തിരിച്ചു വരവിനായ് സൂര്യൻ ആഴിയിൽ അസ്തമിച്ചപ്പോൾ ചന്ദ്രൻ അതിന്റെ നക്ഷത്രങ്ങളേയും കൂട്ടി എത്തിയിരിക്കുന്നു. ജനലിലേക്ക് പടർന്നു കയറിയ മുല്ലവള്ളി, പൂക്കൾ വിടർത്തി ചുറ്റും സുഗന്ധം പരത്തുമ്പോൾ വണ്ട് മൂളും പോലെ ഒരുവന്റെ ഭ്രാന്തൻ ജല്പനങ്ങൾ കാതിൽ മുഴങ്ങുന്നു. ബെഡിൽ ചാരിയിരുന്ന് മാഗസീൻ മറിക്കുമ്പോഴും സുധയുടെ മനസ് മറ്റൊരിടത്താണ്..
“നന്ദേട്ടാ.. പ്രണയമെന്നാൽ എന്തായിരുന്നു? അതിനൊരു ഭാഷയുണ്ടോ?.”
തൊട്ടടുത്തിരുന്ന് ഓഫീസിലെ കണക്കു നോക്കികൊണ്ടിരുന്ന നന്ദൻ അവൾക്കു നേരെ തിരിഞ്ഞു. ഇങ്ങനൊരു ചോദ്യം അന്നേരം പ്രതീക്ഷിച്ചതല്ല. എങ്കിലും, ചിലസമയങ്ങളിൽ അവളിലെ ഭാവവ്യത്യാസങ്ങൾ അയാളും ശ്രദ്ധിച്ചിരുന്നതാണ്.
“എന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം?” കണക്ക് നോക്കുന്നത് നിർത്തി അവൻ അവളുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നു. ഒരു നോട്ടം മാത്രമായിരുന്നു അവളുടെ ഉത്തരം..
“എന്താണ് എന്റെ സുധകുട്ടിയുടെ പ്രശ്നം…? കുറെ നേരായല്ലോ അഗാധമായൊരു ചിന്ത “.
മറുപടി പറയാതിരിക്കെ വീണ്ടും അയാൾ ചോദിച്ചു. കൈയ്യിലെ മാഗസിൻ വാങ്ങി മറിച്ചുനോക്കി. ചോദ്യമിനി അതിൽനിന്ന് വന്നതാണോ എന്നറിയണമല്ലോ.
“ഒന്നുല്ല്യ വെറുതെ…. ഞാനൊരു കഥപറയട്ടെ നന്ദേട്ടാ… ?” നീണ്ടു മെലിഞ്ഞ വിരലുകൾ കൊണ്ട് മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചപ്പോൾ നന്ദൻ തലയാട്ടി.
“മുഴുവൻ കേൾക്കണം… പാതിയിൽ ഉറങ്ങി കളയരുത്. “
“നേരം പുലരും വരെ പറഞ്ഞാലും ഞാൻ കേൾക്കും.. ചെലപ്പോ കണ്ണടച്ചിരുന്ന് കഥയെ പറ്റി ചിന്തിക്കും അന്നേരം ശല്യപെടുത്തരുത് “.
കള്ളചിരിയോടെ അവനതു പറയുമ്പോൾ സുധയുടെ നുണകുഴികളിൽ പരിഭവം നിറഞ്ഞു.
“ഡോ ഞാൻ ബെർതെ പറഞ്ഞതല്ലെ… പറയ്, കേൾക്കട്ടെ. അല്ല, പേര് എന്താ?
“മുല്ലപ്പൂവിപ്ലവം”
“ഹ, വല്ല അറേബ്യൻ ചരിത്രമാണോ ഉദ്ദേശിച്ചത്? എങ്കിൽ ഞാൻ ഇല്ലാട്ടോ. നിന്റെ ചരിത്രപരമായ വസ്തുതകൾ കേട്ട് വട്ടാവാൻ എനിക്ക് വയ്യ”.
“അതൊന്നുമല്ല. വിപ്ലവമാണോന്ന് എനിക്കി അറിയില്ല.പക്ഷേ ഒരു കഥയാണ് മുല്ലപ്പൂവിനകമ്പടിയിൽ സ്നേഹത്തിൽ ചാലിച്ച കഥ”
“പണ്ട് പണ്ട് അത്ര പണ്ടൊന്നും അല്ല ഏതാണ്ട് അമേരിക്ക താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ച കാലത്ത്, മലബാറിന്റെ ഒരു മലയോരപ്രദേശത്ത് സ്വല്പം ചട്ടുകാലോടെ ഒരു പെൺകുട്ടി ജനിച്ചിരുന്നു. കുടുംബത്തിലെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങിയ പെൺകുട്ടി. കാലം അതിന്റെ തേരിലേറി പറന്നുപറന്നു പോകെ, അവളും വളർന്നുവലുതായി ഒരു കോളേജ് കുമാരിയോളം. ഉപരിപഠനത്തിനായി ധീരദേശാഭിമാനി അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയത്തിലുള്ള കോളേജിലേക്ക്, കോഴിക്കോടിന്റെ മണ്ണിലേക്ക് പുറപ്പെടുമ്പോൾ അവളിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. ഒപ്പം ആ മണ്ണ് തനിക്കായി മാറ്റിവെച്ചത് എന്തെന്നറിയാനുള്ള ആകാംക്ഷയും.
