സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിച്ച് കണ്ണുകൾ കടച്ചിലെടുക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈൽ താഴെ വെക്കാൻ തോന്നിയത്. അവസാനം കണ്ട ഒരു വീഡിയോ അവന് അയച്ചു കൊടുത്ത ആത്മരതിയിലായിരുന്നു അവൾ. രാത്രി ഏറെ വൈകിയിരിക്കുന്നു. ഉറങ്ങാനായി ബ്ലാങ്കറ്റ് കണങ്കാലിൽ നിന്നും നെഞ്ചിലേക്ക് വലിച്ചിടുമ്പോൾ കട്ടിലിനോട് ചേർന്ന കുട്ടിമേശപ്പുറത്ത് മൊബൈൽ വീണ്ടും വിറച്ചു. കാലത്ത് നോക്കാമെന്ന് കരുതി കണ്ണടച്ച് കിടന്നുവെങ്കിലും മനസ്സ് അനുവദിച്ചില്ല. കിടപ്പുമുറിയിലെ മങ്ങിയ വെളിച്ചത്തിൽ കൈ നീട്ടി മൊബൈൽ തപ്പിയെടുത്തു. ഇതിനിടയിൽ വയറ്റിൽ ചുറ്റിപ്പിടിച്ച ശ്യാമിൻ്റെ കൈകളെ അവൾ അടർത്തി മാറ്റി, എതിർ ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു. അഴിഞ്ഞ ലുങ്കി മുറുക്കിയുടുത്ത് അയാൾ നിവർന്നു കിടക്കുന്നതും കോട്ടുവായിടുന്നതും അവൾ ശ്രദ്ധിച്ചതേയില്ല.
മൊബൈൽ സ്‌ക്രീൻ അൺലോക്ക് ചെയ്തു. ആ വെളിച്ചത്തിൽ അവളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി.
“ഏതായാലും നാളെ ഞാൻ വരുന്നുണ്ട്…”
വാട്സപ്പിൽ വന്നു കിടക്കുന്ന ഗസീബിൻ്റെ മെസേജ് വായിച്ചപ്പോൾ അവളുടെയുള്ളിൽ ഒരു കടലിരമ്പി. നെഞ്ച് ശക്തിയായി കിതച്ചു. എത്ര നാളുകളായി ഒന്നു കാണാൻ കൊതിക്കുന്നു. മറുപടി ടൈപ്പ് ചെയ്യുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
“സ്റ്റേഷനിലേക്ക് ഞാൻ വരാം..”
“വേണ്ട. ഞാൻ കാറെടുത്താണ് വരുന്നത്.”
”എന്നാ നേരെ സ്ക്കൂളിലേക്ക് വന്നാ മതി.. “
“നാളെ ക്ലാസ്സുണ്ടോ..”
“ഇല്ല. അവിടെ വച്ചു കാണാം.”
“ഓകെ. നീ ലൊക്കേഷൻ മാപ്പയക്ക്…”
“ഓകെ…”
“ഗുഡ് നൈറ്റ് .. സ്വീറ്റ് ഡ്രീംസ്..”
“ഗുഡ്നൈറ്റ്…”
അവൾ ഒരു സ്മൈലിയിൽ തൊട്ടു. അവനും അതു തന്നെ തിരിച്ചയച്ചു. സ്ക്രീൻ ലോക്ക് ചെയ്ത് മൊബൈൽ തിരികെ വച്ച് ബ്ലാങ്കറ്റിനുള്ളിലേക്ക് അവൾ കൈകൾ പൂഴ്ത്തി.
വൈകിവന്ന ഉറക്കം ഇപ്പോൾ പൂർണമായും കൈവിട്ടു. ഹൃദയം വല്ലാതെ മിടിക്കുകയും തുടിക്കുകയും ചെയ്യുന്നുണ്ട്. തൊട്ടടുത്ത് ശ്യാം നല്ല ഉറക്കിലാണ്. അയാളുടെ രോമമില്ലാത്ത നെഞ്ചിൽ പതിവുപോലെ മുഖമമർത്തി കിടക്കാൻ എന്തോ അവൾക്ക് തോന്നിയില്ല.
