എങ്ങോട്ട് എന്ന് പ്ലാന്‍ ചെയ്യാത്ത യാത്രകള്‍ കൊണ്ടെത്തിക്കുന്നത് പലപ്പോഴും പിന്നീട് അങ്ങോട്ട് തന്നെ യാത്ര ചെയ്യാനുള്ള ആവേശങ്ങളിലേക്കാണ്. ആരോടും പറയാതെ ഒരു ദിവസം ഓടിപ്പോകുന്നു എന്ന് തെറ്റായി വായിക്കപ്പെടാവുന്ന യാത്രകള്‍. എറണാകുളം കൊല്ലം പാസഞ്ചര്‍ ട്രെയിനിലും അവിടെ നിന്നും മധുരൈ പാസഞ്ചറിലും അവിടെ നിന്നും രാമേശ്വരം പാസഞ്ചറിലും ഇരുന്നും കിടന്നും നിന്നും ചെയ്ത യാത്രയും അങ്ങനെ തന്നെയായിരുന്നു.
മുന്നില്‍ ധനുഷ്കോടി എന്ന പ്രേതനഗരം ഉണ്ട്, പാമ്പന്‍ പാലത്തിനു കുറുക പ്രകമ്പനം കൊള്ളിക്കുന്ന ഒരു യാത്രയുണ്ട്, കണ്ണെത്താ ദൂരത്തോളം ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ, അക്ഷരാര്‍ഥത്തില്‍ നീലക്കടല്‍.
രാമേശ്വരത്ത് ഒറ്റയ്ക്ക് മുറി കിട്ടുക പ്രയാസമാണ്. അല്ലെങ്കില്‍ മഠങ്ങള്‍ ഉണ്ട്, ഐഡി പ്രൂഫ് നല്‍കണം. സ്വാമിമാര്‍ പ്രിന്‍സ് ജോണ്‍ എന്ന ഒരു സാധുവിനെ അംഗീകരിക്കുമെന്ന് തോന്നിയില്ല. അങ്ങനെ നില്ക്കുമ്പോള് ആണ് സേലം സ്വദേശിയായ അരുള്‍ ദാസിനെ ലഭിക്കുന്നത്. എന്റെ അതെ പ്രശ്നം നേരിടുന്ന ഒരാള്‍. 400 രൂപ വാടകയ്ക്ക് ഒരു മുറി തരപ്പെടുത്തി. അരുള്‍ ദാസ് ആത്മഹത്യ ചെയ്യാന്‍ വന്നതായിരുന്നു. ധനുഷ്കോടി പലരുടെയും ആത്മഹത്യാ മുനമ്പ് കൂടിയാണ്. ഹൃദ്യമായ ഒരാത്മഹത്യക്കുറിപ്പ് എഴുതാന്‍ സഹായിക്കാം എന്ന ഉറപ്പിലാണ് കിടന്നതെങ്കിലും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
രാവിലെ 7.30 ന് ധനുഷ് കോടിയിലേക്ക് ബസ് ഉണ്ട്. 22 കിലോ മീറ്റര്‍ അകലെയാണ് ധനുഷ്കോടി ബസ് സ്റ്റേഷന്. യാത്രികരെല്ലാം തന്നെ രാമനെയും സീതയേയും ലക്ഷ്മണനെയും വിളിച്ചു കൊണ്ടിരുന്നു. കണ്ടക്റ്റര്‍ അല്പം അസ്വസ്ഥനായി കാണപ്പെട്ടു. ധനുഷ്കോടിക്കാരുടെ ഹീറോ ഹനുമാന് ആണ്. രാമന് രാവണനോട് ഉള്ള യുദ്ധം ഒരു മത്സരം മാത്രമായിരുന്നു, സീതയുമായുള്ള പ്രണയം ഒന്നും ആയിരുന്നില്ല എന്ന് വാദിക്കുന്നവര്‍ ആണ് ധനുഷ്കോടിക്കാര്. ഇരാമന്‍, ഇലക്കണന്‍, ചീത ഒക്കെ ദൈനംദിന സംസാരത്തില്‍ അരച്ചു ചേര്‍ത്തവര്‍.
രാമസേതു ഇടതു വശത്ത് കാണാം റഷ്യക്കാരനായ ആന്ദ്രേ രാമ-രാവണ -സീതാ കഥയെ പറ്റി വാചാലനായി. ഞാനും അയാളും തമ്മില്‍ ഒരു ചെറിയ തര്‍ക്കം ഉണ്ടായി. പ്രണയം ചോദിച്ച ദ്രാവിഡ യുവതിയുടെ മൂക്കും മുലയും മുറിച്ച രാമനെക്കാള്‍ ആഗ്രഹിച്ച സ്ത്രീയെ കൈവശം ലഭിച്ചിട്ടും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുക പോലും ചെയ്യാത്ത രാവണന് ന് ആണ് എറെ ഹീറോ എന്ന് ആന്ദ്രേ യോട് ഞാന്‍ പറഞ്ഞു.
