മായ്ച്ചുകളയാനാവാത്തത്

കാലം വിള്ളലേൽപ്പിച്ച
മൺച്ചുവരിനപ്പുറം
രണ്ടു പ്രണയിതാക്കൾ.

പിരിയാനൊരുങ്ങുമ്പോൾ
അവരിൽ നിന്ന് രണ്ടു പൂമ്പാറ്റകൾ
പിറവിയെടുത്ത് പറന്ന് പറന്ന്
ഒൻപതെ പത്തിൻ്റെ
ബസ്സിൽ പാഞ്ഞുകയറി
അമ്പലപ്പടിയിലേക്ക് ടിക്കറ്റെടുത്ത്
സീറ്റിൽ ഇരിപ്പുറപ്പിക്കുന്നു.
പറഞ്ഞിട്ടും മടുക്കാത്ത
കഥകൾ വീണ്ടും വീണ്ടും പറഞ്ഞ്
അത്രമേൽ അണഞ്ഞിരിക്കുന്നു.

കഥകളുടെ പാതിയിൽ
അലോസരമായ മണിയൊച്ചയിൽ
അമ്പലപ്പടിയിലിറങ്ങി
രണ്ടു പുഷ്പാഞ്ജലിക്കു
ചീട്ടു ബുക്ക് ചെയ്യുന്നു,
കണ്ണടച്ചു പ്രാർത്ഥിക്കുന്നു.

ഈശ്വരാ….
ഈ ജൻമത്തിൽ
പരസ്പരം അകന്നു പോകില്ലെന്ന്
പ്രാർത്ഥിക്കുന്നു.
പുഷ്പാഞ്ജലി പ്രസാദത്തിലെചന്ദനം
ഒരുറപ്പുവെക്കലെന്ന പോലെ
നെറ്റികളിൽ പരസ്പരം
അടയാളംവെയ്ക്കുന്നു.

നടന്ന് നടന്ന് അമ്പലപ്പടികളിറങ്ങി
ക്ഷീണിച്ച പൂമ്പാറ്റകൾ
നഗരത്തിലെ മുന്തിയ
കൂൾബാറിലെ ചില്ലുകൂട്ടലിരുന്ന്
അലിഞ്ഞു തീരാറായ
ഐസ്ക്രീമിനെ സാക്ഷിയാക്കി
കണ്ണിൽ കണ്ണു നോക്കി
ഈ ഭൂമിയിലെ
ഏറ്റവും വലിയ സുന്ദരി നീയെന്ന് അവനും,
ഈ പ്രപഞ്ചത്തിലെ
ഏറ്റവും സുന്ദരനെന്നു അവളും
പരസ്പരം കൈകൾ ചേർത്ത് മന്ത്രിക്കുന്നു.

കടൽത്തീരത്തെ മണൽപ്പരപ്പിൽ,
പാർക്കിലെ സിമെൻ്റു ബെഞ്ചിൽ,
രാസസൂത്രങ്ങളെഴുതിയ
നോട്ടുപുസ്തകത്തിൽ
രണ്ടു പൂമ്പാറ്റകൾ
പരസ്പരം പേരുകൾ
കുനുകുനെ പല നിറത്തിൽ
പല ഭാഷയിൽ
എഴുതി നിറയ്ക്കുന്നു.
നീ എൻ്റേതെന്നും
ഞാൻ നിൻ്റേതെന്നും
മനസ്സിൽ ഉരിയിടുന്നു.

രണ്ടു പ്രണയിതാക്കൾ
പിരിയുന്നതിനെ കുറിച്ച്
സംസാരിക്കുന്നു,
നിനക്ക് എന്നെക്കാളും
സുന്ദരിയായ പെണ്ണിനെ
കിട്ടുമെന്ന് അവളും
നിനക്ക് എന്നേക്കാൾ സുന്ദരനായ ചെറുക്കനെ
കിട്ടുമെന്ന് അവനും.
ഒരൊറ്റ വാക്കിൻ്റെ മൂർച്ചയിലെല്ലാം
ഓർത്തെടുത്ത് മായ്ച്ചുകളയുന്നു.

മായ്ച്ചിട്ടും മാഞ്ഞു പോകാത്ത
ഭൂതകാലത്തിലൊളിപ്പിച്ച
രണ്ടു ചുംബനങ്ങളെ തേടി
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്
പൂമ്പാറ്റകളപ്പോഴും
പാറിക്കൊണ്ടേയിരിക്കുന്നു…..

പട്ടാമ്പി ശങ്കരമംഗലം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. എം ആർ എസ് അട്ടപ്പാടിയിലെ അധ്യാപകനാണ്,