യാജ്ഞവല്ക്യൻ പടിയിറങ്ങുമ്പോൾ

അയാൾ നടന്നകലുകയാണ്… പരാജിതനായി…!
അയാളുടെ വ്യവഹാര സ്മൃതികൾ

കാലാഹരണപ്പെട്ട പ്രമാണങ്ങളായി
കാറ്റിൽ പറന്നപ്പോഴും
ആനനം ഉയർത്തിതന്നെയാണ്
അയാൾ നടന്നകന്നത്.

ആ സംവാദത്തിൽ,
അനന്തമായ ചോദ്യങ്ങൾ
അനുസ്യൂതം തുടർന്നപ്പോൾ
അയാൾ പിൻവാങ്ങുകയായിരുന്നു.
അർത്ഥമില്ലായ്മയെ വെല്ലാനുള്ള
അർത്ഥമില്ലായിരുന്നു അയാൾക്ക്.

കയ്യിലൊരു മധുരനാരങ്ങയുമായി
അഭിനവ ഗാർഗി വാചകന്വി
ഉപവിഷ്ടയായപ്പോൾ
അയാളിലെ യാജ്ഞവല്ക്യനും
പ്രതീക്ഷിച്ചില്ല,
ചരിത്രം ആവർത്തിക്കപ്പെടുമെന്ന്.

“ഇതെന്താണ്?” വിനീതമായിരുന്നു
ഗാർഗിയുടെ ചോദ്യം.

“മധുരനാരങ്ങ..!”
അയാളിലെ ജ്ഞാനി അലസനായി.

ഒരു കിളുന്തിൻറെ കുസൃതിക്കപ്പുറം
മറ്റൊരു മാനവും ദർശിക്കാനായില്ല.

അതുകൊണ്ടാകാം,
മിഥിലയുടെ രാജസദസ്സിൽ
ഇന്നും പതിഞ്ഞു കിടക്കുന്ന
നവരത്നങ്ങളിലെ ഗാർഗിയെ
അയാൾക്ക് ഓർമ്മ വരാതിരുന്നത്.

വായുവിൽ ഓതപ്രോതമായിരിക്കുന്ന
ജലത്തിൽനിന്നാണ് അന്ന് ഗാർഗി
യാജ്ഞവല്ക്യനെ എതിരേറ്റത്.
ഇന്നവൾ, ഒരു മധുരനാരങ്ങയുമായാണു
വന്നിരിക്കുന്നത്.

“മധുരനാരങ്ങയെന്നാൽ എന്താണ്?”
വീണ്ടും അവൾ…

ഇക്കുറി, അതൊരു കുസൃതി ചോദ്യമായി
അയാൾക്കു തോന്നിയില്ല.
എവിടെയോ ഒരു പിശകുപോലെ…

വൈദിക സാഹിത്യത്തിലെ പുനർജനികളായ
വൈദേഹ രാജ്യത്തെ രാജസൂയയജ്ഞശാലയും
മഹാരാജ ജനകനും പരിവാരങ്ങളും പ്രജകളും
ക്ഷണിതാക്കളായെത്തിയ
ഋഷിവര്യരും രാജാക്കന്മാരും തത്ത്വചിന്തകരും
ചുറ്റിലും നിൽപ്പുണ്ട്.

സംവാദത്തിലേർപ്പെട്ടുപോയ്…
ഇനിയൊരു പിന്മാറ്റം..?;
ഈ നരുന്തുപെണ്ണിനോടോ?
അയാൾ പതുക്കെ ജാഗരൂകനായി.

“അതൊരു ഫലമാണ്.”
അയാൾ പറഞ്ഞു.
“ഫലമെന്നാൽ എന്താണ്?”
നിഷ്ക്കളങ്കമായി അവൾ വീണ്ടും…

“പ്രജനനത്തിനായി, ഉള്ളിൽ കുരുവും
പുറത്ത് മാംസളവുമായി
സസ്യങ്ങളിൽ രൂപപ്പെടുന്നത്.”
ആധുനിക സർവ്വവിജ്ഞാനകോശംപോലെ
അവനും…

പക്ഷെ, ഈ അറിവിലൊന്നും തൃപ്തയല്ല അവൾ.
ചോദ്യങ്ങളാൽ ജയം ഉറപ്പിക്കാൻ കച്ചക്കെട്ടിയളുടെ
അടുത്ത ചോദ്യവും പെട്ടെന്നായിരുന്നു:
സസ്യമെന്നാൽ എന്താണ്?

