ഉണിയപ്പൻ ഏന്തിയും വലിഞ്ഞും മാറാലക്കുന്നിനെ ലഷ്യമാക്കി നടന്നു. ഈയിടയായി ഈ യാത്ര പതിവാണെന്ന് ചെന്നീക്കരക്കാർ അടക്കം പറഞ്ഞു. നാട്ടുപച്ചില തേടിപ്പോയ പതിച്ചിത്തള്ള കുന്നിൻ മുകളിലെ പറങ്കിക്കൂട്ടത്തിനിടയിൽ ചത്തുകിടന്നതിൽ പിന്നെ ആരും ആ കുന്ന് കേറാതെയായി. മരണം പുറം ലോകമറിഞ്ഞത് തന്നെ ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞാണ്. വെള്ളത്തടി വെട്ടുന്ന ജബാറാണ് ശവം ആദ്യം കണ്ടത്. അപ്പോഴേക്കും അത് നീരു മുഴുവൻ ഊറ്റിയെടുത്തൊരു കരിമ്പിൻ ചണ്ടിപോലെ ഉണങ്ങിപ്പോയിരുന്നു. രണ്ടാഴ്ച്ചയ്ക്കിപ്പുറവും ദേഹമഴുകാത്തതിലുള്ള അത്ഭുതം ഇന്നാട്ടുകാർക്ക് ഇനിയും മാറിയിട്ടില്ല. മാറാലക്കുന്നിൽ ഏതോ അജ്ഞാത ജീവിയുണ്ടെന്ന് ചെന്നിക്കരക്കാർ വിശ്വസിച്ചു പോന്നു. സംഭവം നടന്നിട്ട് കൊല്ലം രണ്ടു കഴിയുന്നു, ഇപ്പോഴാകട്ടെ നടവഴിപോലും തിരിച്ചറിയാനാവാത്തവിദത്തിൽ ഈറ്റയും ചൂരലും ഇടചേർന്ന് കൂടുതൽ നിഗൂഡമായൊരു കാടായി മാറിയിരിക്കുന്നു മാറാലക്കുന്ന്.
കാടുവെട്ടിത്തെളിച്ചാണ് ഉണിയപ്പൻ കുന്നുകയറിത്തുടങ്ങിയത്. ആണിരോഗം കുത്തുകൾ തീർത്ത കാലുകളിൽ കൂർത്ത കല്ലും മുള്ളുകളും മാറിമാറി കുത്തി വേദനിപ്പിച്ചു. മലന്തുടലിയുടെ മുള്ളുകൾ ദേഹമാകെ വരഞ്ഞ് രക്തച്ചാലുകൾ തീർത്തു, എന്നിട്ടും അയാൾ പിൻമാറിയില്ല.
” ഉണ്ണിയപ്പന് മുഴുത്ത വട്ടാണ്.” ചെന്നിക്കരക്കാർ പരസ്പരമത് പറഞ്ഞു ചിരിച്ചു.
”വെറുതേയല്ല ആ ചീതേവിപ്പെണ്ണ് യെവനെക്കളഞ്ഞ് വേറൊരുത്തനോടൊപ്പം പോയത്.” ചെത്തുകാരൻ അപ്പിച്ചെറുക്കൻ കൂട്ടിച്ചേർത്തു..
ചീതേവീടെ കാര്യം പറയുന്നിടത്തെല്ലാം ഉണിയപ്പൻ ചെവി വട്ടംപിടിക്കും.
“ഓളെക്കുറിച്ച് കേൾക്കാനകൊണ്ടല്ല. പത്തുകൊല്ലം മുന്നേ ഓളിറങ്ങിയപ്പോ ഒക്കത്തെടുത്ത് പോയ ഏന്റെ പുള്ള , പിച്ചിപ്പെണ്ണ് … ഓളെക്കുറിച്ച് ആരേലും ന്തേലും പറയണോന്ന് കേക്കാൻ. പൂതി പെരുത്ത് വന്നപ്പോ ഒന്നു രണ്ടുവട്ടം വെള്ളരിമല കേറാൻ നോക്കീതാ, പച്ചേങ്കി…. , ഓരെ കാണാൻ ചെന്നാ കാല് രണ്ടും വെട്ടുന്നാ കാടൻ ഇച്ചാമി പറഞ്ഞുനടക്ക്വാ. ഞാനെന്താക്കാനാ. റാക്കടിച്ച് വന്നാ ഓൻസെയ്യും അതും അതിനപ്പുറോം സെയ്യും.”
സ്വതവേഉള്ള ഭയം ഒന്നുകൂടി ഉറപ്പിച്ച് ഉണിയപ്പൻ ആത്മഗതം ചെയ്തു.
സൂര്യനുദിക്കുന്ന മാറാലക്കുന്നും അസ്തമിക്കുന്ന വെള്ളരിമലയും താഴ്വരകളാൽ കയ്കോർത്ത് കാത്തു പോന്ന ചെന്നീക്കര – ചേറും നീരും നിറഞ്ഞ കര – അവിടെ കുറേ മനുഷ്യർ. ആകാശംമുട്ടെ വളർന്നുനിൽക്കുന്ന കുന്നുകൾക്കപ്പുറം ഒരു നാടുണ്ടെന്ന് പോലും വിശ്വസിക്കാതെ, ഈ താഴ്വരകളിൽ ജനിച്ചു മരിച്ച പൂർവ്വസൂരികളുടെ പാരമ്പര്യമെന്നോണം പുറംലോകവുമായുള്ള സമ്പർക്കം ഇന്നും ഇന്നാട്ടുകാർ വെറുത്തു പോന്നു. വെട്ടിപ്പിടിക്കലിന്റെ സ്വാർത്ഥകാലത്ത് ചെന്നിക്കരയിൽ ഒറ്റപ്പെട്ടവനായി ഉണിയപ്പൻ. താഴ്വാരങ്ങൾ അരിഞ്ഞുചേർത്ത് ചേറാകെ നികത്തിയപ്പോൾ അറ്റുപോയൊരു നീരൊഴുക്കിന്റെ ബാക്കിപത്രമെന്നോണം കൂട്ടിലടച്ചിട്ട വെരുകിനെപ്പോലെ ആകെ അസ്വസ്ഥനായി അയാൾ.
