മോഹപ്പെയ്ത്ത്‌

ഇന്നോളം
ഒരു മഴയും
എന്നിൽ തോർന്നിട്ടില്ല

നീയായ് പെയ്തിറങ്ങിയ
ഓരോ തുള്ളിയും
ഓർമ്മകളായി വന്ന്
എന്നെ നനയ്ക്കുന്നു

സ്വപ്നങ്ങൾക്ക് നിറം നൽകാൻ
നീ വീണ്ടും വീണ്ടും
എന്നിൽ പെയ്തു നിറയുമ്പോൾ,
ഓർമ്മകളുടെ സുഗന്ധം നിറച്ച്
പോക്കുവെയിൽ പിന്നെയും
വർണ്ണങ്ങൾ ചാലിച്ചെത്തി

മോഹങ്ങൾ പൂത്തുലഞ്ഞു,
മനസ്സിൽ ഉരുണ്ടുകൂടിയ
കണ്ണീരുപ്പിന്റെ ഉറവകൾ വറ്റി

എങ്ങോ രാപ്പടി തേങ്ങുമ്പോഴും
മഞ്ചാടി പൊഴിയുമ്പോഴും
മനസ്സിലെ ബാല്യം വെമ്പി

അന്നുപെയ്ത മഴയിൽ
ഒരിക്കൽക്കൂടി നനയാൻ,
ഉള്ളൊന്നു കുളിർക്കാൻ

എന്നിൽ
അപ്പോഴും തോരാതെ മഴ പെയ്യുന്നു
ബാല്യത്തിന്റെ,
പ്രണയത്തിന്റെ,
നനുത്ത കുളിർമഴ.

എറണാകുളം സ്വദേശിനി. അധ്യാപിക, കൗൺസിലിംഗ് മേഖലയിലും ജോലി ചെയ്യുന്നു. ഒട്ടേറെ കവിത, കഥ, സമാഹാരങ്ങളിൽ ഭാഗമായിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു.