മീൻപിടുത്തക്കാരൻ

ചിതറുന്ന ചിന്തകൾ
വഴുതുന്നമീനുകൾ പോലെ.

നിലയില്ലാ തടാകങ്ങളെ
ഇളക്കി നീന്തി നടക്കുന്നു.
തീരത്തിരിക്കുന്ന
പൊന്മയുടെ
ചാട്ടുളിക്കണ്ണുകളെ
കബളിപ്പിക്കുംപോൽ
മിന്നൽചിറകുവീശി
പായുകയാണവ.

വരുതിയിലാക്കാൻ
പണിപ്പെടുന്നയാൾ
പുകയുന്ന തലയിൽ
കൈകൾ തിരുമ്മി,
ശൂന്യമായ കൂടയിൽ
ഇടംകണ്ണാൽനോക്കി,
ഉടൽ തകർന്ന
ഇരയെ കൊരുത്ത്
ആകാവുന്നത്രയും
ദൂരത്തിലേക്ക്
നീട്ടിയെറിഞ്ഞ്,
കറുത്തവാവിൻ
നിഗൂഢത പോലെ
ഉള്ളുനരപ്പിയ്ക്കും
നോട്ടമൊന്ന്, പതിയെ
കൊളുത്തിവച്ച്
കാൽമുട്ടുകളിൽ
മുഖമുറപ്പിക്കുന്നു.

കൊതിപ്പിച്ചു തുള്ളുന്നവ
ഇരപിടയ്ക്കും
കൊളുത്തുതേടുന്നു.
രാവുറങ്ങുമ്പോൾ
തുടരുന്നുണ്ടിക്കളി

പകൾക്കണ്ണ് തുറക്കുമ്പോൾ
ശൂന്യമായ കൂടയിലേക്ക്
വഴുതുന്ന മീനുകൾ
പെറുക്കിയിട്ട്,
വെള്ളിച്ചെതുമ്പലിൻ
തിളക്കത്തിൽ, കണ്ണിൻ്റെ
തിളക്കമൊളിപ്പിച്ച്
കൂടയും കൊണ്ടയാൾ
വെളുപ്പിൻ മഹാ
സമുദ്രത്തിലേയ്ക്ക്
മറിയുന്നു.

പകൽ മറപറ്റി പതുങ്ങുന്ന
പറക്കും മീൻപ്പെയ്ത്തിൽ
ചിതറുന്ന കയത്തിലെ
ഓളങ്ങളിളകും പോലെ
അയാളുറക്കെ
ഞരങ്ങുന്നത്
നിങ്ങളും കേൾക്കാറില്ലേ.

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.