ഉണിയപ്പൻ വഴിതെളിക്കുന്നു. മാറാല കുന്നിന്റെ ഉച്ചിയിലേക്ക്. സൂര്യനപ്പോഴും തലയ്ക്കുമീതെ തീ പോലെ കത്തുന്നു.ഉച്ചവെയിലേറ്റു വാടിയ ശീമകൊങ്ങിണികളുടെ ഗന്ധം. അയാൾ ചിന്നമ്മയെ ഓർത്തു. ആട് ചിന്നമ്മയെ –
അവരോടൊപ്പം ആദ്യമായി മാറാലക്കുന്ന് കയറിയത്.
ഏഴാംതരത്തിൽ രണ്ടു വട്ടം ശ്രമിച്ച്പഠിത്തം നിർത്തി വാലാകോലാ നടക്കുന്ന കാലം. കശുവണ്ടി വിറ്റു കിട്ടിയ കാശിന് വേലുച്ചെട്ടിയാരുടെ നിരക്കടയ്ക്കുമുന്നിൽ കാലാടിയ ബെഞ്ചിലിരുന്ന് മൊരി റൊട്ടിയും കട്ടനും ചേർത്ത് ചവച്ചിറക്കുമ്പോഴാണ് ചിന്നമ്മയുടെ വരവ്. അവളെ നോക്കി ചുങ്കിളി ആടിന്റെ ശബ്ദമുണ്ടാക്കി കരഞ്ഞു. സാധാരണപോലെ അവൾ മുണ്ടിന്റെ കോന്തല പിടിച്ചെങ്കിലും വയസ്സറിയിക്കാത്തൊരു ചെറുക്കൻ ഇരിക്കുന്നതിനാലാവണം ഒരു കയ്യ്മുദ്രയിലൊതുക്കി ദേഷ്യം. കണ്ണുംതള്ളിയിരിക്കുന്ന ഉണിയപ്പനെ നോക്കി അവൾ ചോദിച്ചു,
”മാറാലക്കുന്നില് തോല് വെട്ടാൻ വരുന്നുണ്ടോടാ നിയ്യ്.”
കേൾക്കേണ്ട താമസം ഉണിയപ്പൻ കൂടെച്ചാടി അവന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നു കുന്നുകയറൽ. ചിന്നമ്മ മുന്നേയും ഉണിയപ്പൻ പുറകിലുമായി കുന്നുകയറി, അവളുടെ വിയർപ്പിന് ആടിന്റെ ചൂരാണെന്ന് ഉണിയപ്പൻ ഇപ്പോഴുമോർക്കുന്നു. അവരോടത് പറയണമെന്നുണ്ടായിരിന്നു. പക്ഷേ ചുങ്കിളിക് കിട്ടിയ തെറിയോർത്തപ്പോൾ അവനത് വേണ്ടെന്നുവെച്ചു.
മരങ്ങളും കുറ്റിച്ചെടികളും നിറയെ ചിലന്തിവലകളാണ്. പലതരം ചിലന്തികൾ അവ നിരന്തരം വലനെയ്തു കൊണ്ടിരുന്നു .
ചിലന്തികൾ – അവ വളർച്ചയെത്താതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ആത്മാവിൻ തിരുശേഷിപ്പുകളായാണ് ചെന്നീക്കരക്കാർ കരുതിപ്പോന്നത്. മുറ്റാതെ പൊലിഞ്ഞു പോയ സ്വപ്നങ്ങളാണ് ഓരോ വലക്കണ്ണിയുമെന്നവർ വിശ്വസിച്ചു.
ഒരു പക്ഷേ ഇക്കാരണത്താലാവണം ഈ കുന്നിന് മാറാലക്കുന്ന് എന്ന പേരുവന്നത്. പാഞ്ഞിത്തോലൊടിച്ച് വല ചുറ്റി ചിന്നമ്മയും ഉണിയപ്പനും കുന്നുകയറി. കുറ്റിച്ചെടികൾ നിറഞ്ഞ താഴ്വാരം കയറിത്തുടങ്ങിയപ്പോഴേ ചീവീടുകളുടെ ശബ്ദമുയർന്നു കേട്ടു. കീരാൻ കിരിങ്ങിയുടേയും വെട്ടുകിളികളുടെയും ചിറകടി ശബ്ദങ്ങൾ കാടിന്റെ നിഗൂഡതയ്ക്ക് പശ്ചാത്തലമെന്നോണം ഒരുമിച്ച് ഉയരുകയും താളമിട്ട് താഴുകയും ചെയ്തു കൊണ്ടിരിന്നു.
