മൂന്ന് കവിതകൾ

1. മഴ

നിങ്ങൾ ഒരു മഴ പോലെ
ആണെന്ന് തോന്നുന്നു.
ചിലപ്പോൾ
ആർത്തലച്ച്,
എന്നിൽ പെയ്തിറങ്ങി
മനസ്സും ശരീരവും
ശുദ്ധീകരിക്കും.
പിന്നെ
ഏതോ കാർമേഘങ്ങൾക്കിടയിൽ
പിടി തരാതെ
ഒളിച്ചിരിക്കും.

ചിലപ്പോൾ
മറ്റേതോ ഇടത്ത്
ആർത്തു പെയ്യുന്നതു കൊണ്ടുമാകാം.

2. നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ

നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ
ഒരാളെങ്കിലും വേണം
മുറുക്കെയൊന്നു
കെട്ടിപ്പിടിക്കാൻ,
നമുക്ക് വേണ്ടാത്ത നമ്മളെ
ആർത്തിയോടെ
ചേർത്ത് പിടിക്കാൻ,
നമ്മളെ നമുക്ക്
വാശിയോടെ
വീണ്ടും സ്നേഹിക്കാൻ.

നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ
ഒരാളെങ്കിലും വേണം
മുറുക്കെയൊന്നു
കെട്ടിപ്പിടിക്കാൻ,
അസ്ഥിരതകളെ
തലോടാൻ,
ഭയങ്ങളെ, മുറിവുകളെ
ചുംബിക്കാൻ,
സാരമില്ലെന്ന് പറയാൻ.

നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ
ഒരാളെങ്കിലും വേണം
മുറുക്കെയൊന്നു
കെട്ടിപ്പിടിക്കാൻ.

3. ഒടുവിലത്തെ പ്രണയിനി

ഒടുവിലത്തെ പ്രണയിനിയാകാനാണ് എനിക്കിഷ്ടം.
പ്രണയിച്ചു മടുത്തവൻ്റെ,
അതിൻ്റെ
വിയർപ്പും ശ്വാസവും,
ഉപ്പും മധുരവും
രുചിച്ചറിഞ്ഞവൻ്റ,
ഒടുവിലത്തെ
വീടാകാനാണ്
എനിക്കിഷ്ടം.

ഇനിയൊരു യാത്രയ്ക്ക്
മോഹമില്ലാതെ
ആവതില്ലാതെ
എന്നിൽ അടങ്ങുന്ന
ഒടുവിലത്തെ
പ്രണയമാണെനിക്കിഷ്ടം.

ഒടുവിലത്തെ പ്രണയിനിയാകാനാണ്
എനിക്കിഷ്ടം.

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.