ തങ്ങൾക്ക് രണ്ടു പേർക്കും അറിയാമായിരുന്നു എന്നിട്ടും ഒരു നല്ല കേഴ്വിക്കാരിയായിരിക്കാൻ താനും എന്നും ശ്രമിച്ചിരുന്നു.

വളർച്ചയുടെ ഓരോ പടവിലും തന്നെ ചേർത്ത് പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ചിറ്റ എന്നും ഒരു അത്ഭുതമായിരുന്നു. പലപ്പോഴും ‘താൻ പറയുന്ന മണ്ടത്തരങ്ങളൊക്കെ വിസ്തരിച്ച് കേൾക്കുകയും ആസ്വദിച്ച് ചിരിക്കുകയും ചെയ്യുമായിരുന്ന ഭദ്രച്ചിറ്റ തന്നെയായിരുന്നു എന്നും തൻ്റെ റോൾ മോഡൽ .

പഠനം കഴിഞ്ഞയുടൻ തന്നെ സംസ്ഥാനത്തിൻ്റെ വടക്കേ അറ്റത്തുള്ള യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടിയതറിഞ്ഞ് തന്നെ കാണാനായി തിരക്കിട്ടു വന്ന ഭദ്ര ചിറ്റ പക്ഷേ എന്തുകൊണ്ടോ വളരെയധികം ക്ഷീണിതയും മൂകയുമായിരുന്നു. പെട്ടെന്ന് തന്നേ പിരിയുന്നതിൻ്റെ വിഷമമായിരിക്കും അതെന്നാണ് താൻ കരുതിയത്.

എന്നാൽ ഇടയ്ക്ക് എപ്പഴോ പിടിപെട്ട ഒരു രോഗം ചിറ്റയുടെ ശരീരത്തിൽ ഏൽപ്പിച്ച ആഘാതം അവരെ പാടെ ഉലച്ചു കളഞ്ഞു എന്നത് പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് താൻ അറിഞ്ഞത്.

അതറിഞ്ഞപ്പോൾ ഭദ്രച്ചിറ്റയെക്കാണാനായി ഓടിയെത്തിയിരുന്നു. പക്ഷേ തന്നോട് എന്തോ ഒരു അകൽച്ചയുള്ളതുപോലെയായിരുന്നു അവരുടെ അന്നത്തെപെരുമാറ്റം. അത് തന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും അവരുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തിൻ്റെ കാരണം മാത്രം എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. പിറ്റേന്നു രാവിലെ ഏറെ വേദനയോടെ മടങ്ങിപ്പോരുമ്പോഴും അവരുടെ മുഖത്ത് ഒരു തരം നിർവ്വികാരതയായിരുന്നു.

ഭദ്രച്ചിറ്റ തന്നെ പാടെ അവഗണിക്കുകയും, അപമാനിച്ചു കളയുകയും ചെയ്തല്ലോ എന്നതായിരുന്നു തിരിച്ച് ജോലി സ്ഥലത്ത് എത്തിക്കഴിഞ്ഞിട്ടും തൻ്റെ വിഷമം. സത്യത്തിൽ ആ വിഷമത്തിൽ നിന്നും പുറത്തു കടക്കാനും മനസ്സിനെ ഒന്ന് പാകപ്പെടുത്തുവാനും വേണ്ടിയായിരുന്നു എൽ.എൽ.ബി.യുടെ ഈവനിംഗ് ക്ലാസ്സിനൊക്കെ ചേർന്നതു തന്നെ.

ഓഫീസ് തിരക്കുകളും, പുതിയ പഠനത്തിൻ്റെ വിഷയവൈവിധ്യവും തൻ്റെ സമയം പകുത്തെടുക്കുകയായിരുന്നു. അതു കൊണ്ടു തന്നെ, പിന്നെ കുറേ ദിവസത്തേക്ക് ഭദ്രച്ചിറ്റയുടെ വിശേഷങ്ങൾ തിരക്കാൻ താൻ മെനക്കെട്ടതേയില്ല.

ഒടുവിൽ അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത വിവരം രവിയങ്കിൾ വിളിച്ചു പറയുന്നതു വരെ എന്തോ ഒരു തരം വാശിയായിരുന്നു തന്നെ നയിച്ചിരുന്നത്.

എന്നാൽ പെട്ടെന്നൊരു ദിവസം ചിറ്റയുടെ രോഗാവസ്ഥയറിഞ്ഞപ്പോൾ ലോകം കീഴ്മേൽ മറിയുന്നതു പോലെതോന്നിയെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ നാട്ടിലേക്ക് പായുകയായിരുന്നു..

ആശുപത്രിക്കിടക്കയിൽ ഒരു വാടിയ ചീരത്തണ്ടു പോലെ കിടന്നിരുന്ന ചിറ്റയെയാണ് ഇൻ്റൻസീവ് കെയർ യൂണിറ്റിൻ്റെ ചില്ലു ജാലകത്തിലൂടെ തനിക്ക് കാണാൻ കഴിഞ്ഞത്.

