വായനയുടെ ബോധാബോധ തലങ്ങളില്‍ പലപ്പോഴും മുള്ളുകള്‍ പോലെ കൊണ്ട് കയറുന്ന എഴുത്തുകള്‍ ലഭിക്കാറുണ്ട് അപൂര്‍വ്വം എഴുത്തുകാരില്‍ നിന്നും . അത് കുറച്ചുനാള്‍ ഉള്ളില്‍ ഒരു മധുരനൊമ്പരമായി കൊണ്ട് നടക്കാന്‍ കഴിയും . എം ടി യുടെ രണ്ടാമൂഴത്തിന് അത് കഴിഞ്ഞിട്ടുണ്ട് . അതുപോലെ ഉറൂബിന്റെ ഉമ്മാച്ചുവിനും ബഷീറിന്റെ പ്രേമലേഖനത്തിനും ഒക്കെ ഇത്തരം നോവു നല്കാന് കഴിഞ്ഞിട്ടുണ്ട് എന്നത് ഓര്‍ത്തുപോകുകയാണ്. ഇവ ആദ്യം തള്ളിക്കയറി വന്നതുകൊണ്ടു പറഞ്ഞു എന്നേയുള്ളൂ അതിനുമപ്പുറം പലരുണ്ട്. ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞു കാടുകയറുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പഴയകാല എഴുത്തുകാരുടെ നോവലുകളും കഥകളും നല്കിയ ജീവിതഗന്ധിയായ അനുഭവങ്ങള്‍ കാലങ്ങള്‍ക്ക് ശേഷവും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത് ആ എഴുത്തുകളിലെ സത്യസന്ധതയും ജീവിതത്തോടുള്ള നിരീക്ഷണത്തിലെ , ആഖ്യായനത്തിലെ ലളിതവും ഋജുവുമായ സമീപനത്താലുമൊക്കെയാണ് എന്നു കരുതുന്നു . അവരുടെ ഭാഷയുടെ മനോഹാരിത ഇന്ന് ലഭ്യമല്ല . ഇന്നത്തെ ഭാഷ ആധുനികതയുടേതാണ് . ആ ഭാഷയാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതും . പഴയകാല നടന്മാരായ സത്യനും ജയനും നസീറും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത് അതുപോലെയാണ് പഴയകാല നോവലുകളേയും കഥകളേയും ഇന്നത്തെ വായനക്കാര്‍ സമീപിക്കുന്നത്. മാറ്റങ്ങള്‍ നല്ലതാണ് പക്ഷേ ആ മാറ്റങ്ങള്‍ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്ന എന്തെങ്കിലും സംഭാവന നല്കുന്നവയാണെങ്കില് അതിനു ഒരു മനോഹാരിതയും സ്വീകാര്യതയും ഉണ്ടാകും .സ്വയം അറിയാം താന്‍ ഒരു കവിയോ കഥാകാരനോ ആകില്ല എന്നും ആകാന്‍ കഴിയില്ല എന്നും അറിഞ്ഞും കാര്യമായ് ഒന്നും എഴുതാതെ, ഇത്രയും ആരാധകര്‍ക്കൊപ്പം അവരുടെ പ്രകീര്‍ത്തനങ്ങളും പാരിതോഷികങ്ങളും ലഭിക്കാതെ ജീവിക്കാന്‍ കഴിയാതെ പോകുന്ന എഴുത്തുകാരാണ് ഭൂരിഭാഗവും സോഷ്യല്‍ മീഡിയ കയ്യടക്കിവാഴുന്നതു . അതിനു വേണ്ടി അവര്‍ നിര്‍മ്മിക്കുന്ന ആരാധക ഗുണ്ടാ സംഘങ്ങള്‍ സജീവമായി അവരുടെ ഏതൊരു എഴുത്തിലും കൂടെയുണ്ടാകും . അവരുടെ വാക്കുകളില്‍, ആസ്വാദനങ്ങളിൽ, അഭിപ്രായങ്ങളില്‍ ,ഭാഷയില്‍ ആ എഴുത്തുകാരന് ശേഷം പ്രളയം ആണ് . അതിന് വിപരീതമായി ആര് എന്തു പറഞ്ഞാലും അവര്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും . അത്തരം സമ്മേളനങ്ങള്‍ നടത്തിപ്പുകാര്‍ തന്നെ അവരുടെ തത്പരകക്ഷികളെ ഊരും പേരുമില്ലാതെ അതിനായി അണിനിരത്തി പുറമെ നിന്നു നിഷ്പക്ഷ നിലപാടിന്റെ കപട നേതൃത്വം നയിക്കുന്നത് ഇന്നിന്റെ സോഷ്യല്‍ മീഡിയ കാഴ്ചകള്‍ ആണ് .
