മീതെ ശൂന്യാകാശം താഴെ മരുഭൂമി

പ്രിയപ്പെട്ടവരെ നാട്ടിലേയ്ക്കയച്ച് വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവരുമ്പോഴും, നാട്ടിൽ അവധി കഴിഞ്ഞ് വിമാനത്താവളത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോഴും തോന്നാറുള്ള ദുഃഖവും സങ്കടവും സമ്മിശ്രമായ, എന്താണെന്നറിയാത്ത കടുത്ത നിരാശ കനം തൂങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോൾ മനസ്സ്. പൊഞ്ഞാറ് എന്നാണ് ഇൗ അസ്ക്യതയെ ഞങ്ങളുടെ നാട്ടിന്‍പുറത്തു പറയുക. പ്രിയപ്പെട്ട മുരളി മാഷ് തിരിച്ചുപോയിരിക്കുന്നു. എത്ര പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത്! സംഘർഷഭരിതമായിരുന്നു കഴിഞ്ഞ കുറേ നാളുകൾ. അതോടൊപ്പം പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്ന യാഥാർഥ്യവും തിരിച്ചറിയാൻ സാധിച്ചു.

പാതിയിൽ മുറിഞ്ഞുപോയ മനോഹരമായൊരു സ്വപ്നം പോലെയായിരുന്നു മാഷിന്‍റെ വരവും പോക്കും. നാട് അങ്ങ് തൃശൂരായിരുന്നെങ്കിലും കണ്ണാടിപ്പറമ്പ് യുപി സ്കൂളില്‍ അക്ഷരങ്ങളോടൊപ്പം, വാത്സല്യം ഏറെ പ്രകടിപ്പിക്കുന്ന ഒരു പിതാവിൻ്റെ റോൾ കൂടി കൈകാര്യം ചെയ്ത മാഷ് നാടിൻ്റെ സ്വന്തമാകാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല. സ്കൂളിലെ മക്കൾക്ക് മാത്രമല്ല, നാടിന് തന്നെ അദ്ദേഹം വാത്സല്യം ചൊരിഞ്ഞു. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് എന്നതാ മാഷിൻ്റെ ഒരു രീതി എന്ന് അന്നൊരിക്കൽ അച്ഛൻ മാഷേക്കുറിച്ച് പറഞ്ഞത് ഒാർക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് പറിച്ചുനടപ്പെട്ട മാഷ് കണ്ണാടിപ്പറമ്പിൻ്റെ കണ്ണാടിയായി നിലയുറപ്പിച്ചത് ദശാബ്ദങ്ങളോളം. ആ മാഷ് ഇൗ അറബ് നാട്ടിൽ വന്നിട്ട് ഏറെ നാൾ അലഞ്ഞുവെന്നും ഒരു യുദ്ധം കഴിഞ്ഞെന്നപോലെ സന്തോഷത്തോടെ തിരിച്ചുപോയെന്നും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അതിന് ഞാനും കരീമും പിന്നെ, ഇൗ ഗൾഫ് രാജ്യത്തിലുള്ള അനേകായിരം കണ്ണൂരുകാരും കൂടെനിന്നെന്നും തിരിച്ചറിയുമ്പോൾ കണ്ണു നിറയുന്നു.

ഞങ്ങളുടെ കാർ അൽ മുല്ല പ്ലാസ കഴിഞ്ഞ് ഷാർജയിലേയ്ക്കുള്ള അൽ ഇത്തിഹാദ് റോഡിലായിരുന്നു, അപ്പോൾ. മുഖത്ത് പെരുന്നാൾ സന്തോഷത്തോടെയല്ലാതെ കാണാറില്ലാത്ത കരീം എന്തെങ്കിലും ഒച്ച പുറപ്പെടുവിക്കുകയോ തലയാട്ടുകയോ പോലും ചെയ്തില്ല. പൊഞ്ഞാറിൻ്റെ കയ്പുനീർ കുടിക്കുകയായിരുന്നു അവനും എന്ന് തോന്നുന്നു. എന്നേക്കാളും മാഷിനോട് ഒട്ടിനിന്ന അവൻ്റെ അവസ്ഥ ഉൗഹിക്കാവുന്നതേയുള്ളൂ. കാറോടിക്കുമ്പോൾ തിരിഞ്ഞും മറിഞ്ഞും നോക്കുക പോലും ചെയ്യാതെ ഇത്രയും ശ്രദ്ധ ഇതിന് മുൻപൊരിക്കലും കണ്ടിരുന്നില്ല. ഇൗ കോൺസൺട്രേഷൻ എന്നും കാണിച്ചിരുന്നെങ്കി എത്ര കാറുകളുടെ ചന്തി ചളുങ്ങാതെ രക്ഷപ്പെട്ടേനെയെന്ന് ഞാൻ വെറുതെ ഒാർത്തു.

എത്രയോ മരുവെയിൽ കൊണ്ട ശേഷമാണ് ഞങ്ങൾ മാഷെ കണ്ടത്. പക്ഷേ, കുറഞ്ഞ ദിവസങ്ങൾക്കുള്ളില്‍ തന്നെ അദ്ദേഹം വീണ്ടും തണുത്ത ജലമായി മനസ്സിനെ സ്പർശിച്ചു. മാഷിന് മാത്രം വശമുള്ള മാന്ത്രികവിദ്യ. സത്യം പറഞ്ഞാൽ, നീണ്ട വർഷങ്ങളുടെ പ്രവാസത്തിനിടയിൽ മനസിൽ നിന്ന് മാഷ് ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. പതിനഞ്ച് വർഷം മുൻപ് ഒന്നിച്ച് ഇൗ പൊള്ളലിൽ കാലു കുത്തിയ ശേഷം ഞാനും കരീമും തമ്മിൽ കാണാത്ത ഒരു ദിവസം പോലുമുണ്ടാവില്ല. ഇഞ്ചിയും വെളുത്തുള്ളിയും പോലെയെന്നാ സംഘനടയിലെയും മറ്റും ചങ്ങാതിമാർ ഞങ്ങളെപ്പറ്റി പറഞ്ഞ് ചിരിക്കാറ്. ദൈനംദിന സംഭാഷണമധ്യേ മാഷിൻ്റെ പേര് കടന്നുവരുന്ന നിമിഷങ്ങളിലെ അവൻ്റെ കണ്ണുകളുടെ തിളക്കത്തിന് വല്ലാത്ത സൗന്ദര്യമായിരുന്നു. എല്ലാ അളവുകോലുകൾക്കും അതീതമാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം എന്ന് തോന്നാറുണ്ട്, അപ്പോഴെല്ലാം.
വൈക്കോലും മറ്റും കുത്തിനിറച്ച് നാട്ടിൽ ലോറികൾ പോകുംപോലെ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ വീട്ടുപകരണങ്ങൾ കയറ്റി നൈലോൺ കയറുകൊണ്ടു വരിഞ്ഞുകെട്ടിയ ഒരു പിക്കപ്പ് ഞങ്ങളുടെ കാറിനെ ഉരസി ഉരസിയില്ല എന്ന പോലെ കടന്നുപോയി. സാധാരണ ഗതിയിൽ കാറിൽ നിന്നുള്ള കാർബണോ‌‌ടൊപ്പം പുലഭ്യം പുറന്തള്ളേണ്ട കരീം അതുപോലും കാര്യമാക്കിയില്ല. മാഷിൻ്റെ ഒാർമകളുടെ സാന്നിധ്യം പോലും അവൻ്റെ മനസ്സിനെ ശാന്തമാക്കിയിരിക്കുന്നു.
നാലാം ക്ലാസിലെ പുസ്തകങ്ങളും സ്ലേട്ടുമിട്ട പഴകിയ തുണി സഞ്ചി തൂക്കി ഒാട്ടവീണ കുപ്പായവും ട്രൗസറും ധരിച്ച കുട്ടി നടന്നുകയറിയത് മാഷിൻ്റെ ഇടനെ‍ഞ്ചിലേക്കായിരുന്നു. മാഷ് അവനെ ചേർത്തുപിടിച്ചു ആ തലയിൽ തലോടിയപ്പോൾ കുഞ്ഞു കണ്ണുകൾ സജലങ്ങളായി. കുടിലിലെ സിമൻ്റ് ചുംബിക്കാത്ത ചുമരിലുറച്ച ആണിയിൽ എന്നെന്നേക്കുമായി തൂങ്ങിയാടേണ്ടിയിരുന്ന പുസ്തകസഞ്ചിക്ക് പകരം ജീവിതത്തിലാദ്യമായി അവന് പുതുമ മണക്കുന്ന അലുമിനിയം പുസ്തകപ്പെട്ടിയും പുസ്തകങ്ങളും പെൻസിലും ഇൻസ്ട്രുമെന്‍റ് ബോക്സും വസ്ത്രങ്ങളും ലഭിച്ചു. നാട്ടുകവലയിലെ വല്ല കടകളിലും തളച്ചിടപ്പെടേണ്ട ആ കുഞ്ഞു ജീവിതത്തിന് പ്രതീക്ഷയുടെ പാഠം മാഷ് പകര്‍ന്നുനൽകി. മാഷ് സൃഷ്ടിച്ച ഒട്ടേറെ കരീമുമാർ പലരും നന്നായി പഠിച്ച് നല്ല ഉദ്യോഗം വാങ്ങി രക്ഷപ്പെട്ടപ്പോൾ ഇൗ കരീം പ്രവാസ ലോകത്ത് പ്രൈവറ്റ് ടാക്സി ഒാടിക്കേണ്ട ഗതികേടിലായിപ്പോയത് ചത്തോരാരോ ചെയ്ത പാപ ഫലമായിരിക്കാം. പട്ടിണിയേക്കാളും വലിയൊരു പാഠമില്ലല്ലോ മനുഷ്യന്!.
മാഷിനെ അദ്ദേഹത്തിന്‍റെ നാട് എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നതായിരുന്നു അപ്പോൾ കരീമിൻ്റെ ചിന്ത. എൻ്റെയും ഉള്ളിലുമുള്ള ആശങ്ക തന്നെയാണ് അവൻ പ്രകടിപ്പിച്ചത്. അവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ എൻ്റെ കൈയിലില്ലായിരുന്നു. എങ്കിലും ഞാൻ പറഞ്ഞു:

”പിന്നല്ലാതെ, മാഷിനെ നാടിന് ഏറെ ആവശ്യമുള്ള കാലഘട്ടമല്ലേടാ ഇത്. ”

കരീം ‍ഡ്രൈവിങ്ങിനിടെ ആദ്യമായി എന്നെ തലതിരിച്ചു നോക്കി. അവൻ്റെ കണ്ണുകളിൽ ചെറിയൊരു തിളക്കം ഉദിച്ചു. ഒരാളുടെ അസാന്നിധ്യമാണല്ലോ അയാൾ അത്രമാത്രം പ്രിയപ്പെട്ടവനും പ്രധാനപ്പെട്ടവനുമാണെന്ന് നമുക്ക് മനസിലാക്കിത്തരുന്നത്. ഞാനത് കരീമിനെ എങ്ങനെ മനസിലാക്കിക്കൊടുക്കും! രണ്ട് കുഴികളില്‍ കിടന്ന് പ്രകാശം പരത്തിയിരുന്ന ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. സ്കൂൾ കാലം മുതലുള്ള സൗഹൃദത്തിൽ ഇതാദ്യമാണ് കരീമിൻ്റെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞു കാണുന്നത്. അവൻ്റെ ഉമ്മൂമ്മ മരിച്ച വിവരം വേദനപുരണ്ട ശബ്ദമായി കടൽക്കടന്നെത്തിയപ്പോഴും സഹോദരി ഭർത്താവ് പണിതീരാത്ത വീട്ടിൽ ഒരു തുണ്ടം കയറിൽ ജീവനൊടുക്കിയെന്ന തീപ്പൊള്ളലുള്ള സത്യം കേട്ടപ്പോഴുമൊന്നും കാണാത്ത ദുഃഖം. എല്ലാ കാര്യങ്ങൾക്കും സഹായവുമായി മാഷുണ്ടായിരുന്നുവെന്ന്, കരീം പ്രണയിച്ച് സ്വന്തമാക്കിയ ഹസീന പറഞ്ഞിരുന്നത് ഒാർക്കുന്നു.

ഇത് ഒാഗസ്റ്റ്. ഗൾഫ് മുഴുവൻ തീ കോരിച്ചൊരിയുന്ന ദിനങ്ങൾ. കഴിഞ്ഞ മാസം അവസാനമാണ് മാഷ് ഇവിടെയെത്തിയത്. പക്ഷേ, അദ്ദേഹം വന്നിട്ട് രണ്ടാഴ്ചയോളം പിന്നിട്ടപ്പോഴേ ഞങ്ങളാ വിവരം അറിഞ്ഞുള്ളൂ.

”ടാ, നിൻ്റേം കരീമിൻ്റേം നാട്ടുകാരനായ ഒരു സഖാവ് ജബൽ അലീലെ ഒരു ലേബർ ക്യാംപിൽ കഴിയുന്നുണ്ട്..”

ട്രക്ക് ഡ്രൈവറായ സുഹൃത്ത് സാജു പന്തളം പറഞ്ഞപ്പോഴാണ് വിവരം അറിയുന്നത്. സ്വന്തമായി ഒരു ട്രെയിലറും പിന്നെ ഇത്തിരി സാമൂഹിക പ്രവർത്തനവുമായി കഴിയുകയാണവൻ. ഇടയ്ക്കിടെ മാത്രമേ സാജുവിന് ജോലിയുള്ളൂ. അല്ലാത്തപ്പോൾ ഷാർജ വ്യവസായ മേഖലയിലെ പത്താം നമ്പർ ഏരിയയിലെ ബാബു ചേട്ടൻ്റെ വർക് ഷോപ്പിന് മുൻപിൽ തൻ്റെ പഴയ ബെൻസ് കാറിലിരുന്ന് മൊബൈൽ ഫോൺ തോണ്ടിക്കോണ്ടിരിക്കും.

”ആരാത്..? എന്താടാ സാജു അയാളുടെ പേര്?”

ഞാൻ ചോദിച്ചപ്പോൾ സാജു മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ, ഒാ..ഏതോ ഒരു മാഷാന്നാണേ കേട്ടതെന്ന് വലിയ താത്പര്യമില്ലാതെ മറുപടി പറഞ്ഞു.
മാഷെന്ന് കേട്ടപ്പോ മനസിൽ തെളിഞ്ഞു വന്ന മുഖം ഒന്നു മാത്രമായിരുന്നു. ഞാൻ ആകാംക്ഷയോടെ ചോദിച്ചു:

”കൃത്യമായി പറേടാ.. ഏത് മാഷാന്നാ പറഞ്ഞേ?”

എൻ്റെ ഒച്ച ഇത്തിരി ഉയർന്നപ്പോൾ അവൻ മുഖമുയർത്തി എന്നെയൊന്നു നോക്കി. സാധാരണ അവനെന്തു പറയുമ്പോഴും വലിയ താത്പര്യം കാണിക്കാത്തതുകൊണ്ടായിരിക്കാം, അവൻ്റെ നീണ്ട മുഖത്ത് ഇത്തിരി വിസ്മയം പ്രകടമായി:

”ടാ, ഞാൻ നാളെ വീണ്ടും ആ ക്യാംപിൽ പോകുന്നുണ്ട്. അവിടേള്ള ആരോടെങ്കിലും തിരക്കീട്ട് കൃത്യായി പറഞ്ഞുതരാം..”

എൻ്റെ ആകാംക്ഷ കണ്ട് അവൻ ഇത്രയും പറഞ്ഞ് ഉൗറിച്ചിരിച്ചു. പിന്നെ, മൊബൈലിലേയ്ക്ക് വീണ്ടും തലതാഴ്ത്തി. നാഷനൽ പെയിൻ്റ്സിനടുത്തെ ഗ്രോസറിയിൽ നിന്ന് ഒരു പായ്ക്കറ്റ് ഖുബൂസ് വാങ്ങിയ ശേഷം, മറക്കാതെ അന്വേഷിച്ചു പറയണേ എന്ന് പറഞ്ഞു ഞാൻ ഫ്ലാറ്റിലേയ്ക്ക് നടന്നു.