നാളെ എങ്ങനെയാണ് അവനെ അഭിമുഖീകരിക്കുക?. ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം കാണുന്നതാണ്. ആദ്യനോട്ടത്തിൽ അവനെന്നെ തിരിച്ചറിയാനാകുമോ? സോഷ്യൽ മീഡിയകളിൽ ഡി.പി. പഴയ ഫോട്ടോയാണ് വച്ചത്. മാസ്കിനുള്ളിൽ എത്ര നേരം മുഖം മറച്ചു പിടിക്കാൻ കഴിയും. അന്നത്തെ സൗന്ദര്യമെല്ലാം ചോർന്നു പോയിരിക്കുന്നു. തലയിൽ അങ്ങിങ്ങായി വെള്ളി രേഖകൾ തെളിഞ്ഞിട്ടുണ്ട്. മുഖത്ത് നേർത്ത ചുളിവുകൾ വന്നു തുടങ്ങി. നിവർന്നു നിന്നതൊക്കെ അയഞ്ഞു തൂങ്ങി.
അവൾ ശ്യാമറിയാതെ പതുക്കെ എഴുന്നേറ്റ് ഡ്രെസ്സിങ്ങ് ടേബിളിനു മുന്നിൽ വന്നു നിന്നു. മിററർ ലൈറ്റ് മാത്രമിട്ട് തൻ്റെ ശരീരം അടിമുടി ഒന്നു നോക്കി. നേർത്ത നൈറ്റിയിൽ ഉടഞ്ഞ ഉടൽ വടിവുകൾ തെളിഞ്ഞു കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. അലമാരയിൽ അടുക്കി വെച്ച സാരികളിൽ നിന്ന് മെറൂൺ നിറമുള്ളത് അവൾ വലിച്ചെടുത്ത് നെഞ്ചിൽ വച്ചു നോക്കി. ഒരു ഭംഗിയൊക്കെയുണ്ട്. അന്നവന് ഇഷ്ടപ്പെട്ട ചുരിദാറിൻ്റെ അതേ നിറം. ഈ നിറമുടുക്കുമ്പോഴാണ് ഒരു പ്രത്യേക പ്രസരിപ്പും ഊർജവും തോന്നാറുള്ളത്. കണ്ണാടിക്കു മുമ്പിൽ അവളത് ഒരിക്കൽ കൂടി ഉറപ്പിച്ചു.
വൈകി എപ്പൊഴോ ഉറക്കിലേക്ക് വഴുതി വീണെങ്കിലും പുലർച്ച തന്നെ ഉണർന്നു. ശ്യാം ഇപ്പോഴും നല്ല ഉറക്കിലാണ്. അയാളുടെ നീങ്ങിക്കിടക്കുന്ന ലുങ്കി അവൾ നേർത്ത ചിരിയോടെ തുടയിലേക്ക് വലിച്ചിട്ടു. ധൃതിയിൽ മൊബൈൽ കയ്യിലെടുത്ത് നോട്ടിഫിക്കേഷൻ പരിശോധിച്ചു. അതിനു ശേഷം ഗസീബ് മെസേജൊന്നും അയച്ചിരുന്നില്ല. പക്ഷേ, സ്ക്കൂൾ ഗ്രൂപ്പിൽ അവൻ്റെ പതിവു ഗുഡ് മോർണിങ്ങ് ഇമേജ് വന്നു കിടക്കുന്നുണ്ട്. ഒടുവിൽ അവൾ മാത്രമാണ് എപ്പോഴും അതിനു താഴെ മെസേജിടാറുള്ളത്. രണ്ടു വർഷം മുമ്പ് തുടക്കത്തിലുണ്ടായ ആവേശമൊന്നും ഇപ്പോൾ ഗ്രൂപ്പിനില്ല.
