മോനിച്ചന്റെ ഭാര്യ

ഞാന്‍ എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് നടക്കാന്‍ പോകും. കൈ വീശിയൊന്നുമല്ല നടപ്പ്. ചുമ്മാ അലസമായി. അങ്ങിനെ നടന്നാല്‍ ആരോഗ്യത്തിനു വലിയ ഗുണമില്ല എന്നറിയാം. എങ്കിലും മനസ്സിനു ഒരു സുഖമാണ്. നേര്‍ത്ത മഞ്ഞില്‍ ഉറങ്ങിനില്‍ക്കുന്ന റബര്‍തോട്ടങ്ങള്‍, ഇടയ്ക്ക് ഇരുട്ടില്‍ മിന്നുന്ന ടാപ്പിംഗുകാരുടെ ഹെഡ് ലാമ്പുകള്‍, നീണ്ടുകിടക്കുന്ന വിജനമായ ടാര്‍ റോഡ്‌, തണുത്ത ശുദ്ധമായ വായു.

ഈ നടപ്പ് ചെന്ന് നില്‍ക്കുന്നത് രണ്ടരകിലോമീറ്റര്‍ അകലെയുള്ള കവലയിലാണ്. ഒരു ചായക്കട, മാതാവിന്റെ ഗ്രോട്ടോ, ഒരു പലചരക്ക് കട, ഒരു മുറുക്കാന്‍ കട.. ഇത്രയും മാത്രമുള്ള ഒരു നാട്ടിന്‍പുറത്തെ കവല.

മോനിച്ചന്‍സ് ചായക്കട.

ചുവന്ന തകര ബോര്‍ഡില്‍ വലിയ വെളുത്ത അക്ഷരങ്ങളില്‍ പേരെഴുതിയ ചായക്കടയിലാണ് എന്റെ നടപ്പ് ഒരു ബ്രേക്ക് എടുക്കുന്നത്. കവലയിലെത്തുമ്പോ തന്നെ ചായക്കടയുടെ ഒരു അരികിലുള്ള തുറന്ന കിച്ചണില്‍ ഉടമയായ മോനിച്ചന്‍ പണിയെടുക്കുന്നത് കാണാം. അയാള്‍ക്ക് ഏകദേശം അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. സുമുഖന്‍, ഊർജ്ജസ്വലൻ. അതാണ്‌ മോനിച്ചനെക്കുറിച്ച് ചുരുക്കി പറയാനുള്ളത്. കൈലിയും ടീഷര്‍ട്ടുമണിഞ്ഞു ചുറുചുറുക്കോടെ ചായയടിക്കുന്നതിനിടയില്‍, അകലെ നിന്ന് നടന്നു വരുന്ന എന്നെ കണ്ട് മോനിച്ചന്‍ കൈവീശി കാണിക്കും.

“സാറേ.. ഗുഡ് മോണിംഗ്..” മോനിച്ചന്റെ ഈ വാക്കുകളാണ് എന്റെ ദിവസങ്ങളിലെ മിക്കവാറും ഞാനാദ്യം കേള്‍ക്കുന്ന വാക്കുകള്‍.

“ഗുഡ് മോണിംഗ്..എന്നാ ഒണ്ട്..” ഇങ്ങനെ ചോദിച്ചു കൊണ്ട് ഞാന്‍ കടയിലേക്ക് കയറും.

കയറില്‍ കെട്ടിതൂക്കിയിരിക്കുന്ന പഴുത്ത വാഴക്കുലകള്‍ക്കിടയിലൂടെ തല കുനിച്ചു കടയിലേക്ക് കയറുമ്പോള്‍, പിറകില്‍ നിന്ന് മോനിച്ചന്‍ ഉറക്കെ ചോദിക്കും. “സാറിനു പൊടിക്കാപ്പിയല്ലേ..?”