സമയമുണ്ടെങ്കിൽ അവനെന്ത് കാര്യവും ശടപടാന്ന് ചെയ്തുതരുന്നയാളാണ്. എത്രയോ പ്രാവശ്യം ഞങ്ങൾ അജ്മാൻ റോഡിലെ മരുഭൂമിയിൽ ചെന്ന് ബാർബിക്യൂ ഉണ്ടാക്കി സമയം ചെലവഴിച്ചിട്ടുണ്ടെന്നോ. എല്ലാം ഒരുക്കുക അവനാണ്. തലേന്ന് അവൻ ചെന്ന് മീൻചന്തയിൽ നിന്ന് പിടയ്ക്കുന്ന ഹമൂറും ഷേരിയും സാൽമൻ തലയും വാങ്ങിച്ച് തൻ്റെ പ്രത്യേക മസാലക്കൂട്ട് ചേർത്ത് പാചകവൈദഗ്ധ്യം പുറത്തെടുക്കും. പരിചമുള്ള അഫ്ഗാനികളുടെ റൊട്ടിക്കടയിൽ, അവരെ സോപ്പടിച്ച് തയ്യാറാക്കുന്ന കോഴിയിറച്ചിയാണ് അവൻ്റെ മാസ്റ്റർപീസ്. ഷാർജയിലെ മാർക്കറ്റിൽ നിന്ന് ഫ്രഷ് കോഴി വാങ്ങി ഉള്ളിയും തക്കാളിയും മറ്റു ചില പൊടിക്കൈ മസാലകളും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ ശേഷം അലുമിനിയം ഫോയിലിൽ ചുരുട്ടി, റൊട്ടിയല്ലാതെ മറ്റെന്തു പാചകം ചെയ്യാനും ഉപയോഗിക്കാത്ത അഫ് ഗാനിയുടെ റൊട്ടിക്കടയിലെ തീ ഗുഹയിൽ വയ്ക്കും. മിനിറ്റുകൾ കഴിഞ്ഞ് തിരിച്ചെടുത്ത് പൊതി തുറന്നാൽ, എൻ്റമ്മോ, ആ മണം തന്നെ മതി ഒരു പായ്ക്കറ്റ് ഖുബൂസ് അകത്താക്കാൻ. നേരിട്ട് പൊള്ളലേൽക്കാതെ വെന്ത കോഴിയിറച്ചിക്ക് ഇത്രയും സ്വാദുണ്ടെന്ന് അറിഞ്ഞത് അന്നായിരുന്നു. ഒരിക്കൽ സിനിമാ നടൻ ജോയ് മാത്യു വന്ന് ആ വിഭവം ആസ്വദിച്ചത് അവൻ അഭിമാനത്തോടെ എല്ലാലവരും പറയും. അങ്ങനെ എത്രയെത്ര ദിനരാത്രങ്ങൾ!

പിറ്റേന്ന് രാവിലെ പത്തരയായിക്കാണും, സാജു പന്തളം ഫോൺ വിളിച്ചു. ഞാനപ്പോൾ ഒാഫീസിൽ ഇൻ്റേണൽ മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും, അടിയന്തര ഫോൺകോളാണെന്ന് എക്സ്ക്യൂസ് പറഞ്ഞ് പതുക്കെ പുറത്തിറങ്ങി അവനോട് സംസാരിച്ചു.

”സുധീഷേട്ടാ, മുരളി മാഷെന്നാ പേര്. നേരത്തെ നിങ്ങടെ നാട്ടിലുണ്ടായിരുന്ന ആളാത്രെ. ഇപ്പോ തൃശൂര് എവിടെയോ ആണ്. അവിടെ പാർട്ടീടെ ഏരിയാ സെക്രട്ടറിയായിരുന്നു. എന്തോ ചില പ്രശ്നമുണ്ടായപ്പോ പരിഹാരം തേടി ഇങ്ങോട്ട് വന്നതെന്നാ കേട്ടേ..”
സാജു ധൃതിയിൽ ഒറ്റയടിക്ക് പറഞ്ഞു. എന്‍റെ ഉള്ളം തുടിച്ചു. ഞാൻ ചോദിച്ചു:

”നീ ആളെ കണ്ടോടാ സാജൂ?”

”ആന്നേ. ലേബർ ക്യാംപിൽ അയാക്ക് ഭക്ഷണം നൽകാൻ മുതലാളി പ്രത്യേകം ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. പുള്ളിയവിടെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോണ്ടിരിക്കാരുന്നേ…”

ഇപ്പോൾ സാജുവിനും ഇത്തിരി താത്പര്യമുണ്ടെന്ന് അവൻ്റെ വാക്കുകളിലെ ആവേശം കണ്ടപ്പോൾ തോന്നി. ഏതോ പ്രിയപ്പെട്ട ആളാണെന്ന് അവൻ മനസിലാക്കിയിരിക്കാം.

”നീ എന്തെങ്കിലും മാഷോട് സംസാരിച്ചോടാ?”

എൻ്റെ ആകാംക്ഷ കണ്ട് സാജു ചിരിച്ചുകൊണ്ടു പറഞ്ഞു:

”ഹമ്മോ. ആ മുഖത്തെ ഗൗരവം കണ്ടപ്പോ തന്നെ ഞാനവിടുന്ന് സ്കൂ‌‌ട്ടായി. ന്നാലും പുള്ളിക്കാരനെന്നെയൊരു നോട്ടം നോക്കിയാരുന്നേ…”

രാത്രി കരീമും മാധവേട്ടനും മുറിയിലെത്തിയപ്പോൾ കാര്യം പറഞ്ഞു. സാജു നേരിട്ട് കണ്ടെന്ന് പറഞ്ഞിട്ടും അവർ പക്ഷേ, വിശ്വസിക്കാനേ തയ്യാറായില്ല. നമ്മുടെ മാഷ് ദുബായിൽ വന്ന് ലേബർ ക്യാംപിൽ താമസിക്കും എന്ന് വിശ്വസിക്കാൻ ഞാനെന്താ പൊട്ടനാ സുധീഷേട്ടാ എന്നായിരുന്നു കരീമിൻ്റെ ചോദ്യം. മാധവേട്ടനും അതു കേട്ട് നിസാരമായി ചിരിച്ചു. പിന്നെ ഞാൻ തർക്കിക്കാൻ നിന്നില്ല.

ഭാര്യ പ്രസവത്തിന് നാട്ടിൽ പോയതിനാൽ ശൂന്യമായ എൻ്റെ ഫ്ലാറ്റിലാണ് ഇരുവരുടെയും രാത്രിവാസം. രാഷ്ട്രീയവും തമാശയും ലോക വർത്തമാനവുമെല്ലാം പറഞ്ഞങ്ങനെ ഞങ്ങളിരിക്കും. ടീവീല് വാർത്ത കാണും. പിന്നെ, മാധവേട്ടൻ തൻ്റെ പഴയ പിക്കപ്പെിൽ *1ബറാക്കുടയിൽ പോയി കൊണ്ടുവരുന്നതിൽ നിന്ന് രണ്ടെണ്ണമടിച്ച് ബോധംകെട്ടുറങ്ങും. അന്നു രാത്രി ഞങ്ങൾ ചാനലിൽ പ്രേംനസീർ, സത്യനും മത്സരിച്ചഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ‘മൂലധനം’ കണ്ടുകൊണ്ടിരുന്നപ്പോൾ ബോറഡിക്കുന്നു എന്ന് പറഞ്ഞ് കരീം ഇടയ്ക്കിടെ മൊബൈലിലേയ്ക്ക് മുഖം പൂഴ്ത്തി. കെ.പി.ഉമ്മർ ആവർത്തിച്ചുപറയുന്ന ‘ഞാനൊരു വികാരജീവിയാണ്’ എന്ന ഡ‍യലോഗ് കണ്ടു പൊട്ടിച്ചിരിക്കുകയായിരുന്ന ഞങ്ങളെ നോക്കി അവൻ ചാടിയെഴുന്നേറ്റ് പറഞ്ഞു:

”സുധീഷേട്ടാ, മാധവേട്ടാ.. ഇതു നോക്കിയേ”

അവൻ ടിക് ടോക് കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

”എന്താടാ. നീയാണേൽ സിനിമ കാണുന്നില്ല, മറ്റുള്ളോരെങ്കിലും കാണാൻ സമ്മയിക്ക്..”
മാധവേട്ടൻ അനിഷ്ടം പ്രകടിപ്പിച്ചു.

”അതെല്ല മാതവേട്ടാ, ഇത് നോക്ക്. ഒരാൾ ലേബർ ക്യാംപിൽ കവിത പാട് ന്ന്. കണ്ടിട്ട് നമ്മളെ മുരളി മാഷെപ്പോലുണ്ട്..”

അവൻ കാതുകളിൽ നിന്ന ്ഇയർ ഫോൺ ഉൗരി മാധവേട്ടൻ്റെയും എൻ്റെയും അടുത്തെത്തി മൊബൈൽ കാണിച്ചു. ഞങ്ങൾ നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. അത് മുരളി മാഷ് തന്നെ.

”ഏതാണ്ടൊരോര്‍മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും, കടന്നുപോമീ വഴി
നാമീ ജനലിലൂടെതിരേൽക്കും
ഇപ്പഴയോരോര്‍മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ..”

തനിക്കേറ്റവും പ്രിയപ്പെട്ട എൻ.എൻ.കക്കാടിൻ്റെ ‘സഫലമീയാത്ര’ എന്ന കവിത ലേബർ ക്യാംപിൻ്റെ പൂമുഖത്തെ വിശാലമായ ഇടത്തിലിരുന്ന് തൻ്റെ ചുറ്റുമിരിക്കുന്ന കുറേ തൊഴിലാളികൾക്ക് ചൊല്ലിക്കൊടുക്കുകയാണ് മാഷ്. അദ്ദേഹത്തെ വളഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിൽ മലയാളികൾ മാത്രമല്ല, ഇതര സംസ്ഥാനക്കാരും, എന്തിന് പാക്കിസ്ഥാനികളും ഫിലിപ്പീനികളും പോലുമുണ്ട്. അർഥം മനസിലാകുന്നില്ലെങ്കിലും അവരെല്ലാം മാഷിൻ്റെ കവിതാലാപനത്തിൻ്റെ വശ്യമനോഹാരിതയിൽ ലയിച്ചിരിക്കുകയാണ്.

ഇടയ്ക്ക് മാഷിൻ്റെ ഒച്ച ഇടറിയോ എന്ന് എനിക്ക് സംശയം തോന്നി. എപ്പോൾ ആ കവിത ചൊല്ലുമ്പോഴും മാഷ് ഒന്നു വിതുമ്പുമായിരുന്നല്ലോ. കവിതാലാപനം മൊബൈലിൽ പകർത്തുന്ന യുവാവായ തൊഴിലാളികളുടെ മുഖത്തും വിഷാദം. അവർ പരസ്പരം നോക്കി. അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നവരിൽ ചിലരും തലനീട്ടി നോക്കുന്നു. കവിതമയമായ അന്തരീക്ഷം പെട്ടെന്ന് വിഷാദമൂകമായി. കരീമിൻ്റെ മൊബൈലിൽ കവിത നിലച്ചു.

”ബാക്കി കൂടി കേപ്പിക്കെടാ..”

മാധവേട്ടൻ ആകാംക്ഷയോടെ അവനെ നോക്കി.

”ന്താദ് മാതവേട്ടാ. ടിക് ടോക്കിൽ ഇത്രയേ ണ്ടാവുള്ളൂ..”

കരീമിൻ്റെ മൊബൈലിൽ മാഷിൻ്റെ കവിത ആവർത്തിച്ചുകൊണ്ടിരുന്നു.

”ഒാൻ്റമ്മേടെ ടിക്കോക്ക്. ഒന്നു പോടപ്പാ. എത്ര നാളായി മാഷിൻ്റെ ഒച്ച കേട്ടിട്ട്…”
മാധവേട്ടൻ നിരാശ പ്രകടിപ്പിച്ചു. കരീം വാ പൊളിച്ച് നിന്നപ്പോൾ മാധവേട്ടൻ വീണ്ടും സിനിമയിലേയ്ക്ക് ഉൗളിയിട്ടു.

സ്ഥലം കണ്ടിട്ട് സാജു പറഞ്ഞ ലേബർ ക്യാംപാന്ന് ഒറപ്പാ. ഇതെങ്ങനെയിപ്പോ മാഷീടേപ്പാ എന്ന സംശയമായിരുന്നു എനിക്ക്. ശീതീകരണിയുടെ തണുപ്പിനെ തോൽപിക്കാൻ അജ്മാനിലെ ചൈനീസ് മാർക്കറ്റിൽ നിന്ന് വാങ്ങിച്ച കമ്പിളിപ്പുതപ്പ് തലമൂടെ മൂടിക്കൊണ്ട് മാധവേട്ടൻ ചോദിച്ചു.

”അതു തന്ന്യാ ഞാനും ആലോചിക്കണേ, മാഷെങ്ങനെ ഇൗടെപ്പാ…?!”

കരീമും അതേ ചോദ്യം ഉന്നയിച്ച ശേഷം ഉറക്കത്തെ വലവീശിപ്പിടിക്കാനൊരുങ്ങി. സാജുവിനോട് ലൊക്കേഷൻ വാങ്ങി നാളെ വൈകീട്ട് മാഷെ അന്വേഷിച്ച് പോകാൻ ഞാനും കരീമും തീരുമാനിച്ചു. ഞാനൽപനേരം സോഫയിൽ തന്നെ കിടന്നു. അതു മാഷാണെന്ന് എന്നിട്ടും വിശ്വസിക്കാൻ എനിക്കാവുന്നില്ല.
പിറ്റേന്ന് ഒരത്യാവശ്യം പറഞ്ഞ് ഒാഫിസിൽ നിന്ന് ഇത്തിരി നേരത്തെ ഇറങ്ങുമ്പോൾ പക്ഷേ, മനസിൽ പ്രാർഥിച്ചത് ഇങ്ങനെയായിരുന്നു: ”ഭഗവതീ, അത് ഞങ്ങടെ പ്രിയപ്പെട്ട മുരളി മാഷായിരിക്കല്ലേ..”

