ചുറ്റും കൂടി നിൽക്കുന്നവരിലേക്കൊന്നും ആദ്യം നോട്ടം എത്തിയില്ല. എന്റെ കണ്ണുകൾ ഭർത്താവിനെയും മകളെയും തിരയുകയായിരുന്നു. അമ്മുവിന്റെ അടുത്ത് നെച്ചുമോളുടെ തലോടൽ ഏറ്റുകൊണ്ട് തളർന്ന് അവൾ കിടക്കുന്നു. വിശ്വസിക്കാനാവാത്ത പോലെ എന്റെ എന്റെ ഭർത്താവ്.
ഞാൻ മരിച്ചു കിടക്കുകയാണ്.
ജീവനില്ലാത്ത ശരീരം അവടെ ഉപേക്ഷിച്ച് ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു. ആ തണുത്തുറഞ്ഞ ശരീരം നോക്കി നിൽക്കുന്ന അദ്ദേഹത്തോട്, ‘എന്തിനാ വിഷമിക്കുന്നത്? ഞാൻ ഇവിടെ ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു നോക്കി. കേൾക്കുന്നേ ഇല്ല. ഷുഗറിന്റെ മരുന്ന് ഇന്ന് കഴിച്ചുകാണുമോ? പലതവണ പലരായി കൊണ്ടു കൊടുക്കുന്ന കട്ടൻ ചായയിൽ പഞ്ചസാര ഇട്ടിട്ടുണ്ടാവുമോ ? ചെമ്മീനും കായും ഇട്ട് വെച്ച കറി കൂട്ടി ഊണ് കഴിച്ചോ ? എന്റെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.
ജീവിതത്തിൽ ഒരുപാടനുഭവിച്ചതിന്റെ വേദനകൾ പറയാറുള്ള ഉമ്മിച്ചി ഒന്നും മിണ്ടാതെ കട്ടിലിൽ ദുഖിതയായി കിടപ്പുണ്ട്. എന്നും എന്തും കേൾക്കാൻ ചെവി കൊടുത്തുകൊണ്ടിരുന്ന ഞാൻ ഇന്നില്ലല്ലോ. വാപ്പച്ചി തലയിൽ കൈത്താങ്ങി ഇരിക്കുന്നു.
എന്നെ കുളിപ്പിക്കാനായി ഒരു മേശയിൽ കിടത്തി. ആരൊക്കയോ അതിനുള്ള വെള്ളവും തുണികളുമായി തയാറെടുക്കുന്നു. എന്നെ കുളിപ്പിക്കാൻ എന്റെ മോള് മതി. എനിക്ക് വയ്യാതായപ്പോ ഒരിക്കൽ കുളിപ്പിക്കാൻ സഹായിച്ചു ശീലമുണ്ട് അവൾക്ക്. ഇവരൊന്നും എന്റെ ദേഹത്ത് തൊടണ്ട എന്ന് ഞാൻ പറഞ്ഞു. അതാരും കേട്ടില്ല. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പോ ടൗവ്വലോ ഒന്നുമല്ല എനിക്കായി എടുത്തു വെച്ചിരിക്കുന്നത്. കുളിച്ചുവന്നാൽ എന്നെ പൊതിയാൻ വെള്ള തുണിയാണ്. ഞാൻ അധികം ഉപയോഗിക്കാത്ത നിറം. എനിക്ക് സങ്കടം വന്നു. എന്നെ കുളിപ്പിക്കുന്നവരിൽ പലരെയും എനിക്കിഷ്ടമല്ല. എന്റെ ദേഹത്ത് ഇഴയുന്ന കൈകളെ തട്ടിമാറ്റാൻ നോക്കിയ എന്റെ കൈകൾ ശൂന്യതയിൽ വെറുതെ ചലിച്ചുവെന്ന് മാത്രം. മുഖം കഴുകിതന്ന സ്ത്രീയുടെ മോതിരം കൊണ്ട് കവിളിൽ ഒരു പോറൽ വീണു. ഇന്നേവരെ ഒരു ഒരു പാടുപോലുമില്ലാതിരുന്ന എന്റെ മുഖത്തിപ്പോൾ നീണ്ട ഒരു നീറ്റൽ. ഇവർക്കൊന്ന് നോക്കി ചെയ്തൂടെ? പണ്ടേ കുശുമ്പാണ് ഈ സ്ത്രീക്ക് എന്നോട്. അനങ്ങാതെ കിടക്കുന്ന എന്നോടല്ലേ ഇവർക്കത് തീർക്കാൻ പറ്റൂ.