പറഞ്ഞു വന്നപ്പോള്‍ കാടുകയറി വിഷയത്തില്‍ നിന്നും പുറത്തു പോയി എന്നൊരു സംശയം. ഇന്ന് വായിച്ചത് “വിനോയ് തോമസി”ന്റെ “മുള്ളരഞ്ഞാണം” എന്ന കഥാസമാഹാരമാണ് . എന്‍.കെ. ശശിധരന്റെ അവതാരികയോട് കൂടി ഏഴു കഥകള്‍ അടങ്ങിയതാണ് ഈ പുസ്തകം . ഇതിലെ കഥകള്‍ എല്ലാം തന്നെ പല ആനുകാലികങ്ങളിലും വന്നവയാണ് . എങ്കിലും ഈ സമാഹരണം വളരെ മികച്ചതായിരുന്നു എന്നതിന് സംശയമില്ല . പുതിയകാല എഴുത്തുകാരില്‍, വേറിട്ട് നില്ക്കുന്ന കുറച്ചു എഴുത്തുകാര്‍ ഉണ്ട്. അവരെ വായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അല്ല ആനുകാലികങ്ങളിലും പുസ്തകങ്ങളിലും പരതണം എന്നുണ്ട് .ഒരു കണക്കിന് അത് നല്ലതാണ് .സോഷ്യല്‍ ആഡിറ്റിംഗ് അവര്‍ക്ക് ബാധകമാകില്ലല്ലോ. ഒന്നാമത്തെ കഥ “ആനന്ദബ്രാൻ്റന്‍” ആണ് . സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടും ചിന്താഗതികളോടും വളരെ മനോഹരമായി കലഹിക്കുന്ന ഒരു കഥയാണത്. മാത്രവുമല്ല ആ കഥയുടെ പരിസരവും അതിന് അനുയോജ്യമായ ഭൂമികയുടെ തിരഞ്ഞെടുപ്പും ഭാഷയും വളരെ മനോഹരമായി അനുഭവപ്പെട്ടു . കണ്ണൂര്‍ ഭാഷയുടെ സൗന്ദര്യവും സാധ്യതയും ഈ കഥ നന്നായി ഉപയോഗിക്കുന്നതായി കാണം .ആശയങ്ങളുടെ അപചയവും കപടതയും രൂപമാറ്റങ്ങളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇത്. തുടര്‍ന്നു വരുന്ന കഥയാണ് “ചൂടന്‍ ഇങ്കന്റെ ശവമടക്ക്”. ആക്ഷേപഹാസ്യം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന കഥകള്‍ ഇന്ന് വരെ കുറവാണ്. രാഷ്ട്രീയവും മതവും സമൂഹവും പരിചരിച്ചു പോകുന്ന കീഴ് വഴക്കങ്ങളും ചിന്താഗതികളും അവതരിപ്പിക്കുമ്പോള്‍ ശരിക്കും ഇന്നത്തെ സമൂഹത്തെ എഴുത്തുകാരന് ഭയക്കേണ്ട സാഹചര്യമാണുള്ളത് എന്നതു നന്നായി മനസ്സിലാക്കിയ എഴുത്തുകാര്‍ക്ക് അതിനെ എങ്ങനെ മറികടക്കണം എന്നുമറിയാം എന്നീ എഴുത്തുകാരന് തന്റെ കഥകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട് . “കൂട്ടുക്കുറുക്കത്തീ കൂർ….കൂര്” എന്ന കഥയും പ്രമേയ ഭംഗി കൊണ്ട് മനോഹരമായിരുന്നു എന്നു കാണാം.. മണ്ണിനോടും പ്രകൃതിയോടും അടുത്തിടപഴകിയ ഒരു തലമുറയുടെ സ്പന്ദനങ്ങള്‍ ആണ് ഇന്ന് അവശേഷിക്കുന്നത് എന്നൊരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് .