ഏതു നാടായാലും അവിടെ മാഷിൻ്റെ സാന്നിധ്യം ഏറെ ആവശ്യമായ കാലഘട്ടമാണിപ്പോൾ. മതേതരത്വം ജീവവായു പോലെ കൊണ്ടുനടക്കുന്ന പൊതുപ്രവർത്തകൻ. എല്ലാ ജാതി മതസ്ഥർക്കും പ്രിയപ്പെട്ടവൻ. കണ്ണാടിപ്പറമ്പിൻ്റെ മാത്രമല്ല, ജില്ലയുടെ തന്നെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്നു മാഷ്. പാർട്ടിയില്‍ ശുദ്ധതയുടെ മുഖം. ജനകീയൻ എന്ന വാക്ക് അന്വർഥമാക്കുന്ന രാഷ്ട്രീയപ്രവർത്തകൻ. പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ചയാൾ. സ്വാർഥത തൊട്ടുതീണ്ടാത്ത വ്യക്തി.. മാഷിനെ വിശേഷിപ്പിക്കാൻ ഇതൊന്നും പോരാ. നന്മ മരത്തിൻ്റെ ലക്ഷം ശാഖകൾ പോലെ വിശേഷങ്ങൾക്ക് അവസാനമില്ലല്ലോ! അതെല്ലാം എണ്ണിപ്പറഞ്ഞാൽ തീരുമോ!
ഒാഫീസിന് തൊട്ടടുത്തെ കഫ്റ്റീരിയയിൽ നിന്ന് ഒരു മധുരമില്ലാത്ത സുലൈമാനി വാങ്ങി ഉൗതിക്കുടിക്കുമ്പോൾ ഞാൻ സാജുവിനെ വിളിച്ചു. സുധീഷേട്ടൻ പറേന്ന മാഷ് ആന്നേ. നൂറ്റൊന്നു ശതമാനോം ഒറപ്പാന്നേ എന്ന് അവൻ പറഞ്ഞപ്പോൾ പിന്നൊന്നും ആലോചിച്ചുനിന്നില്ല. കരീമിനെ വിളിച്ച് യാത്ര പുറപ്പെട്ടു. സാധാരണയിലും വേഗത്തിൽ കാറോ‍ടിക്കുമ്പോൾ തന്നെത്തന്നെ സ്വയം വിശ്വസിപ്പിക്കാനെന്ന വണ്ണം കരീം പറഞ്ഞു:

”ഇത്ര നന്നായി മാഷിന് മാത്രേ ആ കവിത പാടാനാകൂപ്പാ. സഫലമീ യാത്ര മാഷിൻ്റെ ഫേവറൈറ്റല്ലേ സുധീഷേട്ടാ…”

ഞാനവനെ നോക്കിയപ്പോൾ ആ മുഖം ചുവന്നുതുടുത്തിരിക്കുന്നു. പടച്ചോനേ,
അതു മാഷായിരിക്കണേ എന്ന് കരീം മൗനമായി പ്രാർഥിച്ചു. അത് മാഷ് തന്ന്യാടാ, നീ ബേജാറാകേണ്ട എന്ന് അവനെ സമാധാനിപ്പിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഒരുപക്ഷേ, അല്ലെങ്കിൽ അവനിലുണ്ടാകുന്ന നിരാശയും ഞാൻ തന്നെ സഹിക്കേണ്ടിവരുമല്ലോ എന്നോർത്ത് വാക്കുകൾ ഞാൻ വിഴുങ്ങി. എങ്കിലും എൻ്റെ മനസ് വായിച്ചപോലെ അവൻ ഒരു നിമിഷം വണ്ടി റോ‍ഡരികിലെ മഞ്ഞവര കടത്തി നിർത്തി. എന്നിട്ട് സീറ്റ് ബെൽറ്റ് പെട്ടെന്ന് ഉൗരിക്കൊണ്ടു എൻ്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി. താടിയുള്ള ആ നീണ്ട മുഖത്ത് കാറിൽ എസിയുണ്ടായിട്ടും വിയർപ്പ് പൊടിഞ്ഞു. വെട്ടിയൊതുക്കാത്ത, ഇടയ്ക്ക് വെള്ളിവരകൾ വീണ താടി പതിവുപോലെ ഒന്നു ശക്തിയായി വലതു കൈകൊണ്ട് തടവി അവൻ ചോദിച്ചു:

”അത് മാഷ് തന്ന്യാണല്ലേ സുധീഷേട്ടാ? ങ്ങക്ക് വിവരങ്ങളെല്ലാം കിട്ടി എന്നോട് പറയാത്തതാ, ല്ലേ?”

”അറിഞ്ഞ വിവരങ്ങളൊന്നും അത്ര നല്ലതല്ലെടാ. നെനക്ക് വെഷമമാകും. അതാ നിന്നോട് പറയാണ്ടിരുന്നേ.. ”

എൻ്റെ മറുപടിയിൽ പക്ഷേ, അവൻ സംതൃപ്തനായില്ല.

”അയിന് മാഷ് സുധാകുമാരി ടീച്ചർ മരിച്ചേപ്പിന്നെ മാഷിൻ്റെ സൊന്തം നാട്ടിലേയ്ക്ക് തിരിച്ചുപോയെന്നല്ലേ കേട്ടിര് ന്നേ. പിന്നെങ്ങനെ..?”

അതൊക്കെ ഇൗ കാലത്ത് എത്ര നിസാരമാണെന്ന അർഥത്തിൽ ഞാൻ ചിരിച്ചപ്പോൾ അവന് ആശ്വാസമായി. വീണ്ടും സീറ്റ് ബെൽറ്റിട്ട് തുടർ യാത്രയ്ക്ക് തയ്യാറായി:
”മാഷെന്തിനാ വന്നേ സുധീഷേട്ടാ? ”

ആ ചോദ്യത്തിന് മാത്രം ഞാൻ മൗനം പൂണ്ടു. തത്കാലം അവനതറിയേണ്ട. അവനെന്നല്ല, ആരും അറിയേണ്ട. മാഷെ സ്നേഹിക്കുന്നവരെ അതു മാനസികമായി തകർത്തുകളയും.
അരികുകണ്ണാടിയിലൂടെ ശ്രദ്ധിച്ച് നോക്കി അവൻ റോഡിലേയ്ക്ക് കാർ നീക്കി. തൊട്ടടുത്തുകൂടെ വലിയൊരു കണ്ടെയ്നറുമായി ഒട്ടേറെ ചക്രങ്ങളുള്ള നീളൻ ട്രക്ക് ചീറിപ്പാഞ്ഞു. അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു:

”പറയാൻ പ്രയാസോള്ള കാര്യങ്ങളാണേല് ഇപ്പോ പറയേണ്ട. എനക്ക് മാഷെ കാണുമ്പം പഴേതെല്ലാം ഒാർമവരും. പിന്നെ കരച്ചില് അടക്കാൻ പറ്റാണ്ടാവും സുധീഷേട്ടാ.. ”

കരീമിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഗിയറിന് മുകളിൽ വച്ചിരുന്ന അവൻ്റെ വലതു കൈയിൽ ഞാനെൻ്റെ കൈയമർത്തി. അത് ഇത്തിരി വിറയ്ക്കുന്നതുപോലെ എനിക്ക് തോന്നി.

പ്രധാന റോഡിനോട് ചേർന്ന് പൊടിപടലങ്ങൾ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന രണ്ടു നിലകളുള്ള ലേബർ ക്യാംപായിരുന്നു അത്. രണ്ടാം നിലയിൽ നെടുനീളെ വലിച്ചുകെട്ടിയ അയകളിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ പോലെ നിറമുള്ള വസ്ത്രങ്ങൾ ഉണക്കാനിട്ടിരുന്നു. മതിലിനോട് ചേർന്ന് പാർക്ക് ചെയ്ത ഭീമൻ ട്രെയിലറുകൾക്കിയിൽ കരീം കാർ നിർത്തി. പഴക്കമുള്ള ഇരുമ്പുഗേറ്റ് തുറന്ന് ഞങ്ങൾ അകത്ത് കയറി. അട‌ുക്കളയിൽ നിന്നുള്ള വ്യത്യസ്ത രുചിക്കൂട്ടുകളുടെ ഗന്ധം മൂക്കിലേയ്ക്ക് ഇരച്ചുകയറിയപ്പോൾ കരീം എന്നെയൊന്നു നോക്കി. കേരള, ഫിലിപ്പീൻസ്, ശ്രീലങ്കൻ, നേപ്പാളീസ്, പാക്കിസ്ഥാനി മണങ്ങൾ കൂടിക്കലർന്ന ലോകത്തെ അപൂർവ ഗന്ധം.

മൂന്ന് ഭാഗവും വീതിയേറിയ വരാന്തയും അതിനോട് ചേർന്ന് ഇരിക്കാനുള്ള തിട്ടയുമുള്ള ക്യാംപായിരുന്നു അത്. അ‍ടഞ്ഞ വാതിലുകൾക്ക് മുൻപിൽ നിറയെ പാദരക്ഷകൾ അഴിച്ചുവച്ചിരിക്കുന്നു. പലതിലും കെട്ടിട നിർമാണ സൈറ്റിലെ പൊടിപടലങ്ങൾ കൂട്ടുവന്നിട്ടുണ്ട്. ബംഗ്ലാദേശിയായ തൊഴിലാളിയാണ് ആദ്യം മുന്നിലേയ്ക്ക് കടന്നുവന്നത്. അലക്കിയ തുണിയടങ്ങുന്ന ബക്കറ്റുമേന്തി രണ്ടാം നിലയിലേയ്ക്ക് പോവുകയായിരുന്ന അയാളെ തടഞ്ഞുനിർത്തി ഞാൻ മുരളി മാഷ് എന്നൊരാൾ ഇവിടുണ്ടോ എന്ന് ഹിന്ദിയില്‍ ചോദിച്ചു. മാലൂം നഹീ സാബ് എന്ന് പറഞ്ഞു അവൻ നടന്നുനീങ്ങി. അ‌‌‌‌ടുക്കളയിൽ നിന്ന് പൊരിഞ്ഞ മത്തിയു‌ടെ മണം കടന്നുവന്നു. കൈയിൽ തവയുമായി ഒരു യുവാവ് അവിടെ നിന്ന് പുറത്തിറങ്ങിയതുകണ്ട് ഞങ്ങള്‍ക്ക് ആശ്വാസമായി.

”ഇൗടെ മുരളി മാഷെന്ന് പറയുന്ന ഞങ്ങടെ സഖാവ്.. സോറി, ഒരാളുണ്ടോ?”
കരീം ആവേശത്തോടെ ചോദിച്ചു.

”മാഷ് ദാ ഇപ്പോ ഇവിടുണ്ടായിരുന്നല്ലോ. ങാ, ചെലപ്പോ മുറീൽ വായനയിലായിരിക്കും..”
അയാൾ ചിരിച്ചുകൊണ്ടു അരികിലേയ്ക്ക് വരുമ്പോൾ അകത്തേയ്ക്ക് നോക്കി ‘ടാ.. അലോഷീ, എൻ്റെ മത്തി കരിയാതെ ഒന്നു നോക്കണേടാ’ന്ന് വിളിച്ചു പറഞ്ഞു. അകത്ത് നിന്ന്, ‘ഒാ, ശരി സുരേഷേട്ടാ..’ എന്നൊരു മറുപടിയുമുണ്ടായി. സുരേഷ് തൊട്ടപ്പുറത്തെ സിമൻ്റ് അടർന്ന ഏണിപ്പടികളോട് ചേർന്ന മുറിയുടെ വാതിലിൽ പതുക്കെ തട്ടി.

”കടന്നു വാടോ..”

അകത്ത് നിന്ന് മാഷിൻ്റെ ഘനഗംഭീര ഒച്ച പുറത്തേയ്ക്ക് വന്നപ്പോൾ ഞങ്ങളുടെ മനസിൽ ക്ലൗഡ് സീഡിങ്ങിലെന്നപോലെ പൊടുന്നനെ മഴ പെയ്തു. സുരേഷ് ആവേശത്തോടെ വാതിൽ തുറന്ന് അകത്ത് കയറി. മാഷ് കട്ടിലിൽ തലയണവച്ച് ചാരിയിരുന്ന് വാരിക വായിക്കുകയായിരുന്നു.

‘ദാ.. മാഷിന് രണ്ട് ഗസ്റ്റുകളുണ്ട്..’ എന്ന സുരേഷിൻ്റെ വാക്കുകൾ കേട്ടാണ് വാരിക താഴെ വച്ച് മാഷ് ഒന്ന് നിവർന്നിരുന്നത്. തുടർന്ന് കട്ടിയുള്ള കറുത്ത ഫ്രെയിമുള്ള കണ്ണട മൂക്കിൻ തുമ്പത്ത് നിന്ന് ഇത്തിരി മുകളിലേയ്ക്ക് ശരിയാക്കി വച്ച് ഞങ്ങളെ മാറിമാറി നോക്കി. അദ്ദേഹത്തിൻ്റെ ചുണ്ടുകളിൽ ഞങ്ങളുടെ പേരുകൾ തത്തിക്കളിച്ചു. ഞങ്ങൾ ഒന്നിച്ച് മാഷിൻ്റെ കൈകൾ കവർന്നു. മുറിയിലെ പ്ലാസ്റ്റിക് കസേരകൾ ചൂണ്ടി ഞങ്ങളോട് ഇരിക്കാൻ പറഞ്ഞ ശേഷം മാഷ് സുരേഷിനെ നോക്കി:

”സുരേഷേ, ഇത് എൻ്റെ പ്രിയപ്പെട്ട രണ്ട് ശിഷ്യന്മാരാ. സുധീഷും കരീമും..”

തുടർന്ന് സുരേഷിനെ ഞങ്ങൾക്കും പരിചയപ്പെടുത്തി:
”ഇത് സുരേഷ്. പാലക്കാട്ടുകാരനാ. നമ്മടെ ആള് തന്ന്യാ..”

സുരേഷിന് പെട്ടെന്ന് അടുപ്പത്തുള്ള മത്തി ഫ്രൈയുടെ കാര്യം ഒാർമ വന്നപ്പോൾ ‘ഇപ്പം വരാംട്ടോ..’ എന്ന് പറഞ്ഞ് ഒാടിപ്പോയി.

”എന്നാലും ഇൗടെ വന്നേനെ ശേഷോങ്കിലും മാഷിന് ഞങ്ങളെയൊന്നു വിളിക്കാര്ന്നു..”
കരീം ആദ്യം തന്നെ പരിഭവക്കെട്ടഴിച്ചു.

”അതു സാരോല്ലെടോ. നിങ്ങളൊക്കെ ജോലിത്തിരക്കിലല്ലേ. ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി”

മാഷ് കരീമിൻ്റെ തോളത്ത് തട്ടി. അവനാ കൈകളിൽ പിടിച്ച് ഖേദത്തോടെ പറഞ്ഞു:
”മാഷിനെ വരേം കാണേം ചെയ്യുന്നത് ഞങ്ങക്ക് ബുദ്ധിമുട്ടാണല്ലേ.. മാഷ് തന്നെ ഇത് പറയണം”

മാഷ് അവനെ ദയനീയമായൊന്നു നോക്കി. ആ മനസ്സ് നൊന്തെന്ന് തോന്നിയപ്പോൾ ഇരുന്നിടത്ത് നിന്ന് ഞാനെണീറ്റു കരീമിനെ ചേർത്തുപിടിച്ചു.

”മാഷേ.. കാര്യമെന്തായാലും ശരി, മാഷ് ഞങ്ങടെ കൂടെ ഇപ്പം വരണം..”

ഞാൻ പറഞ്ഞത് ഗൗരവത്തിലെടുക്കാതെ മാഷ് പുഞ്ചിരിച്ചു. എന്നിട്ട് ആ വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു:
”സുധീഷിൻ്റെ കുടുംബം ഇവിടില്ലേ?”

”ഇല്ല മാഷേ.. ഒാള് കാരീങ്ങാ, നാട്ടീ പോയി. രണ്ടാമത്തേതാ..”

കരീമിനോടെന്തോ ചോദിക്കാൻ തുനിഞ്ഞപ്പോഴേയ്ക്കും മാഷിൻ്റെ ഫോൺ ബെല്ലടിച്ചു. ഇത്തിരി മടിച്ചാണെങ്കിലും മാഷ് ഫോൺ കാതിനടുപ്പിച്ചു:
”ങാ, മോളേ.. അച്ഛൻ എത്തിയതല്ലേ ഉള്ളല്ലോ മോളേ. ശ്രമിക്കുന്നുണ്ട്. ങാ, ഒാക്കെ മോളേ. വൈകാതെ എല്ലാം ശരിയാകുംന്ന് വിചാരിക്ക്ന്ന്. മോളൊന്ന് സമാധാനപ്പെട്ടിരിക്ക്..”

ഞങ്ങൾ കേൾക്കാതിരിക്കാനായിരിക്കണം, പതുക്കെയായിരുന്നു സംസാരം. ഫോൺ കട്ട് ചെയ്ത ശേഷം മാഷ് അൽപനേരം മൗനമായി നിന്നു. നമുക്കിറങ്ങാം എന്ന് പറഞ്ഞ് കരീം മാഷിൻ്റെ പെട്ടിയെടുക്കാനെന്ന വണ്ണം കട്ടിലിനടിയിലേയ്ക്ക് തല നൂഴ്ത്തി. മാഷ് ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി.

”മാഷെ.. മാഷ് ഇൗ ക്യാംപിൽ കഴിയുന്നത് ഞങ്ങക്ക് പ്രയാസാണ്. അറിയുമ്പം എല്ലാർക്കും വെഷമാകും. അതിൻ്റെ കൊറവ് ഞങ്ങക്കൊക്കെയാ. മാഷിന് ഞങ്ങളുടെ ഫ്ലാറ്റിൽ നല്ല സൗകര്യോണ്ട്. അങ്ങോട്ട് പൂവാം..”

