മാലതി

പിന്നാമ്പുറത്തെ പുളിമരത്തിന്റെ ചില്ലയിലിരുന്ന് അണ്ണാരക്കണ്ണൻ ബഹളം വെക്കുന്നത് കേട്ടാണ് ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് വന്നത്. എന്നും അവൻ എഴുന്നേറ്റാലുടൻ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് അടുക്കളയിൽ പോയി അമ്മയുടെയടുത്തു നിന്നും ചായയും പലഹാരങ്ങളും വാങ്ങിക്കഴിച്ചിട്ടേ കളിക്കാനിറങ്ങാറുള്ളൂ.

എന്നാൽ ഇന്നവന്റെ പെരുമാറ്റങ്ങളെല്ലാം പതിവിലും വിപരീതമായിരുന്നു. ഉറക്കമെഴുന്നേറ്റുവന്ന ഉണ്ണിക്കുട്ടൻ നേരെ പോയത് ഉമ്മറത്തു കെട്ടിയ ഊഞ്ഞാലിലേക്കായിരുന്നു. അടുക്കളയിലോരോ പണിത്തിരക്കിനിടെ ഉറക്കമെഴുന്നേറ്റു വന്ന മകനെ മാലതി കണ്ടതുമില്ല.

നല്ല മഴക്കുള്ള സാധ്യതയുണ്ടെങ്കിലും ഇപ്പോൾ ചെറുതായി ചാറ്റുന്നതേയുള്ളു. അന്നേരം തിടുക്കപ്പെട്ട് ഉമ്മറത്തേക്ക് വന്ന മാലതി കണ്ടത് ചാറ്റൽ മഴയുടെ കുളിരിൽ ഊഞ്ഞാലിലിരുന്നാടുന്ന ഉണ്ണിക്കുട്ടനെയാണ്.

“മോനെ ഉണ്ണിക്കുട്ടാ… ഇന്നെന്താപ്പൊ എഴുന്നേറ്റു വന്ന പാടെ കളിക്കാനിറങ്ങിയിരിക്കയാണോ…. ചായ വേണ്ടേ? അടുക്കളയിലോട്ടുവാ.”

വേണമെന്നോ വേണ്ടെന്നോ മട്ടിലവൻ തലയാട്ടി.

“ദേ മോനെ മഴയുടെ കുളിര് കൊണ്ടാൽ പനി വരുവേ.. അമ്മ പറഞ്ഞില്ലെന്നു വേണ്ട. പാവം നാലു വയസ്സ് മാത്രം പ്രായമായ അവനെന്ത് മഴ, എന്ത് കുളിര്.

ഏറെ നേരത്തെ കളിക്കുശേഷം ഉണ്ണിക്കുട്ടൻ അമ്മയെ വിളിച്ച് ചായയും പലഹാരവും ആവശ്യപ്പെട്ടു. മാലതി അവനുള്ള ചായയും ബിസ്ക്കറ്റുമായി ഉമ്മറത്തേക്കു വന്നു. അവനപ്പോഴും ആട്ടം നിർത്തിയിട്ടില്ല.

“മോനെ ഇതാ ചായയും ബിസ്ക്കറ്റും. എന്റെ മോൻ വേഗം പോയി വായും മുഖവും കഴുകീട്ടു വന്നേ”.

“അതെന്താ അമ്മയിന്ന് ദോശയുണ്ടാക്കിയില്ലേ ?”

“ഇല്ല മോനേ, അമ്മ കുറച്ചു കഴിയുമ്പോഴേക്കും മോന് ദോശയുണ്ടാക്കിത്തരാം. ഇപ്പൊ മോനിത് കഴിക്ക്.”

“അമ്മേ..” ഉണ്ണിക്കുട്ടൻ വിളിച്ചു.

“എന്താ മോനെ.”

“എന്റെ തൊണ്ട വരളുന്നതുപോലെ. വല്ലാത്തൊരു കുളിര്.”