പൂലക്കുറ്റികൾ നിറയെ പൂച്ചക്കുട്ടികായ്കൾ വെളുത്ത് തുടുത്ത് പഴുത്തു നിന്നിരുന്നു. ഞെട്ടിറുക്കാതെ കുലകളായവ പറിച്ചെടുത്തു കക്കോടികെട്ടി പുറകിലായി നിക്ഷേപിച്ചു ഉണിയപ്പൻ ഇടയ്ക്ക് ചുവന്ന പഴുത്ത തെച്ചിക്കായ്കളും കിട്ടി അതൊക്കെ തന്നെയായിരുന്നു അവന്റെ ഉദ്ദേശവും.
ചിന്നമ്മ തോലുവെട്ടുന്നതിനിടയിൽ കുറ്റിക്കാട്ടിൽ കുന്തിച്ചിരുന്ന് കാട്ടുകായ്യ്കൾ പറിക്കുന്ന ഉണിയപ്പനെ നോക്കി പറഞ്ഞു
“ചെറുക്കാ കാട്ടിന്റെടേൽ കേറല്ലേ നിന്റെ കിണിങ്ങാമണി വല്ല ഊരണതും കടിച്ചോണ്ട് പോവും.”
ഉണിയപ്പന് നാണം വന്നു അവൻ മുണ്ട് പിടിച്ച് തറ്റുടുത്തു. അവൾ കവിളിൽ ഭംഗിയുള്ള ചുഴികളുണ്ടാക്കി ചിരിച്ചു. ആദ്യമായി എണ്ണക്കറുപ്പിന്റെ ഭംഗി ഉണിയപ്പൻ ആസ്വദിച്ചു. വിടർന്ന കണ്ണുകളുമായി അവളെ നോക്കി നിൽക്കുന്ന ഉണിയപ്പന്റെ നെറ്റിയിൽ അവൾ രണ്ട് ഞൊട്ടക്കായ്കൾ ഇടിച്ച് പൊട്ടിച്ചു. ആ ഞെട്ടലിൽ അവൾ വീണ്ടും ചിരിച്ചു അവനും.
വെട്ടിയ തോലുകൾ അവിടവിടായി കൂട്ടിയിട്ടിരിക്കുന്നു. മലയിറക്കത്തിലാണ് അവ കൂട്ടിക്കെട്ടുന്നത്. ഇന്ന് ഒരു ചെറിയ കെട്ട് ഉണിയപ്പനുമുണ്ടാകും. സമയം ഉച്ചയോടടുത്തു ഉണിയപ്പന് ദാഹിച്ചു.
“വെള്ളം വേണേൽ ഇനിയും കയറണം ഒരു നാലഞ്ച് നാഴിക ദൂരം. ആ മെട്ടപ്പാറക്കപ്പുറം മലയിരപ്പുണ്ട്.”
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നോണം ചിന്നമ്മ കയ്യിലിരുന്ന പുല്ലരിവാളുകൊണ്ട് പ്ലാശിൽനിന്ന് പടർന്നിറങ്ങിയ മിന്നാരകോടിയുടെ തണ്ട് വെട്ടി. അതിൽ നിന്ന് ഊറിവരുന്ന വെള്ളംകണ്ട് ഉണിയപ്പൻ ഒരു മന്ത്രവാദിനിയെയെന്നോണം അവളെ നോക്കി. പെട്ടന്ന് വെയിൽ മങ്ങി.മൊട്ടപ്പാറക്കു മുകളിൽ കത്തിനിന്ന സൂര്യനെ മറച്ചുകൊണ്ട് കരിമേഘങ്ങളുരുണ്ടു നീങ്ങി. ഗ്രഹണം പോലെ കുന്നു കറുത്തു. മാറാലക്കുന്നിന്റെ ഒത്ത നടുവിലാണ് മൊട്ടപ്പാറ പാറയ്ക്ക് കുട പിടച്ചപോലെ ചില്ലകൾ വിരിച്ചു നിൽക്കുന്ന ഒരു വെൺതേക്ക്.
“നെനക്ക് മൊട്ടേല് കേറണോ ? ”
വലിയ പാറയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന ഉണിയപ്പനോട് ചിന്നമ്മ ചോദിച്ചു. അവന്റെ തെളിഞ്ഞ മുഖമത്വേ ണമെന്നോതി.
പാറയിലേക്ക് പാമ്പിൻ പടം പോലെ പടർന്നു കയറിയ പറങ്കിമാവിൻ ചില്ലകൾ ചവുട്ടി ചിന്നമ്മ ഒരു ഞാണിൻമേൽ കളിക്കാരിയുടെ മെയ് വഴക്കത്തിൽ മൊട്ടയിലേക്ക് കയറിപ്പോയി. വെൺതേക്കിൽ ഞാന്നു കിടന്ന കറ്റടിനായകത്തിന്റെ ബലമുള്ള വള്ളികൾ കയർ പോലെ ഏച്ചുകെട്ടി അത് ഉണിയപ്പനു നേരേ എറിഞ്ഞു കൊടുത്തു. കയറിൽ തൂങ്ങി പറങ്കിയുടെ ചില്ലകൾ ചവുട്ടി അവനും പാറക്കു മുകളിലെത്തി. ഉയര കാഴ്ചയിൽ ഉണിയപ്പന്റെ കണ്ണുകൾ തിളങ്ങി. അക്കരെ വെള്ളരിമല വ്യക്തമായി കാണാം. അവിടെ കാറ്റാടി മരങ്ങളിൽ കാറ്റുപിടിക്കുന്ന ശീൽക്കാരം വ്യക്തമായി കേൾക്കാം. തണുത്ത ഒരു കാറ്റ് താഴ്വാരാങ്ങളിലെ പച്ചപ്പിനെ തഴുകി ഒഴുകി പോകുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു. മരോട്ടിമരങ്ങളിൽ നിന്ന് പൂകൾ പറക്കുന്ന പോലെ ശലഭങ്ങൾ ഉയർന്നു പറന്നു.