മാഷ് കട്ടിലിൽ വീണ്ടും ചാഞ്ഞിരുന്നുകൊണ്ട് ചോദിച്ചു:
”എടോ.. ഇവിടെന്താടോ കുഴപ്പം..? എനിക്കിവിടെ സുഖാടോ..”

‘മാഷ് കൂടുതലൊന്നും പറയേണ്ടെ’ന്ന് ആജ്ഞ പോലെ ഞാൻ പറഞ്ഞപ്പോൾ കരീം ആവേശത്തോടെ കട്ടിലിനടിയിൽ നിന്ന് ബാഗ് പുറത്തെടുത്തു. അപ്പോൾ മാഷ് എണീറ്റുനിന്നുകൊണ്ട് പറഞ്ഞു:
”എടോ.. എന്തൊക്കെയാടോ നിങ്ങളീ പറേന്നേ? നിങ്ങൾ തന്നെ ഇത് പറയണം. എടോ, ഇൗ സ്നേഹോള്ള തൊഴിലാളികളുടെ ഇടേന്ന് ഞാനെങ്ങോട്ടും വരില്ലെടോ..”

ഞങ്ങൾ വീണ്ടും അപേക്ഷിച്ചു. മാഷിൻ്റെ മുഖത്ത് ഇൗ ലോകത്തെ മുഴുവൻ ദയനീയതയും നിറഞ്ഞുനിന്നു.

”എടോ.. എനിക്കിവിടെ ഒരു കുറവൂംല്ലെടോ. ഇൗ പാവങ്ങള് എന്നെ അത്രമാത്രം കെയർ ചെയ്യ്ന്ന്. ഭക്ഷണം പോലും ഒാറ്ണ്ടാക്കിത്തരുന്ന്. കഴിഞ്ഞീസം എത്ര വേണ്ടാന്ന് പറഞ്ഞിട്ടും തുണി പോലും അലക്കിത്തന്നെടോ..”
നിറ കണ്ണുകളോടെ മാഷ് ചിരിച്ചു. അദ്ദേഹം വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഒന്നൂടെ ആലോചിക്കാൻ പറഞ്ഞ്, ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

രാത്രി നഗരപ്രാന്തത്തിലെ ചെറിയ റസ്റ്ററൻ്റി ലിരുന്ന് ചപ്പാത്തിയും സബ്ജിയും കഴിക്കുമ്പോൾ മാഷിൻ്റെ ആഗമനോദ്ദേശ്യം ഞാൻ കരീമിനോട് വെളിപ്പെടുത്തി. അതുകേട്ട് നിറകണ്ണുകളോടെ അവൻ എന്തൊക്കെയോ ആലോചിച്ചു. പിന്നെ പറഞ്ഞു:
”ഇതിപ്പോ അറബിക്കതേലെ ക്യൂബാ മുകുന്ദനെ പോലെയായിപ്പോയല്ലോ..”

പെട്ടെന്ന് എന്തോ ഒാർത്തിട്ട് അവൻ തുടർന്നു:
”നമുക്ക് നമ്മളെ സംഘടനാ ഫണ്ടീന്ന് എടുത്ത് മാഷിന് കൊടുത്താലോ?”
അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ഒരു ദിർഹത്തിന് പോലും കണക്കു ചോദിക്കുന്ന ടീമുകളാ കൂടെയുള്ളത്. അതിനിടയ്ക്ക്! എന്നിൽ നിന്ന് അനുകൂല മറുപടി ലഭിക്കാത്തപ്പോൾ കരീമിൻ്റെ മുഖത്ത് മ്ലാനത പടർന്നു. ‘അപ്പോ ഇനീപ്പോ എന്താ ചെയ്യാ.. ? എന്താണ് ഒരു പോംവഴി’ എന്നവൻ പിറുപിറുത്തു. പിന്നെ, ‘നമ്മളെല്ലാം ഒന്നിച്ച് നിന്നാ പരിയരിക്കാന്ന പ്രസ്നോല്ലെടോ ഇത്..’ എന്ന് റസ്റ്ററൻ്റ് ഉടമ ഹംസക്കയുടെ വാക്കുകൾ കേട്ടപ്പോഴാണ് അവന് ഇത്തിരിയെങ്കിലും സമാധാനമായത്.

”മുന്നും പിന്നും നോക്കാതെ എത്ര പേരെ സഹായിച്ച മനുഷ്യനാ മാഷ്…”

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങിയപ്പോൾ, ദീർഘനിശ്വാസം പൊഴിച്ചുകൊണ്ട് ഹംസക്ക വീണ്ടും തന്‍റെ ജോലിയിൽ മുഴുകി.

വലിയ സൗകര്യമില്ലാത്ത ചെറിയൊരു മുറിയായിരുന്നു ഞങ്ങളുടെ സംഘടനാ ഒാഫീസ്.
കുറേ കസേരകൾ, ചെറിയൊരു സ്റ്റേജിൽ മേശ. പിന്നിലെ ചുമരിൽ ഗാന്ധിജിയുടെ ചിത്രവുമുണ്ട്.

അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ഞാൻ മാഷിൻ്റെ കാര്യം പതുക്കെ അവതരിപ്പിച്ചു. മാഷ് വന്ന കാര്യം ആരെങ്കിലും അറിഞ്ഞോ എന്ന് ചോദിച്ചെങ്കിലും ആരും മറുപടി പറഞ്ഞില്ല.

ചിലരുടെ മുഖത്ത് അത്ഭുത ഭാവം. മറ്റു ചിലർക്കത് വലിയ കാര്യമേയല്ല. ഞാനും കരീമും ഇന്നലെ പോയി മാഷെ കണ്ടു. ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്ക് നിർബന്ധിച്ച് വിളിച്ചെങ്കിലും മാഷ് വരാൻ കൂട്ടാക്കിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ കൂട്ടത്തില്‍ നിന്നൊരു ചോദ്യമുയർന്നു:
”എന്തിനാ മാഷ് വന്നേ? ഷോപ്പിങ് ഫെസ്റ്റ് കാണാനാ?”

അ‌‌‌ടുത്തിടെ സംഘടനയിൽ അംഗമായ പ്രവീണായിരുന്നു അത്. കരീം അവനെയൊന്ന് രൂക്ഷമായൊന്ന് നോക്കി. വെകിളിത്തരം പറയുന്നവരോട് മുന്നുപിന്നും നോക്കാതെ പൊട്ടിത്തെറിക്കാറാണ് കരീമിൻ്റെ പതിവ്. അടുത്ത നിമിഷം അതുണ്ടാകേണ്ട എന്നു കരുതി ഞാൻ പെട്ടെന്ന് പറഞ്ഞു:
”മാഷ് എന്തോ വ്യക്തിപരമായ കാര്യത്തിനാണ് എത്തിയിട്ടുള്ളത്. പക്ഷേ, അതൊന്നും ‌അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. ഞങ്ങൾ നാട്ടിൽ വിളിച്ചപ്പോ കിട്ടിയ ചില വിവരങ്ങളാണ്. നിങ്ങളിത് പുറത്താരോടും ഡിസ്കസ് ചെയ്യരുത്..”
എല്ലാവരും ഇല്ലെന്ന് തലയാട്ടി. എല്ലാവർക്കും സമ്മതം. ഞങ്ങൾ മീറ്റിങ് പിരിഞ്ഞു, അടുത്ത വെള്ളിയാഴ്ച കാണാമെന്ന തീരുമാനത്തോടെ.

ലേബർ ക്യാംപിൽ അന്ന് വെള്ളിയാഴ്ചയുടെ ഉത്സവമായിരുന്നു. കഠിന വെയിലുകളിൽ മേഞ്ഞ് തണൽമരച്ചുവടുകളിലെത്തിയ സന്തോഷം ലഹരിയായും പാട്ടായും ടെലിവിഷന് മുൻപിലെ കുത്തിയിരിപ്പായും ടിക് ടോക് തമാശയായും ചിരിയായും പരിണമിക്കുന്ന ദിവസം. അവരെല്ലാം ആശ്വാസത്തിൻ്റെ പുഴകളിൽ മുങ്ങിക്കുളിക്കുന്നത് കണ്ടുകൊണ്ടിരുന്നപ്പോൾ, മാഷിന് പെട്ടെന്ന് ഫോൺ വന്നു. എന്തായി അച്ഛാ എന്ന മകളുടെ ചോദ്യത്തിന് മുന്‍പിൽ എന്തു മറുപടി നൽകണമെന്നറിയാതെ അദ്ദേഹം പതറിയപ്പോൾ മകൾ ഒച്ച ഇത്തിരി കനപ്പിച്ചു:
”എനിക്കറിയാം അച്ഛാ.. അച്ഛനൊന്നും ചെയ്തുകാണില്ല. അറിയാല്ലോ അനിലേട്ടൻ്റെ കാര്യം. വൈകിയാ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യോല്ല..”

മാഷ് മനസ്സെന്ന മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയി. വാക്കുകളുടെ കഠിനവേയിലേറ്റ് നീറവെ, മകൾ തുടർന്നു:
”ഇനി ആകെ ഒരാഴ്ചയേയുള്ളൂ. അതിനുള്ളില് കാര്യം ശരിയായില്ലെങ്കിൽ…”

അദ്ദേഹം ഒന്നും മിണ്ടിയില്ല. മകൾ ഫോൺ കട്ട് ചെയ്ത ശേഷവും മാഷ് മൊബൈൽ പിടിച്ച് കുറേ നേരം നിന്നു. അദ്ദേഹത്തിൻ്റെ ചിന്തകളിലൂടെ കുറേ വെട്ടുകിളികൾ ചിറകടിച്ചു.
ലേബർ ക്യാംപിന് പുറത്ത് നല്ല പൊടിക്കാറ്റിനിടയിലൂടെ മാഷ് എങ്ങോട്ടെന്നില്ലാതെ നടന്നു. ദേഹത്തെ പൊടിപടലങ്ങൾ മൂടുന്നതൊന്നും അദ്ദേഹം അറിഞ്ഞില്ല. കുറേ നേരം നടന്ന ശേഷം അദ്ദേഹം എന്തോ ആലോചിച്ചുറച്ച പോലെ തിരികെ നടന്നു മൊബൈലിൽ സുധീഷിൻ്റെ നമ്പരിൽ വിരലമർത്തി. പിറ്റേന്ന് ഞാനും കരീമും ലേബർ ക്യാംപിലെത്തി. വൈകിട്ടോടെ തിരിച്ചുകൊണ്ടുവിടണം എന്ന ഉറപ്പ് ഞങ്ങളിൽ നിന്ന് വാങ്ങിയ ശേഷം മാഷ് കൂടെ പുറപ്പെട്ടു. എൻ്റെ ഫ്ലാറ്റിൽ നല്ല സൗകര്യത്തിൽ കഴിയാമെന്ന് ഞാൻ ഒന്നുകൂടെ അദ്ദേഹത്തെ നിർബന്ധിച്ചു. ഇനി ഇത്തരം വാശി വേണ്ട എന്ന് ഉദ്ദേശിച്ചായിരിക്കണം, മാഷ് പറഞ്ഞു:
”എടോ.. ഇൗ തൊഴിലാളികളുടെ കഴിയുന്നതിൻ്റെ സുഖം എനിക്ക് മറ്റെവിടേം കിട്ടില്ലെടോ. നിങ്ങക്കത് അറിയാവുന്നതല്ലേ. സാധാരണക്കാരുടെ എടേന്ന് മാറി നിന്നതാടോ നമ്മുടെ പാർട്ടീടെ തകർച്ചയ്ക്ക് കാരണം..”

അത്ര നേരത്തേക്കെങ്കിലും മാഷിനെ കൂടെ കിട്ടിമല്ലോ സന്തോഷമായിരുന്നു മനസ്സിൽ. അതുകൊണ്ട് കൂടുതൽ നിർബന്ധിക്കാതെയിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി.
”തൻ്റെ വീടു പണി എവിടെ വരെയെത്തിയെടോ..?”
കാറിൽ ഇരുന്ന് മാഷ് കരീമിനോട് ചോദിച്ചു. അത് മാഷിനെങ്ങനെ അറിയാം എന്ന അത്ഭുതത്തോടെ അവൻ അദ്ദേഹത്തെ നോക്കി. തലേന്ന് രാത്രി ഞാനും മാഷും ഫോണിലൂടെ കുറേനേരം സംസാരിച്ച കാര്യം അവനോട് പറഞ്ഞിരുന്നില്ല.
”അതു പാതീലായി മാഷേ.. പണിക്ക് ആളെ കിട്ടുന്നില്ലെന്നാ പറേന്നേ..”
കരീമിൻ്റെ മറുപടി കേട്ടപ്പോൾ മാഷൊന്ന് ചിരിച്ചു. പിന്നെ പറഞ്ഞു:
”അതിന് നന്നായി മേസ്തിരിപ്പണിയറിയാവുന്ന
ആളുകളൊക്കെ ഇവിടല്ലേ. നാട്ടിൽ ചെയ്യാൻ മടിയുള്ള പണി ഇവിടെ അമ്പത് ഡിഗ്രി ചൂടും സഹിച്ച് ചെയ്യും…”

കരീം ജാള്യതയോടെ ഒന്നു ചിരിച്ചു. പിന്നെ എന്നെ നോക്കി. എനിക്കു ചിരിപൊട്ടി.
നഗരത്തിലെ മാളിലെ വിശാലമായ ഫൂഡ് കോർട്ടിൽ ഇരുന്ന് സുലൈമാനി കഴിക്കുന്നതിനിടെ കരീം ഇത്തിരി പരുങ്ങലോടെ കാര്യം അവതരിപ്പിച്ചു:
”മാഷ് എതിർപ്പൊന്നും പറേരുത്. മാഷിൻ്റെ ചങ്ക് ദോസ്തല്ലേ അരവിന്ദൻ മുതലാളി.. നമുക്ക് അദ്ദേഹത്തെ ഒന്നു കണ്ടാലോ?”

മാഷിൻ്റെ ഹൃദയം പെട്ടെന്ന് വറ്റിവരണ്ടു. അദ്ദേഹം ഞങ്ങളെയൊന്നു ദയനീയമായി നോക്കി. എന്നെയിങ്ങനെ പരീക്ഷിക്കണോ എന്ന് ചോദിക്കുന്നത് പോലെ. പിന്നെ സുലൈമാനി ഒറ്റയടിക്ക് വലിച്ചുകുടിച്ചു. കരീം തുടർന്നു:
”മാഷിനറിയാല്ലോ അരവിന്ദൻ മുതലാളീടെ പ്രവാസലോകത്തെ നെലയും വെലയും. മാഷിൻ്റെ പ്രശ്നം ഒരൊറ്റ നേരം കൊണ്ട് അരവിന്ദൻ മുതലാളിക്ക് തീർക്കാൻ കഴിയും..”
കരീം എന്നെ നോക്കി. ഞാനവനെ പിന്താങ്ങി:

” മാഷ് വന്ന കാര്യം അദ്ദേഹത്തിന് അറിയാമോന്ന് ഞങ്ങക്കറീല്ല. മാഷ് എതിർക്കില്ലെങ്കി ഞങ്ങൾ അക്കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ ശ്രമിക്കാം..”
മാഷ് ഒന്നും പ്രതികരിക്കാതെ മാളിൻ്റെ ജനാലച്ചില്ലുകളെ തഴുകി നിൽക്കുന്ന ഇൗത്തപ്പനയിലേയ്ക്ക് നോക്കിയിരിക്കെ ഞാൻ തുടർന്നു:
”മാഷിൻ്റെ ബാല്യകാല സുഹൃത്തും സ്കൂളിലും കോളജിലും സഹപാഠിയുമല്ലേ അദ്ദേഹം. നിങ്ങൾ ക്യാംപസിൽ നടത്തിയ രാഷ്ട്രീയ പ്രവർത്തനങ്ങളൊക്കെ പിന്നീട് അവിടെ പഠിക്കാൻ ചെന്നപ്പോ ആ ചുവരുകൾ പോലും ഞങ്ങക്ക് പറഞ്ഞുതന്നു. അദ്ദേഹം പക്ഷേ, തന്ത്രപൂർവം നീങ്ങി. ഇപ്പോ ബഡാ മുതലാളി..”