“അതേയ് ഈ മഴയിങ്ങനെ ചാറ്റി നിൽക്കുന്നതുകൊണ്ടാ. എത്ര നേരമായി ആ തണുപ്പത്തിരുന്നാടാൻ തുടങ്ങിയിട്ട്. അമ്മ അപ്പോഴേ പറഞ്ഞതല്ലേ പനിവരൂന്ന്. കുട്ടികളായാൽ കുറച്ചൊക്കെ അനുസരണാശീലം വേണം. അല്ലെങ്കിൽ ഇങ്ങനെയിരിക്കും. അല്ല പിന്നെ.” മാലതി കണ്ണുരുട്ടിക്കൊണ്ട് അവിടെ നിന്നും പോയി.

പാവം ഉണ്ണിക്കുട്ടൻ. ഇതു പോലുള്ള സംസാരങ്ങളൊന്നും അമ്മയിൽ നിന്നും കേൾക്കാത്തതാണല്ലോ. ഈ അമ്മക്കിതെന്താ പറ്റിയേ ആവോ. “അമ്മേ.. അമ്മേ”

ഉണ്ണിക്കുട്ടന്റെ വിളി കേട്ടിട്ടും മാലതി ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അടുക്കളയിലേക്ക് വച്ചുപിടിച്ചു.
ഈ അച്ഛനും അമ്മക്കുമിപ്പോൾ എന്നോടൊരു സ്നേഹവുമില്ല. ഇനി പിറക്കാൻ പോവുന്ന വാവയോടാണ് അവർക്കെല്ലാം ഇഷ്ടം. അതോർത്തപ്പോൾ ഉണ്ണിക്കുട്ടന്റെ മനസ്സ് നൊന്തു.

അധികം വൈകാതെ ഉണ്ണിക്കുട്ടനുള്ള ദോശയും ചമ്മന്തിയുമായി മാലതി ഉമ്മറത്തേക്ക് വന്നു. അവൾ ഉണ്ണിക്കുട്ടനെ വിളിച്ചു. എന്നാൽ ഉണ്ണിക്കുട്ടൻ അമ്മയുടെ വിളിയൊന്നും കേട്ടതായി ഭാവിച്ചില്ല. അവൻ അവന്റേതായ ലോകത്താണ്. ആരുടേയും ശല്യമാവാതെ ഒരു മരച്ചുവട്ടിലിരുന്ന് മണ്ണപ്പം ചുട്ടു കളിക്കുകയാണ്. അവന് കൂട്ടിനായി കുറേ പക്ഷികളും ചിത്രശലഭങ്ങളും വട്ടമിട്ടു പറക്കുന്നുണ്ട്. മഴ പ്രതീക്ഷിച്ചതുപോലെ പെയ്യാത്തതുകൊണ്ട് നന്നായി.

“ആഹാ, അമ്മേടെ മോൻ ഇവിടെ വന്നിരിക്കുകയാണോ. ദേ അമ്മ ദോശയും ചമ്മന്തിയുമുണ്ടാക്കി കൊണ്ടന്നിരിക്കുന്നല്ലോ. വേഗം വാ, അമ്മ വാരിത്തരാം.”

“ഇല്ല. ഞാൻ വരില്ല.” ഉണ്ണിക്കുട്ടൻ ഇരിന്നിടത്ത് നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം വച്ചു കൊടുത്തു.

“ദേ മോനെ.. അമ്മയെ ഇങ്ങനെ ഓടിക്കല്ലേ ട്ടോ. അമ്മയ്ക്ക് ഈ വയറും വലിച്ചുകൊണ്ടിങ്ങനെ ഓടാൻ വയ്യ.”
“എങ്കിലേ ഉണ്ണിക്കുട്ടനിന്നൊന്നും കഴിക്കില്ല.”

“അയ്യോ മോനെ അങ്ങനെ പറയല്ലേ.. എന്റ മോന് അമ്മ വാരിത്തരൂല്ലോ. പിന്നെന്താ.”

“വേണ്ട. ഞാൻ കഴിക്കില്ല. ഞാൻ കഴിക്കണമെങ്കിൽ അമ്മ ഓടിവന്ന് എന്നെ എടുക്കണം.”

