മലമേലെ കാറ്റൊന്നു പാറി വന്നു
മഴപോലെയിലകൾ കൊഴിഞ്ഞു വീണു
നിറനിറ കുരുമുളകുമണികൾ ചാർത്തി
അണിയണിയായ് കൊടികൾ കുണുങ്ങി നിന്നു
കുളിരോലും കാറ്റിന്റെ കൈ കവർന്നു
മധുമാസം മഞ്ഞല ചാർത്തി വന്നു
കാറ്റുലയ്ക്കുന്ന കൊടി മരത്തിൽ
ഒരു നീളൻ മുളയേണി ചാരിവെച്ചു
പുറമാകെ മൂടി കിടന്നിരുന്നു
പഴയൊരു ലുങ്കി കൊരുത്ത *തോണ്ടി
കനകം പോൽ ചോന്നു വിളഞ്ഞു നിന്നു
ഉരുളൻ ചെറു മണികൾ കറുത്ത മുത്ത്
അരിമുളകായ് വിറ്റാലും പൂത്തകാശ്
കരിമണിയായ് വിറ്റാലും പൂത്ത കാശ്
ഇടവപ്പെരുമഴ പെയ്തിടുമ്പോൾ
തുലാ വർഷം കലിതുള്ളിചിന്നിടുമ്പോൾ
കുരുമുളക് പൊടിച്ചിട്ട ചുക്കുകാപ്പി
അതുപോലെ വേറൊരു ലഹരിയുണ്ടോ
ഒരുകിലോ നെയ്യുള്ള പോത്തുവാങ്ങി
തുരുതുരാ തൂവുക കുരുമുളക്
ഉരുളിയിൽ എണ്ണയൊഴിച്ചിളക്കി
കുഞ്ഞുള്ളി ഇഞ്ചിയും ചേർത്തിളക്കി
കറിവേപ്പിലമീതെ വിതറിയിട്ടാൽ
അതുപോലെ വേറൊരു വിഭവമുണ്ടോ?!
പലപല സ്വപ്നങ്ങൾ കണ്ടു കുട്ടൻ
വിരുതോടെ ഏണിപ്പദം ചവിട്ടി
നിറയെത്തിരികൾ പഴുത്തു നിന്നാ
കരിമുണ്ടക്കൊടിയുടെ വിളവെടുക്കാൻ
കൈനീട്ടി **കോത്തലുകൾ നുള്ളിയിട്ടു
പിന്നിലെ തോണ്ടി നിറഞ്ഞു തൂങ്ങി
ജനുവരിക്കാറ്റിന്റെ ഇക്കിളിയോ
നറുംകാപ്പിപ്പൂവിന്റെ പുഞ്ചിരിയോ
ഒളിചിന്നും വെയിലിന്റെ പൊൻ തരിയോ
ഉണ്ണികൾ വിരിയുന്ന പൂങ്കുലയോ
ഒരു മാത്ര ശ്രദ്ധ പതറിപ്പോയി
അറിയാതെ കൈചെന്നു തട്ടിയതോ
ഒരുകട്ട മണ്ണ് കുഴച്ചുവെച്ച
ഒരുകൂട്ടം കടന്നലിൻ വീടിനിട്ട്
ഒന്നായിളകിപ്പറന്നു ചുറ്റും
അഞ്ചാറു കാട്ടുകടന്നലുകൾ
ഇതുവല്യ പുകിലാവും കൂട്ടുകാരെ
ഇതുപോലൊരെണ്ണത്തിൻ കുത്തുകൊണ്ടാൽ
അവനാരാ സാമർത്ഥ്യക്കാരനല്ലേ
അറിവിന്റെ കേദാര ഭൂമിയല്ലേ
പഞ്ചതന്ത്രം കഥ കേട്ടതല്ലേ
ചതുരുപായങ്ങൾ പഠിച്ചതല്ലേ
കൈകൂപ്പി കണ്ഠം ചുമച്ചുണർത്തി
താളത്തിൽ കുട്ടൻ പറഞ്ഞുവപ്പോൾ:
‘’ചുറ്റിപ്പറക്കുന്ന കുത്തുകാരെ
നമ്മളീ മണ്ണിന്റെ മക്കളല്ലേ
അറിയാതെ പറ്റിയ കൈയബദ്ധം
അലിവോടെ നിങ്ങൾ ക്ഷമിക്കുകില്ലേ
ഹൃദയത്തിൻ ഭാഷയറിയുകില്ലേ
നമ്മളൊരേ ഭൂവിൽ വാസമല്ലേ’’
ഇതു കേട്ടവരുടെ കൺനിറഞ്ഞു
ഇതുപോലെ ഭൂമിയിൽ മർത്യരുണ്ടോ
ഒരു കെട്ടു ചൂട്ടിൻ പുകയല്ലയോ
പതിവായ് കടന്നലിൻ ചുടലഭൂമി
അതുകൊണ്ടു കുത്തുവാൻ വന്നതല്ലേ
സ്വയരക്ഷ എല്ലാര്ക്കും നോട്ടമില്ലേ
ഒന്നുമൂളിക്കൊണ്ടു ചുറ്റിയവർ
രണ്ടുമൂളിക്കൊണ്ടു കൂടുവിട്ടു.
ഇതുപോലെ ജീവിത സന്ധികളിൽ
അറിവു നാം നേടിയതുതകിക്കൊള്ളും
അറിവല്ലേ നിറവ് ഈ ജീവിതത്തിൽ
അറിവിനായ് യത്നിക്ക കൂട്ടുകാരെ …
*തോണ്ടി – കുരുമുളക് വിളവ് എടുക്കാൻ കെട്ടുന്ന തുണി കൊണ്ടുള്ള ഏത്താപ്പ്
**കോത്തൽ- കുരുമുളക് തിരിയോടെ പറയുന്ന പേര്