മൗനത്തിന്റെ നാനാർത്ഥങ്ങൾ

അണക്കെട്ടിലെ
ജലം പോലെ
സാന്ദ്രമായ മൗനം

മലമുകളിലുറഞ്ഞു
പോയമഞ്ഞ്
ആകൃതിക്കൊത്ത്
നിറം മാറുന്ന ദ്രാവകം

ഉണ്ടെന്നോ ഇല്ലെന്നോ
സമ്മതമോ വിസമ്മതമോ
തരംപോലെ വ്യാഖ്യാനിക്കാവുന്ന
മൗനത്തി’ന്റെ ഭാഷ
എനിക്കറിയില്ല
അത് പഠിക്കാൻ പൂക്കളെ
സമീപിച്ചു
വിരിയുന്നതും കൊഴിയുന്നതും കണ്ട്
കാലം കഴിഞ്ഞു.

സൂര്യന്റെയും ചന്ദ്രന്റെയും
പാഠശാലയിൽ ചെലവഴിച്ച സമയം
വെയിലായും നിലാവായും
ഒഴുകിപ്പോയി

ആഴക്കടലിലഞ്ഞ
ദിനരാത്രങ്ങൾ
ദിശതെറ്റിപ്പോയ പത്തേമാരികൾ
പോലെ വ്യർത്ഥമായി

ഒടുക്കം മണ്ണിൽ
മുഖം ചേർത്ത്
അതിലമർന്നു കിടക്കേ..,
മൗനത്തിന്റെ നാനാർത്ഥങ്ങൾ
തിരിഞ്ഞുകിട്ടി
ഭ്രാന്തമായ
ആനന്ദത്തോടെ
ആശ്വാസത്തോടെെ
സുഖനിദ്രയിലാണ്ടു.

കണ്ണൂർ സ്വദേശിനി. ഇപ്പോൾ ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ അദ്ധ്യാപികയാണ് . 'അകപ്പൊരുൾ ' ആദ്യ കവിതാ സമാഹാരം.