“മോനിങ്ങനെ വാശി പിടിക്കാതെടാ. അമ്മക്ക് വയ്യാത്തോണ്ടല്ലേ.” എത്രയൊക്കെ കെഞ്ചിപ്പറഞ്ഞിട്ടും ഉണ്ണിക്കുട്ടൻ അവന്റെ നിലപാട് മാറ്റിയതേയില്ല. അമ്മയെ ഒന്ന് ഓടിക്കുക എന്ന ചിന്ത മാത്രമായിരുന്നു ആ കുഞ്ഞു മനസ്സിൽ.

ഇന്നവൻ എഴുന്നേറ്റ് വന്നതുതന്നെ പതിവിലും വിപരീതമായിട്ടാണ്. ആ സ്വഭാവം ഇനി പകലന്തിയോളമുണ്ടാവും. മാലതി ആരോടെന്നില്ലാതെ പിറുപിറുത്തു.

“മോനെ അവിടെ നിൽക്കാൻ. ഇങ്ങനെ ഓടാതെ.. ഉണ്ണിക്കുട്ടാ വീഴുവേ.. വീണിട്ടുണ്ടങ്കിൽ അവിടെത്തന്നെ കിടന്നേക്കണം. അമ്മ വരില്ല വാരിയെടുക്കാൻ.” മാലതി പലതും പറഞ്ഞു നോക്കിയെങ്കിലും ഉണ്ണിക്കുട്ടൻ ഓട്ടം നിർത്തിയില്ല.

പക്ഷികൾ കലപില കൂട്ടി. പൂച്ചകൾ എന്തോ ആപത്ത് വരാൻ പോവുന്നുവെന്നറിഞ്ഞിട്ടെന്ന പോലെ മാലതിയേയും ഉണ്ണിക്കുട്ടനേയും മാറിമാറി നോക്കി കരഞ്ഞു. ചിലപ്പോൾ അവരും ഉണ്ണിക്കുട്ടനോട് പറയുന്നത് ഇങ്ങനെ ഓടല്ലേ എന്നായിരിക്കും.

എന്തു ചെയ്യാനാ. ചില നേരങ്ങളിലെ പിടിവാശി വലിയ നാശങ്ങളുടെ തുടക്കമായിരിക്കാം. ഇവിടേയും സംഭവിച്ചത് അത് തന്നെയായിരുന്നു. അമ്മയെ ഓടിക്കാനുള്ള ഉണ്ണിക്കുട്ടന്റെ തത്രപ്പാട് അവനെ കൊണ്ടെത്തിച്ചത് ഉറവ വറ്റിയ പൊട്ടക്കിണറ്റിലേക്കായിരുന്നു. വീടിനടുത്ത് തന്നെ കാടും പടലും തഴച്ചുവളർന്നൊരു പൊട്ടക്കിണർ ഉണ്ണിക്കുട്ടന് വേണ്ടി കാത്തു കിടപ്പുണ്ടായിരുന്നുവെന്നത് അവൻ പോലും അറിഞ്ഞു കാണില്ല.

ഒരു പക്ഷെ ഇതെല്ലാം അറിഞ്ഞിട്ടായിരിക്കുമോ ഉണ്ണിക്കുട്ടൻ പതിവിലും വിപരീതമായി പെരുമാറിയിരുന്നത്? ചിലപ്പോൾ ആയിരിക്കും. നിന്റെ കുരുത്തക്കേടുകൾ ഇവിടെ അവസാനിക്കാൻ പോവുകയാണെന്ന് ആരെങ്കിലും അവനോട് പറഞ്ഞു കാണും.

കൺമുന്നിൽ ഓടിക്കളിച്ചിരുന്ന തന്റെ പൊന്നോമന ഒരു മിന്നായം പോലെ ഉറവയില്ലാത്ത പൊട്ടക്കിണറ്റിലേക്ക് വീഴുന്നതും കൺനിറയെ നോക്കി നിൽക്കാൻ വിധിക്കപ്പെട്ടവളായിരുന്നു മാലതി.

