യാത്രക്കിടയിൽ…

പലവർണ്ണങ്ങളിലുള്ള
ചോക്കുകഷ്ണങ്ങളാൽ
അഴുക്ക്നിറഞ്ഞ
ബസ്-സ്റ്റാൻഡ് ചുമരിൽ
കുറേനേരമായൊരാൾ
കുത്തിവരഞ്ഞിടുന്നു.

അകലെയായ്
തെങ്ങോലനാമ്പുകൾ-
തലയുയർത്തിയ
ഒരു തുണ്ടുഭുമിയിലെ
പച്ചിലസ്സമൃദ്ധിയായ്
പതിയേ അതുമാറിടുന്നു.

അതിനിടയിലായൊരു വീട്
കാണാം, അരികിലായ്
ഒരു തോട്,
തെളിനീരൊഴുക്ക്…

ചുമരിലെ അഴുക്കുകളങ്ങനെ
മാഞ്ഞുമാഞ്ഞേപോകയും
അയാളുടെ വസ്ത്രത്തിൽ
അതുതെളിഞ്ഞുതെളിഞ്ഞേ
വരികയും ചെയ്തിടുന്നു…

അപ്പോൾ,
നീങ്ങുന്ന ബസ്സുകൾ
പോകുന്നദിക്കുകൾ
അവിടെയാരോ
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

കൈത്തലം കുപ്പായത്തിലുഴിഞ്ഞ്
ചോക്കുകഷ്ണങ്ങൾ പെറുക്കിയിട്ട
പ്ലാസ്റ്റിക്കുറയുടെ
ദരിദ്രനിറം കൈയ്യിൽതൂക്കി
അയാൾ
ദിക്കുകൾ
വിളിച്ചുപറയുന്നവർക്കിടയിലൂടെ
നടന്നുനീങ്ങുന്നു…

അഴുക്കുമുറ്റിയ ചുമരുകളവിടെ
വേറെയുമുണ്ടായിരിക്കാം !

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു തിരുനാവായ സ്വദേശി. കഴിഞ്ഞ പതിനൊന്നു വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു. വിവിധ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിൽ അംഗമാണ്.