മിനുങ്ങ്

മുനിഞ്ഞു കത്തുന്ന വെളിച്ചം കൊണ്ടൊരാൾ
ഇരുളിൽ നിന്നെന്നെ തുറിച്ചു നോക്കുന്നു !
കിടന്നിടത്തൂന്ന് എണീറ്റു ഞാനെൻ്റെ
മിഴി തുറന്നൊരാ വെളിച്ചം മൊത്തുന്നു !

തെളിച്ചമില്ലാത്ത ചലനചിത്രമായ്
മനസ്സിലെപ്പോഴും ഭയം കുരുക്കുന്നു!
തിരിച്ചു പോകുവാൻ വഴിയറിയാതെ
കുഴങ്ങും കുട്ടിയായ് മനസ്സു നീറുമ്പോൾ

പഴുത്ത വെറ്റില അടുക്കി വെച്ചപോൽ
ശവങ്ങൾ കൊണ്ടതാ വഴി നിറയുന്നു!
ചിരിച്ചു നിൽക്കുന്ന വെളിച്ചമായെന്നെ
പൊതിഞ്ഞു കാക്കുവാൻ വരുന്നതാരെന്ന്
മിഴിച്ചു നിൽക്കവേ അരികിൽ സത്യമായ്
ഇരുളു മാത്രമായ് കനവു മായുന്നു.

വെളിച്ചമേ നീയെൻ മനസ്സു നീറ്റുന്ന
കനവു മായ്ച്ചൊരാ വളവിൽ നിൽക്കണേ.
മരണമായതാ കുനിയൻ വൈറസ്
പറന്നു പാറിയ നിലങ്ങൾ മൊത്തവും
ശവപറമ്പുകൾ അലങ്കരിക്കുന്ന
വിഷനാറി പൂക്കൾ പടർത്തി വയ്ക്കുന്നു!

വരികയായ് ഞാനും വളഞ്ഞ പാതയിൽ
കുതറി മാറുവാൻ എളുപ്പമല്ലെന്നു
തിരിച്ചറിഞ്ഞതിൻ കടുപ്പം  മാറ്റിയോർ
വിരിച്ച നെഞ്ചുമായ് കനലുതിർത്തവർ
തെളിച്ചുപോയൊരു വഴികൾ കാക്കുവാൻ
എരിയും സൂര്യന്റെ വെളിച്ചം ധ്യാനിച്ച്
മിനുങ്ങുപോലെ ഞാൻ കനവിൽ മാറുന്നു

തൃശൂർ, പുത്തൂർ സ്വദേശിനി. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഷൊർണ്ണൂരിലെ ഫിസിക്സ് അധ്യാപികയാണ്. കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങൾ എന്ന പ്രഥമ കവിതാസമാഹാരം രണ്ടു പതിപ്പുകൾ ഉണ്ട്.