പഴമ വിളിച്ചോതുന്ന കോളേജ് ബിൽഡിങ്ങുകളും ലൈബ്രറിയും മഞ്ഞ പൂമരങ്ങളും സൗഹൃദ കൂട്ടങ്ങളുമടങ്ങുന്ന അന്തരീക്ഷവുമായി വളരെ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു. എന്നാൽ അതിലുമൊക്കെ ഏറെ അവൾ ഇഷ്ടപ്പെട്ടത് അവിടേക്കുള്ള ഒരു മണിക്കൂർ യാത്രയാണ്. മഞ്ചേരിയും അരീക്കോടും കടന്ന് മുക്കം വഴിയൊരു യാത്ര. കാലിന്റെ ചെറിയ ഏറ്റകുറച്ചിൽ തരപ്പെടുത്തിയ റിസർവ് സീറ്റിന്റെ ജനാലകമ്പികൾക്കിടയിലൂടെ അവൾ കാഴ്ച്ച കണ്ടു. പിന്നിലോട്ട് ഓടിമറയുന്ന മരങ്ങളും കെട്ടിടങ്ങളും രാഹുൽ ഗാന്ധി ഓഫീസും ഗ്രീൻ ഗാർഡനും ഇരുവഴിഞ്ഞിയുമൊക്കെ നിത്യകാഴ്ചകളായി. മുക്കത്തെ പിസി ജംഗ്ഷനിലെ അവസാന വളവിലെ പൂക്കടയും ഇങ്ങനെയൊരു സ്ഥിരകാഴ്ചയായിരുന്നു. ഒരുപാട് കടകൾക്കിടയിലെ ഒരുമുറി പൂക്കട. ചെഗുവേരയും മാക്സും ലെനിനും മുതൽ അഭിമന്യുവരെയുള്ള വിപ്ലവ നക്ഷത്രങ്ങൾക്കും അതിന്റെ ചുവരുകൾ ഇടം നൽകിയിരുന്നു. ഒത്തിരി പൂക്കൾ ഉണ്ടായിരുന്നെങ്കിലും മുല്ലയുടെ പ്രഭയിൽ അവയെല്ലാം മങ്ങി പോയിരുന്നു. ആ പൂക്കൾക്കിടയിൽ വെച്ചാണ് അവളവനെ കാണുന്നത് .
യുവത്വത്തിന്റെ ചുറുചുറുക്കുള്ള നെറ്റിയിൽ കറുത്ത കുറിതൊട്ട ഒരു ഗൗരവക്കാരൻ. ആരെയും ആകർഷിക്കാൻ പോന്നത്ര തീക്ഷ്ണതയുണ്ട് അവന്റെ കണ്ണുകൾക്ക്. എത്ര പെട്ടെന്നാണ് പൂക്കടയും ഗൗരവകാരനും അവളുടെ പ്രിയപ്പെട്ട കാഴ്ചയായി മാറിയത്.! പേരറിയാത്ത അയാൾക്ക് അവളൊരു പേരുമിട്ടു,
‘നെപ്പോളിയൻ’
ഒരു പതിറ്റാണ്ട് കാലം ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടുമായി അയാൾക്ക് വലിയ ബന്ധമുണ്ടായിട്ടല്ല. ചരിത്രത്താളുകൾക്കിടയിൽ എന്നോ കണ്ട നെപ്പോളിയന്റെ കണ്ണിലെ തീക്ഷ്ണതയുമായി അവന്റെ കണ്ണുകളെ വെറുതെയൊന്ന് ഉപമിച്ചു. മുക്കത്തിനു മുൻപും അതുകഴിഞ്ഞാൽ മറക്കുന്നതുമായ കൗതുകമുള്ളൊരു കാഴ്ചയായിരുന്നു അതെങ്കിലും. ദിവസങ്ങൾ കടന്നുപോകെ ആ കാഴ്ചക്ക് വേണ്ടി മാത്രമുള്ളൊരു യാത്രയാണ് അവളുടേതെന്ന് അവൾക്കുതോന്നി.
