മുറിവുകൾ തുന്നും മൽസ്യങ്ങൾ

മുറിവുകൾ  തുന്നും മൽസ്യങ്ങൾ
ഉറക്കത്തിലാണ് .
മുറുകിയും അയഞ്ഞും കറ വറ്റിയത്.
പാതി ബോധത്തിലും അബോധത്തിലും
വഴുതിയലയ്ക്കുന്നത് .
നനുത്ത നേർരേഖയാൽ
പകുത്തെടുക്കപ്പെട്ടതു പോൽ.

ജ്വലിച്ചു തളർന്നയുച്ചയും
കൊഴുത്തയിരുട്ടും
ഇടറിയും കലർന്നും മുൾ-
പ്പടർപ്പുകൾ വിതയ്ക്കുന്നു.
ഉടലൊന്നടങ്കം  മൽസ്യ –
ച്ചെതുമ്പലുകൾ  പൊതിഞ്ഞൊരുവളും
വിണ്ടടർന്ന കാൽപ്പാദങ്ങളാൽ
പതിഞ്ഞ കാലടികളുള്ളൊരുവനും
മറഞ്ഞും തെളിഞ്ഞും  
എന്നിലേക്കടുക്കുന്നു.

അവളുടെ മുടിനാരുകളിൽ  നിന്നും
മഴ പോലുതിർന്നു കടൽ നിറയുന്നു.
തിങ്ങുന്ന കടൽപ്പായൽ ഗന്ധം .
ചതുര മുറി മുഴുക്കെയും കുതിച്ചു –
പൊന്തും ചെറുമീൻ കുഞ്ഞുങ്ങൾ,
തരിപ്പിക്കുന്ന  കടൽപ്പച്ചയാഴങ്ങൾ.

കുറുകിയ വിരലുകളും കയറിയ നെറ്റി-
യുമുള്ളവൻ എൻ വലതു കൈത്തണ്ടയിൽ        
ചിത്രങ്ങൾ വരയുന്നു.
ഉടനടി കടലുറയുന്നു .
ഇരുട്ട്  പെരുത്ത് കുമിയുന്നു.
വിരൽത്തുമ്പുകളാൽ  മഞ്ഞു
ഞെരിഞ്ഞുരുകുന്നു.

പൊടുന്നനെ കാഴ്ചകൾ
പൊട്ടിച്ചുങ്ങുന്നു .
കുരുങ്ങിപ്പിണഞ്ഞ ശ്വാസങ്ങൾ
പിടഞ്ഞുണരുന്നു.

വിഷാദവിഷം ചുമക്കും
 കറുപ്പ് മുറ്റിയ ഞരമ്പുകൾ .
 വായ് പിളർന്നു വിളറിയ
 വിലങ്ങനെയുള്ള മുറിവ്.

അതിനെ മുദ്രണം ചെയ്തു കൊണ്ടേ
 തിളങ്ങുന്നു നക്ഷത്ര മൽസ്യങ്ങൾ .
 നിരന്തരം ചുംബിച്ചു കൊണ്ടവ
 വേദന വലയങ്ങളെ ഊതിയാറ്റുന്നു.

ഞാൻ ജീവിതത്തിലേക്ക്
പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. !!

തിരുവനന്തപുരം സ്വദേശിനി. എറണാകുളത്തത്ത് താമസം. കുറച്ചു വർഷങ്ങൾ ഹ്യൂമൻ റിസോഴ്സ് ലീഡ് ആയി ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ വീട്ടമ്മ