മാഷിൻ്റെ ചിന്തകളിലൂടെ പഴയ ദിനങ്ങൾ കടന്നുപോയിരിക്കണം. ഒരിക്കലും മയാത്ത അഗ്നിസ്ഫുടമാർന്ന ക്യാംപസ് നാളുകൾ. കോളജ് ചുമരുകളെ പോലും കോരിത്തരിപ്പിച്ച സമരങ്ങൾ, മുദ്രാവാക്യങ്ങൾ… ആ ഒാർമകൾ വീർപ്പുമുട്ടിച്ചപ്പോൾ അദ്ദേഹം പതുക്കെ എണീറ്റ് ചെന്ന് കൈവരിയിൽ പിടിച്ച് തിരക്കിലേയ്ക്ക് കണ്ണുകൾ നട്ടു. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ആഫ്രിക്കൻ വംശജർ തറ തുടക്കുന്നു. ഏതോ മനോരാജ്യത്ത് വ്യാപരിക്കുന്ന അവർ തങ്ങളുടെ ജോലി യാന്ത്രികമായാണ് ചെയ്യുന്നത്. ലോകത്ത് എല്ലായിടത്തും തൊഴിലാളി വർഗത്തിന് നിസഹായതയുടെ മുഖമാണെന്ന് മാഷിന് തോന്നി.

”മാഷെന്താ ഒന്നും പറയാത്തേ..? നമുക്ക് ആ വഴിക്ക് ഒരു ശ്രമം നടത്തിക്കൂടെ?”
കാറിൻ്റെ പിൻസീറ്റിലിരിക്കുന്ന മാഷിനെ തലതിരിച്ചു നോക്കി ഞാൻ ചോദിച്ചു.
”എടോ.. നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ. അരവിന്ദൻ എൻ്റെ ഏറ്റവും അടുത്ത ചങ്ങാതീം അയൽക്കാരനും സ്കൂള് മുതല് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചയാളുമൊക്കെ തന്നെ.. പക്ഷേ, ഒാനിപ്പോ എന്നെ ഒാർമ പോലും കാണില്ലെടോ. ഇനി അതല്ല ഒാർമ കാണേം എന്നെ സഹായിക്കണോന്ന് തോന്നുകേം ചെയ്താലും ഞാനത് സമ്മതിക്കൂല്ല. അത് നിങ്ങക്കും അറിയാല്ലോ. അതോണ്ട് ഇൗ ടോപിക് നമുക്ക് ഇവിടെ വച്ച് നിർത്താം.”

പിന്നെ ഞങ്ങളാരും ഒന്നും മിണ്ടിയില്ല. അതുകണ്ട് മാഷ് തുടർന്നു:
”എടോ.. ഞാൻ ആദർശ രാഷ്ട്രീയം കളിച്ച് ജീവിതത്തിൽ വട്ടപ്പൂജ്യമായീന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നേ. എടോ, ഇത്രയും കാലം എന്നെ സഹായിക്കാൻ വേണ്ടി ഞാനാരേം സമീപിച്ചിട്ടില്ല. ഇനിയൊട്ടുമുണ്ടാവുകയുമില്ല.”

പിറ്റേന്ന് പുലർച്ചെ അഞ്ച് മണിയായിക്കാണും, ഫോൺ ബെല്ലടിക്കുന്നത് കേട്ട് മാഷ് ഞെട്ടിയുണർന്നു.

”അച്ഛാ, ഇനി നാലഞ്ച് ദിവസേ ഉള്ളൂ.. അറിയാല്ലോ. എന്തെങ്കിലും സംഭവിച്ചാ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലച്ഛാ..”
സമയവും കാലവുമൊന്നും നോക്കാതെ മകള്‍ വാക്കുകൾ തൊടുത്തുവിടുന്നു.
മറുപടിയായി മോളേ എന്നൊരു വിളി മാഷിൻ്റെ തൊണ്ടയിൽ കുരുങ്ങി.
”അച്ഛൻ ആദർശോം പറഞ്ഞ് അവിടെ നിൽക്കുകയായിരിക്കുംന്ന് എനിക്കറിയാം.. എന്നാ അങ്ങനെ തന്നെ നിന്നോ. ഇങ്ങോട്ട് വരുമ്പം ഇൗ മോളേം കൊച്ചു മക്കളേം ജീവനോടെ കണ്ടെന്ന് വരില്ല..”

ചൂടുകാറ്റായി വാക്കുകൾ ദേഹത്തെ പൊള്ളിച്ചു. അത് കാര്യമാക്കാതെ എന്തോ പറയാൻ തുനിയുമ്പോഴേയ്ക്കും അവൾ തുടർന്നു:
”അച്ഛന് എന്തെങ്കിലും ചെയ്യാൻ പറ്റ്വെങ്കി പെട്ടെന്ന് ചെയ്യ്. തിങ്കളാഴ്ചയ്ക്കകം അച്ഛൻ കാര്യം തീരുമാനിച്ചേ പറ്റൂ. ഇല്ലെങ്കിൽ..”
പൊട്ടിക്കരച്ചിലിനൊപ്പം ഫോൺ കട്ടായി. പിറ്റേന്ന് ജോലി ആവശ്യാർഥം കമ്പനി വണ്ടിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു മാഷിൻ്റെ ഫോൺ കോൾ വന്നത്. എന്തിനായിരിക്കും മാഷ് അത്യാവശ്യം കാണാൻ പറഞ്ഞത്?. കമ്പനി വെയർഹൗസിൽ ചെല്ലുമ്പോഴും അവിടുത്തെ ജോലിക്കാരോട് സംസാരിക്കുമ്പോഴുമെല്ലാം മനസ്സ് മാഷിനെക്കുറിച്ച് തന്നെ ഒാർത്തുകൊണ്ടിരുന്നു. വൈകിട്ട് കരീമിനോടൊപ്പം ലേബർ ക്യാംപിലെത്തിയപ്പോൾ മാഷ് ഗേറ്റിന് വെളിയിൽ മതിലിനോട് ചാരി നിന്ന് സിഗററ്റ് പുകയ്ക്കുകയായിരുന്നു. കൈയിൽ ചെറിയൊരു ബാഗുമുണ്ട്. കരീം സന്തോഷത്തോടെ കാറിൽ നിന്ന് ചാടിയിറങ്ങി മാഷിൻ്റെ ബാഗെടുത്തു. ഫ്ലാറ്റിലെത്തും വരെ ഞങ്ങളാരും ഒന്നും മിണ്ടിയില്ല. പിറ്റേന്ന് രാവിലെയാകാൻ ഞങ്ങൾ കാത്തിരുന്നു.
നഗരത്തിലെ ബഹുനിലകെട്ടിടത്തിൻ്റെ പതിനെട്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന അരവിന്ദൻ മുതലാളിയുടെ ഒാഫീസായിരുന്നു ലക്ഷ്യം. റിസപ്ഷനിലിരിക്കുന്ന ഫിലിപ്പീനി യുവതിയോട് കാര്യം പറഞ്ഞു. അരികിലെ വിലപിടിപ്പുള്ള സോഫ കാട്ടി ആതിഥ്യ മര്യാദയോടെ അവൾ ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നിരുന്നു. മാഷിൻ്റെ തല എന്തൊക്കെയോ ഭാരം കൊണ്ട് കുനിഞ്ഞിരുന്നു.
സമയം ഏറെ കടന്നുപോയെങ്കിലും അരവിന്ദൻ മുതലാളി ഉടൻ വിളിക്കും എന്ന പ്രതീക്ഷ അസ്ഥാനത്തായി. ചിലരൊക്കെ ഒാഫീസിൽ കയറിവരുന്നു. ഫിലിപ്പീനി യുവതിയോട് കാര്യം പറഞ്ഞു അകത്തേയ്ക്ക് പോകുന്നു. വേഗം തിരിച്ചിറങ്ങുന്നു. ആരും ആരെയും ഗൗനിക്കുന്നില്ല. ചുമരിലെ വലിയ ക്ലോക്കിൽ മാഷ് ഇടയ്ക്കിടെ സമയം നോക്കി. വൈകിട്ട് ഏഴ് മണിയാകാറായി. വെള്ള കുപ്പായത്തിന് മീതെ കടുംനീല ടൈ കെട്ടിയ, മാനേജരെന്ന് തോന്നിക്കുന്ന ഒരാൾ കടന്നുവന്നു ക്ഷമാപണം പോലെ പറഞ്ഞു:
”റിയലി സോറി. ബോസ് ഭയങ്കര തിരക്കിലാണ്. നിങ്ങളോട് മറ്റൊരു ദിവസം വരാൻ പറഞ്ഞു..”
പരസ്പരം നോക്കിയ ശേഷം ഞങ്ങൾ നിരാശയോടെ എണീറ്റു. കരീമിൻ്റെ നാക്കു ചൊറിഞ്ഞുകയറിയെങ്കിലും അവൻ നിയന്ത്രിച്ചു.
മടക്കയാത്രയിൽ കാറിലിരുന്ന് ഒന്നും സംഭവിക്കാത്തതുപോലെ മാഷ് പുറം കാഴ്ചകളിലേയ്ക്ക് നോക്കി. ആ നിശബ്ദതയ്ക്ക് വല്ലാത്ത വേദനയാണെന്ന് ഞങ്ങൾക്ക് തോന്നി. ഒട്ടും പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് വന്നപ്പോൾ കരീം നിശ്ബദയ്ക്ക് മേൽ പല്ലുഞെരിച്ചു:
”എന്നാലും അരവിന്ദൻ മുതലാളി..”

അവൻ പിൻസീറ്റിലിരിക്കുകയായിരുന്ന മാഷെ സെൻട്രൽ മിററിലൂടെ ഒന്നു നോക്കി:
”ഇത് മനപ്പൂർവം തന്ന്യാ മാഷേ. എൻ്റെ മനസ്സ് അങ്ങനെ പറേന്ന്..”
മരുഭൂമിയിൽ നിന്ന് പുറത്തിറങ്ങാൻ കൊതിച്ച് കമ്പി വേലിക്കരികെ നിൽക്കുന്ന ഒട്ടകക്കൂട്ടങ്ങളെ നോക്കിയിരുന്നതല്ലാതെ മാഷ് ഒരക്ഷരം ഉരിയാടിയില്ല. ലേബർ ക്യാംപിന് മുൻപിൽ കാർ നിന്ന് പുറത്തിറങ്ങിയപ്പോൾ മാഷ് ആദ്യമായി സംസാരിച്ചു:
”അങ്ങനൊന്നും അല്ലെടോ. ഞാനങ്ങനെ കരുതുന്നില്ല. അരവിന്ദന്‍ എന്നെ അങ്ങനെ ഒഴിവാക്കില്ലെടോ.. ”

യാത്ര പറഞ്ഞ ശേഷം ബാഗെടുത്ത് മണൽക്കാട്ടിലെ ഒറ്റപ്പെട്ട ഗാഫ് മരം പോലെ മാഷ് പതുക്കെ നടന്നുനീങ്ങി. ഞങ്ങൾക്ക് ആ പോക്ക് കണ്ടുനിൽക്കാനായില്ല. കരീം വേഗത്തിൽ കാറോടിച്ചു. പെട്ടെന്ന് കുറുകെ കടന്ന ഒരു തൊഴിലാളിയെ ഗ്ലാസ്സ് താഴ്ത്താതെ ചീത്ത പറഞ്ഞു.

ഹംസക്കയുടെ റസ്റ്ററൻ്റിലിരിക്കുമ്പോഴും ഞങ്ങൾ ഒന്നും സംസാരിച്ചില്ല. സുലൈമാനിയും പരിപ്പുവടയും കൊണ്ടുവയ്ക്കുമ്പോൾ ഹംസക്ക ‘എനിയെന്താടോ ഒരു ബയി?’ എന്ന് ചോദിച്ചു.

കരീം അന്നത്തെ പത്രമെടുത്തു നിവർത്തി, രണ്ടാം പേജിലെ പ്രാദേശിക വാർത്തകളിലേയ്ക്ക് കണ്ണുനട്ടു.

പിറ്റേന്ന് വൈകിട്ട് അവധിദിനത്തിൽ പതിവായ ട്രാഫിക്കിൽ പെട്ടതിനാൽ ഇത്തിരി വൈകിയായിരുന്നു ഷാർജ ഇന്ത്യൻ അസോസിയേഷനില്‍ എത്തിയത്. അപ്പോഴേയ്ക്കും പ്രധാന ഹാളിലെ സാംസ്കാരിക പരിപാടി തീരാറായിരുന്നു. അതു കഴിഞ്ഞാണ് നാട്ടില്‍ നിന്നെത്തിയ സിനിമാ നടിയടക്കം പങ്കെടുക്കുന്ന കലാപരിപാടി തുടങ്ങുക. കരീം തൊട്ടടത്തെ ഒരു ഗ്രോസറിക്ക് മുൻപിൽ കാർ പാർക്ക് ചെയ്തു. അവന് ആകെ പരിഭ്രാന്തി. തനിക്കെതിരെ നടന്നു വന്ന ബാഡ്ജ് ധരിച്ച പരിചയക്കാരനായ ഭാരവാഹിയോട് ചോദിച്ച് അരവിന്ദൻ മുതലാളി തിരിച്ചുപോയിട്ടില്ലെന്ന് കരീം ഉറപ്പുവരുത്തി. ധൃതിയിൽ നടക്കുമ്പോൾ ആ യുവാവ് ചിരിച്ചുകൊണ്ട് ‘നിങ്ങ സഖാക്കന്മാർക്കിപ്പോ മുതലാളിമാരെ മാത്രേ കാണേണ്ടതുള്ളൂ, ല്ലേ..’ എന്ന കളിയാക്കൽ അവൻ കേട്ടില്ലെന്ന് നടിച്ചു.
ഹാളിനകത്ത് നല്ല തിരക്കുണ്ടായിരുന്നു. സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. ഞങ്ങൾ ഏറ്റവും പിന്നിൽ പോയി നിന്നു. സമൂഹ വിവാഹം എന്ന് വലുതായി എഴുതിയ ബാനറിന് മുന്നിലെ പോഡിയത്തിൽ കൈകളൂന്നി അരവിന്ദൻ മുതലാളി പ്രസംഗിക്കുന്നു. ചിത്രപ്പണി ചെയ്ത തിളങ്ങുന്ന ജൂബ ധരിച്ച അദ്ദേഹത്തിൻ്റെ വട്ടമുഖത്തിന് സ്വർണംപൂശിയ കാലുകളുള്ള കണ്ണട നന്നായി ചേരുന്നു. ഡൈ ചെയ്ത് കറുപ്പിച്ച കട്ടി മീശയും കഷണ്ടിയെ മറയ്ക്കാൻ ശ്രമിക്കുന്ന തലമുടിയും പ്രായത്തെ തോൽപിക്കുന്നതിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. അദ്ദേഹം തൻ്റെ പ്രസംഗത്തിൻ്റെ അവസാനഘട്ടത്തിലേയ്ക്ക് കടന്നിരുന്നു. സമൂഹ വിവാഹത്തിൻ്റെ മേന്മകളും അതിന് നേതൃത്വം നൽകുന്ന ഷാർജ പ്രവാസി മലയാളി സംഘടനയ്ക്കും പിന്തുണയും ആശംസകളും നേർന്ന അദ്ദേഹം, ഇരുപത്തഞ്ച് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചപ്പോൾ ഹാൾ നിർത്താതെ കരഘോഷം മുഴക്കി. കൈയടി മതിയെന്ന് ആംഗ്യം കാണിച്ച ശേഷം അദ്ദേഹം തനിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നും യാത്ര പറയുകയാണെന്നും പറഞ്ഞ് പ്രസംഗത്തിന് പരിസമാപ്തി കുറിച്ചു. സംഘടനാ പ്രസിഡൻ്റിനടക്കം എല്ലാവർക്കും കൈ വീശി കാണിച്ച് വേദിയുടെ കൊച്ചു നടകളിറങ്ങി ധൃതിയിൽ നടന്നപ്പോൾ, അദ്ദേഹത്തിനായി ആ‍ഡംബര കാറിൻ്റെ വാതിൽ തുറന്നുവച്ചിരുന്നു.