കോഴിക്കോട് ബസ്സിലെ സ്ഥിരയാത്രക്കാരി തന്നെ ശ്രദ്ധിക്കുന്നുവെന്ന് എന്നോ അയാളും അറിഞ്ഞു. ഗൗരവം നിറഞ്ഞ അവന്റെ നോട്ടം നേരിടാനുള്ള ധൈര്യകുറവുകൊണ്ടോ എന്തോ അവൾ അവളുടെ കണ്ണുകളെ പരമാവധി പിൻവലിക്കാൻ ശ്രമിച്ചതാണ്. പക്ഷേ, കണ്ണുകൾ ഒട്ടും അനുസരണയില്ലാതെ കൂടുതൽ ആകാംക്ഷയോടെ അവനിലേക്ക് പായും. അവൻ ഒരു നേതാവായിരുന്നു, ബോണപ്പാട്ട് പറഞ്ഞതുപോലെ പ്രതീക്ഷകളുടെ മൊത്തക്കച്ചവടക്കാരൻ. ഒരിക്കൽ കണ്ടു, സ്റ്റാൻന്റിനോട് ചേർന്ന സമരപ്പന്തലിൽ ഗാംഭീര്യത്തോടെ നിറഞ്ഞ ശബ്ദത്തിൽ പ്രസംഗിക്കുന്നത്. തന്റെ ആശയങ്ങളെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇന്ത്യയ്ക്ക് വേണ്ടി, പൗരത്വത്തിനു വേണ്ടി. കുറച്ചേ കേട്ടിട്ടുള്ളൂവെങ്കിലും അന്നുമുതൽ അവനോടൊരു ബഹുമാനം തോന്നി തുടങ്ങി.
ഒരിക്കൽ അവന്റെ കണ്ണുകൾ മുൻസീറ്റിൽ ആരെയോ പരതുന്നത് പിന്നിൽനിന്ന് കണ്ടതു മുതലാണ് മുക്കത്തങ്ങാടിയെ വല്ലാതങ്ങ് സ്നേഹിച്ചു തുടങ്ങിയത്. ഒരിക്കലും ഇറങ്ങിയിട്ടില്ലാത്ത കോഴിക്കോടിന്റെ മലയോരപ്രദേശമായ, മൂന്നുഭാഗവും ഇരുവഴിഞ്ഞിയാൽ ചുറ്റപ്പെട്ട മൊയ്തീനുറങ്ങുന്ന മണ്ണിനെ അന്നുമുതൽ അത്രമേൽ ഇഷ്ടപ്പെട്ടു തുടങ്ങി. കണ്ടുകണ്ടുള്ള പരിചയം രണ്ടാം വർഷത്തിൽ ഒരു ചിരി പങ്കുവെക്കും വിധം വളർന്നു. ചിരി അവനൊരു നിഷ്കളങ്കഭാവം നൽകി. ആ ചിരിക്കുമുണ്ടായിരുന്നു കണ്ണുകളെ പോലൊരു ആകർഷണം, കാന്തം പോലെ അടുപ്പിച്ചു കളയും.
അങ്ങനെ രണ്ടുവർഷത്തെ പരിചയം മൂന്നാം വർഷത്തിൽ പ്രണയമായി പരിണമിച്ചു. കൃത്യമായി പറഞ്ഞാൽ ജൂലൈ എട്ട്. ശേഷം എങ്ങനെയെന്നാൽ അതിനുശേഷമാണ് ഗൗരവക്കാരൻ നെപ്പോളിയൻ ആ പൂക്കടയിൽ നിന്നും മുക്കത്തങ്ങാടിയിൽ നിന്നും അപ്രത്യക്ഷമായത്. പ്രണയമറിയുന്നതിനു മുൻപേ വിരഹമറിഞ്ഞു. എന്നും കണ്ടിരുന്ന, ഇഷ്ടപ്പെട്ടിരുന്ന ഒരാളെ കാണാതാവുക എന്നത് വേദന തന്നെയാണ്.
ഒരു ചെറു കൗതുകം ജീവന്റെ ഓരോ അണുവിലും പടർന്നു കയറി ക്യാൻസറു പോലെ വരിഞ്ഞുമുറുക്കി വേദനിപ്പിച്ചു തുടങ്ങിയത് അന്നുമുതലാണ്. ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയോടെ ഓരോ ദിവസവും തള്ളിനീക്കി. പക്ഷേ, പ്രതീക്ഷകളെ പാടെ മാറ്റിമറിച്ചുകൊണ്ട് ഒട്ടും തീക്ഷണതയില്ലാത്ത കണ്ണുകളും, നിഷ്കളങ്കതയില്ലാത്ത ചിരിയുമായി പുതിയൊരാൾ അവനുപകരം. പിന്നീട് ഓരോ ആൾക്കൂട്ടത്തിലും ആ കണ്ണുകളെ തിരഞ്ഞു, ശബ്ദത്തിന് കാതോർത്തു, പച്ചക്കൊടി വാണിരുന്ന കോളേജ് അങ്കണത്തിലും വിപ്ലവത്തിന്റെ മുദ്രാവാക്യവുമായി വെറുതെ അവനെ പ്രതീക്ഷിച്ചു. നിരാശയായിരുന്നു ഫലം. പിന്നീടൊരിക്കലും അയാളെ കണ്ടില്ല. ഒന്നും ബാക്കിവെയ്ക്കാതെ ആ നെപ്പോളിയൻ അപ്രത്യക്ഷനായി. തന്റെ പരിമിതികളെ എങ്ങനെ അംഗീകരിക്കുമെന്ന വേവലാതിയിൽ ഒരിക്കൽ പോലും ഇറങ്ങാത്ത മുക്കത്ത് അങ്ങാടിയിൽ ഇറങ്ങി അന്വേഷിക്കണമെന്നു കരുതി. പക്ഷെ സാഹചര്യങ്ങൾ അതിനും അനുകൂലമായിരുന്നില്ല.