എന്റെ മാലയും മോതിരങ്ങളും അരഞ്ഞാണവും ഒരാൾ ഊരിമാറ്റി. മൂക്കുത്തി ഊരിയെടുക്കാൻ കുറെ പാടുപെട്ടു. എനിക്കേറെ ഇഷ്ടമുള്ള ആഭരണമായതുകൊണ്ടാവും അതിന് അടർന്ന് മാറാൻ മടിതോന്നിയത്. സ്ഥിരമായി ഉപയോഗിക്കാത്തതു കൊണ്ട് കാതിലെ കമ്മൽ ഊരേണ്ടിവന്നില്ല. തണുത്തു മരവിച്ച എന്റെ കൈകൾ വലിച്ചടുപ്പിച്ചു നെഞ്ചോടു ചേർത്തു വെച്ചു. എനിക്ക് അപ്പോൾ നന്നായി വേദനിച്ചു. ഇത്ര ചെറുപ്പത്തിൽ പോയല്ലോ എന്റെ കുട്ടി എന്ന് പറഞ്ഞു ആരോ അടുത്തെവിടെയോ നിന്ന് കരയുന്നത് കേൾക്കാം. അതാരെന്നറിയാൻ ചുറ്റും നിൽക്കുന്നവരുടെ ഇടയിലൂടെ ഞാൻ നോക്കി. അമ്മായിയാണ്. കരയാതെ എന്ന് പറഞ്ഞുകൊണ്ട് അടുത്ത് ചെന്നെങ്കിലും അവരെന്നെ കണ്ടില്ല. അതിനിടെ വെളുത്ത തുണിയിൽ പൊതിഞ്ഞ് എന്റെ ശരീരം വീണ്ടും കട്ടിലിൽ കിടത്തി.
മരിച്ചു കഴിഞ്ഞപ്പോ എനിക്ക് പേരില്ലാതായി. ബോഡി, ശവം, മയ്യത്ത് പല പേരുകളിൽ വിളിപ്പേരായി. എന്നെ ഓർത്തു വേദനിക്കുന്നവരെ കണ്ടുനിൽക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞു.
എനിക്കേറ്റവും പ്രിയപ്പെട്ട വീട്ടിൽ നിന്നും എന്റെ ശരീരം പുറത്തേക്ക് എടുക്കുന്നു. ഞാൻ അടുത്തുള്ള പുരയിടത്തിലെ ഇടിവെട്ടേറ്റ തെങ്ങിൽ പറ്റിച്ചേർന്നിരുന്നു. ഉയരത്തിൽ ഇരുന്നു എനിക്ക് എല്ലാം കാണാം. അകലെ ഒരിടത്ത് എന്റെ പ്രണയം പാട്ട് പാടുന്നത് കേൾക്കാം.
വീടിനപ്പുറത്തെ തോപ്പിലെ വാഴകൾക്ക് നല്ല സങ്കടമുണ്ട്. മഴകൊണ്ട് കണ്ണീർ വാർത്ത് അവ തല താഴ്ത്തി നിന്നു. ഞാൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ ചാവടിയിൽ വന്നിരിക്കാറുള്ള പൊന്മാൻ ഇന്ന് എന്റെ ഒപ്പം ഇടിവെട്ടേറ്റ ഈ തെങ്ങിൽ വന്നിരിപ്പുണ്ട്. മറ്റൊരാൾ തെങ്ങിലെ പൊത്തിൽ നിന്ന് നീണ്ട കൊക്കുകൾ കൊണ്ട് ഇരകളെ തേടുന്ന മരംകൊത്തിയാണ്. വൈകുന്നേരങ്ങളിൽ എന്റെ കൗതുക കാഴ്ച്ചയാണ് അതും.