പാറയിൽ ഉച്ചവെയിലുപേക്ഷിച്ചു പോയ ഇളംചൂടിൽ ചിന്നമ്മ ആകാശം നോക്കി കിടന്നു. അടുത്തായി ഉണിയപ്പനും.
ഏതോ വിഷാദം മഴമേഘങ്ങളിൽ കൂട് കൂട്ടുന്നു, ചിന്നമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ പാറയിലേക്ക് അടർന്നു വീണു.
ചിന്നമ്മ കരയുന്നു. ചിന്നമ്മയുടെ കെട്ടിയോൻ കഞ്ചാവ് തലക്കുപിടിച്ച് മാറാലക്കുന്നിന്റെ വടക്കേ ചുരമിറങ്ങി കാടുകയറിപ്പോയി. ഒടുവിൽ അവളും ആടുകളും ചെന്നീക്കരയിൽ തനിച്ചായി. ഇത് എല്ലാ നാട്ടുകാർക്കുമെന്ന പോലെ ഉണിയപ്പനും അറിയാവുന്ന കഥ തന്നെ. അതാവും ഈ ദുഃഖത്തിന് കാരണമെന്ന് അവനൂഹിച്ചു.
എന്നാൽ, മാനം കറുക്കുമ്പോൾ കടവാവലുകൾ പോൽ ചിറകടിച്ചെത്തുന്ന ചില ഓർമ്മകളുണ്ട് ചിന്നമ്മക്ക്. കർക്കിടക മഴക്ക് ഭ്രാന്ത് പിടിച്ചൊരാ നശിച്ച പകലിനെ പേടിയോടെയല്ലാണ്ട് ഓർക്കാൻ കഴിയില്ലായിരുന്നു അവൾക്ക്.
”നെനക്കറിയോ, ആ പതിച്ചിത്തള്ള പറഞ്ഞു നടക്കാ ഓര പുള്ളെ കൊന്നത് ഏനാണെന്ന്. ഏനങ്ങനെ സെയ്യോ,
എനക്കങ്ങനെ സെയ്യാനാവ്വോ. സിത്തിര പെണ്ണ് എനക്കും മഹളല്ലാരുന്നോ.”
അവളുടെ ശബ്ദം നേർത്ത് നേർത്ത് ഒരു കരച്ചിലോളം ചെന്നു നിന്നത് ഉണിയപ്പനറിഞ്ഞു. ആ കരച്ചിലിന്റെ അങ്ങേയറ്റത്ത് അവനവളെ കണ്ടു, ആ നീറുന്ന മനസ്സുകണ്ടു.
ഒരാഴ്ച്ച ഇടമുറിയാതെ പെയ്ത കർക്കിടക മഴ ഒരൽപ്പം ശമിച്ചപ്പോ സിത്തിരപ്പെണ്ണിനെ ചിന്നമ്മയെ ഏൽപ്പിച്ച് പച്ചിലമരുന്ന് തേടി മല കയറിയതായിരുന്നു പതിച്ചിത്തള്ള. മഴക്കെടുതിയുടെ ആലസ്യം വിട്ടകലാതെ പകലങ്ങനെ മൂടിക്കെട്ടിത്തന്നെയിരുന്നു. അടുപ്പത്ത് തേങ്ങാക്കൊത്തും ചേർത്ത് പുഴുങ്ങി വച്ചിരുന്ന കടച്ചക്കപ്പുഴുക്ക് സിത്തിരക്കായ് എടുക്കാൻ പോയതായിരുന്നു ചിന്നമ്മ. തിരികെ വന്നപ്പോൾ അവളവിടില്ല. കുടിക്കു ചുറ്റും വിളിച്ചു നടന്നു. ആരും വിളികേട്ടില്ല.
തൊടിയിലെ ബണ്ടിന്റെ കരയിൽ മെച്ചിങ്ങാ വണ്ടികിടന്നു. ഒരു നിലവിളിയോടെ ചിന്നമ്മ കനാലിലേക്ക് എടുത്തു ചാടി, ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചാണ് അവളെ കരയ്ക്കെത്തിച്ചത്.
മഴ, പെരുമഴ, തോരാമഴ രണ്ടു ദിവസം ചെന്നിക്കരയിലെ വീടുകളിൽ ദുഃഖം തളംകെട്ടി നിന്നു. വാവുദിനത്തിലാണെന്ന് തോന്നുന്നു മഴ നിലച്ചു. മൂന്നാം ദിനം മലവെള്ളമിറങ്ങിത്താണു. അണകെട്ടിയ കലുങ്കിൻ കുഴലുകളിലൊന്നിൽ നിന്ന് സിത്തിരയുടെ ശവം കിട്ടി. അവൾ ഉറങ്ങുകയായിരുന്നു. ഏറെ ശാന്തമായി……..
കടിച്ചമർത്തിയിട്ടും പൊട്ടിപ്പോയൊരു തേങ്ങൽ കരച്ചിലായ് ചിന്നമ്മയിൽ നിന്ന് പുറപ്പെട്ടു. ഉണിയപ്പൻ അവളെ ഒന്നു നോക്കാൻ പോലുമാകാതെ വിഷമിച്ചു കിടന്നു. മൊട്ടപ്പാറയിലുമിപ്പോൾ മഴ പെയ്യുന്നു. ഉണിയപ്പനും ചിന്നമ്മയും ആകാശത്തു നിന്ന് അടരുന്ന പളുങ്കുമണികളെ നോക്കിക്കിടന്നു. അവളുടെ കവിളിലേക്കൊഴുകിയിങ്ങിയ കണ്ണുനീർത്തുള്ളികളെ ആ മഴ വന്ന് കഴുകിക്കളഞ്ഞു.