അവനൊരു നേതാവായിരുന്നു. നെപ്പോളിയനെപോലെ നിലനിൽപ്പിനായി വിപ്ലവങ്ങൾ നടത്തികാണും. ഒടുവിൽ എങ്ങോട്ടോ നാടുകടത്തപ്പെട്ടു. പരസ്പരബന്ധമില്ലാത്ത ഓരോന്നോർത്ത് അവനുവേണ്ടി കരയുബോഴാണ്, രാത്രിയുടെ യാമങ്ങളിൽ മജ്‌നു സ്രഷ്ടാവിനോട് ചോദിച്ചതുപോലെ അവളും ചോദിച്ചു തുടങ്ങിയത്..
“അല്ലയോ സ്രഷ്ടാവെ… അങ്ങ് എന്തിനാണ് അവന്റെ കണ്ണിലെ തീക്ഷ്ണത എന്നിലേക്ക് പകർന്നത്? എന്തിനാണ് അവന്റെ ഓർമ്മകളെ ഹൃദയത്തിൽ നിറയ്ക്കുന്നത്? അങ്ങ് എന്തിനാണ് എനിക്കുചുറ്റും മുല്ലപ്പൂ ഗന്ധം നിറയ്ക്കുന്നത്?. ”
അപ്പോൾ സ്രഷ്ടാവ് പറയും,
“ഓ.. എന്റെ പ്രിയപ്പെട്ടവളേ, അവന്റെ കണ്ണിലെ തീക്ഷ്ണത നീ തന്നെയാകുന്നു. നീയെന്ന നിഴൽ ചെന്നുചേരേണ്ടത് അവൻ എന്ന വെളിച്ചത്തിലാകുന്നു. എന്തെന്നാൽ മുല്ലപ്പൂവിനകമ്പടിയിൽ നീ കണ്ടെത്തിയത് പ്രണയത്തെയാണ്.. അതെ അവൻ നിന്റെ പ്രണയമാണ്.. !”
അതെ അവൻ എന്റെ പ്രണയമാണ്, എന്റെ മാത്രം. മനസ്സെന്ന സ്രഷ്ടാവിന്റെ ജല്പനങ്ങളെ അവൾ ഹൃദയത്തിൽ ആവാഹിച്ചു. കാലം നീങ്ങവേ, ഓരോ കള്ളം പറഞ്ഞ് പ്രണയം അറിയാത്തവനു വേണ്ടി കാത്തിരുന്നു. അല്ലെങ്കിലും നേരു പറഞ്ഞാൽ ആരെങ്കിലും കൂടെ നിൽക്കുമോ ഇത്തരം ഭ്രാന്തിന്.
ഒരിക്കൽ ഒരു പ്രിയപ്പെട്ട കൂട്ടുകാരിയോട് ചോദിച്ചു എന്താണ് പ്രണയം? പ്രണയത്തിനൊരു ഭാഷയുണ്ടോ?
“എല്ലാ ഭാഷയും പ്രണയത്തിന്റെതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് പ്രണയം. കൈകോർത്ത് പിടിച്ച് വഴിയിലൂടെ നടക്കുന്നതും, കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് സ്വപ്നങ്ങൾ നെയ്യുന്നതും, വാഗ്ദാനങ്ങൾ കൈമാറുന്നതും, നാഴികക്ക് നാൽപത് വട്ടം നീയില്ലെങ്കിൽ ഞാനില്ലയെന്ന് പറയുന്നതുമൊക്കെയാണ് പ്രണയത്തിന്റെ മനോഹാരിതകളെന്ന്. പ്രണയനഷ്ടം വിരഹത്തിലേക്കും മരണത്തിലേക്കും മനുഷ്യനെ തള്ളിവിടുന്നത് ഇത്തരം മനോഹാരിതകളുടെ ഓർമ്മകൾ കൊണ്ടാണത്രേ. ചില പ്രണയം ചതിയുടേതു കൂടിയാണെന്ന് പറഞ്ഞു നിർത്തുമ്പോൾ കൂട്ടുക്കാരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തായാലും പ്രണയവിപ്ലവത്തിൽ തോറ്റ കൂട്ടുകാരിയുടെ സിദ്ധാന്തത്തോട് അവൾക്ക് യോജിക്കാനാവില്ല. എന്തെന്നാൽ അവളുടെ പ്രണയത്തിൽ വാചാലത പോലുമില്ല. എന്നാൽ അത്രമേൽ അവൻ ഉയിരിൽ കലർന്നിട്ടുമുണ്ട്. അത് പ്രണയമല്ലെന്ന് എങ്ങനെ വിശ്വസിക്കും?