എനിക്ക് പൊടിക്കാപ്പിയാണ് ഇഷ്ടമെന്ന് മോനിച്ചന് അറിയാമെങ്കിലും എല്ലാ ദിവസവും അതേ ചോദ്യം ചോദിയ്ക്കാന്‍ മറക്കില്ല. എങ്ങാനും എന്റെ ഇഷ്ടം ഒരു ദിവസം ചായയായി മാറിയാലോ എന്ന് സംശയം കാണും.

കൌണ്ടറില്‍ മോനിച്ചന്റെ ഭാര്യയിരിപ്പുണ്ടായിരിക്കും. തടിച്ചു വെളുത്ത സ്ത്രീ. ചതുരാകൃതിയിലുള്ള മുഖം. ചാടിയ കവിളുകള്‍. ആരോടോ ദേഷ്യമുള്ളത് പോലെയാണ് അവരുടെ നോട്ടം. എനിക്കവരുടെ പേര് അറിയില്ല. അവരുടെ പേര് അറിയാന്‍ ഒരിക്കല്‍പോലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല.

ആകെ അലങ്കോലമായി കിടക്കുന്ന ഒരു ടേബിളിനു പിന്നിലാണ്, ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ മോനിച്ചന്റെ ഭാര്യയിരിക്കുന്നത്. അവരുടെ തടിച്ച ദേഹം കഷ്ടിച്ചാണ് ആ പ്ലാസ്റ്റിക്ക് കസേര താങ്ങുന്നത്. മേശപ്പുറത്തു വക്ക് പൊട്ടിയ മൂന്നു മിട്ടായി ടിന്നുകളും, ചിതറി കിടക്കുന്ന പഴയ പത്രക്കടലാസുകളും. കറുത്ത നിറമുള്ള ഒരു മൊബൈല്‍ ഫോണില്‍ സദാ തോണ്ടിക്കൊണ്ടിരിക്കുന്ന മോനിച്ചന്റെ ഭാര്യ കടയില്‍ കയറിവരുന്ന ആരെയും ശ്രദ്ധിക്കില്ല. എലാവരോടും ദേഷ്യമുള്ള മാതിരിയാണ് അവരുടെ മുഖഭാവം. കടയില്‍ തിരക്കുണ്ടെങ്കിലും അവര്‍ മോനിച്ചനു ഒരു കൈ സഹായം നല്‍കില്ല.

മോനിച്ചനെ കൂടാതെ സോണി എന്ന പേരുള്ള ഒരു ചെറുപ്പക്കാരന്‍ കൂടി കടയില്‍ ജോലി ചെയ്യുന്നുണ്ട്. മോനിച്ചന്റെ ഏതോ അകന്ന ബന്ധുവാണ് സോണി. മോനിച്ചന്‍ അടുക്കളയില്‍ മുഴുകുമ്പോള്‍ സോണി വെയിറ്ററുടെ പണി ചെയ്യും. ഉറക്കം തൂങ്ങിയ പോലെയാണ് അവന്‍ കടയില്‍ നില്‍ക്കുന്നത്. അലസമായ വസ്ത്രധാരണം. അടുക്കളയില്‍ നിന്ന് ഭക്ഷണം എടുത്തുകൊണ്ടുവന്നു ടേബിളില്‍ വയ്ക്കുന്നത് ചില സിനിമകളിലെ സ്ലോമോഷന്‍ രംഗങ്ങള്‍ പോലെയാണ്. സദാ പ്രസന്നമായ മുഖഭാവത്തോടെ ,ചടുലമായ് ജോലി ചെയ്യുന്ന മോനിച്ചന്‍ ഈ രണ്ടു പേരോടും കോപിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. മോനിച്ചന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍..

“ഒരു പൊടി കാപ്പിയും സിംഗിള്‍ പൊറോട്ടയും.” ഇറങ്ങാന്‍ നേരം ഞാന്‍ കൌണ്ടറില്‍ പറയും.