ഒരുവിധം തോർച്ചയെടുത്തപ്പോൾ അവർ കുന്നിറങ്ങി. വഴിവക്കിൽ വെട്ടിവച്ചിരുന്ന തോലുകൾ തലക്കെട്ടാക്കി നടന്നിറങ്ങുമ്പോൾ ചിന്നമ്മ അവനോട് രഹസ്യം പറഞ്ഞു,
” പതിച്ചിക്ക് കഞ്ചാവ് നടീലുണ്ട്. കുന്നിന്റെ വടക്കേച്ചെരുവിൽ കാടിനോട് ചേർന്നാ തോട്ടം. അതും കൂട്ടിച്ചവച്ചാ ഏന്റെ കെട്ടിയോൻ കാടുകേറി പോയത്. ”
കാലമങ്ങനെ കടന്നു പോകവേ, ചിന്നമ്മയുടെ ആടുകളോരോന്നായ് ചത്തൊടുങ്ങി. പതിച്ചിത്തള്ള വിഷത്തോൽ കൊടുത്തതാണെന്ന് ചിന്നമ്മയും “ഏന്റെ മഹൾ സിത്തിരയുടെ ശാപമാക്കും” എന്ന് പതിച്ചിയും പറഞ്ഞുനടന്നു. ഒടുവിലൊരു ദിനം ചിന്നമ്മയും കുന്നിന്റെ വടക്കേ ചുരമിറങ്ങി കാടുകയറിപ്പോയി.
കാലഗതിയിൽ ചിന്നമ്മയുടെ ആടുകളോരോന്നായ് ചത്തൊടുങ്ങി. പതിച്ചിത്തള്ള വിഷത്തോൽ കൊടുത്തതാണെന്ന് ചിന്നമ്മയും.
ഒടുവിലൊരു ദിനം ചിന്നമ്മയും കുന്നിന്റെ വടക്കേ ചുരമിറങ്ങി കാടുകയറിപ്പോയി.
ഉണിയപ്പൻ മാറാലക്കുന്നിലേക്കുള്ള വഴി പാതിയോളം തെളിച്ചു കഴിഞ്ഞു. അസ്തമയ സൂര്യൻ മൊട്ടപ്പാറയുടെ ഉച്ചിയിൽ വെളിച്ചം കെടുത്താനായി കാത്തുനിന്നു. അയാൾ പണിനിർത്തി പറങ്കിമാവിന്റെ ചാഞ്ഞ ചില്ലയോട് ചേർന്നിരുന്നു.
മണ്ണിൽ വീണു കുരുത്ത ഒരു കശുവണ്ടി രണ്ട് കൈകളും നീട്ടി ‘അപ്പാ….’ എന്ന് വിളിച്ചു നിൽക്കുന്ന പിച്ചിപ്പെണ്ണിനെ ഓർമ്മിപ്പിച്ചു. കുരുപ്പണ്ടി ചീതേവിക്കും ഒത്തിരി ഇഷ്ടമായിരുന്നു. വിറക് വെട്ടാനോ കാട്ടുതേനെയ്യാനോ കുന്നുകയറുമ്പോൾ ഓലക്കുടിലിൽ പാതി മറഞ്ഞുനിന്ന് അവൾ പറയും.
” മറക്കല്ലേ….. ”
പിച്ചിപ്പെണ്ണ് വയറ്റിലുണ്ടായിരുന്ന സമയമായിരുന്നു അത്. ഒരു പാളക്കോട്ട് നിറയെ കുരുപ്പണ്ടികളുമായി ഉണിയപ്പൻ കുന്നിറങ്ങി വന്നു. കുടിലിന്റെ മുറ്റത്ത് ഇരുപ്പു പാറയിൽ നിലാവ് വെള്ള വിരിച്ച ആ രാത്രിയിൽ ഉണിയപ്പനും ചീതേവിയും മുഖാമുഖം നോക്കിയിരുന്നു. കുരുപ്പണ്ടി അവൾ കിരുകിരാ ചവച്ചിറക്കി. അണ്ടിക്കറ കവിളിലൂടെ ചാലുകൾ തീർത്ത് താഴേക്ക് ഒഴുകി. ആ കണ്ണിലെ നിർവൃതിയിലേക്ക് നോക്കിയിരുന്നപ്പോൾ അയാൾക്ക് വല്ലാണ്ടായി. അവളെ മടിയിലേക്ക് പിടിച്ചിരുത്തി തെളിഞ്ഞ വയറിന്റെ ഓരം ചേർന്ന് ഉണിയപ്പൻ മെല്ലെ തഴുകി.
പാൽ ചുരത്തുന്ന അമ്പിളിയിലേക്ക് കണ്ണുകളെറിഞ്ഞ്, അവൾ ഉണിയപ്പന്റെ മാറിൽ മുതുക് ചേർത്ത് കിടന്നു.
പിച്ചിപ്പെണ്ണും പിറന്ന് ഒരു കൊല്ലത്തിനിപ്പുറമാണ് ഇച്ചാമിയുടെ വരവും പോക്കും ഉണിയപ്പൻ ശ്രദ്ധിച്ചുതുടങ്ങിയത്.