ഉറക്കച്ചടവോടെ കൈകൾ ഉയർത്തി, ഒന്നു വലിഞ്ഞ് അവൾ ബാൽക്കണിയിലേക്ക് നടന്നു. അഴിഞ്ഞ മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി കോട്ടുവായിട്ടു. ഇളവെയിൽ കൈവരിയിലും തൂണിലും വീണു കിടക്കുന്നുണ്ട്. അഞ്ചാം നിലയിൽ നിന്നുള്ള കാഴ്ചയിൽ താഴെ ഗെയിറ്റിനടുത്തിരുന്ന് സെക്യൂരിറ്റിക്കാരൻ പത്രം വായിക്കുന്നത് കാണാം. റോഡിലൂടെ ഒറ്റയൊറ്റ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മുന്നിലെ ചെങ്കുത്തായ മലമുകളിലെ കരിമ്പാറക്കെട്ടിൽ നിന്നും പൊട്ടിയൊലിച്ചൊഴുകുന്ന കാട്ടരുവിയുടെ പാൽനുരരേഖകൾ കാടിൻ്റെ പച്ചപ്പിൽ തെളിഞ്ഞു കാണാം. കിഴക്ക്, ഉണങ്ങാത്ത മുറിവു പോലെ കഴിഞ്ഞ വർഷം ഉരുൾപൊട്ടിയ മലയുടെ ചുവപ്പടയാളം.
അവൾ കസേരയിൽ ചാരിയിരുന്നു. ടീപോയിലെ ഒഴിഞ്ഞ ഗ്ലാസ്സുകളും പ്ലെയ്റ്റും ഒതുക്കി വെച്ച്, മാഗസിനു പുറത്തെ സിഗരറ്റ് ചാരം തട്ടിക്കുടഞ്ഞ്, വായിച്ചു പകുതിയാക്കിയ കഥയുടെ താളുകൾ മറിച്ചെടുത്തു. അപ്പോൾ പുറത്ത് ഗെയ്റ്റിൽ ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു. പതിവു പ്രതീക്ഷയോടെ അവൾ താഴേക്ക് എത്തി നോക്കി. പക്ഷേ, അവൻ ഇവിടേക്ക് വരാമെന്നല്ലല്ലോ പറഞ്ഞതെന്നോർത്ത് അവൾ സ്വയം പഴിച്ചു. എന്നെങ്കിലും ഒരിക്കൽ തന്നെക്കാണാൻ ഈ വഴി വരുമെന്ന് അവൾ വിചാരിച്ചിരുന്നു. തൊട്ടടുത്ത് വന്നു നിറുത്താറുള്ള ഏതെങ്കിലും കാറിൽ നിന്നും ഇറങ്ങി വരുന്നത് അവനായിരിക്കണെയെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
ഒരു വർഷം മുമ്പ് വരെ അവനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. പത്താം ക്ലാസ് വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് അവർ വീണ്ടുമടുത്തത്. ലോകത്തിൻ്റെ രണ്ടു കോണുകളിൽ പരസ്പരമറിയാതെ, ഒന്നു വിളിക്കുക കൂടി ചെയ്യാനാവാതെ ഇത്രയും വർഷങ്ങൾ എങ്ങനെയാണ് കഴിച്ചു കൂട്ടിയതോർത്ത് അവൾക്ക് അത്ഭുതം തോന്നി.
കൈയ്യിലുള്ള മാഗസനിലെ കഥയിലൂടെ, അവളുടെ ഓർമ്മകൾ നീല വെളിച്ചം നിറഞ്ഞ ആ ഐസ്ക്രീം പാർലലിലേക്ക് കടന്നു.