കാലം കാത്തു നിൽക്കാതെ കടന്നുപോകുമ്പോൾ പലരുടെയും തീരുമാനങ്ങൾക്ക് മുൻപിൽ കൂട്ടുകാരിയുടെ തത്വങ്ങൾ വെറുതെയെങ്കിലും അംഗീകരിച്ചു തുടങ്ങി. മാർച്ച് ഇരുപത്തിയൊന്ന് മുതൽ ജൂലൈ എട്ട് വരെ ചരിത്രം അതിന്റെ സുവർണലിപികളിൽ നെപ്പോളിയന്റെ 100 ദിനങ്ങൾ എഴുതിച്ചേർത്തതു പോലെ, അവളും ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ കുറിച്ചുവെച്ചു; പൂക്കടക്കാരൻ നെപ്പോളിയന്റെ രണ്ടു വർഷങ്ങൾ.
മഞ്ഞുപോലെ മാഞ്ഞുപോയവനെ കുറിച്ച് ഒന്നുമറിയില്ല. പക്ഷേ അവൾ വിശ്വസിച്ചു, അയാൾക്ക് മുല്ലപ്പൂവിന്റെ ഗന്ധമാണ്. അതുകൊണ്ടു തന്നെയല്ലേ മറ്റൊരാളുടെ താലിക്ക് വേണ്ടി കഴുത്തു കുനിക്കുമ്പോൾ മുടിയിൽ ചൂടിയ മുല്ലകൾ അവളെ അലോസരപ്പെടുത്തിയത്. പലപ്പോഴും ജീവിതം അങ്ങനെയാണ്, നമ്മുടെ സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കാത്തിരിപ്പുകളോടുമൊക്കെ മുഖം തിരിച്ചു കളയും. പിന്നെ, ഒന്നും നോക്കാതെ മുന്നോട്ട് നടക്കുക എല്ലാത്തിനോടും പൊരുത്തപ്പെടുക; യഥാർത്യത്തോടുള്ള ഒരുതരം സമരസപ്പെടൽ. ചിലർക്ക് മുന്നിൽ സങ്കടങ്ങളാകാം ചിലർക്ക് സന്തോഷങ്ങളും. അവൾക്കത് സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെതുമായിരുന്നു. തന്നെയും തന്റെ പരിമിതികളെയും അത്രമേൽ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ തന്നെ കിട്ടി എങ്കിലും, ഒരു തമാശയ്ക്ക് പോലും അവർക്കിടയിൽ അവൾ നെപ്പോളിയനെ എടുത്തിട്ടില്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വകാര്യമായി അവൻ ഹൃദയത്തിൽ കഴിയട്ടെ എന്നു കരുതി
ഏതോ ഒരു ദിവസത്തിൽ നല്ല പാതി അവളോട് ചോദിക്കുകയുണ്ടായി.
“നിനക്കി ലോകത്തിൽ ഏറ്റവും സന്തോഷം തന്നത് എന്തായിരുന്നു? “
“മുക്കത്തങ്ങാടി “.
ഇഷ്ടങ്ങളും സ്വപ്നങ്ങളും മാത്രം കൂട്ടിചേർത്ത് ഉണ്ടാക്കിയൊരു ചീട്ടുകൊട്ടാരമുണ്ടായിരുന്നു അവിടെ. അതുകൊണ്ടാവാണം, അവൾ പോലുമറിയാതെ ആ നിമിഷത്തിൽ അങ്ങനൊരു ഉത്തരം പുറത്തു വന്നത്. അയാളിൽ തെല്ലൊരു അത്ഭുതമുണ്ടാക്കിയെങ്കിലും പിറ്റേന്ന് കാലത്തെ വണ്ടിവിട്ടു, മുക്കത്ത് അങ്ങാടിയിലേക്ക്.