ചെന്നീക്കരക്കാർ കേട്ടും കേൾക്കാതെയും ഓരോന്നു പറഞ്ഞുതുടങ്ങി. മിക്കദിനങ്ങളിലും ഉണിയപ്പനെത്തുമ്പോൾ കൂരയ്ക്കുള്ളിൽ റാക്കിന്റെ മണം തികട്ടിനിന്നു. ഈ സംശയങ്ങൾക്ക് വിരാമമെന്നോണം ഒരുദിനം ചീതേവി പിച്ചിപ്പെണ്ണിനേയും ഒക്കത്തെടുത്ത് ഇച്ചാമിയോടൊപ്പം വെള്ളരിമല കേറി.
ഉണിയപ്പൻ കൂടുതൽ കൂടുതൽ നിശബ്ദനായി. ഉണിയപ്പനിപ്പോൾ കുന്നിറങ്ങി വരാതെയായി. പകലുകളടങ്ങുമ്പോൾ വലിയ പറങ്കിയുടേയോ മലയാഞ്ഞിലിയുടേയോ ഉയർന്ന കൊമ്പുകളിലേക്ക് അയാൾ കയറിപ്പോകും. ചാരഞണ്ടനും, രാക്ഷസ ഞണ്ടനും ഓർമ്മയുടെ നൂൽ വലനിവർത്തി പണി തുടരും. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി വല നെയ്യുന്ന ചിലന്തികളെ കൗതുകത്തോടെ അയാൾ നോക്കിയിരിക്കും, ഒടുവിലൊരു ഭീമൻ മരച്ചിലന്തിയെ അനുസ്മരിപ്പിക്കുമാറ് ഉണിയപ്പൻ മരത്തിന്റെ അടരുകളിൽ പറ്റിച്ചേർന്നിരിക്കും.
അങ്ങ് കിഴക്ക് വെള്ളരിമലയുടെ നെറുകയിൽ വെളിച്ചമുണരുമ്പോൾ അയാൾ വീണ്ടും തന്റെ ഭ്രാന്തുകൾക്ക് വഴിതെളിക്കും. കറ്റടിനായകത്തിന്റെ ബലമുള്ള വള്ളികൾ പണിക്കിടയിൽ അയാൾ ശേഖരിച്ചു വച്ചു. മരങ്ങളുടെ താഴ്ന്ന കൊമ്പുകളിലവ ചുറ്റിയിട്ടു. വിശക്കുമ്പോൾ മുണ്ടൻ പ്ലാവിലെ രുദ്രാക്ഷച്ചക്കകൾ പാറമേൽ തല്ലിക്കഴിച്ചും, മിന്നാരക്കോട്ടികൾ വെട്ടി വെള്ളം കുടിച്ചും അയാൾ പണിതുടർന്നു.മലന്തുടലികൾ മുള്ളിനാൽ തീർത്ത മുറിവുകൾ വ്രണങ്ങളായി, ഉണ്ണിയപ്പൻ ക്ഷീണിച്ചു.
മൂന്നാഴ്ച്ചയ്ക്കൊടുവിലൊരു ദിനം മാറാലക്കുന്നിന്റെ മറവിൽ സൂര്യനണയാനൊരുങ്ങവെ ഉണിയപ്പൻ മൊട്ടപ്പാറ തൊട്ടു. വരും ശിശിരത്തിന് വിരുന്നൊരുക്കി വെൺ തേക്കിനിലകൾ ചുവന്ന് പഴുത്ത് നിന്നിരുന്നു.മൊട്ടപ്പാറയ്ക്ക് കുട ചൂടി നിന്ന ആ വന്മരം അയാളുടെ ഭ്രാന്തിനോളം വളർന്നിരുന്നു.
പാറയിൽ പടർന്ന പറങ്കിയുടെ കയ്യുകളിൽ ചവിട്ടി ഏന്തിയും വലിഞ്ഞും മൊട്ടയിലേക്കയാൾ കയറിപ്പോയി. ചിലന്തിപ്പശ പോലെന്തോഒന്ന് അയാളെ ആ പാറയോട് ചേർത്തുനിർത്തി . മഞ്ഞിൻ മണമുള്ളൊരു കാറ്റ് കാറ്റാടി മരങ്ങളിൽ ചൂളം വിളിച്ചെത്തി. ചരിഞ്ഞു പതിച്ച അസ്തമയ സൂര്യന്റെ കിരണങ്ങളാൽ അകലെയായ് വെള്ളരിമല തിളങ്ങി. അതിൻ തലപ്പത്ത് വെട്ടി വെളിയാർന്നൊരു ഭാഗത്ത് ഇച്ചാമിയുടെ പുര.
കാഴ്ച്ചയുടെ അതിരുകൾ ഭേദിച്ച് ഉണിയപ്പന്റെ കണ്ണുകൾ ആശയുടെ ചിറകിലേറിപ്പറന്നു.
“എന്റെ മകൾ പിച്ചിപ്പെണ്ണ്.” കിലുങ്ങിച്ചിരിച്ച് കാറ്റിനോടും പറവകളോടും കിന്നാരം പറഞ്ഞ് അവൾ പാറി പറന്നു നടന്നു. ഒരു പൂമ്പാറ്റ പോലെ മുട്ടോളമെത്തുന്ന പാവാടയിൽ അവളൊരു മുതിർന്ന പെണ്ണായ് നടിക്കുന്നു. നല്ലമ്മക്ക് തിരിതെളിച്ച് അവൾ പകവതി കോലം ചാർത്തുന്നു.
