
1 . മൂഢസ്വർഗ്ഗം
വീണതു മൂഢസ്വർഗ്ഗത്തിൽ
നിന്നായതു കൊണ്ട്
നരകത്തിനും ചിലപ്പോൾ
ഒരു കുളിരാണ്.
2 . തലയിണ
നിൻ്റെ ആരാണ് ഞാൻ
എന്ന അവൻ്റെ ചോദ്യത്തിന്
തലയിണ എന്നവൾ പറഞ്ഞു.
മറ്റെന്തിനാണ് അവളുടെ
രാപ്പനി അറിയുക?
- പൂവ്
ചിലപ്പോളൊക്കെ എനിക്ക്
മുല്ലപ്പൂവിൻ്റെ മണമാണ്
ചിലപ്പോൾ പനിനീർ റോസയുടെയും
ഇതുവരെയില്ലാത്ത
നിറങ്ങളും
എന്നെ കൂടുതൽ
സുന്ദരിയാക്കിയിരിക്കുന്നു
സൂര്യകാന്തിയുടെ മഞ്ഞയാണ്
ഇപ്പോളെനിക്ക്
ഇന്നലെ ചെമ്പകത്തിൻ്റെ
വെൺമയായിരുന്നു
നിൻ്റെ ജലം
എൻ്റെ വേരുകളിലേക്ക് ഊർന്നിറങ്ങും വരെ
ഞാൻ ഒരു മങ്ങിയ പൂവായിരുന്നു
