പ്രിയനേ…
ഒരു നാൾ നീയെന്റെ മരണം കാണും
നിന്റെ കൈക്കുള്ളിൽ കൊരുത്തുവച്ച
എന്റെ വിരലുകൾ നിശ്ചലമാകും.
മരണത്തിന്റെ തണുപ്പ്
നിന്നിലേയ്ക്ക് ഇരച്ചുകയറുന്നുണ്ടാവാം അപ്പോൾ.
പ്രണയാർദ്രമായി
നിന്നെ നോക്കിയ കണ്ണുകൾ
വിളറിവെളുത്ത് നിശ്ചലങ്ങളാവും.
എങ്കിലും എന്റെ മിഴികളിൽ
നിനക്കായ് പ്രണയ ബിംബങ്ങൾ ഞാൻ
കരുതിയിട്ടുണ്ടാവും.
ആകാശവാതിൽ തുറന്നെത്തുന്ന
നിന്റെ ഗദ്ഗദങ്ങളുടെ ഇടിമുഴക്കങ്ങള്‍
ആത്മാവിൽ നീ അടക്കം ചെയ്തേക്കുക.
കണ്ണുനീരിന്റെ പേമാരി പെയ്ത്തുകളെ
നിന്റെ മിഴിക്കോണിൽ നിന്നു
തുടച്ചു കളഞ്ഞേക്കുക.
മിഴികൾ മൂടിക്കിടപ്പതെങ്കിലും
നിന്നിൽ,
നോവിന്റെ അഗ്നിനക്ഷത്രമെരിയുവതും
ഉളളാഴങ്ങളിൽ ഒരു സങ്കടപ്പുഴ
മുളയ്ക്കാൻ തുടങ്ങുന്നതും
അറിയുന്നു ഞാൻ… പ്രിയനേ.
രാമച്ചമിട്ട ചെറുചൂടുവെള്ളത്തിൽ കുളിപ്പിച്ച്
പതിവു പോൽ
നെറുകയിൽ രാസ്നാദി തിരുമ്മണം.
വട്ടം തെറ്റാതെ,
നിനക്ക് പ്രിയപ്പെട്ട വലിയ കുങ്കുമ പൊട്ട് ചാർത്തണം
കൺമഷി പടർത്തി നീ കണ്ണുകറുപ്പിക്കണം
നീ ചുംബിച്ചുണർത്താറുള്ള എന്റെ മിഴിപ്പൂക്കൾ
അപ്പോഴും അടഞ്ഞു തന്നെയിരിക്കും.
എനിക്കേറ്റവും പ്രിയമായ വേഷം
നീയെന്നെ അണിയിക്കണം.
കറുത്ത
ഈർക്കിലിക്കരയുള്ള മുണ്ടും നേര്യതും.
ചേരുന്ന ബ്ലൗസ് അലമാരയുടെ താഴേത്തട്ടിലുണ്ടാവും.
ഉടുപ്പിക്കാൻ നീ കഷ്ടപ്പെടുമെങ്കിലും
എന്നത്തേയും പോലെ ഞാൻ കളിയാക്കിച്ചിരിക്കില്ല.
നിന്റെ പ്രണയം കൊരുത്തിട്ട താലി
നെഞ്ചോടു ചേർത്ത് വയ്ക്കണം
നിനക്കായ് ഇനിയൊരിക്കലും
മിടിക്കാത്ത നെഞ്ചിൻകൂടിൽ
നമ്മുടെ ഉരുകിച്ചേർന്ന
സ്വപ്നങ്ങളുടെ ബാക്കിപത്രം പോലെ
എന്റെ ഉടലിൽ
അത് പറ്റിച്ചേർന്ന് കിടക്കട്ടെ.
ഉറവ പൊട്ടിയ ദാഹങ്ങൾക്ക് മേലെ,
കിനിഞ്ഞൊഴുകിയ രസങ്ങൾക്കു മേലെ,
ഇഴുകിചേർന്ന വിയർപ്പ് ഗന്ധംപേറി,
നീ മാത്രം കണ്ട മാമ്പുള്ളിമറുകിൽ
ആ താലി മയങ്ങട്ടെ !
റോസാപ്പൂവിതളുകളിൽ എന്നെ കിടത്തിക്കോളൂ
പക്ഷേ, നമ്മുടെ വെളളച്ചെമ്പകപ്പൂക്കളിറുത്ത്
എന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കണം.
ആ ഗന്ധം നിന്റെ ഓർമ്മകളെ
നിലാപ്പുഴ പോലെ ഒഴുകി നിറയ്ക്കട്ടെ !
റീത്തുകൾ വച്ചെന്നെ
നോവിക്കരുതെന്ന് നീ പറയണം,
പണ്ടേ എനിക്കത് പേടിയാണ്.
ശ്മശാനത്തിലെ അവസാന നിമിഷം
എന്റെ തണുത്തുറഞ്ഞ നെറ്റിയിൽ
നീ ഏറ്റവും ആർദ്രതയോടെ ചുംബിക്കണം.
പഴയതു പോലെ
നിന്റെ ജീവന്റെ ചൂട്
ഒരിക്കൽ കൂടി അറിയണം എനിക്ക്.
അപ്പോൾ നിന്നിലേയ്ക്ക് ഞാൻ
ഒഴുകിയിറങ്ങാൻ കൊതിക്കും.
പിന്നീട് നിന്റെ പ്രണയം പോലെ
തീക്ഷ്ണമായ തീനാളങ്ങൾ
എന്നെ വിഴുങ്ങിക്കൊള്ളട്ടെ!
എന്റെ ചിതാഭസ്മം
ഒരു പുണ്യനദിയിലും ഒഴുക്കേണ്ടതില്ല.
നാം ഒരുമിച്ചേ യാത്രയാകൂ…
മറ്റൊരു ലോകത്തേക്കുള്ള യാത്രയിൽ
നമ്മുടെ പ്രണയം പാഥേയമാവട്ടെ.
നിന്നിൽ അലിഞ്ഞലിഞ്ഞ്
ഒരു പ്രവാഹമായി
അനന്തതയുടെ ആഴങ്ങളിൽ ചുംബിക്കുമ്പോൾ
നിന്റെ കൈകൾ ചേർത്ത് പിടിക്കണമെനിക്ക്.
പ്രിയനേ…. വിട
നിന്റെ പ്രണയച്ചൂടിനെ
പിരിയാനെനിക്കാകില്ലെങ്കിലും
ജീവിതത്തിന്റെ തിരുശേഷിപ്പുകൾ
എന്ന പോൽ അതിവിടെ പൂർത്തിയാകുന്നു,
മരണം.
നിന്റെ ഹൃദയഭിത്തിയിൽ
വാടാമലരുകളാൽ നീയെന്നെ അലങ്കരിക്കുക,
നിന്റെ പ്രണയത്തിന്റെ
തിലോദകങ്ങൾ ഏറ്റുവാങ്ങാൻ
അമാവാസികൾ തോറും ഞാൻ പറന്നിറങ്ങും,
ജീവന്റെ കറുത്ത പക്ഷികളായ്.