മാറ്റം വരേണ്ട ആചാരങ്ങൾ

പലമട്ടിലാണ് ആചാരങ്ങൾ മനുഷ്യരെ വിടാതെ പിന്തുടരുന്നത്. അവയിൽ ഏറെയും മനുഷ്യവിരുദ്ധവുമാണ്. വിവാഹം, പ്രസവം എന്നുതുടങ്ങി ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ആചാര വിശ്വാസങ്ങൾക്കു പരിധിയില്ല. ഞാൻ ഓർക്കുന്നത് എൻ്റെ കുട്ടിക്കാലമാണ്. വിവാഹങ്ങൾ മാമാങ്കങ്ങളല്ലായിരുന്നു. കാർന്നോമ്മാര് എല്ലാം ഉറപ്പിക്കുന്നു. ചെക്കൻ വന്നുള്ള പെണ്ണുകാണൽ അത്ര നിർബന്ധമല്ല. കാർന്നോമ്മാർക്ക് ഇഷ്ടപ്പെടണം. പെണ്ണിനു ചെക്കനെ കാണണമെന്നത് അത്ര നല്ല ആവശ്യമായി പരിഗണിച്ചിരുന്നുമില്ല. വീട്, ചുറ്റുപാട്, പറമ്പ്, തൊഴുത്ത് തുടങ്ങിയ ചില കാര്യങ്ങൾ പരിഗണിച്ചും കുടുംബമഹിമ, തറവാട്ട്പെരുമ തുടങ്ങിയ ഘടകങ്ങളും നോക്കി, ജാതി, ഉപജാതിക്കണക്കുകൾ പരിഗണിച്ചും, ഒടുവിൽ കവടി നിരത്തി കണിയാൻ നടത്തുന്ന പ്രവചനവും ചേർത്ത് സംഗതി ഉറപ്പിക്കും. ഇനി കല്യാണമെന്ന ചടങ്ങിന് പയ്യൻ അഥവാ വരൻ ഒരു അവശ്യഘടകമല്ല എന്ന അവസ്ഥയും ഉണ്ടായിരുന്നു. ചെക്കനു പകരം, അയാളുടെ സഹോദരി ചെന്നാൽ മതിയായിരുന്നു. അവർ വധുവിനെ ആങ്ങളയ്ക്കുവേണ്ടി മാലയിട്ടു കൂട്ടിയിരുന്നു. സദ്യ കഴിച്ച് കാൽനടയായും, വഞ്ചിയിലും വള്ളത്തിലും അവൾ ഭർത്തൃഗൃഹം പുക്കുന്നു. സ്വന്തം വീട് അവൾക്ക് അന്യമാണ്. അത് അവളുടേതല്ല. പെണ്ണിനെ കെട്ടിച്ചയച്ചാൽ ബാധ്യത തീർന്നു. ഇതൊരു ആചാരവും നാട്ടുനടപ്പുമായിരുന്നു. പെണ്ണ് സമം ബാധ്യത എന്നായിരുന്നു സമവാക്യം. അവൾ തൊഴുത്തിലും, പാടത്തെ പണികളിലും സഹായിച്ച്, അടുക്കളയിൽ വെച്ചുവിളമ്പി ജീവിതം കരിയിൽ മുക്കി.

അക്കാലങ്ങളിൽ ചില പെണ്ണുങ്ങളെങ്കിലും ചിന്തിച്ചിരിക്കാം, അടുത്ത തലമുറയിൽ കാര്യങ്ങൾ ഭേദപ്പെടുമെന്ന്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. സ്വർണം രംഗപ്രവേശം ചെയ്തു. തട്ടാര് പണിയുന്ന ആഭരണങ്ങൾക്കു ഭംഗി കുറവാണെന്നും കഴുത്തിലും കൈയിലും ആഭരണങ്ങൾ നിറയുന്നതാണ് ഫാഷനെന്നും വന്നു. ജ്വല്ലറി പരസ്യങ്ങളിൽ ദേഹമാസകലം സ്വർണത്തിൽ മുങ്ങിയ സുന്ദരികൾ നിറഞ്ഞു. അത്രയും സ്വർണം വിവാഹത്തിന് അത്യാവശ്യമായി. അവിടെ സാധാരണ വീടുകളിൽ പെൺമക്കളുടെ വിവാഹം ഒരു അഭിമാനപ്രശ്നമായി പുകയാൻ തുടങ്ങി. സ്വർണം, വാഹനം, പോക്കറ്റ് മണി എന്ന് സ്ത്രീധനത്തിൻ്റെ പാറ്റേൺ മാറി. ഒപ്പം അടുക്കളയിൽ സ്റ്റൗ പൊട്ടിത്തെറിച്ചു പെണ്ണുങ്ങൾ ചാവാൻ തുടങ്ങി. അങ്ങനെ നമ്മൾ സ്ത്രീധനത്തെക്കുറിച്ച് വലിയവായിൽ സംസാരിക്കാൻ തുടങ്ങി. അപ്പോഴേക്കും നൂറ്റൊന്നു പവനും ഒരു മാരുതിക്കാറും പഴഞ്ചനായി മാറി. പെൺകുട്ടികളുടെ വിവാഹപ്രായം വീട്ടിലെ ധനസ്ഥിതിക്ക് അനുസരിച്ചായി. സർക്കാർ ഉദ്യോഗസ്ഥർ, ഗൾഫുകാർ ഈ രണ്ടു കൂട്ടരും വിവാഹക്കമ്പോളത്തിലെ വിലപിടിപ്പുള്ള താരങ്ങളായി. കൊടുക്കാമെന്നു പറഞ്ഞിട്ട് കൊടുക്കാൻ സാധിക്കാത്ത സ്ത്രീധനത്തിൻ്റെ പേരിൽ യുവതികൾ കയറിൻ്റെ അറ്റത്ത് പിടഞ്ഞുതീർന്നു. അവരുടെ മിഴിഞ്ഞ കണ്ണുകളുടെ കൂർത്ത നോട്ടം കൂടുതൽ കഠിനമായി ദയാരഹിതമായി മാറിയ സാമൂഹ്യവ്യവസ്ഥയുടെ നേർക്ക് തുളഞ്ഞുകയറി.

