മോഹയാത്ര

അത്‌ വേണോ..?
നാടുംവീടും വിട്ട് ഇത്രയും ദൂരം പോണോ ?
ഇവിടെ എന്തെങ്കിലും പണി കിട്ടാതെയിരിക്കുമോ ?

അവളുടെ ചോദ്യങ്ങൾക്ക് ഉത്തരമെന്നോണം ആദ്യം അവനൊന്നു മന്ദഹസിച്ചു, പിന്നെയവളെ ചേർത്ത് നിർത്തി മുടിയിൽ പതിയെ തലോടികൊണ്ട് പറഞ്ഞു..

“വേണം.. മക്കൾക്ക് നല്ല വിദ്യഭ്യാസം കൊടുക്കണം… നമ്മക്ക് ഒരു വീട് വയ്ക്കണം… പിന്നെ എനിക്കും നിനക്കും കുറെ യാത്രകൾ ചെയ്യണം”

“എനിക്ക് വേണ്ടത് നിങ്ങളുടെ സാന്നിധ്യമാണ്.”

“അറിയാം.. പക്ഷെ, പണത്തിനു പണം വേണം ലക്ഷമി”

ഇനി തർക്കിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ടാവാം അവൾ കണ്ണുകൾ തുടച്ച് അവനു കൊണ്ടുപോവാനുള്ള കണ്ണിമാങ്ങ കുപ്പിയിലാക്കണം എന്ന വ്യാജേന അവിടെനിന്നും ഒഴിഞ്ഞുമാറി.

വടക്കോട്ടുള്ള തീവണ്ടിയിൽ ഒരു വീടിന്റെ പ്രാരാബ്ദവും കുറെയേറെ മനുഷ്യരുടെ സ്വപ്‌നങ്ങളും ചൂളമടിച്ചുനീങ്ങി.

വർഷങ്ങൾ  കഴിഞ്ഞു വീട് വച്ചു, മക്കൾ സ്വയംപര്യാപ്തരായി.. ഇനിയൊരു മടക്കം എന്ന മോഹം അവനിൽ ഉദിച്ചപ്പോഴേക്കും വാർദ്ധക്യം പടിവാതിൽക്കലെത്തി. കൂടാതെ ക്ഷണിക്കാതെതന്നെ കുറെയേറെ രോഗങ്ങൾ അവന്റെ ശരിരത്തിലും താമസം തുടങ്ങിയിരുന്നു.

അവർ ഒന്നിച്ചു നടത്തണം എന്ന് മോഹിച്ച യാത്രകൾ ആശുപത്രികളിലേക്കായപ്പോഴും അവൾ പരിഭവിച്ചില്ല. എന്നാൽ, ഒരുനാൾ അവളെ കൂട്ടാതെ അവനൊരു യാത്ര പോയപ്പോൾ മാത്രം അവൾ പൊട്ടികരഞ്ഞു. പറയാൻ കഴിയാത്ത ഒരു ഭീതി അവളെ പൊതിഞ്ഞു. നാളെകൾ അവളുടെ  മുന്നിൽ ഒരു ചോദ്യചിഹ്നമായി.

മക്കളും അച്ഛന്റെ വിയോഗത്തിൽ ദുഖിച്ചു. നാട്ടുകാർ അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം പൊന്നു പോലെ നോക്കുന്ന മക്കളെ ചൂണ്ടി അവളുടെ ഭാഗ്യത്തെ അളന്നു. ആരുടെയും അടുത്തു കൈനീട്ടാതെ അവൾക്ക് ജീവിക്കാനായി അവൻ നേടിവച്ച സമ്പാദ്യത്തിന്റെ കണക്കെടുത്തു. അവനെ വാനോളം പുകഴ്ത്തി.

മക്കൾ  അമ്മയെ പൊന്നുപോലെ നോക്കി. അച്ഛന്റെ സമ്പാദ്യങ്ങൾ ഒന്നും തൊടാതെ തന്നെയവർ അമ്മയുടെ ആവശ്യങ്ങൾ നിറവേറ്റി.

ഒരു നാൾ അമ്മയവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ മക്കളെ അറിയിച്ചു. യാത്രകൾ, കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിന് നൽക്കേണ്ട പരിതോഷികം…. മുഖം ചുളിക്കാതെ മക്കൾ അമ്മയുടെ ആരോഗ്യത്തിൽ വ്യാകുലരായി യാത്രക്ക് വിരാമം ഇട്ടു.

പരിതോഷികം ഒരാൾക്ക് കൂടുതൽ നൽകിയാൽ മറ്റുള്ളവർ ശത്രുകളാകുമെന്ന ഭീതി അമ്മയിൽ വളർത്തി.

മക്കൾ അമ്മയെ പൊന്നുപോലെ നോക്കി..

അച്ഛൻ സമ്പാദിച്ചതെല്ലാം അമ്മയെ നോക്കി നെടുവീർപ്പിട്ടു…

സ്ഥലങ്ങൾക്ക് ഉണ്ടായ വിലയിടിവ് മക്കളെ തളർത്തിയില്ല….

അവർ കാത്തിരിക്കാൻ തയ്യാറാണ്.

പാലക്കാട്‌ അഞ്ചുമൂർത്തി മംഗലത്താണ് വീട്. ഇപ്പോൾ സെക്കന്ദരാബാദിൽ ഭർത്താവും മക്കളുമൊത്തു കഴിയുന്നു. കവിതകളും കഥകളും എഴുതും.