ധനുഷ്കോടി ബീച്ചില്‍ ബസ് നിന്നു. യാത്രികരില്‍ 50 ശതമാനം ഇവിടെ യാത്ര അവസാനിപ്പിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ ഉള്ള സംഘങ്ങള്‍. ബസ് സ്റ്റാന്റിൽ നിന്നും ഭക്ഷണം കഴിക്കാം, ഇരട്ടി വില നല്‍കേണ്ടി വരും. ശരീരത്തെ ഹൈട്രേറ്റ് ചെയ്യുക എന്നത് ശ്രദ്ധിക്കണം.
1964 ലെ ദുരന്തത്തിനുശേഷം പലരും ധനുഷ്കോടിയെ ഉപേക്ഷിച്ചു. ഒളിച്ചു താമസിക്കാന്‍ താല്പര്യപ്പെട്ട ക്രിമിനലുകളും ശ്രീലങ്കയില്‍ നിന്നുള്ള മീന്‍ പിടുത്തക്കാരായ കുടിയേറ്റക്കാരും അവരുടെ സ്ത്രീകളും ഭൂരിപക്ഷം കുട്ടികളും അടങ്ങുന്നതാണ് ഇപ്പോഴുള്ള ധനുഷ്കോടിയിലെ ജനങ്ങള്‍. ഇവിടെ നിയമപരമായി താമസിക്കുന്ന ആരുമില്ല.
ധനുഷ്കോടി ബസ് സ്റ്റാന്‍ഡില്‍ നിന്നും ധനുഷ്കോടി യിലേക്ക് ചെറിയ മഹീന്ദ്ര വാന്‍, ട്രക്ക് വാടകയ്ക്ക് വിളിക്കാം. അഞ്ചു കിലോ മീറ്റര്‍ ദൂരം നടക്കുകയുമാവാം. അരുള്‍ ദാസിനെ പഴയ ലൈറ്റ് ഹൗസിന്റെ അടുത്ത് ആത്മഹത്യ ചെയ്യാന്‍ വിട്ട്, ഞാനും ആന്ദ്രെയും അരിച്ചാല്‍ മുനൈ എന്ന മുനമ്പിലേക്ക് നടന്നു. 95 ശതമാനം ആളുകളും ധനുഷ്കോടിയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു.
മൂന്നു കുപ്പി വെള്ളം, ഒരു പായ്കറ്റ് ഗ്ലൂക്കോസ് പൊടി, ഉപ്പിലിട്ട നെല്ലിക്ക രണ്ടു പായ്കറ്റ്, ഉപ്പും മുളകും ഇട്ട ഒരു മുറിച്ച വെള്ളരി, ഒരു മടക്കു കത്തി എന്നിവയുമായി ഞാന്‍ യാത്രയ്ക്ക് തയാറായി. വെള്ളവും പൈനാപ്പിള്‍ ജാമും കൊണ്ട് ആന്ദ്രെയും. ആന്ദ്രേയ്ക്ക് നാല് വയസുള്ള ഒരു മകലുണ്ട് റീത്ത. ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. റീത്ത ഭാര്യയോടോപ്പമാണ്. ആന്ദ്രേ എന്റെ കഥ ചോദിച്ചു. തല്ക്കാലം അനിശ്ചിതത്വത്തില്‍ ആണ് എന്ന് മാത്രം ചുരുക്കി ഞാന്‍ രാമനിലേക്കും സീതയിലെക്കും രാവണനിലേക്കും തിരിഞ്ഞു.
മഴ തുടങ്ങിയിരുന്നു, ഇടിമിന്നലും. ഇപ്പോള്‍ കരയില്‍ ഏറ്റവും ഉയരം ഉള്ളത് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ആണ്. ഇടിമിന്നല്‍ ഉള്ളപ്പോള്‍ അങ്ങനെ നടക്കുക ഒട്ടും സുരക്ഷിതം അല്ല. സ്റ്റേഷന് ടവര്‍ എന്ന കാറ്റ് ഗവേഷണത്തിനായി സ്ഥാപിച്ച ടവറില്‍ നിന്നും അല്പം അകലെയായി ഇടിമിന്നല്‍ തീരാന്‍ കാത്ത്ഞങ്ങള് നിലത്തിരുന്നു.
കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ എക്സ്ട്ടന്ഷന്‍ ആയാണ് ഈ പാത വരുന്നത്. എന്നിട്ടും ഇവിടെ വരുന്ന മലയാളികള്‍ വളരെ കുറവാണ് . വഴിയുടെ രണ്ടു വശത്തും കരിങ്കല്ല് കൊണ്ട് കെട്ടിയ ചെറിയ കടല്‍ ഭിത്തി ഉണ്ട്. ഭിത്തിയെ പൊതിഞ്ഞു കയര്‍ വല ഉണ്ട്. രണ്ടു വശത്തും കടലാണ്. ക ടല്‍ റോഡിലേക്ക് ഇരച്ചു കയറി വരികയാണെങ്കില്‍ കടല്‍ കയറുന്നതിന്റെ എതിര് വശത്തുള്ള കയര്‍വലയില്‍ പിടിച്ചു കിടക്കണം.
മഴ വളരെ വലുതായിരുന്നു. സ്റ്റേഷന് ടവര്‍ കടന്നപ്പോള്‍ ഞാന്‍ അല്പം വികൃതി കാട്ടി. ആന്ദ്രെയോട് കണ്ണടയ്ക്കാന്‍ പറഞ്ഞ് അയാളെ രണ്ടു മൂന്നു തവണ വട്ടം തിരിച്ചു വിട്ടു. ഇപ്പോള്‍ വന്ന വഴി ഏത് പോവേണ്ട വഴി ഏത് എന്നറിയില്ല. അരിച്ചാല്‍ മുനയിലേക്ക് സ്റ്റേഷന് ടവറില്‍ നിന്നും മൂന്നു കിലോ മീറ്റര്‍ കൂടി ഉണ്ട്. ഒരിടത്ത് കടല്‍ ഭിത്തി ഇടിഞ്ഞു കിടക്കുന്നു. റോഡില്‍ ചത്ത മീനുകള്‍ കിടക്കുന്നുണ്ട്. വേലിയേറ്റസമയത്ത് തിരയില്‍ പെട്ട് റോഡില്‍ വീണു തിരികെ പോകാന്‍ കഴിയാതെ വന്നവയാണ്.
സ്റ്റേഷന് ടവര്‍ പിന്നിട്ട് അല്പം കഴിഞ്ഞപ്പോള്‍ രണ്ടു യുവാക്കളെ കണ്ടു മുട്ടി. ഷര്‍ട്ട് ഊരി മഴവെള്ളത്തില്‍ കുതിര്‍ത്ത് വായിലേക്ക് പിഴിഞ്ഞ് ഒഴിക്കുകയാണ്. ആവശ്യത്തിനു കുടിവെള്ളം കരുതാതെ വന്നവരാണ്. അല്പം മദ്യപിച്ചിട്ടുമുണ്ട്. ഇരുപതു വയസില്‍ താഴെ മാത്രം പ്രായം. ഒരാള്‍ ഓടി വന്നു കാലില്‍ വീണു ” കുടിക്കാന്‍ വെള്ളം വേണം സാര്‍, വിശക്കുന്നു സാര്‍” എന്ന് കരയുകയാണ്. അല്പം വെള്ളവും വെള്ളരിക്കയും കൊടുത്തു നെല്ലിക്ക ഉപ്പിലിട്ട വെള്ളം അവര്‍ ആര്‍ത്തിയോടെ കുടിച്ചു. പൈനാപ്പിള്‍ ജാമും വെള്ളവും ആന്ദ്രേ പങ്കു വച്ചു . മദ്യം നല്കിയ ഡീ ഹൈട്രേഷന്‍ ആണ് അവര്‍ക്ക് വിനയായത്. മഴക്കാലം അല്ലായിരുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും അപകടം ഉണ്ടായേനെ. മദ്യപിച്ചു യാത്ര ചെയ്യാന്‍ പറ്റിയ ഒരു വഴിയല്ല ഇത്.
അവസാനം ഞങ്ങള്‍ അരിച്ചാല്‍ മുനയില്‍ എത്തി. രാമസേതു ഏതാണ്ട് കാണാനാവാത്ത രീതിയിലായി. ഇവിടെ ആത്മഹത്യ ചെയ്തവരോട് അസൂയ തോന്നി. എത്ര കലാപരമായാവും അവര്‍ അതിനെ സൃഷ്ടിച്ചിട്ടുണ്ടാവുക. ഞാന്‍ അവിടെ നിന്നും വ്യത്യതമായ ശംഖുകളും നക്ഷത്ര മത്സ്യങ്ങളെയും ശേഖരിക്കാന്‍ തുടങ്ങി. തിരികെ പോകണം എന്നുള്ള എന്റെ ആഗ്രഹത്തെ ഉറപിക്കാന്‍ എന്നത് പോലെ. ചീറി വരികയാണ്.