വെള്ള പുതച്ച എന്റെ ശരീരം ചുമക്കുന്നവരിൽ എനിക്കൊരിക്കലും ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്ന് ഞാൻ നോക്കി. ഒന്നോ രണ്ടോ പേർ ഉണ്ടതിൽ. മാറിനിൽക്കാൻ പറയാനും അവരെ പിടിച്ചു തള്ളിയിടാനും ഞാൻ ശ്രമിച്ചു നോക്കി. പറ്റുന്നില്ല. പള്ളിക്കാട്ടിലെ കുഴിയിലേക്ക് എന്നെ കൊണ്ടുപോകുന്നതും നോക്കി ഞാനിരുന്നു. മൈലാഞ്ചിയോ ചെമ്പകമോ മുല്ലയോ വളർന്ന് പൂത്തു നിൽക്കുന്നിടമാകുമോ അവിടം? വിശേഷങ്ങൾ പറയാൻ പ്രിയപെട്ടവരുടെ അടുത്താവുമോ എന്റെ പുതിയ ഇടം.
രാത്രി ഏറെ വൈകി വീട്ടിൽ ലൈറ്റുകൾ അണഞ്ഞു. ഞാനില്ലാത്ത വീട്ടിലേക്ക് കയറി ചെല്ലാൻ വയ്യ. ഞാൻ ആരുടേയും കാഴ്ചയിൽ പെടില്ലല്ലോ. എങ്കിലും തെങ്ങിനു മുകളിൽ പറ്റിച്ചേർന്നിരുന്ന മൂന്നാം ദിവസം ഞാൻ പുറത്തിറങ്ങി. ഭർത്താവിനെയും മകളെയുമൊക്കെ കാണാൻ തോന്നി. കരഞ്ഞു കൊണ്ടാണ് ഞാൻ വീട്ടിലേക്ക് കയറിചെന്നത്. പക്ഷെ കണ്ണുനീര് പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. ആത്മാക്കൾക്ക് ദൈവം കണ്ണുനീരും നിഷേധിക്കുമോ?
അകത്തേക്ക് കടന്നപ്പോൾ എല്ലാം ഞാനുള്ളപ്പോൾ ഉള്ളതുപോലെ ചിട്ടയോടെ വെച്ചിട്ടുണ്ട്. ഓരോദിവസവും അടുക്കി പെറുക്കി സാധനങ്ങൾ യഥാസ്ഥാനത്ത് വെക്കുമ്പോൾ ‘ഞാൻ ചത്തുപോയാൽ ഈ വീട് കാലിത്തൊഴുത്താകും’ എന്ന് പറഞ്ഞ് ശബ്ദമുയർത്തിയത് വെറുതെ. എന്റെ ഭർത്താവ് പതിവു പോലെ ജോലിക്ക് പോകാനൊരുങ്ങുന്നു .ഏതാവശ്യത്തിന് കൂടെ വരാൻ വിളിച്ചാലും ‘ജോലിക്കു പോകാതെ എങ്ങോട്ടും ഇല്ല. ഇതെന്റെ ചോറാണ്’ എന്ന് പറയുമായിരുന്നു. അതിന്റെ പേരിൽ ഞാനെന്നും വഴക്ക് കൂടിയിട്ടുമുണ്ട്. ഇന്നും ആ ചോറിനു വേണ്ടിയാണ് ഒരുങ്ങുന്നത്.
‘പപ്പാ ഫുഡ് റെഡി.’