എന്താണ് പെട്ടെന്ന് പറ്റിയ തെന്ന തൻ്റെ ചോദ്യത്തിനു മുന്നിൽ രവിയങ്കിൾ ഒന്നു പകച്ചുപോയെങ്കിലും പിന്നീട് ശാന്തനായി പറഞ്ഞു.

“മായ ഒന്നുമറിയരുതെന്ന് ഭദ്രയ്ക്ക് നിർബന്ധമുണ്ടായിരുന്നു അതാണ് നേരത്തെ പറയാതിരുന്നത്. “

ശൂന്യ മായ തൻ്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പിന്നെയും പറഞ്ഞു

“മായയുടെ മനസ്സിൽ വെറുപ്പുണ്ടാക്കാനും അതുവഴി അവളെ ചൊല്ലിയുള്ള വ്യസനം കുറയ്ക്കാനുമായാണ് ഭദ്ര അന്ന് അങ്ങനെയൊക്കെ പെരുമാറിയത്.”

“ശരിക്കും അതൊക്കെ വ്യക്തി ബന്ധങ്ങൾക്കിടയിൽ പ്രയോഗിച്ച് കാലഹരണപ്പെട്ട രീതികളാണെന്ന് ഞാൻ ഭദ്രയോട് പറഞ്ഞിരുന്നു.”

“മക്കളില്ലാത്ത ഞങ്ങൾ എന്നും മകളുടെ സ്ഥാനത്തായിരുന്നു മായയെ കണ്ടിരുന്നത്. അതു കൊണ്ട്…..” അദ്ദേഹം നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറച്ചു പിടിക്കാനെന്നവണ്ണം മുഖം തിരിച്ചു കളഞ്ഞു.

“ചിറ്റ അങ്ങനെ പെരുമാറിയെങ്കിലും അങ്കിളിന് ഒരു സൂചനയെങ്കിലും തരമായിരുന്നു.” മായ അയാളെ ഒന്നുഴിഞ്ഞു കൊണ്ട് പറഞ്ഞു.

“എനിക്കതു കഴിയുമായിരുന്നില്ല. ആ സമയത്ത് ഭദ്രയുടെ മനസ്സിൻ്റെ സമാധാനം മാത്രമായിരുന്നു എൻ്റെ ലക്ഷ്യം” രവി കുറ്റസമ്മതം പോലെ പ്രതിവചിച്ചു.

“ന്നാലും എൻ്റെ ഭദ്രച്ചിറ്റ….” മായ പിന്നെയും കണ്ണുകൾ തുടച്ചു കൊണ്ട് ജനലിറമ്പിൽത്തന്നെ നിന്നു. രോഗം തളർത്തിയ ആ മുഖത്തേക്ക് നോക്കുന്തോറും ഉള്ളിലെ പരിഭവങ്ങൾ അലിഞ്ഞു പോവുകയാണ്., ഒരു തുള്ളി കണ്ണുനീരിൻ്റെ നനവിൽ താൻ ശുദ്ധീകരിക്കപ്പെടുന്നതു പോലെ….

കാലുഷ്യത്തിൻ്റെ തിരകൾ ഒഴിഞ്ഞു പോയ മനസ്സോടെ കണ്ണുകൾ രണ്ടും ഇറുക്കിയടച്ചെങ്കിലും അന്യോന്യമുള്ള നോട്ടത്തിലും ചിരിയിലുമൊക്കെ ഒളിഞ്ഞിരുന്ന സ്നേഹത്തുണ്ടുകൾ പോലും തൻ്റെയുള്ളിൽ നിന്നും മായ്ച്ചു കളഞ്ഞ നിരാസത്തിൻ്റെ ആ നിമിഷങ്ങളെ ശപിച്ചു കൊണ്ട് പിന്നെയും ഏറെ നേരം മായ അവിടെത്തന്നെ നിന്നു.

ഒടുവിൽ, ഉറക്കത്തിൻ്റെയും ഉണർവ്വിൻ്റയും നേർത്ത അതിരുകൾ അപ്രസക്തമായ ഒരു നിമിഷത്തിൽ ചിറ്റയുടെ ആത്മാവ് പറന്നകന്നപ്പോൾ ഏകാന്തതയുടെ നിലയില്ലാക്കയങ്ങളിലേക്ക് താൻ എടുത്തെറിയപ്പെടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

ഭദ്രച്ചിറ്റയുമൊന്നിച്ചുളള നിമിഷങ്ങളെപ്പറ്റി ഓർത്തും, വിഷമിച്ചും ആ ഓർമ്മകളും വിഷമവും പകർന്ന ചെറിയൊരു ആനന്ദത്തിൽ ഭ്രമിച്ചും മായ ആഞ്ഞു നടന്നു. ഓർമ്മകളുടെ ഒരുപാട് അടരുകൾക്കിടയിലിരുന്ന് വലിയ കുട ജിമിക്കിയണിഞ്ഞ ഒരു പത്താം ക്ലാസ്സുകാരി അപ്പോഴും അവളെ മോഹിപ്പിക്കുന്നുണ്ടായിരുന്നു.

പ്ലാനിങ് ബോർഡ് റിട്ടേഡ് ഉദ്യോഗസ്ഥ. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി. ക്വാറന്റൈൻ, വിശുദ്ധയുടെ ജനനം എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.