മണ്ണും മനുഷ്യനും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അതിനാല്‍ തന്നെ കഥകളുടെ ഊര്‍ജ്ജ തന്മാത്രകള് ആകുന്നു എന്നു എഴുത്തുകാരന് തെളിയിക്കുന്നു . തുടര്‍ന്നുവന്ന “മുള്ളരഞ്ഞാണം” എന്ന കഥയാണ് ശരിക്കും ഈ കഥാസമാഹാരത്തിലെ ഹൈലൈറ്റ് എന്നു കരുതാം. സഭയുടെയും വിശ്വാസങ്ങളുടെയും ഗ്രാമീണതയുടെ നിഷ്കളങ്കതയുടെയും തുറന്ന പുസ്തകമാണ് ഈ കഥ . നാടന്‍ പ്രമേയം ആയി തോന്നുമെങ്കിലും ആഴത്തില്‍ ഒളിഞ്ഞിരിക്കുന്ന ശൈശവത്തിന്റെ വിഹ്വലതകളും സ്വാതന്ത്രത്തിന്റെ അടച്ചു പൂട്ടലുകളും ഈ കഥയുടെ ആത്മാവാകുകയാണ് . പൗരോഹിത്യവും അതിന്റെ ജീര്‍ണ്ണതകളും പറഞ്ഞു പോകുന്നതിനൊപ്പം തന്നെ ഒരു പെൺകുട്ടിയുടെ ശൈശവത്തിനെ, അതിന്റെ നിഷ്കളങ്കതയെ എങ്ങനെ മുതിര്‍ന്നവര്‍ കൂച്ച് വിലങ്ങിട്ടു നയിക്കുന്നു എന്ന കാഴ്ചയും പങ്കുവയ്ക്കുന്ന ഈ കഥ വളരെ പ്രസക്തമായ ഒന്നായി തോന്നി .ഉറൂബിൻ്റെ രാച്ചിയമ്മയെ പൊടുന്നനെ ഓർമ്മ വന്നു ഈ കഥ വായിക്കുമ്പോൾ. “നായ്ക്കുരണ”മെന്ന കഥ തികച്ചും വായനയില്‍ ഭീതിയുടെ ആവരണം നല്‍കുന്നത് വീട്ടകങ്ങളില്‍ പിഞ്ചു ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങളുടെ ഭീത മുഖത്തിന്റെ ആവരണം കണ്ടിട്ടാണ് . മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു എങ്ങനെ ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തെ വെറും അഴുക്ക് ചാലിലൂടെ നടത്താന്‍ കഴിയും എന്നു ഈ കഥ വായിപ്പിക്കുന്നു. “തുഞ്ചന്‍ ഡയറ്റ്” എന്ന കഥ വായനക്കാരെ കൊണ്ടുപോകുന്നത് മറ്റൊരു ഭീതിപ്പെടുത്തുന്ന വസ്തുതയിലേക്കാണു . അത് നമ്മുടെ വിദ്യാഭാസരീതിയില്‍ ഉടലെടുക്കുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണത്തിലേക്കാണ് . പാഠ്യപദ്ധതിയുടെ സുതാര്യതയിലും തിരഞ്ഞെടുപ്പിലും കടന്നുകയറുന്ന വരേണ്യതയുടെ . കൃത്യമായ ഫാഷിസ അജണ്ടകളുടെ ഒരു തുറന്നുകാട്ടല്‍ ആണ് ഈ കഥ . വെറും വായനക്കപ്പുറം ഒരു പാട് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും, ഈ കഥ വഴിമരുന്നിടുന്നുണ്ട് . “കളിഗെമിനാറിലെ കുറ്റവാളികള്‍” എന്ന കഥ വായനക്കാരെ എത്തിക്കുക നിയമവും സാധാരണ പൗരനും തമ്മിലുള്ള ബന്ധത്തിലേക്കാണ് . നിയമം പാലിക്കേണ്ടവര്‍ ശരിക്കും ആരാണ് എന്നൊരു ചിന്ത ഉണര്‍ത്തുന്ന ഈ കഥയില്‍ വേലി തന്നെ വിളവു തിന്നുന്നതും കാണാന്‍ കഴിയും .
