പെൺനനവുകളുടെ
ആദ്യ അടയാളങ്ങൾ തന്നതും,
പ്രണയം ചാലിച്ച
വിരലുകളുടെ ക്യാൻവാസായതും,
കുഞ്ഞുലോകങ്ങൾക്ക്
പാൽനിലാവ് കരുതിവച്ചതും
അവിടെയായിരുന്നു,
ഏതോ ഡിസംബറിന്‍റെ
മരവിച്ച മനസ്സുമായെത്തിയ
തടിപ്പിനെ എന്നിട്ടും
അവയിലൊരാൾ കൂടെകൂട്ടി;
കാട്ടുവള്ളി പോലെയാ പിശാച്
അവയിൽ വളർന്നു പന്തലിച്ച്
സ്വത്വത്തെ കാർന്നുതിന്നൊടുവിൽ
കത്രികകൈയ്യുകളാൽ
ഉടലിനെ മുലയില്ലാത്തവളാക്കി .
ഇല്ലായ്മയുടെ രണ്ടാം സന്ദേശം
ശരീരമേറ്റുവാങ്ങിയത്
മുലമുറിച്ചതിൽ പിന്നെയാണ്.
അദ്വൈതം ചൊല്ലിയ നാവ് പോലും
ആ നീറ്റലിൽ പറഞ്ഞു –
“ഒന്നും ഒന്നിനോടും കിടപിടിക്കില്ലെന്ന് ” ,
പിന്നീടുള്ള രാത്രികളിലെ
പ്രണയ ചുംബനങ്ങൾ
വിജ്യംഭിച്ച് ഓർമ്മകളായി നിഴലിച്ചുകിടന്നു,
ഉറക്കത്തിലെപ്പോഴോ
മാറിലടിച്ച കുഞ്ഞുനിശ്വാസങ്ങൾ
അമ്മയായിരുനെന്നവിടെ എഴുതിവയ്ച്ചു,
ഏച്ചുകെട്ടലുകൾ
മുഴച്ചേ നില്ക്കുയെന്ന് അളവുകുപ്പായങ്ങൾ
പറയാതെ പറഞ്ഞു,
അങ്ങനെ
എത്രയെത്ര പെൺ നിനവുകളെയാണ്
മുലയോടൊപ്പം ആരും അറിയാതെ
അറുത്ത്മാറ്റുന്നത് ,
മാംസം കാർന്ന്
എല്ലുമാത്രമായ് തീർന്ന രൂപം
ഉമ്മറത്തിണ്ണമേൽ ഇരുന്നു പാടി –
“താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ
മധുരം ജീവാമൃതബിന്ദു ! ”