“മുക്കം നഗരസഭയിലേക്ക് സ്വാഗതം” എന്ന ബോർഡിനു പോലും പറയാൻ ഒത്തിരിയുണ്ടെന്ന് തോന്നി. ഒരുപാട് ആഗ്രഹിച്ചിട്ടും ഒരിക്കൽ പോലും ഇറങ്ങിയിട്ടില്ലാത്ത അങ്ങാടിയിലൂടെ പാതിയുടെ കൈപിടിച്ചു നടന്നു. തിങ്ങിനിറഞ്ഞ കടകൾ കയറിയിറങ്ങി. ഇരുവഴിഞ്ഞിയുടെ തീരത്തുടെ നടന്നു. ചന്ദ്രേട്ടന്റെ തട്ടകത്തിലും ശിവക്ഷേത്രത്തിലും കയറി. തട്ടുകടയുടെ സ്വാദറിഞ്ഞു. അഭിലാഷ് തിയേറ്ററിന്റെ തണുപ്പ് അറിഞ്ഞു. അങ്ങനെയങ്ങനെ മുക്കത്തിന്റെ ഓരോ മുക്കിലും മൂലയിലും വെറുതെ അലഞ്ഞു തിരിഞ്ഞു. ഓർമ്മയിൽ നിന്നും മനപ്പൂർവ്വം ആ പൂക്കടയെ ഒഴിവാക്കിയതാണ് പക്ഷേ, ഒരു തിരിച്ചുപോക്കിനായി വണ്ടി സ്റ്റാർട്ട് ചെയ്തതും ചാടി ഇറങ്ങി. തന്റെ പ്രിയപ്പെട്ട ആ ഒരിടത്തെ എങ്ങനെ കാണാതെ പോകും? ഇനിയൊരു പൂക്കട കൂടി കയറിയിറങ്ങാൻ അയാൾക്ക് താല്പര്യമില്ലാത്തതിനാൽ അവൾ തനിയെ പോയി. വർഷങ്ങൾക്കിപ്പുറവും അതിന് കാര്യമായ മാറ്റങ്ങളില്ല. വിപ്ലവനക്ഷത്രങ്ങൾ പഴയതിലും തിളക്കത്തോടെ ജ്വലിച്ചു നിൽക്കുന്നു.
“വാ ചേച്ചി ഏതു പൂവാ വേണ്ടേ?” കടയുടെ മുന്നിൽ നിന്ന് ഓർമ്മകളെ തിരികെ വിളിക്കവെ ഒരു ചെറുക്കൻ അകത്തേക്ക് വിളിച്ചു. മാറി വന്ന പുതിയ ചെറുക്കൻ.
“മുല്ല..രണ്ടു മുഴം” അതും പറഞ്ഞ് വീണ്ടും കണ്ണുകളെ ചുറ്റും പായിക്കവേയാണ് ആ ചെറുക്കനു പിന്നിലെ കസേരയിലിരിക്കുന്ന ആൾ രൂപത്തിലേക്ക് ശ്രദ്ധ പോയത്.
“കാലം മാറി, കഥ മാറി, ആ പെണ്ണ് മാറി, കോഴിക്കോടൻ ബസ്സുമാറി, ജനാലക്കലെ കണ്ണും മാറി.. കാലം മാറി, കഥ മാറി…… “
ഒട്ടും അടുക്കും ചിട്ടയുമില്ലാതെ അയാൾ പാടുകയാണ്. താടിയും മുടിയും വളർന്ന ഒരാൾ. നഷ്ടപ്പെട്ടുപോയ ചുറുചുറുക്ക്. പക്ഷേ കണ്ണിനൊരു തീക്ഷ്ണതയുണ്ട്. നെപ്പോളിയന്റെ കണ്ണിലെ അതേ തീക്ഷ്ണത. അതെ അതായാളായിരുന്നു, മുല്ലപ്പൂവിന്റെ ഗന്ധമുള്ളവൻ.
“ഇത്തിരി നൊസ്സ… പക്ഷേങ്കി, ആള് പാവാ ഒന്നും ചെയ്യൂല”
..
അമ്പരപ്പോടെയുള്ള അവളുടെ നോട്ടം കണ്ടിട്ടാവണം ആ ചെറുക്കൻ അങ്ങനെ പറഞ്ഞത്. അവൾ അവന്റെ കാലിലേക്ക് നോക്കി ചങ്ങലയോ മുറിവിന്റെ പാടുകളോയില്ല. അല്ലെങ്കിൽ ക്ലാരയെ പോലെ വെറുതെ ആഗ്രഹിക്കാമായിരുന്നു. ആ ഭ്രാന്തന്റെ കാലിലെ ഉണങ്ങാത്ത മുറിവാകാൻ. പക്ഷേ, ഒട്ടും ബോധമില്ലാത്ത അയാളുടെ ഭ്രാന്തൻ ജല്പനങ്ങളിൽ നിന്നും മനസ്സിലാക്കാം അവളൊരു മുറിവുതന്നെയായിരുന്നു, അവന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവ്.