ആരോഗ്യത്തിനു വേണ്ടിയാണ് രാവിലെ നടക്കാന്‍ വരുന്നതെങ്കിലും മോനിച്ചനുണ്ടാക്കുന്ന പൂ പോലെ മൃദുലമായ പൊറോട്ട എനിക്കൊരു ബലഹീനതയായിരുന്നു.

“പതിനാറു രൂപ.”പാറ ഉറയ്ക്കുന്ന സ്വരത്തില്‍ മോനിച്ചന്റെ ഭാര്യ പറയും. മൊബൈലില്‍ നിന്ന് ശ്രദ്ധ മാറിയതിന്റെ അനിഷ്ടം അവരുടെ നോട്ടത്തില്‍ കാണാം. ഈ സ്ത്രീക്ക് ഇടയ്ക്കെങ്കിലും, ഭര്‍ത്താവിനെ ഒന്ന് സഹായിച്ചുകൂടെ? പതഞ്ഞുപൊങ്ങുന്ന ദേഷ്യം മനസ്സിലടക്കി ഞാനൊരു ഇരുപതു രൂപാ നോട്ടു മേശപ്പുറത്ത് വയ്ക്കും. മൊബൈലിലേക്ക് പാളി നോക്കിക്കൊണ്ട് ആ സ്ത്രീ മെല്ലെ ഡ്രോ വലിച്ചു തുറക്കും. എന്നിട്ട് എന്നെ രൂക്ഷമായി നോക്കും.

“ചില്ലറയുണ്ടോ ?”

“ഇല്ല.”

ഒരിക്കല്‍കൂടി മൊബൈലെടുത്ത് നോക്കിയ ശേഷം അവര്‍ ഡ്രോ വലിച്ചു തുറന്നു പരതുന്നത് കാണാം. അലക്ഷ്യമായി കിടക്കുന്ന മുടി വാരിചുറ്റിയശേഷം ചില്ലറ എണ്ണി എന്റെ കയ്യില്‍ വച്ചതിനു ശേഷം വീണ്ടും രൂക്ഷമായി നോക്കും.’തനിക്കൊന്നും രാവിലെ വേറെ പണിയില്ലേ ‘ എന്ന മട്ടിലുള്ള ചോദ്യമാണ് അവരുടെ കണ്ണില്‍.

തിരിച്ചു നടക്കുമ്പോള്‍ എന്റെ മനസ്സില്‍ അവരുടെ അനിഷ്ടം പൂണ്ട മുഖവും മോനിച്ചന്റെ പുഞ്ചിരിയും നിറയും. മോനിച്ചന്റെ പുഞ്ചിരി സ്വീകരിച്ചു അയാളുടെ ഭാര്യയുടെ വെറുപ്പ്‌ നിറഞ്ഞ മുഖം ഉപേക്ഷിക്കാന്‍ ഞാന്‍ മനസ്സിനെ ഉപദേശിക്കും.

ചില ദിവസങ്ങളില്‍ ജോലി കഴിഞ്ഞു വൈകുന്നേരം ഞാനാ കവലയില്‍ ബസ്സിറങ്ങും. മോനിച്ചന്റെ കടയില്‍ രാവിലത്തെ അവസ്ഥ തന്നെയായിരിക്കും ഉച്ച കഴിഞ്ഞും. ബോണ്ടയും, പഴംപൊരിയും, ഉഴുന്നുവടയുമൊക്കെ മുന്‍വശത്തെ ചില്ലലമാരിയില്‍ സ്ഥാനം പിടിക്കുമെങ്കിലും മൂന്നു പേരുടെ പെരുമാറ്റത്തിനു ഒരു മാറ്റവുമുണ്ടാകില്ല. പ്രസന്നവദനനായി ജോലി ചെയ്യുന്ന മോനിച്ചന്റെ ശിരസ്സില്‍ ചിലപ്പോള്‍ ഒരു തോര്‍ത്തുകൊണ്ടുള്ള ചുറ്റിക്കെട്ട് കാണും. സോണിയുടെ അയഞ്ഞ ഷര്‍ട്ട്‌ അല്പം കൂടി മുഷിയും. മോനിച്ചന്റെ ഭാര്യ.. ഹോ അവര്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല. ആ ചുവന്ന കസേരയില്‍ ആരോ കൊണ്ടിരുത്തിയ പ്രതിമ പോലെ അവര്‍ മൊബൈലില്‍ തോണ്ടിക്കൊണ്ടിരിക്കും.