ടേബിളിൽ കൊണ്ടു വച്ച ഐസ്ക്രീം കഴിക്കാതെ അവർ കുറേനേരം പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുന്നു. അവൾ വലതു കൈ നീട്ടി അവൻ്റെ വിരലുകളിൽ തൊട്ടു. ആ കൈപ്പടം അവൻ തൻ്റെ കൈകളിലെടുത്ത് തലോടി. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കപ്പിൽ നിന്നും ഐസ്ക്രീം ഉരുകി ടേബിളിലേക്കുറ്റി വീണു.
“ഒരിക്കലും വിവാഹം കഴിക്കാനാവില്ലയെന്നറിഞ്ഞു കൊണ്ടല്ലേ നമ്മൾ ഇഷ്ടപ്പെട്ടതും പ്രണയിച്ചതും. പിന്നെന്താ …”
“പക്ഷേ, എനിക്ക് മറക്കാൻ പറ്റണ്ടേ…”
അവൾ കരച്ചിലിൻ്റെ വക്കിലെത്തി.
“മറ്റുള്ളവർ ശ്രദ്ധിക്കും. നീ കണ്ണ് തുടയ്ക്ക്…”
“നമുക്ക് ഒളിച്ചോടാം. എനിക്ക് മറ്റൊരാളുടെ കൂടെ ജീവിക്കാനാവില്ല…”
“സ്മൃതീ.. വെറുതെ നടക്കാത്ത കാര്യത്തെക്കുറിച്ചാലോചിക്കരുത്…”
“എനിക്ക് പിരിയാൻ പറ്റില്ല.. “
അവൾ കരയാൻ തുടങ്ങി.
“നീ എവിടെപ്പോയാലും നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കും..”
“സുഹൃത്തോ… അപ്പോൾ ആളൊഴിഞ്ഞ ആ പഴയ വീടിൻ്റെ ചുമരിൽ ചാരി നിർത്തി നീ എന്നെ ഓരോന്ന് ചെയ്തതോ…”
“സ്മൃതീ… പതുക്കെ പറ… ആരെങ്കിലും കേൾക്കും”
“ഒരു യഥാർത്ഥ സുഹൃത്തിനോട് നിനക്കങ്ങനെ ചെയ്യാൻ തോന്നോ..”
“എൻ്റെ സ്നേഹം സത്യമാണ്. അതിനെ നീ എങ്ങനെ നിർവചിച്ചാലും…”
അവൻ ദേഷ്യത്തോടെ എഴുന്നേറ്റു നിന്നപ്പോൾ ടേബിളിൽ കൈ തട്ടി ഐസ്ക്രീം മറിഞ്ഞു വീഴുകയും അതൊലിച്ച് അവളുടെ മെറൂൺ ചുരിദാറിൽ ഉറ്റുകയും ചെയ്തു.
കഥയിലെ ഐസ്ക്രീം കഴിക്കുന്ന കമിതാക്കളുടെ ഇല്യുസ്ട്രേഷൻ നോക്കി അവൾ കുറേ നേരമിരുന്നു. പിന്നീട് മാഗസിൻ മടക്കി വച്ച് ഗ്ലാസ്സും പ്ലെയ്റ്റുമെടുത്ത് അകത്തേക്കു പോയി.
സ്ക്കൂൾ ഗെയ്റ്റിനു പുറത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി. അവൻ വരാതിരിക്കുമോ… മുമ്പ് ഇങ്ങനെ പറഞ്ഞു പറ്റിക്കാറുണ്ട്. സിനിമക്ക് വരാമെന്ന് പറഞ്ഞിട്ട് തിയേറ്ററിൽ എത്ര തവണ കാത്തിരുന്നിട്ടുണ്ട്. ഒരിക്കൽ കൈയ്യോടെ കൂട്ടി വന്നു. അന്ന് അകത്തെ ഇരുട്ടിൽ അവിടവിടെ തൊട്ടത് ഓർക്കുമ്പോൾ ഇപ്പോഴും ഇക്കിളിയാവുന്നു.