പൂക്കൾ അറുത്തു കൊണ്ടിരിക്കെ ആ ചെറുക്കൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതിലറിയാം ആ കടയുമായി അവന് കാര്യമായ ബന്ധമുണ്ട്. എന്നിട്ടും തങ്ങളുടെ വിധി മാറിമറിയേണ്ടിയിരുന്ന ആ വർഷത്തിൽ അവൻ എവിടെയായിരുന്നു എന്ന് ചോദിക്കണമെന്നു കരുതി. പക്ഷെ ഇനിയെന്തിന്?. ഇന്ന് അവളുടെ അവകാശി മറ്റൊരാളാണ്. പൂ വാങ്ങി തിരികെ നടന്നപ്പോൾ ഓർത്തു. ഈ നെപ്പോളിയനും പരാജയപ്പെട്ടു, പ്രണയത്തിന്റെ വാട്ടർലൂവിൽ. മുല്ലപ്പൂവിപ്ലവപാതയിൽ കൊഴിഞ്ഞു വീണവനെ… നിനക്ക് വേണ്ടി ഇനി എന്നിൽ കണ്ണുനീർ മാത്രം.
ശേഷം പല രാത്രികളിലും ആ ജൽപ്പനങ്ങൾ അവളുടെ കാതിൽ മുഴങ്ങാറുണ്ടായിരുന്നു. വെറുതെ ഉള്ള് നീറാറുണ്ടായിരുന്നു. മനസിന്റെ താളം തെറ്റുംവിധം അയാളുടെ ജീവിതത്തിന് എന്തു പറ്റിക്കാണും? അത്രമേൽ തന്നെ അയാൾ സ്നേഹിച്ചിട്ടുണ്ടാവുമോ? അങ്ങനെയൊരിക്കൽ വീണ്ടുമൊരു കൊതി അയാളെ കാണാൻ. പറയുന്ന വരികൾ കേൾക്കാൻ എന്നാൽ അന്ന് അപ്രത്യക്ഷമായത് അയാൾ മാത്രമായിരുന്നില്ല പൂക്കടയും കൂടിയായിരുന്നു. ഇന്ന് അവിടെ ഒരു കുഞ്ഞു ഫാൻസിയാണ്. പൂക്കടയെ കുറിച്ചും ചെറുക്കനെ കുറിച്ചും ആർക്കും അധികം ഒന്നും അറിയില്ല. എങ്ങോട്ടോ പോയി അത്ര മാത്രം.. ! കണ്ടതത്രയും സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നുപോലും അറിയാത്ത അവസ്ഥ. നെഞ്ചിലൊരു വിങ്ങലുണ്ട്.. കൂടെ, കുറ്റബോധവും. തന്റെ പ്രിയപ്പെട്ട ഭർത്താവിനൊപ്പമുള്ള ചില നിമിഷങ്ങളിലും വേറെ ഒരാൾക്ക് വേണ്ടി നൊമ്പരപെടുമ്പോൾ കളങ്കിതയായ പോലെ അവൾക്ക് തോന്നി. പുഷ്കിന്റെ പ്രവാചകനിലെ വരികൾ അറിയില്ലേ…
“തല മുഴുവൻ ദീനവും, ഹൃദയം മുഴുവൻ രോഗവും പിടിപെട്ടിരിക്കുന്നു. അടിതൊട്ട് മുടിവരെ സുഖമില്ല. മുറിവും ചതവും പഴുത്ത വ്രണങ്ങളും മാത്രം…!”
മനസ്സ് ചഞ്ചലപെടുമ്പോൾ രാത്രികളിൽ അവൾ ഭർത്താവിന്റെ നെറ്റിതടത്തിൽ ചുംബിച്ചുകൊണ്ട് പറയുമായിരുന്നു.’ഞാനെന്ന നിഴൽ എത്തിച്ചേരേണ്ടത് ഈ വെളിച്ചത്തിൽ തന്നെയാണെന്ന് ‘
പ്രണയത്തിന്റെതായ അവശേഷിപ്പിക്കുകൾ ഒന്നുമില്ല എന്നിട്ടും എന്തുകൊണ്ടായിരുന്നു പരസ്പരം അവരുടെ ഉള്ളു നീറിയത്?.
ഒരു ചോദ്യത്തോടു കൂടി സുധ കഥ അവസാനിപ്പിച്ചു.
പിന്നീട് അവിടം നിശബ്ദമായിരുന്നു. നന്ദൻ അവളുടെ ഏറ്റക്കുറച്ചിലുള്ള കാലുകളെ തലോടി കൊണ്ട് പതിയെ ചിരിച്ചു.
“ഇനി ഞാൻ ഇനിക്കി മനസിലായത് പറയട്ടെ?” ഒടുവിൽ അയാൾ ചോദിച്ചു.
“മ്മ് “
“ഒരിക്കൽ റൂമി എഴുതി…
വാചാലനാകാതെയിരിക്കെ, ഇന്നലെ
പുലർച്ചെ അവൻ എന്നോട് ഓതി നീ
എന്റെ സമുദ്രത്തിലെ തുള്ളിയാണ്
പിന്നെന്തിനു വാചാലത…?