ഇനി പുതിയ നൂറ്റാണ്ടിലേക്ക് കടന്നു വരാം. പെൺകുട്ടികൾ അവരുടെ ജീവിതം അവസാനിപ്പിച്ചശേഷവും പേരുകളായി നമ്മുടെ മുന്നിൽ ദൈന്യത നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്നു. ഉത്തരയെന്നും, വിസ്മയയെന്നും അവരെ നമ്മൾ വിളിക്കുമ്പോൾ അവർ പറയും എങ്ങനെയാണ് അവർ പണയപ്പണ്ടങ്ങളേക്കാൾ വിലകെട്ടവരായതെന്ന്!

എന്നാൽ ആചാരങ്ങൾ മാറുന്നു. ഒരച്ഛനാണ് അതിനു മുൻകൈ എടുത്തത്. അയാൾ മുന്നിൽ നടന്നു, ഒപ്പം ബാൻഡ് വാദ്യവും മധുരപലഹാരങ്ങളും കരുതി. മകൾ പാർക്കുന്ന അവളുടെ ഭർത്തൃഗൃഹത്തിലെത്തി. സമ്മാനങ്ങൾ ഏൽപ്പിച്ചു. ആ വീട്ടിലുള്ളവരുടെ മുഖം തെളിഞ്ഞതു നോക്കിക്കണ്ടു, പിന്നെ അവരോട് ഒന്നു പറഞ്ഞു, “ഞാനെൻ്റെ മോളെ തിരിച്ചു കൊണ്ടുപോകുന്നു.”

ഭർത്താവിൽ നിന്നും നിരന്തരം തല്ലേറ്റു വാങ്ങിയിരുന്ന മകൾ ഒട്ടും പ്രതീക്ഷിച്ചതല്ല അച്ഛൻ്റെ ഭാഗത്തു നിന്നുള്ള ആ നീക്കം. അവൾ ആദ്യം അതിശയിച്ചു, അവിശ്വാസത്തോടെ നിന്നു. പിന്നെ മനസ്സിലായി അച്ഛൻ ശരിക്കും അത് ഉദ്ദേശിക്കുന്നുവെന്ന്. മകൾ അവളുടെ സാധനങ്ങൾ അടങ്ങിയ പെട്ടിയുമായി പുറത്തുവന്നു. കൊട്ടും മേളവുമായി അച്ഛൻ മകളെ സ്വന്തം വീട്ടിലേക്കു കൂട്ടി.

ഈ അസാധാരണക്കാരനായ അച്ഛൻ്റെ പേര് പ്രേം ഗുപ്ത, മകൾ സാക്ഷി ഗുപ്ത. സംഭവം നടന്നത് ജാർഖണ്ഡിലെ റാഞ്ചിയിൽ. പതിനേഴുലക്ഷം രൂപ സ്ത്രീധനം നൽകിയാണ് ഈ വിവാഹം നടത്തിയത്. ഏതായാലും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു കഴിഞ്ഞു സാക്ഷി.

ഇവിടെ ഭർത്തൃവീട്ടിൽ പെൺകുട്ടി നേരിട്ടത് വലിയ പീഡനമാണ്. മർദ്ദനം മാത്രമല്ല, ഇടയ്ക്കിടെ സാക്ഷിയെ അവളുടെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവൾ സ്വന്തം വീട്ടിൽ ഒന്നും അറിയിച്ചില്ല. കാരണം അവളുടെ അച്ഛന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അച്ഛനെ വിഷമിപ്പിക്കാൻ ആ മകൾ ഒട്ടും ആഗ്രഹിച്ചില്ല. അതുകൊണ്ട് ആ മകളുടെ ദുഃഖം ആരും അറിയുന്നില്ല എന്നവൾ കരുതി. എന്നാൽ അച്ഛൻ എല്ലാം അറിഞ്ഞു. അയാൾ വേണ്ടത് ചിന്തിച്ചുറപ്പിച്ചു പ്രവർത്തിച്ചു.

