മോർച്ചറിയില്ലാത്ത വീട്

ആ വീട്ടിൽ മോർച്ചറിയില്ലായിരുന്നു
എന്നിട്ടും മാംസം മരവിക്കുമായിരുന്നു
ചുവരുകളിലെ രക്തക്കറകൾ,
അർദ്ധനഗ്നതയുടെ മുഴച്ചമാറിടങ്ങൾ,
മൂത്രക്കുഴലിന്റെ ജല്പനങ്ങൾ,
നിതംബവടിവിന്റെ
പുത്തൻ നിഘണ്ടുകൾ

ചുളിഞ്ഞു നിവരാത്ത
കമ്പളങ്ങൾ
അലക്കിയിട്ട വെള്ളനിറമുള്ള അടിവസ്ത്രങ്ങൾ,
തെറികലർന്ന വാമൊഴികളിൽ
കാതുപൂട്ടുന്ന കൈതലങ്ങൾ,
ലിംഗഭേദമില്ലാത്ത
കാമഗാമിനികൾ

കാമരത്തിൽ കുരുങ്ങിയ
കോമരങ്ങൾപോലെ
പിടഞ്ഞു നീറുന്ന ഓർമ്മകൾ
മറ്റൊരു അഭയകേന്ദ്രം
തേടുംവരെ
വിങ്ങിപൊട്ടിയ നാളുകൾ

കാമരൂപന് കിമ്പളം നൽകി
കൂടെ കൂട്ടിയ വീടതിന്
‘പ്രേമാശ്രമം’ എന്ന് പേരിട്ടത്രേ
ഏതോ ഒരു പണ്ഡിതൻ

പ്രേമവും കാമവും ഒന്നാണോ?
അതു രണ്ടും രണ്ടല്ലേ?

മലയാളത്തിലെ പ്രസിദ്ധയായ ട്രാൻസ്ജെൻഡർ എഴുത്താളി . 2 019ലെ സംസ്ഥാന സർക്കാരിന്റെ യുവ സാഹിത്യ പ്രതിഭ പുരസ്‌കാര ജേതാവ്. ഗാനരചയ്താവ്, സാമൂഹ്യ പ്രവര്‍ത്തക.