“പഴംപൊരി വേണോ ?” സോണി ചോദിക്കും.

“വേണ്ട.ഡയറ്റിംഗാ…”

“ടാ സാറ് രാവിലെയും വൈകുന്നേരവും ഒക്കെ നടക്കാനിറങ്ങുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാ.. നീ ചുമ്മാ സാറിനെ പ്രലോഭിപ്പിക്കാതെ ..”മോനിച്ചന്‍ പറയും.

ഞാന്‍ മോനിച്ചനെ അസൂയയോടെ നോക്കും. രുചികരമായ പൊറോട്ടയുടെയും ബീഫിന്റെയും, കോഴിവറുത്തതിന്റെയും, പാലപ്പത്തിന്റെയും മുട്ട റോസ്റ്റിന്റെയും, പഴംപൊരിയുടെയും നടുക്ക് നില്‍ക്കുന്ന ഈ മനുഷ്യന് ഒരു ഔണ്‍സ് അധികം കൊഴുപ്പില്ല ശരീരത്തില്‍. ഊർജ്ജത്തിന്റെ ഒരു ഫാക്ടറിയാണ് മോനിച്ചന്‍. ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരി.. സന്തോഷം നിറഞ്ഞ സംസാരം.. മോനിച്ചനെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും നല്ല ജോലിയുമുള്ള ഞാന്‍ ഊത്ത കുടവയറുമായി… ഞാന്‍ സ്വയം പരിഹസിച്ചു.

“ടെന്‍ഷന്‍ ഒക്കെയുണ്ട് സാറേ.. എപ്പോഴും സന്തോഷമായിട്ടിരിക്കാന്‍ പറ്റില്ലല്ലോ. എന്നാലും ഞാന്‍ പരമാവധി ഹാപ്പിയാ.. ഇല്ലെങ്കില്‍ ശരിയാവത്തില്ല..” ഒരു ദിവസം മോനിച്ചന്‍ എന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി.

യോഗ ചെയ്യുന്നത് കൊണ്ടോ ബ്രിസ്ക് വാക്കിംഗ് നടത്തുന്നത് കൊണ്ടോ ആരോഗ്യമോ സന്തോഷമൊ ഉണ്ടാവണം എന്നില്ല. നിര്‍മ്മലമായ സന്തോഷം ഉള്ളില്‍നിന്ന് തന്നെ ജനിക്കണം. അതാണോ മോനിച്ചന്‍ ഉദ്ദേശിക്കുന്നത് ?എനിക്കും മോനിച്ചന്റെ ഭാര്യക്കും സോണിക്കും ഇല്ലാത്തത് ആ ഒറിജിനല്‍ ഹാപ്പിനസ് ആണോ ?

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞാനാ പ്രദേശത്തു നിന്ന് ട്രാന്‍സ്ഫറായി. പുലര്‍ച്ചെയുള്ള നടത്തം,മോനിച്ചന്റെ ചായക്കട.. എല്ലാം മിസ്സായി. ജീവിതത്തിനു അല്ലെങ്കില്‍ എന്ത് സ്ഥിരതയാണ് ഉള്ളത് ? എങ്കിലും ഒരു ദിവസം ആ കവല വഴി കാറില്‍ കടന്നു പോകുമ്പോള്‍ എന്തോ ഒരു മാറ്റം ഞാന്‍ ശ്രദ്ധിച്ചു.

ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങളിലെഴുതിയ “മോനിച്ചന്‍സ് ചായക്കട “ കാണുന്നില്ല. പകരം വേറെന്തോ പേര്. ചിലപ്പോള്‍ കട പുതുക്കി കാണും. കുറച്ചു നാളായല്ലോ, മോനിച്ചനെ കാണാം, സൗഹൃദം പുതുക്കാം. ഞാന്‍ വണ്ടിയൊതുക്കി. പേര് മാറിയതല്ലാതെ ചായക്കടയ്ക്ക് വലിയ മാറ്റമൊന്നുമില്ല. എങ്കിലും മുന്‍വശത്ത് ചായയടിച്ചു കൊണ്ടിരുന്ന മോനിച്ചനെ കാണുന്നില്ല.

കട കുറച്ചു കൂടി വൃത്തിയായിട്ടുണ്ട്. പ്രത്യേകിച്ച് കൗണ്ടര്‍. കൂടുതല്‍ അടുക്കും ചിട്ടയും കൈ വന്നിരിക്കുന്നു. മോനിച്ചന്റെ ഭാര്യയും ചുവന്ന കസേരയും കാണുന്നില്ല. പകരം സുസ്മേരവദനനായ ഒരു ചെറുപ്പക്കാരന്‍ പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു.

മോനിച്ചന്റെ അടുക്കളയില്‍ രണ്ടു ബംഗാളികളാണ് പണിയുന്നത്.

“സാറിനെ കണ്ടിട്ട് കുറെ നാളായല്ലോ ? ട്രാൻസ്ഫറായി അല്ലെ ? സോണി എന്നെ കണ്ടു ഓടി വന്നു.

ഹോട്ടലിന്റെ പുതിയ പേര് പോക്കറ്റിനു മുകളില്‍ പ്രിന്റ്‌ ചെയ്ത യൂണിഫോമാണ് അവന്‍ ധരിച്ചിരിക്കുന്നത്‌.

“ഹോട്ടല്‍ ആകെ മാറിയല്ലോ.. എവിടെ മോനിച്ചന്‍..” ഞാന്‍ തിരക്കി.

അവന്റെ മുഖത്ത് ഒരു കാളിമ പടര്‍ന്നു.

“മോനിച്ചായന്‍ മരിച്ചു പോയി. ഒരു മാസമായി.” അവന്‍ പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി..

“അല്ല.. പെട്ടെന്ന്.. ഞാനറിഞ്ഞില്ല.. എന്ത് പറ്റിയതാണ് ?” ഞാന്‍ ഞെട്ടലോടെ ചോദിച്ചു.

“അറ്റാക്കായിരുന്നു .ഉറക്കത്തില്‍..”

“ഹോ.. ഒരു കുഴപ്പവുമില്ലാതിരുന്ന മനുഷ്യനാണ്.” ഞാന്‍ പറഞ്ഞു.

“അല്ല. ഹാര്‍ട്ടിനു പ്രശ്നമുണ്ടായിരുന്നു. രണ്ടു മൂന്നു വര്‍ഷം മുന്‍പ് അറ്റാക്ക് വന്നിരുന്നു.” സോണി പറഞ്ഞു.

“ഓ..”

“ഹോട്ടല്‍ ബിസിനസ് വേണ്ടെന്നു ഭാര്യ പറഞ്ഞതാണ്. പക്ഷേ പുള്ളിക്കാരന്‍ സമ്മതിച്ചില്ല. ഭാര്യക്കും ഹാര്‍ട്ടിന് പ്രശ്നമുണ്ടായിരുന്നു. ബൈപ്പാസ് ഒക്കെ ചെയ്തതാണ്. അവര്‍ക്ക് പിള്ളേര്‍ ഇല്ലാത്തത് കൊണ്ടുള്ള വിഷമവും വേറെ. രണ്ടു പേരും വലിയ സ്നേഹമായിരുന്നു. മോനിച്ചായന് ഭാര്യയെ എപ്പോഴും കാണണം. അതിനു പുള്ളിക്കാരിയെ കൌണ്ടറില്‍ ഇരുത്തി..”