യഥാർത്ഥത്തിൽ ഈ അച്ഛൻ ആചാരങ്ങൾക്കും നാട്ടുനടപ്പുകൾക്കും എതിരായി പ്രവർത്തിച്ച ആളാണ്. മറ്റുള്ളവർ എന്തു കരുതും എന്ന ചിന്ത അദ്ദേഹം മാറ്റിവെച്ചു. മറ്റുള്ളവരേക്കാൾ വലുത് തൻ്റെ മകളുടെ ജീവനാണ് എന്നയാൾ കുറിച്ചിട്ടു. മകളെ വെറുതേ വിളിച്ചിറക്കിക്കൊണ്ടു വന്നാൽ അതുകൊണ്ടു കാര്യമില്ല. കരഞ്ഞ്, തളർന്ന്, അപമാനിതയായി മകൾ തല കുനിച്ച് മറ്റുള്ളവരുടെ മുന്നിൽ നിൽക്കുന്നതു കാണാൻ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം ഭർത്തൃവീട്ടിൽ നിന്നും അവൾ സ്വന്തം വീട്ടിലേക്കു വരുന്നത് തലയുയർത്തിപ്പിടിച്ചായിരിക്കണം എന്നദ്ദേഹം നിശ്ചയിച്ചു. അതു നടപ്പാക്കി.

ഇത് സംസ്കാരത്തിൻ്റെയോ ആചാരത്തിൻ്റേയോ വിഷയമല്ല മറിച്ച് ചിന്തയുടേതാണ്. പെണ്ണ് എന്നും താഴെത്തട്ടിൽ നിൽക്കണമെന്നും, അധിക്ഷേപങ്ങൾ ഏറ്റുവാങ്ങണമെന്നുമുള്ള തലമുറകൾ രൂപപ്പെടുത്തി കൈമാറിയ വിശ്വാസം പൊളിച്ചുമാറ്റുക അത്ര എളുപ്പമല്ല. ഏതൊരു മാറ്റവും, അതെത്ര ചെറുതുമാകട്ടെ, അത് ആദ്യം ചെയ്യുക എന്നത്, തുടക്കം കുറിക്കുക എന്നത് നിസ്സാരമല്ല. പ്രേം ഗുപ്തയുടെ പ്രവൃത്തി ഒരു ആചാരമാക്കാമെങ്കിൽ, പെൺകുട്ടികളുടെ ജീവൻ വെച്ചു കളിക്കാൻ ആരും അധികം ധൈര്യപ്പെടില്ല.

വിവാഹം, രണ്ടുപേർ ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിൻ്റെ ഫലമായി ഉണ്ടാകുന്നതാണ്. അവിടെ അവർ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും സാമ്പത്തിക സഹകരണത്തോടെ ഒരു വീട്ടിൽ ഒന്നിച്ചു ജീവിക്കാൻ നിശ്ചയിക്കുകയാണ്. സ്നേഹമാണ് മറ്റെന്തിനും മുകളിൽ പ്രധാനമായി പരിഗണിക്കേണ്ട വിഷയം. പരസ്പരം സ്നേഹമുണ്ടെങ്കിൽ പരസ്പരം കുറവുകൾ ക്ഷമിക്കാനാകും. അത്തരം ബന്ധത്തിൽ ഭാര്യയും ഭർത്താവും പരസ്പരം പൂരകങ്ങളാവുകയാണ്. അത്തരം ഒരു ബന്ധത്തിൽ മറ്റുള്ള ഘടകങ്ങൾക്കു തീർത്തും പ്രാധാന്യം കുറവാണ്. നമ്മുടെ വിദ്യാഭ്യാസത്തിൽ ഇത്തരത്തിലുള്ള വിവാഹ ജീവിതത്തെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. ജാതി മത ചിന്തകൾക്കതീതമായി വിവാഹങ്ങൾ നടന്നാൽ വർഗീയതയുടെ പേരിലുള്ള ഭിന്നിപ്പ് അവസാനിക്കും. ഓണവും – വിഷുവും ക്രിസ്മസും നബിദിനവും ഒരു വീട്ടിൽ ആഘോഷിക്കാനാകും. എല്ലാ മതങ്ങളുടേയും നന്മകൾ ഉൾക്കൊണ്ടു മുന്നേറാനാകും. പ്രേം ഗുപ്ത ഒരു തുടക്കമിട്ടു. നമുക്കത് കൂടുതൽ മികച്ച ആശയങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിക്കാനാകണം.

അത്തരം ഒരു നാടാണ് എൻ്റെ സ്വപ്നം.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.