അതുപോലെ തന്നെയാണ് ഇതും. സത്യത്തിൽ പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാഷ മൗനമാണ്.. ! ആ കൂട്ടുകാരി പറഞ്ഞ മനോഹാരിതകളൊന്നുമില്ല വാചാലതയുമില്ല.. പക്ഷേ അവർ പ്രണയിച്ചിരുന്നു. പരസ്പരം പറയാതെ ഹൃദയം കൊണ്ട്, ആത്മാവുകൊണ്ട്, മൗനം കൊണ്ട്.
പ്രണയമെന്നാൽ പരിധികളില്ലാതെ അനന്തമായി സ്നേഹിക്കുക എന്നതാണ്. ഒന്നാവുക എന്നത് ഒരിക്കലും അതിന്റെ പൂർണതയല്ല. പിന്നെ, ആ ഭർത്താവുണ്ടല്ലോ അയാൾക്ക് അവളുടെ ഉള്ള് അറിയാം. അവളുടെ ഓരോ ചുംബനങ്ങളും അയാൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. മൗനമായി അവളെ അറിയാനും ശ്രമിച്ചിരുന്നു. അയാൾക്ക് അറിയാം അവൾ പരിശുദ്ധയാണ്. മേരിമാതാവിനെ പോലെ അവൾ ഗർഭം ധരിച്ചത് ഒരു ദിവ്യ പ്രണയത്തെയാണ്. ഇന്ന് അല്ലെങ്കിൽ നാളെ ഏതെങ്കിലുമൊരു വിധത്തിൽ അതൊരു പ്രകാശമാകുകതന്നെ ചെയ്യും. ഒന്നുമറിയാത്ത ഒരാളെ അത്രമേൽ സ്നേഹിക്കാൻ കഴിയുന്നു വെങ്കിൽ ഉറപ്പായിട്ടും അതിനേക്കാൾ ഏറെ, അവൾക്ക് ആ ഭർത്താവിനെ സ്നേഹിക്കാനും കഴിയും. എടോ പരസ്പരം നല്ലൊരു സൗഹൃദം സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ദാമ്പത്യത്തിലുള്ളു. ഇവിടെ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ ആ നെപ്പോളിയനെ കണ്ടെത്താൻ അയാളും കൂടെ നിന്നേനെ.
“സുധേ… പ്രണയിക്കാത്തവർ ആയി ആരുമുണ്ടാവില്ല. ചിലപ്പോഴൊക്കെ പ്രണയം നഷ്ടപെടലിന്റെതു കൂടിയാണ്. അതങ്ങനെ ഒരിക്കലും ഭംഗി നഷ്ടപ്പെടാതെ മധുരിക്കുന്ന മുന്തിരിയായി തന്നെ ദൂരത്തിരിക്കട്ടെ. മരണംവരെ ഒരു നീറ്റലായി കൊണ്ടു നടക്കുന്നതിലുമുണ്ടൊരു സുഖം. എന്തെന്നാൽ പ്രണയം മരണം പോലെ ശക്തമാണ്. “
“നന്ദേട്ടൻ പ്രണയിച്ചിട്ടുണ്ടോ “? ആകാംഷയോടവൾ ചോദിച്ചു.
“പിന്നേ…. അല്ല… അതേയ്.. നമുക്കത് പിന്നെ വേറെ ഒരു കഥയാക്കാം. എന്തായാലും കഥയുടെ പേര് കൊള്ളാം.. മുല്ലപ്പൂ വിപ്ലവം. അവന്റെ ഗന്ധം മുല്ലപൂവിന്റേതും പ്രണയത്തിന്റെ ഭാഷ മൗനവും. അതുകൂടെ പറഞ്ഞ് അവൻ തിരിഞ്ഞു കിടന്ന് കണ്ണടച്ചു.
സുധക്കിപ്പോൾ ഒരു സമാധാനമുണ്ട്.. കൂടുതലൊന്നും വേണ്ട, ഉള്ള് അറിയുന്ന ഒരാൾ മതി, എന്തും നേരിടാൻ. ജനലിനോരം ചേർന്ന് മുല്ലവള്ളികളെ തലോടി ഒരു പൂവിറുത്തു മുടിയിൽ വെച്ചു പാടി.
‘പണ്ടിരുമുല്ലകൾ പ്രണയിച്ചു…,
പറയാതെ അറിയാതെ…
ചുറ്റും സുഗന്ധം പരത്തി
കാലത്തിനൊപ്പം വിപ്ലവം ചെയ്തു.
ഒടുവിലിരു പാതയിൽ..
കൊഴിഞ്ഞു വീണു..
പറയാതെ അറിയാതെ.