മൂന്നു വശത്ത് നിന്നും വ്യത്യസ്തമായ വായു പ്രവാഹം മഴത്തുള്ളികളെ കറക്കിയാണ് നിലത്തു പതിപ്പിക്കുന്നത്. അതി വേഗത്തില്‍ വരുന്ന കൂര്‍ത്ത മഴത്തുള്ളികള്‍ ദേഹത്ത് വീഴുമ്പോള്‍ അലറി കരയും.
ഒഴുകി വന്ന ഒരു നീരാളി കുഞ്ഞിനെ ഞാന്‍ കയ്യില്‍ എടുത്തു. അരുള്‍ ദാസ് ഇപ്പോള്‍ ചത്തു കാണുമോ ? ആന്ദ്രേ ചോദിച്ചു. ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ഞാന്‍ നീരാളി കുഞ്ഞിനെ തിരികെ വെള്ളത്തിലേക്ക് വിട്ടു.
മഴ കുറഞ്ഞപ്പോള്‍ തിരികെ യാത്ര തുടങ്ങി. ആന്ദ്രെയും ഞാനും കൂടുതല്‍ കൂട്ടുകാരായി. അങ്ങോട്ടും ഇങ്ങോട്ടും കഥകള്‍ പറഞ്ഞു ,അയാളെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഉണ്ട്. ഫേസ് ബുക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കള്‍ വീട്ടില്‍ വരാറുണ്ട് എന്നത്. ഫേസ് ബുക്കില്‍ പരിചയപ്പെട്ടവര്‍ വീട്ടില്‍ വന്ന് ഉറങ്ങുകയും ഭക്ഷണം പാകം ചെയ്തു കഴിക്കുകയും അവരുടെ വീടുകളിലേക്ക് ഞങ്ങള്‍ പോവുകയും ചെയ്യാറുണ്ട് എന്നത്.
തിരികെ വരുന്ന വഴി 1964 ലെ ദുരന്തത്തില്‍ തകര്‍ന്നു പോലെ ലൈറ്റ് ഹൗസും പള്ളിയും റെയില്‍വേ സ്റ്റേഷനും ബാക്കിവച്ച ഇഷ്ടിക കൂട്ടങ്ങളില്‍ ഒന്നു കയറി. ശ്രീലങ്കന്‍ വൃദ്ധ പൊരിച്ചു കൊടുത്ത മീനും തിന്നു കൊണ്ട് അരുള്‍ ദാസ് ഞങ്ങളെ കയ്യാട്ടി വിളിക്കുന്നുണ്ടായിരുന്നു. അവനെ ഒരു പുതിയ മനുഷ്യനെ പോലെ കാണപ്പെട്ടു.
ജനുവരിയില്‍ ഒരിക്കല്‍ കൂടി വരണം എന്നുണ്ട്. കൂടെ വരാന്‍ താല്പര്യമുള്ളവര്ക്ക് വരാം. അരുള്‍ ദാസ് മടങ്ങി. ആന്ദ്രേ സ്റ്റെഫനോവ് പിന്നീട് മുന്‍പ് വിളിച്ചിരുന്നു. അയാൾ വര്‍ക്കലയില്‍ ഉണ്ട്. കൊച്ചിയില്‍ വരാനുള്ള പ്ലാന്‍ ഉപേക്ഷിച്ചു. ഇവിടെ നിന്നുള്ള ഫ്ലൈറ്റ് ചെലവ് കൂടുതല്‍ ആണത്രേ. ഗോവയില്‍ നിന്നാണ് ആന്ദ്രേയുടെ മടക്കം
ഞാന്‍ തിരികെ ഞാന്‍ എന്ന കൂട്ടിലേക്ക് മടങ്ങി. ഉള്ളില്‍ ഒന്നും ഇല്ലാത്ത കുറെ ശംഖുകള്‍ മാത്രം കയ്യില്‍. വലിച്ചെറിയണോ, അതോ കൂടെ കൂട്ടണോ?
ശുഭം. (അകെ ചിലവ് 1600 രൂപ)
അപ് ഡേറ്റ് : ആന്ദ്രേ സ്റ്റെഫനോവ് എന്നോട് കള്ളം പറയുകയായിരുന്നു . ഇന്ത്യ വിടുന്നതിന് മുന്‍പ് അവന് വീണ്ടും വിളിച്ചു . ആന്ദ്രേയുടെ മകള്‍ റീത്ത മരിച്ചു പോയിരുന്നു.