പുറപ്പെടുമ്പോൾ വിളിച്ചിരുന്നു. അതു കൊണ്ട് വരാതിരിക്കില്ല. ഇപ്പോൾ വിളിച്ചിട്ട് കിട്ടുന്നുമില്ല. അവൾ മെറൂൺ സാരിയുടെ ചുളിവുകൾ നിവർത്തി, മൊബൈൽ ഫ്ലണ്ട്ക്യാമറ ഓൺ ചെയ്ത് തലയിൽ വെള്ളി രേഖകളില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി. അപ്പോഴേക്കും ഒരു വെളുത്ത കാർ മുന്നിൽ വന്നു നിന്നു. അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. ഡോർ തുറന്ന് അവൻ ഇറങ്ങി വന്നു. ആ പൂച്ചക്കണ്ണുകൾ മാത്രം മതിയായിരുന്നു അത് അവൻ തന്നെയാണെന്ന് ഉറപ്പു വരുത്താൻ. അവൻ മാസ്ക്കഴിച്ചു ചിരിച്ചു. അവൾ ഒരു പതിനേഴുകാരിയുടെ നാണത്തോടെ വിയർക്കാൻ തുടങ്ങി. മാസ്ക്കിട്ടതിനാൽ അവളുടെ ചിരി കണ്ണുകളിൽ മാത്രം പ്രതിഫലിച്ചു.
“സുഖമാണോ..”
അവൻ മാർദ്ദവമായി ചോദിച്ചു.
വർഷങ്ങൾക്ക് ശേഷം നേരിട്ട് ആ ശബ്ദം കേട്ടപ്പോൾ അവളുടെയുള്ളിൽ മഞ്ഞ് പെയ്തു.
“സുഖം”
കുറേ നേരം അവരൊന്നും മിണ്ടിയില്ല. സുഖകരമായ ആ മൗനത്തിൽ അവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി, ചിരിച്ചു നിന്നു.
“ഇനി എന്താ പരിപാടി.. “
“അറിയില്ല”
“ആദ്യം നമുക്കൊരു ഐസ്ക്രീം കഴിച്ചാലോ..”
അതൊരു തമാശ പോലെയാണ് അവർക്ക് തോന്നിയത്.
”അന്ന് ഐസ്ക്രീം തട്ടിയിട്ട് ഇറങ്ങിപ്പോയതാ നീ..”
”എങ്കിൽ ഇവിടെ വച്ചു തന്നെ നമുക്കാ പ്രണയകാലത്തേക്ക് മടങ്ങാം…”
“അതിന് നമുക്കിനി യൗവ്വനം ബാക്കിയുണ്ടോ..”
“മനസ്സിപ്പഴും ചെറുപ്പം തന്നെയല്ലേ… ശരീരത്തിനു മാത്രമല്ലേ വയസ്സാകുന്നുള്ളൂ.”
“നിനക്ക് വലിയ മാറ്റമൊന്നുമില്ല.”
“എന്താണ് നീ മാസ്ക്കഴിക്കാത്തത്. ഞാനീ മുഖം പൂർണമായും കാണട്ടേ..”
അത് പറഞ്ഞപ്പോൾ ഒരു നാണം അവളുടെ മുഖത്ത് പരന്നു. ഒടുവിൽ അവൾ മാസ്ക് അഴിച്ചു മാറ്റി. തൻ്റെ ഉള്ളിലെ അപകർഷതാബോധം അവൻ തിരിച്ചറിയുമോ എന്നവൾ സംശയിച്ചു.
“നിനക്കും വലിയ മാറ്റമൊന്നുമില്ല.”
“മുത്തശ്ശിയായി… “
“അതൊക്കെ അനിവാര്യമായ ജീവിത വേഷങ്ങളല്ലേ..”
അവൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു. ഐസ്ക്രീം കഴിച്ചു കഴിഞ്ഞതിനു ശേഷം
“വരൂ … നമുക്ക് എൻ്റെ ഫ്ലാറ്റിലേക്ക് പോകാം..”
“ഞാനില്ല…” അവൻ ഒഴിഞ്ഞു മാറാൻ നോക്കി.
“എന്താ വേറെയാരെയെങ്കിലും കാണാനുണ്ടോ..”
“ഹേയ്.. ആരെക്കാണാൻ… നിന്നെക്കാണാൻ മാത്രം വന്നതല്ലേ…”
“എങ്കിൽ എൻ്റെ കൂടെ വരണം..”
“ഭർത്താവ്..?”
“ഇപ്പോൾ ഫ്ലൈറ്റിലായിരിക്കും. രണ്ട് ദിവസത്തെ ബിസിനസ് ടൂർ.”
“മക്കൾ “
“ഒരാൾ യു.കെ.യിലും മറ്റൊരാൾ കാനഡയിലും..”
“ഭാഗ്യവതി..”
“എന്ത് ഭാഗ്യം..” അവളുടെ മുഖത്ത് ഒരു ദു:ഖം പരക്കാൻ തുടങ്ങി. അത് ശ്രദ്ധിച്ച് അവൻ അവളുടെ കൈ പിടിച്ചു.
“പോകാം..”
അവർ കാറിനടുത്തേക്ക് നടന്നു.
“നീ എന്നാണ് തിരിച്ചു പോകുന്നത്..”
“അടുത്തയാഴ്ച .. ഭാര്യയും മക്കളും കുവൈറ്റിൽ നിന്നും വിളി തുടങ്ങി.”
ബാൽക്കണിയിലിരിക്കുന്ന അവൻ്റെ മുന്നിലേക്ക് വൈൻ കുപ്പിയും രണ്ടു ഗ്ലാസും അവൾ കൊണ്ടു വന്നു വച്ചു. അവന് ആശ്ചര്യം തോന്നി.
”ഈ ശീലങ്ങളൊക്കെയുണ്ടോ.. “
”ഈ നഗരത്തിലെത്തിയതിനു ശേഷം… സഹപ്രവർത്തകയാണ് ഗുരു.”
അവൾ രണ്ടു ഗ്ലാസ്സിലും വൈൻ നിറച്ചു. ഇരുവരും ഗ്ലാസ് കൈയ്യിലെടുത്ത് കുടിക്കാൻ തുടങ്ങി.
“നാട്ടിപ്പോകാറില്ലേ…”
“എന്ത് നാട്.. ഇപ്പോൾ ഈ നഗരമാണ് എൻ്റെ നാട്.. “
“നിൻ്റെ എഴുത്തിലൊക്കെ ഗ്രാമവിശുദ്ധിയും ഓർമ്മകളുമാണല്ലോ..”
“അതൊക്കെ നഷ്ടമായില്ലേ.. ഇപ്പോൾ ഈ നഗരമാണ് എനിക്കിഷ്ടം. ഇവിടെ ആർക്കും ആരെയും അറിയുകയില്ല. എങ്ങനെയും ജീവിക്കാം. ആരും ചോദിക്കാൻ വരികയില്ല. നമ്മൾ എപ്പോഴും തനിച്ചായിരിക്കും.”
“അപ്പോൾ എഴുത്തും ജീവിതവും..”
“ഒരു ബന്ധവുമില്ല. നാൽപ്പത് കഴിഞ്ഞാൽ ഗൃഹാതുരത ഒരുതരം രോഗമാണ്. അത്രമാത്രം.”
“പരിസ്ഥിതി പ്രവർത്തനത്തിലും കണ്ടല്ലോ എഫ്.ബി.യിൽ…”
അവൾ ഉറക്കെ ചിരിച്ചു.
“ഈ ഏഴു നില ഫ്ലാറ്റിലിരുന്നാണ് എൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങൾ… അങ്ങോട്ടു നോക്കൂ…”
മലമുകളിലെ ആ ചുവപ്പടയാളം അവൾ ചൂണ്ടിക്കാണിച്ചു.