വെറും വായന മാത്രം അര്‍ഹിക്കുന്ന ഒരു എഴുത്തുകാരന് ആയി കഥാകൃത്തിനെ വിലയിയരുത്താന്‍ കഴിയുകയില്ല . രതിയുടെയും മതത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നൂലിഴകള്‍ കൊണ്ട് സമൂഹത്തിലെ കെടുകാര്യസ്ഥതകളെ വിമര്‍ശിക്കുകയും അവയിലൂടെ വായനക്കാരെ ശ്രദ്ധയോടെ നടത്തുകയും ചെയ്യുന്ന ശൈലിയാണ് വിനോയ് തോമസ് കൈക്കൊണ്ടിരിക്കുന്നത് എന്നു കാണാം . ഭാഷയില്‍ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങള്‍ ആധുനിക എഴുത്തുകാര്‍ എന്നു കരുതി അഭിരമിക്കുന്ന ഇന്നത്തെ എഴുത്തുകാര്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാകും എന്നൊരു അഭിപ്രായം ഉണ്ട് . ഭാഷ സംവദിക്കേണ്ടത് വസ്തുതകളെ വച്ചുകൊണ്ടാകണം . അതിനുള്ളില്‍ നിന്നുകൊണ്ടു പരീക്ഷണങ്ങള്‍ ആകാം . സ്വീകാര്യത ഒന്നു വേറേതന്നെയാകും . ശ്രദ്ധിക്കപ്പെടാന്‍ ഉള്ള തത്രപ്പാടില്‍ അത് മറക്കുകയോ അതിനുള്ള കഴിവ് ഇല്ലാതിരിക്കുകയോ ചെയ്യുന്നതാണ് ഇന്നത്തെ എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളി. ഈ തിരിച്ചറിവ് മനസ്സിലാക്കി മുന്നേറാന്‍ അവര്‍ വിനോയ് തോമസുമാരെക്കൂടി വായിക്കേണ്ടതുണ്ട് . നല്ല വായനകള്‍ ആരോഗ്യകരമായ പുതു വായനകള്‍ നല്‍കുമെന്ന് കരുതുന്നത് അതിനാല്‍ മാത്രമാണ് . അനുകരണങ്ങള്‍ അല്ല വേണ്ടത് . പുതിയ എഴുത്തുകാര്‍ ആണ് ഉണ്ടാകേണ്ടത് . അവരെ ഓര്‍ക്കുന്ന പുതുമകള്‍ ആണ് ഉണ്ടാകേണ്ടത്. അവയിലേക്ക് കൂടുതല്‍ വിശാലമായ വായനയും സഹിഷ്ണുത ഉള്ള സമീപനങ്ങളും ഉള്ള എഴുത്തുകാര്‍ വളര്‍ന്ന് വരേണ്ടിയിരിക്കുന്നു . എനിക്കു ശേഷം പ്രളയം എന്നത് എഴുത്തുകാരന് തോന്നല്‍ ആകരുതു. അതുള്ളിടത്തോളം സാഹിത്യത്തില്‍ ഒന്നും പുതുതായി സംഭവിക്കില്ല.
മുള്ളരഞ്ഞാണം (കഥകള്‍)
വിനോയ് തോമസ്
ഡി സി ബുക്സ് (2019)
വില : 130.00