ഉണിയപ്പന്റെ ഭ്രാന്തൻ ചിന്തകൾക്ക് മുകളിൽ മഞ്ഞിൻ കോറത്തുണി നീട്ടി വിരിച്ച് ഒരു കോടമേഘം മെല്ലെ പറന്നിറങ്ങി. വെള്ളരിമലയെ അതു പകുതിയിലേറെ വിഴുങ്ങി. കനക്കുന്ന ഇരുട്ടിലേക്ക് ചെന്നായ്ക്കൾ ഓരിയിടുന്നു.
മേഘങ്ങൾക്കരികിലൂടെ അരിച്ചിറങ്ങും നിലാവിലേക്ക്, വെൺ തേക്കിൻ ഉയരങ്ങളിലേക്ക് ചിലന്തിക്കാലുമായി ഉണിയപ്പൻ നടന്നു കയറി.
കാലങ്കോഴികൾ നിർത്താതെ കുറുകി. കാട് ഉണർന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. വെള്ളരി മലയ്ക്കുമുകളിൽ ഉദയത്തിൻ ആദ്യകിരണങ്ങൾ പതിഞ്ഞു. മൂടിയ കാഴ്ചയ്ക്ക് മുകളിൽനിന്ന് കോടമഞ്ഞിൻ പശുക്കിടാങ്ങൾ പുല്ല് മേഞ്ഞ് താഴ്വാരങ്ങളിലേക്ക് ഇറങ്ങിപ്പോയി.
കുടിലിനു മുന്നിൽ വെള്ളരിപ്രാവുകൾക്ക് അരി മണിയെറിഞ്ഞ് പിച്ചിപ്പെണ്ണ്.
‘മോളേ………’ ന്ന് ഉറക്കെ വിളിക്കണമെന്ന് തോന്നി ഉണിയപ്പന്. കാഴ്ചയോളമെത്താൻ കെല്പില്ലാത്ത തന്റെ ശബ്ദത്തെ അയാൾ ശപിച്ചു. കിഴക്കൻ കാറ്റ് അനുകൂലമാകുന്ന നിമിഷങ്ങളിൽ എന്തൊക്കെയോ അവ്യക്തമായ ഒച്ചകൾ അയാളെ തേടിയെത്താറുണ്ട്. പാത്രങ്ങൾ വലിച്ചെറിയുന്നത് ഇച്ചാമി ഉറക്കെയുറക്കെ തെറി പറയുന്നത് , ആട്ടിൻ കുട്ടികളുടെ കരച്ചിൽ…., അങ്ങനെ അവ്യക്തമായ എന്തൊക്കെയോ.
സമയമങ്ങനെ പതിഞ്ഞു നീങ്ങവേ വെയിലുറക്കുന്നു. വെള്ളരി മലയുടെ കിഴക്കേച്ചെരിവിൽ പീറ്റർസായിവിന്റെ അണ്ടിയാപ്പീസിൽ സയറൻ നിലവിളിപോലെ ഉയർന്നുകേട്ടു. ആകാശ മെത്തിനിൽക്കുന്ന വലിയ പുകക്കുഴൽ അവിടെ പുകയാലൊരു ആനക്കാൽ വരച്ചുചേർത്തു. മേൽമുണ്ട് ചുറ്റി ചോറ്റുപാത്രവുമെടുത്ത് ചീതേവി തെക്കേതാഴ്വാരമിറങ്ങി ഫാക്ടറിയെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നു.
പിച്ചിപ്പെണ്ണിന്റെ കളിയിലും ചിരിയിലും സമയകാലങ്ങൾ മറന്ന്, വിശപ്പും ദാഹവും മറന്ന്, പകലൊടുങ്ങാറായെന്ന സത്യവും മറന്ന് മരത്തിനു മുകളിൽ ഉണിയപ്പനിരുന്നു.
വെള്ളരിമലയുടെ മറുവശത്ത് കാട്ടുപൊന്തയുടെ മറപറ്റി ആടിയും പതുങ്ങിയും ഇച്ചാമി മലകയറുന്നു. ഒരുകയ്യിലുയർത്തിപ്പിടിച്ച റാക്കിന്റെ കുപ്പി അയാൾ ഇടയ്ക്കിടെ വായിലേക്ക് കമഴ്ത്തി. ഭ്രാന്തമായ മദ്യലഹരിയിൽ അയാൾ ഉറക്കെയുറക്കെ ചീത്ത പറയുന്നുണ്ട് . കുടിലിനു മുന്നിൽ ഇറയത്തിരുന്ന പിച്ചിപ്പെണ്ണിനെ മുടി കുത്തിന് പിടിച്ച് അയാൾ അകത്തേക്ക് വലിച്ചിഴച്ചു. തൊഴുകയ്യുകളോടെ അവൾ വലിയ വായിൽ നിലവിളിച്ചു.
എന്തുചെയ്യണമെന്നറിയാതെ ഉണിയപ്പൻ ആ വലിയ മരത്തിന്റെ അടരുകളിൽ തലതല്ലി അലറി വിളിച്ചു. പിച്ചിപ്പെണ്ണിന്റെ കരച്ചിൽ ശീതക്കാറ്റിനൊപ്പം മങ്ങിയും തെളിഞ്ഞും അയാളുടെ നെഞ്ചകങ്ങളിൽ കുത്തിനോവിച്ചു. നിസ്സഹായനായ ഒരു അച്ഛന്റെ രോധനം കിഴക്കൻ കാറ്റ് മറ്റെവിടെയോ കൊണ്ടുപോയി തൂവി.