അയാൾ: സസ്യം..?; ശങ്ക തീർക്കണമല്ലോ?
‘ശങ്ക വേണ്ട, സസ്യംതന്നെ’ യെന്ന് അവൾ…

“കഷ്ടം..!
കേവലം, സസ്യം എന്താണെന്നുപോലും
അറിയാതെയാണോ ഭവതി
ഈ തർക്കമണ്ഡപത്തിൽ ഉപവിഷ്ടയായത്?”
അയാൾക്കു ചോദിക്കാതിരിക്കാനായില്ല.

“എനിക്ക് എന്തറിയാം എന്നതല്ല;
താങ്കൾക്ക് എന്തറിയാം എന്നതാണു കാതൽ.”
ഇക്കുറി, ഗാർഗിയുടെ സ്വരത്തിന്
അത്ര മാർദ്ദവമില്ലായിരുന്നു.

വിജയം തൊട്ടടുത്തെത്തിയോ എന്ന മിഥ്യ,
മൂടിപ്പൊതിഞ്ഞിട്ട അവളിലെ ഗർവ്വിൻറെ
മറ നീക്കാൻ തുടങ്ങിയിരിക്കുന്നു.

അയാൾ ഒരു നിമിഷം മൗനം ഭജിച്ചു.
അവളുടെ ചോദ്യങ്ങൾക്കെല്ലാം
അയാളിൽ ഉത്തരങ്ങളുണ്ട്; പക്ഷെ,
അറിവുകൾക്കുവേണ്ടിയല്ല; ‘ആയിരം പശുക്കൾ’ക്കും
ആധുനിക ബ്രഹ്മവാദിനി പദവിക്കും വേണ്ടിയാണ്
അവളുടെ വാഗ്വാദം.

അതുകൊണ്ടുതന്നെ,

‘അതിപ്രശ്നം’ പാടില്ലെന്ന് അവളോടു പറയാനും
അയാൾ മുതിർന്നില്ല.

അയാൾ,
ആ തത്ത്വചിന്താസമ്മേളന കവാടം കടക്കുമ്പോൾ,
ആ ആയിരം പശുക്കളേയും അയാൾക്കുതന്നെ
നല്കുവാൻ ആജ്ഞാപിച്ച, ആ വിരുന്നുവീട്ടിലെ
ആതിഥേയനെ ആരും അറിഞ്ഞതുമില്ല.

‘ഉത്തരമില്ലാത്തവനു സമ്മാനവും
നിഷിദ്ധമെന്നു’ പറഞ്ഞ്,
തല ഉയർത്തി നടന്നകലുന്ന അയാളെ നോക്കി,
മനസും ശരീരവും ഒരുപോലെ ഷണ്ഡമായ
പുരുഷാരം അമറിക്കൊണ്ടിരുന്നു;

ഇവനോ, ബ്രഹ്മജ്ഞാനി..?!!

അയാൾ പ്രതികരിച്ചില്ല. കാരണം,
ആധുനിക ബ്രഹ്മവാദിനികളെ വാർത്തെടുക്കാനുള്ള
അക്ഷീണപ്രയത്നത്തിൽ,
അവർക്കായി ഉത്തേജകമരുന്നുകൾ നിർമ്മിക്കാനും
സുരക്ഷാപാക്കേജുകൾ ഒരുക്കാനും
പരക്കെ പായുന്നൊരു നാട്ടിൽ
അബദ്ധവശാൽ എത്തിയതാണ് അയാൾ.

അതേസമയം,
അഭിനവ ഗാർഗിയുടെ വക്രിച്ച ചുണ്ടുകളിൽ
പുതിയൊരു സ്മൃതി കൂടുകൂട്ടുകയായിരുന്നു…

‘ഹേ.. യാജ്ഞവല്ക്യാ..,
ഇന്നുമുതൽ, നീയെന്ന ബ്രഹ്മലോകം
എന്നിലാണ് ഓതപ്രോതമായിരിക്കുക..!’

  • യാജ്ഞവല്ക്യൻ: യാജ്ഞവൽക്യസ്മൃതിയുടെകർത്താവ്, ജനക മഹാരാജാവിന്റെ ആത്മീയഗുരു.
  • ഗാർഗി വാചകന്വി: ജനകൻറെ രാജസദസ്സിലെ ഒൻപത് തത്ത്വചിന്തകരിലൊരാളാൾ.
  • ഓതപ്രോത: ഊടും പാവും,ഉൾക്കൊണ്ടിരിക്കുന്നത്
  • അതിപ്രശ്നം: അതിരുവിട്ട കാര്യങ്ങൾ
തൃശൂർ പൂത്തോൾ സ്വദേശി. യഥാർത്ഥ പേര് സതീഷ് കളത്തിൽ. ചലച്ചിത്ര സംവിധായകൻ ആണ്.