“കഴിഞ്ഞ പ്രളയത്തിൻ്റെ ഉണങ്ങാത്ത മുറിവ്.. “
“ചെങ്കൽ ക്വാറികൾക്കെതിരെ എഴുതിയ കഥ ഞാൻ വായിച്ചിരുന്നു.”
ടീപോയിക്കിടയിലെ ഒരു മാഗസിൻ നിവർത്തി ആ കഥ അവനു വീണ്ടും വായിക്കാൻ നൽകി.
“മൂർച്ചയേറിയ ഇരിമ്പു ചക്രത്തിൻ്റെ മുറിവേറ്റ് നെഞ്ചുപിളർന്നു കിടക്കുന്ന പാറക്കുന്നുകൾ. അറവുശാലകളിൽ കൂട്ടിവെച്ച ചോരയുറ്റുന്ന ഇറച്ചിക്കഷ്ണങ്ങൾ പോലെ ചുറ്റും ചെങ്കല്ലുകളുടെ അവശിഷ്ടങ്ങൾ കാണാം. ക്വാറകൾക്കിടയിലൂടെ കല്ലുലോറികൾ പൊടി പാറ്റിപ്പോയുറച്ച വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ചെമ്മൺപാതകൾ. ഏതോ പുരാതന കോട്ടയുടെ ചെങ്കുത്തായ മതിലു പോലെ കല്ലുവെട്ടി യന്തങ്ങൾ സഞ്ചരിച്ച പാറമടയുടെ അഗാധ ഗർത്തങ്ങളിലെ ഭിത്തികൾ.
രക്തം തളം കെട്ടിയതു പോലെ കുഴികളിൽ നിറഞ്ഞ മഴവെള്ളത്തിൽ ഒരു കാക്ക കൊക്കിളക്കി എന്തോ പരതി നോക്കുന്നു. ശേഷിച്ച കരിമ്പാറക്കെട്ടിനു മുകളിലെ പുൽച്ചെടികളെ ഇളക്കി ഒരു കാറ്റ് പൊടിപാറ്റി കടന്നു പോയി. ചുറ്റും പുകമറ പോലെ ഒരു കോട വന്നു പൊതിയുകയും മായുകയും ചെയ്തു. തുടർന്ന് പച്ചക്കുന്നുകളിൽ നിന്നും കിതച്ചുവന്ന മഴ പാറപ്പുറത്ത് തലതല്ലിപ്പെയ്തു. പാറയുടെ സുഷിരങ്ങളിൽ നിന്നും കുമിളകൾ ഉയർന്നു പൊട്ടി. പാറമടകളിൽ നിന്നും മഴയുടെ (ഭൂമിയുടെ) നിലവിളികൾ കേൾക്കുന്നുണ്ട്.,..
എന്തൊരു രോഷവും രോദനവുമാണ് നിൻ്റെ ഭാഷയ്ക്ക് …”
“ഇതൊന്നും ആത്മാർത്ഥതയുള്ള എഴുത്തല്ല… വായനാസുഖം മാത്രം…”
“എനിക്ക് നിന്നെ മനസ്സിലാകുന്നില്ലല്ലോ സ്മൃതീ…”
“എനിക്കും… ഓരോ വേഷം കെട്ടലല്ലേ ജീവിതം. ഭാര്യ… അമ്മ… അധ്യാപിക…കവി… ഫെമിനിസ്റ്റ്… പരിസ്ഥിതി പ്രവർത്തക.. പക്ഷേ, എനിക്കിഷ്ടം പഴയ കാമുകിയുടെ വേഷമാണ്…”
അവൾ വീണ്ടും വൈനൊഴിച്ചു കുടിച്ചു.
“നിനക്ക് വല്ലാത്ത മാറ്റമാണ് ..”