മാഷിൻ്റെ കൈ പിടിച്ചു ‍ഞങ്ങൾ വേഗം നടക്കാൻ ശ്രമിച്ചെങ്കിലും ആൾത്തിരക്കിൽപ്പെട്ട് ഒരടി മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഹാളിന് വെളിയിലെത്തിയപ്പോഴേയ്ക്കും മുതലാളി പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ യാത്രയാക്കി വരുന്ന അസോസിയേഷൻ ഭാരവാഹികളുടെ മുൻപിൽപ്പെടാതിരിക്കാൻ ഇത്തിരി മാറി വെളിച്ചം ഒഴാവാക്കിയ സ്ഥലത്ത് നിന്ന ശേഷം, അവർ പോയിക്കഴിഞ്ഞ് പതുക്കെ നടന്നുനീങ്ങി.

പിറ്റേന്ന് വൈകിട്ട് ക്യാംപിന് പുറത്ത് ആലോചനാമഗ്നനായി പുകവലിച്ചുനിൽക്കുകയായിരുന്ന മാഷോട് അവിടേയ്ക്ക് വന്ന രണ്ട് തൊഴിലാളികൾ, കവിയരങ്ങ് അങ്ങ് തുടങ്ങിയാലോ മാഷേ എന്ന് ചോദിച്ചെങ്കിലും, ‘ഇന്നൊരു മൂഡില്ലെടോ’ എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ഇൗ മാഷിന് ഇതെന്താ പറ്റിയതെന്ന് മുറുമുറുത്തുകൊണ്ട്, ഇത്തിരിനിശയോടെ ഇരുവരും നടന്നകന്നു. മാഷിൻ്റെ മനസിനെ അസ്വസ്ഥതകൾ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതിന് ആക്കം കൂട്ടാനെന്നവണ്ണം ഫോൺ ശബ്ദിച്ചു.
‘ഹലോ അച്ഛാ..’ എന്ന വിളി കേട്ടപ്പോൾ, മറുത്തൊന്നും പറയാതെ അദ്ദേഹം കണ്ണ് ഇറുകെ പൂട്ടിനിന്നു. പ്രതികരണമില്ലെന്ന് കണ്ടപ്പോൾ മകൾ അച്ഛനെ വീണ്ടും വീണ്ടും വിളിച്ചു. ഒടുവിൽ മാഷ് യാന്ത്രികമായി പറഞ്ഞു:
”നാളെ എന്തെങ്കിലും ഒരു തീരുമാനമാകും മോളേ..”
പക്ഷേ, മകളുടെ പ്രതികരണത്തിന് അതുവരെയില്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു:
”ഇങ്ങനെ അവിടെ വെറുതെയിരിക്കുന്നതിനേക്കാളും എന്തേലും ജോലി ചെയ്തിരുന്നേൽ കുറച്ച് പൈസ കിട്ടിയേനല്ലോ അച്ഛാ..”
ഇൗ ലോകം മുഴുവൻ തന്നെ സഹതാപത്തോടെ തുറിച്ചുനോക്കുന്നതുപോലെ അദ്ദേഹത്തിന് തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ആരും കാണാതിരിക്കാൻ ഒരു കൈ കൊണ്ട് പെട്ടെന്ന് തുടച്ചു.
”ഉണ്ടായിരുന്ന മാഷിൻ്റെ ജോലി വിട്ട് അച്ഛൻ ഫുൾടൈം രാഷ്ട്രീയത്തിലിറങ്ങിയപ്പോ ഞങ്ങളെല്ലാം വിചാരിച്ചു, ഒരു എംഎൽഎ.. എന്തിന് പഞ്ചായത്ത് മെംബറെങ്കിലുമാകൂംന്ന്. എന്നിട്ടിപ്പോ..”
മാഷ് മകളുടെ വാക്കുകളൊന്നും കേൾക്കുന്നില്ലായിരുന്നു. ആ കാതുകൾ ബധിരമാകുകയും കണ്ണിൽ അന്ധത പടരുകയും ചെയ്തു. ഒരുനിമിഷം, മാഷ് യാഥാർഥ്യത്തിലേയ്ക്ക് തിരിച്ചുവന്നു:
”മോള് വെഷമിക്കാണ്ടിരി. ഇന്ന് ശനിയാഴ്ചയല്ലേ ആയുള്ളൂ. തിങ്കളാഴ്ചയ്ക്കകം എല്ലാം ശരിയാകും. അതിന് അച്ഛനൊരു വഴി കണ്ടിട്ടുണ്ട്..”
‘എങ്കിൽ എല്ലാർക്കും നല്ലതെ’ന്ന് പറഞ്ഞ് മകൾ ഫോൺ കട്ട് ചെയ്തപ്പോൾ കൺമുന്നിൽ ഒരു കറുത്ത തിരശ്ശീല വീണ പോലെ അദ്ദേഹത്തിന് തോന്നി. ശരീരത്തിൽ നിന്ന് ജലാംശം ഒറ്റയടിക്ക് വറ്റിപ്പോയി. ഭൂമി കറങ്ങിത്തിരിഞ്ഞു. കുഴഞ്ഞുവീണ മാഷേ ഒാടിയെത്തിയ സുരേഷ് താങ്ങിപ്പിടിച്ചു കട്ടിലിൽ കിടത്തി.

രാത്രി ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്ന മാഷിന് സുരേഷും അലോഷിയും കൂട്ടിരുന്നു. കൂർക്കം വലിച്ചുറങ്ങുന്ന മുറിയിലെ സഹതാമസക്കാരൻ പാക്കിസ്ഥാനി ഇതൊന്നുമറിഞ്ഞിരുന്നില്ല. ഉറക്കം തന്നെ ഒട്ടും പിന്തുണയ്ക്കുന്നില്ലെന്ന് മനസിലായപ്പോൾ എണീറ്റ് മേശവേൽ വച്ചിരുന്ന കൂജയിൽ നിന്ന് ഇത്തിരി വെള്ളം കുടിച്ചു. പിന്നെ, പതുക്കെ വാതിൽ തുറന്ന് ഒരു സിഗററ്റ് കത്തിച്ച് പുറത്തിറങ്ങി. എന്തോ ഒാർത്തെന്ന പോലെ മൊബൈൽ ഫോണെടുത്ത് നമ്പരുകൾ ഞെക്കി.

പിറ്റേന്ന് രാവിലെ കരീമിൻ്റെ കാർ നഗരത്തിലൂടെ പായുമ്പോൾ മുൻസീറ്റിൽ മാഷ് ചിന്താമഗ്നനായി ഇരുന്നു. അയാളുടെ മനസിന് മുന്നിൽ പോയകാല ചിത്രങ്ങൾ ഒാരോന്നായി മഴയായി പെയ്തിറങ്ങി. തോളിൽ കൈയിട്ട് നടന്നുപോകുന്ന രണ്ട് ഉറ്റ കൂട്ടുകാർ. വള്ളിനിക്കറും ട്രൗസറുമിട്ട നാലാം ക്സാസുകാർ മുരളധീരൻ പി.കെയും അരവിന്ദൻ കെ.ടിയും. അടുത്ത വർഷം യുപി സ്കൂളിലേയ്ക്ക് മാറുന്നതിൻ്റെ ആവേശം അവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു. ഇരുവരും ഒരമ്മ പെറ്റ മക്കളെപ്പോലെ വയൽവരമ്പിലൂടെ സ്കൂളിലേയ്ക്ക് നടന്നു. പത്താം ക്ലാസിൽ ഇരുവർക്കും ഒരേ മാർക്കായിരുന്നു. ഗവ.കോളജിൽ പ്രിഡിഗ്രിക്ക് സയൻസ് ഗ്രൂപ്പ് കിട്ടിയെങ്കിലും അരവിന്ദൻ ഒറ്റപ്പെട്ടുപോകുമല്ലോ എന്ന് വിഷമിച്ച് തേർഡ് ഗ്രൂപ്പിൽ തന്നെ ചേരാൻ വീശിപിടിച്ചതിന് അധ്യാപകനായ അച്ഛനിൽ നിന്ന് വാങ്ങിയ തല്ലിൻ്റെ പാട് ഇപ്പോഴും തുടയിലുണ്ട്. പ്ലാവുകളുടെ തണലിൽ കുളിച്ച് നിൽക്കുന്ന നിറയെ ജനാലകളുള്ള മഞ്ഞക്കൊട്ടാരത്തിലെ പൂച്ചപ്പീഡ‍ീസിയും ബിരുദവും പഠിച്ച നാളുകൾ. പാർട്ടി പ്രവർത്തനം. സുധാകുമാരി എന്ന മലയോരപ്പെൺകൊടിയോട് ഇരുവർക്കും തോന്നിയ ഇഷ്ടം. ആ വിഷയത്തിൽ അന്നവർ ആദ്യമായി പിണങ്ങി. ഒടുവിൽ സുധാകുമാരി തിരഞ്ഞെടുത്തത് മാഷെയും. ജീവിതത്തിൽ ആദ്യമായി ഇരുവരും കുറേനാൾ മിണ്ടാതിരുന്നെങ്കിലും പിന്നീട് അതെല്ലാം മറക്കാൻ ഏറെ കാലം വേണ്ടിവന്നില്ല. ഇടയ്ക്കെന്നാണ് എല്ലാം തകർന്നത്?
അരവിന്ദൻ്റെ ജ്യേഷ്ഠനെ പാർട്ടിക്കാരൻ തന്നെ വഴിയിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. വ്യക്തിവിരോധമായിരുന്നു കാരണമെങ്കിലും ആ കുറ്റം പാര്‍ട്ടിയുടെ തലയിലിട്ട അവൻ്റെ അച്ഛൻ സഖാവ് കുമാരേട്ടൻ പാർട്ടിപ്രവർത്തനം തന്നെ അവസാനിപ്പിച്ചു. പാർട്ടിക്ക് കുമാരനെന്നും അരവിന്ദനെന്നും രണ്ട് ശത്രുക്കൾ കൂടിയുണ്ടായി. പാർട്ടി രഹസ്യങ്ങൾ ചോർത്താനാണ് അരവിന്ദൻ കൂടെ നിൽക്കുന്നതെന്നും അടുപ്പിക്കരുതെന്നുമുള്ള മുകളിൽ നിന്നുള്ള നിർദേശം അനുസരിക്കുകയേ മാഷിനും കൂട്ടർക്കും നിർവാഹമുണ്ടായിരുന്നുള്ളൂ. ചങ്കുപോലെ കൂടെ കൊണ്ടുനടന്ന ചങ്ങാതിയെ മാറ്റി നിർത്തേണ്ടി വന്നതിൻ്റെ വേദന അദ്ദേഹത്തിൻ്റെ ഇടനെഞ്ചിൽ ബാക്കിയായി. വൈകാതെ സഖാവ് കുമാരൻ അരവിന്ദനെയും സുഖമില്ലാത്ത ഭാര്യയെയും തനിച്ചാക്കി യാത്രയായി. പാർട്ടിക്കാർ ബഹിഷ്കരിച്ചതിനാൽ ജീവിതവഴി മുട്ടിയ അരവിന്ദൻ ബിരുദപഠനം പൂർത്തിയാക്കാതെ ബോംബെയിലേയ്ക്ക് ബസ് കയറി.
മാഷ് എന്തോ കാര്യമായ ആലോചനയിലാണെന്ന് കരീമിന് തോന്നി. ആ കണ്ണുകൾ അറിയാതെ നിറയുന്നതു കണ്ടപ്പോൾ മാഷ് കൂടുതൽ വിഷമിക്കുന്നത് കാണാതിരിക്കാൻ, അദ്ദേഹത്തിൻ്റെ ചിന്തകളെ മുറിച്ച് കരീം റേഡിയോയിൽ വിരലമർത്തി. പഴയൊരു ഹിന്ദി ഗാനം ഒഴുകിവന്നപ്പോള്‍ മാഷ് കണ്ണുകൾ ഇറുകെ പൂട്ടി.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ കുതിച്ചുപായുകയായിരുന്നു കാർ. പെട്ടെന്ന് ജിപിഎസ് അടുത്ത എക്സിറ്റിൽ പ്രവേശിക്കണമെന്ന് നിർദേശിച്ചു.
”ഇൗ ഗൂഗിളമ്മായി എത്ര വലിയ സഹായിയാണെന്നറിയ്യോ മാഷേ..”
അദ്ദേഹം കണ്ണുതുറക്കാതെ പുഞ്ചിരിച്ചു. ജിപിഎസ് നിർദേശമനുസരിച്ച് കുറേ നേരം കൂടി ഒാടിയ കാർ നഗരത്തിനകത്തെ പച്ചപൊതിഞ്ഞ പ്രദേശത്തെത്തി. ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലെ റോഡ‍ിലൂടെ കാർ പാഞ്ഞു. ഒടുവിൽ, ഗ്രീൻസ് എന്നെഴുതിയ മാർബിൾ പലക പതിപ്പിച്ച വലിയ കവാടത്തിന് മുന്നിൽ നിന്നപ്പോൾ സെക്യുരിറ്റി ഇറങ്ങി വന്നു കാര്യമന്വേഷിച്ചു. മാഷ് കീശയിൽ നിന്ന് കടലാസെടുത്തു നോക്കി വില്ലാ നമ്പർ പറഞ്ഞുകൊടുത്തപ്പോൾ, നേപ്പാളി സെക്യുരിറ്റി പുഞ്ചിരിച്ചുകൊണ്ട് അവരെ പോകാൻ അനുവദിച്ചു. വില്ലയുടെ ഗേറ്റിനോട് ചേർന്നുള്ള കൊച്ചുമുറിയിലും സെക്യുരിറ്റി ചെക്കപ്പുണ്ടായിരുന്നു. ആഫ്രിക്കൻ യുവാവായ സെക്യുരിറ്റിയോട് പുറത്തുനിന്ന് ജനൽപാളിയിലൂടെ മാഷ് ഇംഗ്ലീഷിൽ സംസാരിച്ചു. അയാൾ ഒരു നിമിഷം അദ്ദേഹത്തോട് നിൽക്കാൻ പറഞ്ഞ് ലാൻഡ് ഫോണിൽ ആരോടോ സംസാരിച്ചു. പിന്നെ മാഷോട് മാത്രം അകത്തേയ്ക്ക് പോകാൻ പറഞ്ഞു.