“എന്റെ പൊന്നുമോനേ… ഉണ്ണിക്കുട്ടാ…” ഈ വിളികേട്ട് കുണ്ടൂർ ഗ്രാമം മുഴുവൻ ഉണർന്നു. മാലതി അബോധാവസ്ഥയിൽ ആശുപത്രിയിലുമായി.

ബന്ധുക്കൾക്കും നാട്ടുകാർക്കും അവളെ പറ്റിയുള്ള അഭിപ്രായങ്ങൾ പലതായി. “എരണംകെട്ടവൾ, മൂധേവി… ആ ചെറുക്കനെ കയ്യും കാലും കാട്ടി വശത്താക്കി സുഖായി ജീവിക്കാമെന്ന് വിചാരിച്ചു കാണും. മരിച്ചെന്ന് പറഞ്ഞിട്ടെന്താ, എത്രയായാലും ആ ചെക്കന്റെ തള്ളേടെ പ്രാക്ക് ഇല്ല്യാണ്ടിരിയ്ക്ക്യോ.”

“അത് ശരിയാ.. ന്നാലും, ആ കുഞ്ഞിനോട് വേണ്ടായിരുന്നു. പാവം അതെന്ത് പിഴച്ചു. അവള് പെറ്റുണ്ടാക്കിയതാണെങ്കിൽ അങ്ങനെ ചെയ്യുമോ..”

ആളുകൾ പലതും പറഞ്ഞു. ഇതൊന്നുമറിയാതെ മാലതി കിടന്നു.

നേരം സന്ധ്യയോടടുക്കാൻ തുടങ്ങി മാലതി ഇടക്കെപ്പോഴോ കണ്ണ് തുറന്നു. അവൾ ആശുപത്രിമുറിയാകെ പരതി.

“മധുവേട്ടാ.. എവിടെ നമ്മുടെ മോൻ. ഉണ്ണിക്കുട്ടനെവിടെ മധുവേട്ടാ…”

“നമ്മുടെ മോൻ… അവൻ… അവൻ നമ്മെ വിട്ടു പോയി മാലതി. ഈശ്വരനവനെ കൊണ്ടു പോയി.

ജീവനില്ലാത്ത നമ്മുടെ പൊന്നുമോനെ നിനക്ക് കാണണോ മാലതീ..” അതിനുള്ള മറുപടി പറയാൻ മാലതിക്ക് കഴിഞ്ഞിരുന്നില്ല.

അടുത്ത പ്രഭാതം കുണ്ടൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു ഉണർന്നത്. മാലതി ഒരു പെൺ കുഞ്ഞിനെ ഈ ഭൂമിയിലേക്ക് ഇട്ടു കൊടുത്തുകൊണ്ട് മകനടുത്തേക്ക് പോയിരിക്കുന്നു.

ആ ചോരക്കുഞ്ഞിനെ വാരിയെടുത്ത്‌ മധു ആശുപത്രിയുടെ പടികളിറങ്ങി എങ്ങോട്ടെന്നില്ലാതെ യാത്ര തുടർന്നു.

അവൾ വളരട്ടെ. ആരുടേയും ശാപമാവാതെ.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശിനി. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് കാലുകൾ തളർന്നതോടെ ജീവിതം വീടിന്റെ നാല് ചുവരുകൾക്കുള്ളിലായി ഒതുങ്ങി. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. 2019ൽ കേരള സാക്ഷരതാമിഷൻ നടപ്പിലാക്കിയ നവചേതന സാക്ഷരത പദ്ധതിയിലൂടെ തന്റെ മുപ്പത്തഞ്ചാം വയസ്സിൽ അക്ഷരങ്ങൾ എഴുതാൻ പഠിച്ചു. തുടർന്ന് കഥകൾ കൂടാതെ തന്റെ ജീവിതാനുഭവങ്ങളും സ്വപ്‌നങ്ങളും കുറിപ്പുകളുടെ രൂപത്തിൽ എഴുതുകയും അത് ലൈവ് ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇപ്പോൾ നാലാംതരം തുല്യതക്ക് പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ - "ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ," "ഓർമയുടെ ഒറ്റയടിപ്പാതകൾ."