ഉണിയപ്പന്റെ കാഴ്ചയ്ക്ക് മുകളിൽ നിഷ്ഠൂരം മഞ്ഞുപെയ്യുന്നു. ഒരുവേള മങ്ങിത്തെളിഞ്ഞ കണ്ണുകളാൽ അയാൾ ആ കാഴ്ചകണ്ടു. വെള്ളരി മലയുടെ ഉച്ചിയിൽ പുളിമാവിൻ കൊമ്പിൽ ഒരു കുഞ്ഞു ശവം കാറ്റിൽ മെല്ലെ ഇളകി. ചിലന്തിവലകളിൽ പിടയുന്ന ഒരു കുഞ്ഞു ശലഭം പോലെ.
ഉണിയപ്പന്റെ നെറ്റി പിളർന്ന് ചുടുചോര കണ്ണുകളിലേക്ക് ഒഴുകി. അത് അയാളെ സ്വപ്നത്തിൽ നിന്നുണർത്തി. കൺപീലികളിൽ തടഞ്ഞുനിന്ന് രക്തബന്ധുക്കൾ നിലതെറ്റി വട്ടപ്പാറയിൽ പതിച്ചു. ഓരോ തുള്ളിയിലും ഓരോ വാകപ്പൂക്കൾ വിരിഞ്ഞു.
പൂവ് പറക്കാൻ ശലഭച്ചിറകുള്ളൊരു ഒരു കുഞ്ഞു പെൺകുട്ടി പറന്നിറങ്ങി.
നിലയ്ക്കാത്ത പുഷ്പവൃഷ്ടിയിൽ മൊട്ടപ്പാറ ചുവന്നു.
മാറാലക്കുന്ന് ചുവന്നു, വെള്ളരിമല ചുവന്നു. ഒടുവിലാ സന്ധ്യതൻ കിരണങ്ങളും ചുവന്നു.
എല്ലാം ഒരു വെറും ദുഃസ്വപ്നമാകണേന്ന് ഉണിയപ്പൻ മലതൈവങ്ങളെ വിളിച്ച് മനമുരുകി പ്രാർത്ഥിച്ചു.
എന്നാൽ, പിറ്റേദിവസം അയാളുടെ സ്വപ്നങ്ങൾക്കു മുകളിൽ ഒരു യാഥാർഥ്യമെന്നോണം ബണ്ടിലെ കെട്ടിനിർത്തിയ വെള്ളത്തിൽ പിച്ചിപ്പെണ്ണ് ഒഴുകി നടന്നു.
ചെന്നീക്കരയുടെ സങ്കടം തളംകെട്ടിനിന്ന് ആകാശവും ജലവും ഏറെ നീലിച്ചുപോയി.ചുറ്റിയടിച്ച ഒരു കൊടുങ്കാറ്റിനൊപ്പം കരിമേഘങ്ങൾ നെഞ്ചുപൊട്ടി ചെയ്തു. ആ പെയ്ത്തിൽ മാറാലക്കുന്നിന്റെ ഉച്ചിയിൽ വെൺതേക്കിന്റെ ശിഖരങ്ങളോടൊട്ടി ഉണിയപ്പൻ ഒരു പ്രതിമ പോലിരുന്നു.
ഇച്ചാമിയെത്തേടി ചെന്നീക്കരക്കാർ വെള്ളരിമല അരിച്ചുപെറുക്കി. നേരം സന്ധ്യയോടടുത്തു നിഴലിനുപോലും ഇടനൽകാതെ അയാൾ മറ്റെവിടെയോ പോയി ഒളിച്ചു കഴിഞ്ഞു. നാട്ടുകാർ തിരച്ചിൽ തുടർന്നു കയ്യിൽ കത്തിച്ച ടയർപ്പന്തങ്ങളും, പാനീസുവിളക്കുകളുമായി നടവരമ്പും പിന്നിട്ട് അവർ വരിവരിയായ് മാറാലക്കുന്നു കയറി വന്നു.
കറുത്ത രാത്രിയുടെ അന്ത്യയാമങ്ങളിൽ മൊട്ടപ്പാറക്ക് സമീപം ചിലന്തിവല പോലെ കെട്ടിയുണ്ടാക്കിയ കറ്റടിനായകത്തിന്റെ വള്ളികൾക്കുളിൽ ഇച്ചാമിയുടെ ജഡം കിടന്നു. നീരു മുഴുവൻ ഊറ്റിയെടുത്തൊരു കരിമ്പിൻ ചണ്ടിപോലെ. ചെന്നീക്കരയുടെ രോക്ഷത്തിന്നു മുകളിൽ ആ ശവം നിലകൊണ്ടു. എന്നിട്ടും അരിശം തീരാത്ത നാട്ടുകാർ തീപ്പന്തങ്ങളാലയാൾക്ക് ചിതയൊരുക്കി. കാടൻ ഇച്ചാമി എന്നൊരു അധ്യായം മാറാലക്കുന്നിൻ ഉച്ചിയിൽ എരിഞ്ഞമർന്നു.
മൊട്ടപ്പാറക്ക് മുകളിൽ തലയുയർത്തിനിന്ന വെൺതേക്കിന്റെ ഉയർന്ന കൊമ്പിലേക്ക് ഒരു ഭീമൻ ചിലന്തി ഇഴഞ്ഞു കയറിപ്പോയി. കുന്നിന്റെ വടക്കേ താഴ്വാരമിറങ്ങി രണ്ട് മനുഷ്യരൂപങ്ങൾ കാടുകയറി പോകുന്നു …..
അവർക്കിപ്പോഴും ആടിന്റെ ചൂരാണെന്ന് ഉണിയപ്പൻ മനസ്സിലോർത്തു.