നിറയെ ചെടികളും മരങ്ങളും നിറഞ്ഞ മുറ്റത്തെ ഇടവഴിയിലൂടെ വില്ലയുടെ അകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ തണുത്തകാറ്റ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ജോലിക്കാരൻ്റെ വിനയം നിറഞ്ഞ സ്വീകരണത്തിലൂടെ വിസിറ്റിങ് മുറിയിലെ വിലകൂടിയ സോഫയിലിരിക്കുമ്പോൾ മാഷ് ഇനിയെന്താണ് സംഭവിക്കുക എന്നറിയാതെ പരിഭ്രമം കൊണ്ടു. ഒരുപക്ഷേ, അരവിന്ദൻ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ എന്നോർത്ത് നടുങ്ങി. എങ്ങനെയാണ് ഇത്രയും കാലത്തിന് ശേഷം കാണുമ്പോൾ തൻ്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുക എന്നറിയാതെ കുഴങ്ങി. മുറിയിലെ വിലകൂടിയ കൗതുക വസ്തുക്കളിലും ചുമരിലെ പെയിൻ്റിങ്ങുകളിലും മാഷിൻ്റെ കണ്ണുകള്‍ സഞ്ചരിച്ചു. അപ്പോഴേയ്ക്കും ചായയുമായി അവിടേയ്ക്ക് ശ്രീലങ്കക്കാരിയായ വീട്ടുജോലിക്കാരിയെത്തി. ചായ ടീ പോയിൽ വച്ച ശേഷം ആ യുവതി ടെലിവിഷൻ ഒാൺ ചെയ്തുകൊടുത്ത് റിമോട്ടു മാഷിന് നൽകി. വശ്യമായി പുഞ്ചിരിച്ചുകൊണ്ടു പോകുന്ന ജോലിക്കാരിയെ നോക്കി മാഷും ചിരിച്ചു, വിളറിയ ചിരി. ചായ കുടിച്ചുകൊണ്ട് അദ്ദേഹം ടെലിവിഷനിലേയ്ക്ക് കണ്ണുനട്ടു. ഏറെ കാലത്തിന് ശേഷമാണ് ടിവി കാണുന്നത് തന്നെ. മുഖ്യമന്ത്രി ഏതോ പരിപാടിയിൽ പ്രസംഗിക്കുന്നു. ആ വാക്കുകള്‍ക്ക് ചെവിയോർത്തിരിക്കെ അവിടേയ്ക്ക് അരവിന്ദൻ മുതലാളി കയറിവന്നു. അദ്ദേഹം പുറത്തിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് തോന്നുന്നു, കോട്ടും സ്യൂട്ടും ധരിച്ചിരിക്കുന്നു. അരവിന്ദനെ കണ്ട് മാഷ് പതുക്കെ എണീറ്റു തുടങ്ങിയപ്പോൾ കൈ കൊണ്ട് ആംഗ്യം കാണിച്ച് ഇരിക്കാൻ പറഞ്ഞു. അദ്ദേഹവും തൊട്ടടുത്ത സോഫയിലിരുന്നു. അരവിന്ദൻ മുതലാളി മാഷിൻ്റെ മുഖത്തേയ്ക്കും ടെലിവിഷനിലേയ്ക്കും മാറി മാറി നോക്കുന്നതല്ലാതെ ഒന്നും സംസാരിക്കുന്നില്ല. സഹികെട്ട് മാഷ് പതുക്കെ ചോദിച്ചു:
”മുതലാളിക്ക് എന്നെ മനസിലായില്ലെന്ന് തോന്നുന്നു. ഞാൻ…”

പക്ഷേ, അതു പൂർത്തിയാക്കുന്നതിന് മുൻപേ മുതലാളിയുടെ മുഴങ്ങുന്ന ശബ്ദം വന്നു:
”എല്ലാവരേം ഒരു നോട്ടത്തിൽത്തന്നെ മനസിലാക്കാനുള്ള കഴിവൊന്നും എനിക്കില്ലല്ലോ..”
മാഷാകെ പതറി. എന്താണ് പറയേണ്ടതെന്നറിയാതെ ഒരുനിമിഷം കുഴങ്ങി. മുതലാളിക്ക് തന്നെ മനസിലായില്ലെന്ന് വിശ്വസിക്കാനാകുന്നില്ല. മാഷ് ധൈര്യം വീണ്ടെടുത്ത് പറഞ്ഞു:
”മുതലാളിക്ക് എന്നെ ഒാർമയുണ്ടോന്നറിയില്ല..”
അപ്പോഴും മുതലാളിയുടെ ശബ്ദം ഉയർന്നു:
”അങ്ങനെ ഒാർത്തു വയ്ക്കേണ്ട മുഖമാണ് താങ്കളുടേതെന്ന് താങ്കൾ കരുതുന്നുണ്ടോ..?”
മാഷ് ഒന്നും മിണ്ടിയില്ല. കനത്ത നിശബ്ദത. തന്നെ മനസിലായി‌ട്ടും അറിയാത്ത ഭാവം കാണിക്കുന്നത് അസഹനീയമാണ്. അദ്ദേഹം പതുക്കെ എണീറ്റ് യാത്ര പറയാനൊരുങ്ങി. അവസാനവട്ട പ്രതീക്ഷയെന്നവണ്ണം അരവിന്ദൻ മുതലാളിയുടെ മുഖത്തേയ്ക്ക് ദൃഷ്ടികൾ നട്ടപ്പോൾ അദ്ദേഹം തൻ്റെ മൊബൈൽ ഫോണിലേയ്ക്ക് തലതാഴ്ത്തി. നിരാശയുടെ കയ്പ്നീർ കുടിച്ച മാഷ് ക്ഷമാപണത്തോടെ യാത്ര പറഞ്ഞു. പുറത്തേയ്ക്കുള്ള വഴി ലക്ഷ്യമാക്കി പതുക്കെ നടക്കുമ്പോൾ, എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ ചിന്ത.
”എടാ കള്ള സഖാവേ.. നിക്കെടോ അവിടെ.”
അത്ഭുതത്തോടെ തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും അരവിന്ദൻ മുതലാളി മാഷെ ആലിംഗനം ചെയ്തു കഴിഞ്ഞിരുന്നു:
”എടാ കള്ള ആദർശധീരാ, തനിക്ക് ഇൗ അരവിന്ദനെ കാണണോങ്കി പാർട്ടിക്കാരേം പരിവാരങ്ങളേം കൂട്ടിത്തന്നെ വരണോടാ…?”
മാഷ് നിന്നു വിയർത്തു. ഏറെ കാലത്തിന് ശേഷം പരസ്പരം കണ്ട രണ്ടു കൂട്ടുകാരുടെ സ്നേഹപ്രകടനം കൊണ്ട് അന്തരീക്ഷം പോലും കോരിത്തരിച്ചു.
”എന്നെ നീയെന്താടാ വിളിച്ചേ, മുതലാളീന്നോ… എടാ, എത്ര പെട്ടെന്നാടാ നീ എന്നെ ആരോ ആക്കിക്കളഞ്ഞത്. പഴേതൊക്കെ നീ മറന്നോന്ന് എനിക്കറിയില്ല, എന്നാ ഞാൻ മറന്നിട്ടില്ലെടാ, ഒന്നും..”
അരവിന്ദൻ മുതലാളി നിർത്താനുള്ള ഭാവമില്ല. അദ്ദേഹത്തിന്‍റെ മനസിൽ സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കടലിളകി.
”എടാ.. കഴിഞ്ഞ എട്ടാം തീയതിയല്ലേ നീ ആ ലേബർ ക്യാംപിലെത്തിയത്. എന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും എന്നെയൊന്നു ഫോൺ വിളിക്കാനെങ്കിലും നിനക്ക് തോന്നിയോടാ..?”
”അത് പിന്നെ.. താൻ തിരക്കിലാണെങ്കിലോ എന്ന് കരുതിയാടോ..”
മാഷ് വിക്കി വിക്കി പറഞ്ഞു.
”പോടാ.. നിനക്ക് കള്ളം പറയാൻ പണ്ടേ അറിയില്ലല്ലോ. എടാ, കാലത്തിനൊത്ത് കുറേയൊക്കെ മാറാൻ ശ്രമിക്കണോടാ”
അരവിന്ദൻ മുതലാളി കോട്ടഴിച്ച് വച്ച് മാഷോടൊപ്പം സോഫയിൽ തൊട്ടുരുമ്മി ഇരുന്നു. മാഷിൻ്റെ കൈകള്‍ അരവിന്ദൻ മുതലാളി വിടാതെ കൂട്ടിപ്പിടിച്ചു. ആ മനസ്സ് വിതുമ്പുന്നതുപോലെ തോന്നിയപ്പോൾ മാഷ് ചോദിച്ചു:
”തൻ്റെ വിശേഷങ്ങൾ പറയെഡോ..?”
”എനിക്കെന്ത് വിശേഷം. എല്ലാം നേടി. ഏറെ കഷ്ടപ്പെട്ട് ഇവിടെയെത്തി. ആദ്യം കുറേ ഹാർഡ് വർക് ചെയ്തു.. പിന്നെ സമ്പത്ത് കുമിഞ്ഞുകൂടി. ഇപ്പോ സുഖജീവിതം”
അദ്ദേഹം പൊട്ടിച്ചിരിച്ചു. അപ്പോഴും മാഷിൻ്റെ മനസിൽ എന്തെന്നില്ലാത്ത ഒരു കുറ്റബോധം കുമിഞ്ഞുകൂടി. തലതാഴ്ത്തിയിരുന്നപ്പോൾ, അരവിന്ദൻ മുതലാളി ചോദിച്ചു:
”ങാ, അതെല്ലാം പോട്ടെ.. കുറേ സഖാവ് കളിച്ചിട്ട് നീ എന്താടാ നേടിയേ?”
മാഷ് ഒന്നും പറയാതെ പുഞ്ചിരിച്ചു. അനുനിമിഷം, ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് വീണ്ടും പഴയ കാലത്തേയ്ക്ക് ഉൗളിയിട്ടു. എന്തൊക്കെയോ പറഞ്ഞ് പരസ്പരം കൈയടിച്ചും ഇടയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മവച്ചും… ടീ പോയിലെ ഗ്ലാസുകളിൽ മധുചഷകം നിറഞ്ഞു. ഇരുവരും അത് നുകർന്നു. പെട്ടെന്നെപ്പഴോ മാഷ് അരവിന്ദൻ മുതലാളിയോട് ചോദിച്ചു:
”എടോ, താനന്ന് കോളജിൽ പെൺപിള്ളാരെ വളയ്ക്കാൻ പാടീരുന്ന ആ പാട്ടില്ലേ.. ഏതാടാ അത്?.”
അരവിന്ദൻ മുതലാളി ആ വരികൾ ഒാർത്തെടുത്തു:
”അന്നു നിന്നേ കണ്ടതിൽപ്പിന്നെ..
അനുരാഗമെന്തെന്ന് ഞാനറിഞ്ഞു..
അതിനുള്ള വേദന ഞാനറിഞ്ഞു..
ഒരുവേള മാഷും പാട്ടിൽ പങ്കുചേർന്നു:
അന്നു നമ്മൾ കണ്ടതിൽപ്പിന്നെ..
ആത്മാവിൻ ആനന്ദം ഞാനറിഞ്ഞു
ആശതൻ ദാഹവും ഞാനറിഞ്ഞു..”
പാട്ടുകളിലൂടെ അവർ തങ്ങളുടെ മധുരദിനങ്ങളിലേയ്ക്ക് പറന്നുപോയി:
”ഇഷ്ടപ്രാണേശ്വരീ..
നിൻ്റെ ഏദൻതോട്ടം എനിക്ക് വേണ്ടി
ഏഴാം സ്വർഗം എനിക്കു വേണ്ടീ..”
ക്യാംപസിലെ നിറമുള്ള ഒാർമകള്‍ ഇരു ഹൃദയങ്ങളെയും സന്തോഷവും ഗൃഹാതുരതയും കൊണ്ട് വീർപ്പുമുട്ടിച്ചു. എന്തിനെന്നറിയാതെ കുറേ സങ്കടങ്ങൾ വീർപ്പുമുട്ടിച്ചപ്പോൾ പാട്ട് പെട്ടെന്ന് നിലച്ചു. പരസ്പരം കെട്ടിപ്പിടിച്ച് അതു ഒഴുക്കിക്കളയാൻ പാഴ് ശ്രമം നടത്തി. ഗ്ലാസുകളിൽ മധുചഷകങ്ങൾ നിറഞ്ഞുകൊണ്ടേയിരുന്നു.
”എടാ.. നിന്നോട് ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ?”
മാഷ് ഒന്നു ഇടറി. തന്നെ തിരിച്ചറിഞ്ഞാൽ ഒരിക്കലും ചോദിക്കരുതേ എന്ന് ആഗ്രഹിച്ച ആ കാര്യമായിരിക്കും ഇപ്പോൾ അരവിന്ദൻ ചോദിക്കുക. വർധിച്ച ഹൃദയമിടിപ്പ് അ‌‌‌‌‌ടക്കാൻ പാഴ് ശ്രമം നടത്തി മാഷ് പതുക്കെ പറഞ്ഞു:
”ടോ, തന്നോട് ഞാൻ പലതും മറച്ചുവച്ചിട്ടുണ്ടാകും. പക്ഷേ, ഒരിക്കൽ പോലും കള്ളം പറഞ്ഞിട്ടില്ലെടോ..”
അതുകേട്ടപ്പോൾ അരവിന്ദന്‍ മുതലാളിയുടെ മുഖം തെളിഞ്ഞു. അദ്ദേഹം രഹസ്യമെന്നോണം ചോദിച്ചു:
”എന്നാ ഞാൻ ചോദിക്കാം. നിനക്ക് വിഷമമാവില്ലല്ലോ..?”
മാഷിൻ്റെ മുഖം വീണ്ടും വിളറി. അയാളുടെ മനസിൽ കോളജിലെ ആ സംഭവങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ പ്രവഹിച്ചു. അരവിന്ദന്‍ മുതലാളി മാഷിൻ്റെ തലയിൽ വിരലുകളോടിച്ചു:
”എടാ, നീ ഏത് ഡൈയാടാ ഉപയോഗിക്കുന്നേ? നിൻ്റെ തലമുടി എന്തൊരു കറുപ്പാടാ..?”
ഹാവൂ, വലിയൊരു മല നെഞ്ചിൽ നിന്ന് ഉൗർന്നുപോയ ആശ്വാസം. ദീർഘനിശ്വാസം വിട്ടുകൊണ്ട് മാഷ് പൊട്ടിച്ചിരിച്ചു. അരവിന്ദൻ മുതലാളി തൻ്റെ കഷണ്ടിത്തലയില്‍ ഒട്ടിച്ചുവച്ച മുടിനാരുകൾ നീട്ടിപ്പിടിച്ചുകൊണ്ട് തുടർന്നു:
”ദാ ഇതു കണ്ടോ.. ഇത്തിരി മുടിയേ ഉള്ളേങ്കിലും മുഴുവനും ചായമാടാ. പിന്നെ നിനക്കറിയോ, ഗൾഫിലെ വയസ്സന്മാരായ മലയാളികളുടെ തല കഴുകിയാല് അറബിക്കടല് പോലും കറുത്തുപോകും..”

വില്ലയെ പ്രകമ്പനം കൊള്ളിക്കും വിധം അവർ പൊട്ടിച്ചിരിച്ചു. സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണും മനസ്സും നിറഞ്ഞു. അരവിന്ദൻ മുതലാളി ജോലിക്കാരിയെ വിളിച്ച് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാൻ പറഞ്ഞ ശേഷം ചോദിച്ചു:
”എടാ, അന്ന് കോളജിൻ്റെ ചുമരിൽ തട്ടി പ്രതിദ്ധ്വനിച്ചിരുന്ന നിൻ്റെ ആ മുദ്രാവാക്യമില്ലേ, അതൊന്ന് വിളിച്ചേടാ..?”