“മാറണം അല്ലെങ്കിൽ നമ്മൾ പഴഞ്ചനാകും. ഞാൻ അയച്ചു തരാറുള്ള വീഡിയോകൾ നീ കാണാറില്ലേ…”
“ഇപ്പോൾ അതിലൊന്നും വലിയ രസം തോന്നാറില്ല. മുമ്പ് അതിനഡിറ്റായിരുന്നു. നിനക്ക് ആരാണ് ഇതൊക്കെ അയച്ചു തരുന്നത്.”
“എൻ്റെ ഫ്രണ്ട്സിൻ്റെ ഗ്രൂപ്പിൽ നിറയെ ഇത് മാത്രമേയുള്ളൂ… എല്ലാം ലൈവ് വീഡിയോകൾ. നമ്മൾ ട്രൈ ചെയ്തിട്ടില്ലാത്ത റിഫറൻ്റ് ടൈപ്സ് ഓഫ് പൊസിഷൻസ്..”
ബാൽക്കണിയിലേക്ക് തണുത്ത കാറ്റ് വീശി. എതിർവശത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങൾ താഴെ വീണു. കുന്നിൻ മുകളിൽ നിന്നും കാർമേഘങ്ങൾ ഫ്ലാറ്റുകൾക്ക് മുകളിലേക്ക് ഒഴുകിയെത്തുകയാണ്. അവൾ എഴുന്നേറ്റ് ആവേശത്തോടെ അവനെ ഒന്നു ചുറ്റിവരിഞ്ഞു.
“ആ പഴയ തറവാടു വീടിൻ്റ ചുവരിൽ ചാരിനിർത്തി നീയെന്നെ ഓരോന്ന് ചെയ്തു പോലെ ഒരിക്കൽ കൂടി…”
മഴത്തുള്ളികൾ അവരുടെ ദേഹത്ത് ചരിഞ്ഞു വീഴാൻ തുടങ്ങി. അവർ അകത്തു കയറി കതകടച്ചു. മഴ തിമിർത്തു പെയ്യുകയായിരുന്നു.
തണുപ്പിലും അവരുടെ ശരീരം വിയർത്തൊലിച്ചു. നനഞ്ഞൊട്ടിയ മെറൂൺ ഉടുപ്പിൽ നിന്നും മുഖമടർത്തി അവൻ ചോദിച്ചു.
“കുറ്റബോധം തോന്നുന്നുണ്ടോ നിനക്ക്…”
ശ്യാമിൻ്റെ മണമുള്ള ബെഡ്ഡിൽ അവൾ അവനെ വീണ്ടും ഞെരിച്ചമർത്തി.
“എന്തിന്. ഇതും ഒരു ശീലമാക്കണം. ജീവിതത്തിൻ്റെ ഭാഗം തന്നെ…”
അവൾ പൊട്ടിച്ചിരിച്ചു. എന്തോ ഒരു ഭയം തോന്നി, അവൻ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറ്റി, ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോയി.
അവൾ ബാൽക്കണിയിലേക്കിറങ്ങി നിന്നു. മലമുകളിലെ ആ ചുവപ്പടയാളത്തിലേക്ക് ഒരിക്കൽ കൂടി നോക്കി. ഉരുൾപൊട്ടിയ മലയാണ് അവളിപ്പോൾ. കയ്യിലെ മൊബൈൽ നോക്കി റെക്കോർഡിംഗ് പരിശോധിച്ചു. വാട്സപ്പ് ഗ്രൂപ്പിലെ ഫ്രണ്ട്സിനെപ്പോലെ കാമുകനോടപ്പമുള്ള എൻ്റെയും ലൈവ് വീഡിയോ. അത് ആദ്യം അവനു തന്നെ അയച്ചു കൊടുത്ത്, വല്ലാത്തൊരു ആത്മരതിയോടെ അവൾ താഴേക്ക് കുത്തിയൊലിച്ചു.