ഞാനൊന്നും പറഞ്ഞില്ല. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല എന്നതാണ് സത്യം.

“ഇപ്പോള്‍ അവരെവിടെയാണ്.. മോനിച്ചന്റെ ഭാര്യ ?” ഞാന്‍ ചോദിച്ചു.

“മോനിച്ചന്റെ ഇടവക പള്ളി അങ്ങ് കിഴക്കാ.. അവരിവിടെനിന്ന് എല്ലാം വിറ്റ് പെറുക്കിപോയി. മോനിച്ചനെ അടക്കിയതിന്റെ അടുത്തു കിടക്കണം എന്ന് പറഞ്ഞു, അവിടെ ഒരു വീട് വാങ്ങിച്ചു. ജോലിയൊന്നും ചെയ്യാന്‍ വയ്യ.. പിന്നെ സാമ്പത്തിക പ്രശ്നം ഒന്നുമില്ലാത്തത് കൊണ്ട് കുഴപ്പമില്ല….”

അന്ന് ഞാന്‍ പൊടിക്കാപ്പി കുടിച്ചില്ല.

തിരികെ വണ്ടിയോടിക്കുമ്പോള്‍ മനസ്സില്‍ ഒരു മൂടല്‍ വ്യാപിച്ചിരുന്നു. സ്വയം തോന്നിയ ദേഷ്യവും ദു:ഖവും കലര്‍ന്നൊരു മൂടല്‍. ഏറെക്കാലം ആ മൂടല്‍ എന്റെ മനസ്സിന്റെ ഒരു കോണിലുണ്ടായിരുന്നു. പിന്നെ അത് മെല്ലെ മാഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുമ്പോള്‍, തേയിലത്തോട്ടങ്ങള്‍ക്കിടയിലെ കുന്നിന്‍ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പള്ളിയില്‍ ഞാന്‍ കയറി. ഒന്നു രണ്ടു ഫോട്ടോ എടുക്കാനാണ് ഞാന്‍ കയറിയത്. മൂടല്‍ മഞ്ഞില്‍ മുങ്ങിയ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍, കാറ്റിലുലയുന്ന ചൂളമരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ആ ചെറിയ പള്ളി കാണാന്‍ ഒരു പ്രത്യേക ഭംഗിയായിരുന്നു.

പള്ളിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വിജനമായ സെമിത്തേരിയില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവര്‍ ഒരു കല്ലറയുടെ ചുറ്റിനും വളര്‍ന്നു നില്‍ക്കുന്ന കളകള്‍ ശ്രദ്ധാപൂര്‍വ്വം നീക്കുകയായിരുന്നു. ആ സ്ത്രീയെ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്ന് തോന്നി.

മനസ്സിന്റെ കോണില്‍ മറന്നു കിടന്ന ഏതോ ഓര്‍മ്മയുടെ പുല്‍ക്കൊടി ഒരു നിമിഷം തലയുയര്‍ത്തി. ആ ഓര്‍മ്മ എന്താണെന്ന് തിരിച്ചറിയാന്‍ ഞാന്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും തേയിലത്തോട്ടങ്ങള്‍ക്കിടയിലെ മൂടല്‍മഞ്ഞു പോലെ മനസ്സില്‍ വിഷാദത്തിന്റെ മൂടല്‍മഞ്ഞു പടരുന്നത്‌ ഞാനറിഞ്ഞു.

കോട്ടയം സ്വദേശി. വൈദ്യുത ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'ദൂരെ ദൂരെ റോസാക്കുന്നില്‍' 'വിഷാദവലയങ്ങള്‍' 'ശ്വേതദണ്ഡനം' എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയിലും എഴുതുന്നു