മാഷിന് ചെറുതായി നാണം തോന്നി. വിഷയം മാറ്റാനെന്ന വണ്ണം അദ്ദേഹം പറഞ്ഞു:
”എടോ.. നിനക്ക് നമ്മുടെ കാൻ്റീൻ കുഞ്ഞിരാമേട്ടനെ ഒാർമേണ്ടോ?”
അരവിന്ദൻ മുതലാളിയുടെ മനസ്സിൽ പൊക്കമില്ലാത്ത, ക്ലീൻ ഷേവ് ചെയ്ത കുഞ്ഞിരാമേട്ടൻ എന്ന കാൻ്റീൻ നടത്തിപ്പുകാരൻ കടന്നുവന്നു. ഒാരോ വിദ്യാർഥി സമരത്തിന് ശേഷവും കൂട്ടത്തോടെ ചെന്ന് എന്തും എടുത്തു തിന്നാനുള്ള സ്വാതന്ത്ര്യം മാഷിനും അരവിന്ദനും മാത്രമേ കുഞ്ഞിരാമേട്ടൻ നൽകിയിരുന്നുള്ളൂ.
”ആ മനുഷ്യനെയൊക്കെ എങ്ങനെ മറക്കാനാണെടാ.. അനിയാ എന്ന ആ വിളി ഇപ്പോഴും കാതിൽമുഴങ്ങുന്നു”
മാഷ് ഒന്നു ദീർഘനിശ്വാസം വിട്ടു. പിന്നെ ചുണ്ടിലൂറി വന്ന ചിരി ഒതുക്കി പറഞ്ഞു:
”എത്ര പ്രാവശ്യോടാ പൊറോട്ടോം മുട്ടക്കറീം ഉണ്ടക്കായയുമൊക്കെ തിന്ന് പൈസ കൊടുക്കാണ്ട് നീ അയാളെ പറ്റിച്ചിട്ടുള്ളത്..”
അരവിന്ദൻ മുതലാളിയുടെ മുഖത്ത് നിഴൽപരക്കുന്നത് കണ്ടപ്പോൾ മാഷിന് നേരിയ ആശങ്കതോന്നി. ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അരവിന്ദൻ മുതലാളി പതുക്കെ പറഞ്ഞു:
”അത് പിന്നെ എൻ്റെ വീട്ടിലെ അവസ്ഥ നിനക്കറിയായിരുന്നില്ലെടാ. ഞാൻ ഒരു നേരോങ്കിലും എന്തെങ്കിലും കഴിച്ചിരുന്നത് കാൻ്റീനിൽ നിന്നായിരുന്നില്ലേടാ..”
കൊച്ചുകുഞ്ഞിനെ പോലെ വിങ്ങിക്കരഞ്ഞ അരവിന്ദൻ മുതലാളിയെ മാഷ് ചേർത്തു പിടിച്ചു:
”എനിക്കതറിയായിരുന്നെടോ. പിന്നെ, നിനക്കറിയാത്ത ഒരു രഹസ്യം ഞാനിപ്പോ പറയാം, അന്നത്തെ നിൻ്റെ കാൻ്റീനിലെ പറ്റ് മുഴുവൻ ഞാൻ പാർട്ടി ഫണ്ടിന്ന് എടുത്ത് കൊടുത്തോണ്ടിരുന്നെ‍ടോ..”
അരവിന്ദൻ മുതലാളിയുടെ മുഖത്ത് ചിരി വിടർന്നു:
”അത് കുഞ്ഞിരാമേട്ടൻ എന്നോട് പറഞ്ഞിരുന്നെടാ. അതായിരുന്നില്ലേ എൻ്റെ ധൈര്യം”
ഇടയ്ക്ക് ചായയുമായി വന്ന വീട്ടുജോലിക്കാരി തൻ്റെ ബോസിൻ്റെ സന്തോഷം തുളുമ്പുന്ന മുഖം ആദ്യം കാണുന്നപോലെ ഇത്തിരിനേരം അത്ഭുതത്തോടെ നോക്കി നിന്നുപോയി.

മുതലാളി അകത്ത് ചെന്ന് പഴയ ആൽബം കൊണ്ടുവന്നു. ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ചിത്രങ്ങൾ.
അതിലെ ഒാരോ ചിത്രങ്ങളും അവരെ സംബന്ധിച്ചിടത്തോളം ഒാരോ കാലത്തേയ്ക്കുള്ള തിരിച്ചുപോക്കായിരുന്നു. ഒാര്‍മകളിൽ പൂപ്പൽപിടിക്കാത്ത കാലാന്തരങ്ങൾ ആ ചിത്രങ്ങളിൽ നിശ്ചലമായി നിന്നു. ആ രണ്ടു കൂട്ടുകാരിൽ അതെല്ലാം പഴയ സ്നേഹവും സന്തോഷവും നിറച്ചു. ഇടയ്ക്ക് അരവിന്ദൻ മുതലാളി ഗൗരവത്തോടെ ചോദിച്ചു:
”എടാ, നമ്മുടെ നാട്ടിൻ്റെ അവസ്ഥയെന്താടാ ഇപ്പോ…? മനുഷ്യന് മനുഷ്യനെ കാണാൻ പറ്റാണ്ടായി. അല്ലെങ്കില് തൻ്റെ കൂട്ടരെ മാത്രേ കാണൂംന്നായി. അല്ലേടാ?”
ആ വാക്കുകൾ സത്യമാണെന്ന പോലെ മാഷ് ദീർഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു:
”ലോകം തന്നെ താറുമാറായി. എവിടേം സംഘർഷങ്ങൾ, അനീതികൾ, അക്രമങ്ങൾ.. മനുഷ്യന് നാൽക്കാലികളുടെ വില പോലുമില്ലാതായിപ്പോയെടോ.”
മാഷിൻ്റെ ചിന്തകൾ മുറിയുന്നതും മറ്റേതോ ലോകത്തേയ്ക്ക് പോകുന്നതും അരവിന്ദൻ മുതലാളി ശ്രദ്ധിച്ചു. ആശ്വസിപ്പിക്കാനെന്നവണ്ണം അദ്ദേഹം വീണ്ടും പറഞ്ഞു:
”എന്താടാ ഇങ്ങനെയൊക്കെ? നമ്മളൊക്കെ ജീവനേക്കാളേറെ സ്നേഹിച്ച നമ്മുടെ പാർട്ടീടെ അവസ്ഥയെന്താ ഇപ്പോ?”
ആ ചോദ്യം മാഷിനെ വർത്തമാന കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. മാഷ് പറഞ്ഞു:
”നമ്മുടെ പാർട്ടി നമ്മുടെയെല്ലാം ചങ്കിൽ ഇപ്പോഴും തുടിക്കുന്നില്ലേടാ..”
മാഷിൻ്റെ കൈകൾ അരവിന്ദൻ മുതലാളി കൂട്ടിപ്പിച്ചു. പൊടുന്നനെ മുഷ്ടികൾ ചുരുട്ടി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഉറക്കെവിളിച്ചു. മാഷ് അതേറ്റു ചൊല്ലി. തുടർന്ന് ഇരുവരും ആലിംഗനം ചെയ്തുകൊണ്ട് ഏങ്ങിയേങ്ങിക്കരഞ്ഞു, പരസ്പരം ആശ്വസിപ്പിച്ചു. ഇത്തിരി കഴിഞ്ഞ് പോകാനായി എണീൽക്കുമ്പോൾ മാഷ് ചോദിച്ചു:
”എടോ, വന്നപ്പോ തൊട്ട് ചോദിക്കണോന്ന് വിചാരിച്ചിരിക്കുകയാ. എവടെ നിൻ്റെ പ്രിയതമ?”
അരവിന്ദൻ മുതലാളിയുടെ മുഖത്ത് പേരറിയാത്തൊരു ഭാവം പ്രത്യക്ഷപ്പെട്ടു. അത് പുച്ഛമോ നിസ്സഹായതയോ എന്ന് തിരിച്ചറിയാൻ മാഷിന് കഴിഞ്ഞില്ല:
”എടാ, സമ്പത്ത് മാത്രമുണ്ടായിട്ട് കാര്യമില്ലെടാ..”
അരവിന്ദൻ മുതലാളി പറഞ്ഞുവന്നത് അർധയോക്തിയിൽ നിർത്തിയ ശേഷം മാഷിൻ്റെ മുഖത്ത് നിന്ന് കണ്ണുകള്‍ പിൻവലിച്ചു. മാഷ് വീണ്ടും ചോദിച്ചു:
”അപ്പോൾ മക്കളോ..?”
”എടാ, ഇൗ ലോകം പക്കാ കൊമേഴ്സ്യലായിപ്പോയെടാ..”
വീണ്ടും എങ്ങും തൊടാതെയുള്ള മറുപടി. മാഷ് ഒന്നും മിണ്ടിയില്ല.
”എടാ, നിനക്കറിയോ.. സമ്പന്നനല്ലായിരുന്നെങ്കി ഞാനേതെങ്കിലും വൃദ്ധസദനത്തിൽ പോയി സമാധാനായിട്ട് കഴിഞ്ഞുകൂടുമായിരുന്നെടാ..”
അരവിന്ദൻ മുതലാളി മാഷിൻ്റെ കൈകൾ വീണ്ടും കൂട്ടിപ്പിടിച്ചു. മാഷ് പതുക്കെ ആ തോളിൽ തട്ടി സാന്ത്വനിപ്പിച്ചു. അനന്തരം അരവിന്ദൻ മുതലാളിയുടെ ഫോണടിച്ചപ്പോൾ, അദ്ദേഹത്തിന് തിരക്കുണ്ടെന്ന് മനസ്സിലായി മാഷ് വീണ്ടും യാത്ര പറഞ്ഞു. മാഷ് ഇറങ്ങാൻ നേരം അരവിന്ദൻ മുതലാളി പതുക്കെ ചോദിച്ചു:
”എടാ, പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി, സുധാകുമാരിക്ക് സുഖമാണോടാ..?”
പൊടുന്നനെയുള്ള ചോദ്യംകേട്ട് മാഷ് സ്തബ്ധനായി. കേൾക്കരുതെന്ന് ആഗ്രഹിച്ച ചോദ്യമതാ ഒടുവിൽ തൻ്റെ കാതിൽ പതിഞ്ഞിരിക്കുന്നു. ആയിരം മൂർച്ചയുള്ള വാൾ പോലെ വാക്കുകൾ. മാഷിൻ്റെ മുഖം ഇരുണ്ടു. കണ്ണുകൾ നിറഞ്ഞു:
”എടോ.. അവള് യാത്രയായിട്ട് രണ്ടു കൊല്ലം കഴിഞ്ഞില്ലേ..”
പുതിയ അറിവിൽ അരവിന്ദൻ മുതലാളി ഞെട്ടിവിറച്ചു. എന്തിനെന്നറിയാതെ ആ മുഖത്ത് ഒരു വിഷാദം അലയടിച്ചു. മാഷ് പതുക്കെ നടന്നുനീങ്ങവെ അദ്ദേഹം അടുത്ത് ചെന്ന് ആ കൈകൾ കവർന്നു. മാഷ് തുടർന്നു:
”തൃശൂര് വച്ചാ അവൾ എന്നെ വിട്ടുപോയത്. ഏറെ കാലം ജീവിച്ച പരിസരത്ത് നിന്ന് അവസാന ഘട്ടത്തിലെ ആ മാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരിക്കില്ല..”
അരവിന്ദൻ മുതലാളി ഖേദത്തോടെ നോക്കി. പിന്നെ കൈവീശി യാത്രയാക്കി. വീണ്ടും നാട്ടിൽ നിന്ന് കാണാമെന്ന ഉറപ്പിന്മേൽ.

ഗേറ്റിന് പുറത്തുകടന്നപ്പോൾ മാഷിനടുത്തേയ്ക്ക് കരീം ഒാ‌‌ടിയെത്തി. ആകാംക്ഷ മുറ്റിനിന്ന മുഖത്തോടെ അവൻ മാഷെ നോക്കി. അദ്ദേഹം പുഞ്ചിരിച്ചുവെങ്കിലും അവനൊന്നും മനസിലായില്ല. കാറിൽ കയറിയ അവന് പക്ഷേ, കാര്യം എന്തായെന്നറിയാതെ ഞെരിപിരികൊണ്ടു:
”മാഷേ.. മാഷ് കാര്യമവതരിപ്പിച്ചല്ലോ അല്ലേ?”

ദൂരേയ്ക്ക് കണ്ണുനട്ടിരുന്നതല്ലാതെ മാഷ് ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിൻ്റെ മനസിലേയ്ക്ക് മകളുടെ മുഖം വീണ്ടും കടന്നുവന്നപ്പോൾ കാറിലുണ്ടായിരുന്ന ടിഷ്യു പേപ്പറെടുത്ത് നെറ്റിത്തടം അമർത്തിത്തുടച്ചു. മാഷ് കാര്യം അവതരിപ്പിച്ചില്ലെന്ന് കരീമിന് മനസിലായി. ഇത്രയും നല്ലൊരു അവസരം ഇനി ലഭിച്ചെന്നുവരില്ല. നാളെ ഞായറാഴ്ച. മറ്റന്നാളാണ് മകൾക്ക് പണം എത്തിക്കേണ്ട അവസാന ദിവസം. കരീം നടുങ്ങി വിറച്ചു. പിന്നെ പറഞ്ഞു:
”പറഞ്ഞിട്ടില്ലെങ്കിൽ ഞാൻ വണ്ടി തിരിക്കാം. മാഷ് ഒന്നൂടെ പോയി മുതലാളിയെ കണ്ടിട്ട് കാര്യം പറഞ്ഞ് ഒാക്കെയാക്കിയിട്ട് വരൂ..”

മാഷ് അവനെ രൂക്ഷമായി നോക്കി. ആ മുഖത്ത് ആരോടന്നില്ലാതെ സങ്കടവും രോഷവും നിറഞ്ഞുനിന്നിരുന്നെങ്കിലും അത് പ്രകടിപ്പിച്ചില്ല. ഇടയ്ക്കയാൾ മകളെയും തൻ്റെ കളിക്കൂട്ടുകാരായ രണ്ട് കൊച്ചുമക്കളെയും ഒാർത്ത് ഉള്ളാലെ തേങ്ങി. കരീം മറുത്തൊന്നും പറയാതെ ഇത്തിരി വേഗത്തിൽ കാർ ഡ്രൈവ് ചെയ്തു.
വൈകാതെ മാഷിൻ്റെ മൊബൈല്‍ ഫോൺ ശബ്ദിച്ചെങ്കിലും എടുത്തില്ല. എന്തുചെയ്യണമെന്നറിയാതെ പതറുന്ന മാഷിനെ കണ്ടപ്പോൾ കരീമിൻ്റെ ഹൃദയം പൊട്ടിത്തകര്‍ന്നു. മാഷിൻ്റെ അവസ്ഥയോർത്ത് പതുക്കെ പറഞ്ഞു:
”ഫോണെടുക്ക് മാഷെ. ഇന്ന് തന്നെ ശരിയാകുമെന്ന് പറ മാഷേ.”
മാഷ് അവനെ ലോകത്തെ ഏറ്റവും ശപിക്കപ്പെട്ട മനുഷ്യൻ്റെ കണ്ണുകളാലെ നോക്കി. പിന്നെ പതുക്കെ ഫോണിന് നേരെ നോട്ടം പായിച്ചപ്പോഴേയ്ക്കും അതു കട്ടായി. അടുത്ത നിമിഷം തന്നെ വീണ്ടും വിളിയെത്തി. മാഷ് കരീമിനെ നോക്കിയപ്പോൾ എടുക്കൂ മാഷേ എന്നവൻ കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു. വിറയ്ക്കുന്ന കരങ്ങളോടെ മാഷ് മൊബൈൽ കാതിനോട് അടുപ്പിച്ചു:
”ഹലോ.. മോളേ”
”അച്ഛാ…”
മകളുടെ ഒച്ച പതറിയിരുന്നു. മാഷിൻ്റെ നെഞ്ചിൽ ആരോ വലിയൊരു പാറക്കഷ്ണം കൊണ്ടിട്ടു. അവൾക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അദ്ദേഹം ഉള്ളാലെ നിലവിളിച്ചു. അപ്പോൾ കരയുന്ന വാക്കുകളാലെ മകൾ പറഞ്ഞു:
”അച്ഛാ, താങ്ക്യു അച്ഛാ.. താങ്ക്യു സോ മച്ച് ”
മകളുടെ പൊട്ടിക്കരച്ചിൽ എത്രപെട്ടെന്നാണ് കടലുതാണ്ടിയെത്തിയത്!. എന്താണ് സംഭവിച്ചിരിക്കുക എന്നറിയാതെ മാഷ് മൊബൈൽ കാതിനോട് ചേർത്ത് ഒന്നും പറയാനാകാതെ കുറച്ചുനേരം ഇരുന്നു. കരീം കാർ വഴിയോരത്ത് നിർത്തി മാഷിനെ അത്ഭുതത്തോടെ ഉറ്റു നോക്കി.
മകളോട് എന്തെങ്കിലും പറയാനാകാതെ മാഷ് ശ്വാസം മുട്ടുന്നത് അവൻ കണ്ടു. ആ കൺകോണുകളിലെ നീർത്തുള്ളികളിൽ ഒരു മുഖം തെളിഞ്ഞുവരുന്നത് കണ്ടപ്പോൾ അവൻ മാഷിൻ്റെ ഇടതു കൈപ്പത്തി കൂട്ടിപ്പിടിച്ചു.

–ഖുബ്ബൂസ്– അറബിക് റൊട്ടി
–ഗാഫ്– മരുഭൂമയിലെ വൃക്ഷം

ദുബായിൽ മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ്. ഔട്ട്പാസ് (നോവൽ–ഡിസി ബുക്സ്), ഖുഷി ( കുട്ടികൾക്കുള്ള നോവൽ–ഡിസി ബുക്സ്) എന്നിവയടക്കം ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.