മോളുടെ ശബ്ദമാണല്ലോ? ഞാൻ ആർത്തിയോടെ ശബ്ദം കേട്ടിടത്തേക്ക് നോക്കി. ഒന്നുക്ഷീണിച്ചു എന്നല്ലാതെ അവൾക്ക് വേറെ കുഴപ്പമൊന്നുമില്ല. എന്റെ വേർപാടിന്റെ വേദനയിൽ നിന്നും അവളും ഉയർത്തെഴുന്നേറ്റു. ബന്ധുക്കളിൽ ചിലർ ചേർന്ന് സ്വീകരണ മുറിയിലും കിടപ്പുമുറിയിലും വെച്ചിരുന്ന കുടുംബ ഫോട്ടോകളും ഞാനും ഭർത്താവും മാത്രമുള്ള ഫോട്ടോകളും എടുത്തു മാറ്റി അടുക്കി വെക്കുന്നു. വർഷങ്ങളായി വീട്ടിൽ നിൽക്കുന്ന പണിക്കാരൻ വീടുമുഴുവൻ വൃത്തിയാക്കുന്ന ജോലിയിലാണ്. അനിയന്റെ കുഞ്ഞ് ഓടി നടക്കുന്നു. അവളെ പിടിച്ചു മടിയിലിരുത്തി എന്റെ ആൽബം തുറക്കുകയാണ് അനിയൻ. എന്റെ പല പരിപാടികളുടെയും ഇന്റർവ്യൂകളുടെയും ദൃശ്യങ്ങൾ അവളെ കാണിക്കുന്നു. ഇടക്ക് അവന്റെ കണ്ണുകൾ നിറയുന്നു. അനിയത്തി വന്ന് എന്റെ അലമാര ഒതുക്കാൻ ആണെന്ന് തോന്നുന്നു എല്ലാം എടുത്തു പുറത്തിട്ടു. എന്റെ ഉടുപ്പുകളുടെയും ആഭരങ്ങളുടെയും കണക്കവൾക്കറിയാം. ഞങ്ങൾ ഒരുമിച്ച് വാങ്ങിയതാണ് പല ഉടുപ്പുകളും. പാകമായത് നീ അണിയുന്നതാണെനിക്ക് സന്തോഷം എന്ന് ഞാൻ പറഞ്ഞത് അവൾ കേട്ടില്ല.
മരണം കഴിഞ്ഞ വീട്ടിൽ വെറുതെ പേരിനുവേണ്ടി മാത്രം കുറച്ചു ദിവസത്തേക്ക് ബന്ധുക്കൾ ഒക്കെ വരുമല്ലോ. അത്തരത്തിലൊരാൾ വന്നു കയറി എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്നു. അതിനിടയിൽ അയാളുടെ കണ്ണുകൾ ചുമരിൽ ഉണ്ടായിരുന്ന എന്റെ ചിത്രങ്ങളെ തേടുകയായിരുന്നു. അവിടുന്ന് എടുത്തുമാറ്റിയ ഫോട്ടോകൾ കാണാതെ നിരാശനായി ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഇറങ്ങിപ്പോയി. ഞാൻ മരിച്ചിട്ടും ശമിക്കാത്ത അയാളുടെ ആ നോട്ടങ്ങളോട് എനിക്ക് പുച്ഛം തോന്നി. വീടിനു പുറത്തേക്കിറങ്ങുന്ന അയാളെ ഞാൻ പുറകിലൂടെ ചെന്ന് ചവിട്ടി. എന്റെ ചവിട്ടേൽകാതെ പോയെങ്കിലും പടി ഇറങ്ങിയപ്പോൾ അയാളൊന്ന് കാലുതെറ്റി വീണു. വീണ്ടും ഞാൻ മണ്ടയില്ലാത്ത തെങ്ങിൽ വന്നിരുന്നു. തൊട്ടടുത്ത സർപ്പക്കാവിലെ നാഗങ്ങൾ പുള്ളുവത്തിയുടെ പാട്ട് കേട്ടിട്ടും ആടാതെ നിന്നു. അവ എന്നെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. തെങ്ങിലെ പൊത്തിൽ കാലുകളിറുക്കി വന്നിരുന്ന ഒരു തത്ത എന്നെ നോക്കി. അതിന്റെ ചിറകുകളിൽ പള്ളിക്കാട്ടിൽ മൈലാഞ്ചി പൂത്ത മണമുണ്ടായിരുന്നു.