അമ്പലത്തിൽ നിന്നും തൊഴുതിറങ്ങുമ്പോഴാണ് ചെറുമഴച്ചാറ്റലിൽ എതിരെ നടന്നുവരുന്നതാരെന്ന് ശ്രദ്ധിച്ചത്.
ഈ സ്തീയെ മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ. ഓർമ്മകളിൽ പരതി നിന്നപ്പോൾ, നെറ്റിയിൽ വീണ മാമ്പൂക്കൾ തട്ടിമാറ്റി അവർ ചിരിച്ചു.
ചിരിയാണ് ചിലരുടെ തിരിച്ചറിയൽരേഖ.
ചാറ്റൽ മഴ പോലെയുള്ള ചിരി..
“സാറ് റിട്ടയർ ചെയ്തെന്നറിഞ്ഞു..”
ഓർമ്മ വന്നു. മുൻപ് പലപ്പോഴും ഓഫീസിൽ വരാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസാവശ്യത്തിന് സർട്ടിഫിക്കറ്റുകൾക്കായി. നന്നായി പഠിക്കുന്ന കുട്ടികൾ.
ഞാനും കുശലം ചോദിച്ചു.
“സുഖമല്ലേ.?”
തലയാട്ടി യാത്ര പറഞ്ഞവർ പോയി. ഇളം കാറ്റ് പോലെ.
പുറത്തിറങ്ങി, കാത്ത് കിടന്ന ബസിൽ കയറിയിരുന്നു. പോകാൻ താമസമുണ്ട്. തൊട്ടടുത്ത സീറ്റിലെ പരിചയക്കാരനുമായി കുശലം പറഞ്ഞിരിക്കുമ്പോൾ മാമ്പൂമണം വന്ന് മൂക്കിൽ തൊട്ടു.
അവർ മുൻവാതിലിൽ കൂടി അകത്തു കയറുകയാണ്.
ബസ് വിട്ട് ഏതാനും സ്റ്റോപ്പുകൾ കഴിഞ്ഞ് ആ സ്ത്രീ പുറത്തിറങ്ങി..
ഞാൻ കൈ വീശി കാണിച്ചു.
കണ്ടോ?. എനിക്കുറപ്പില്ലായിരുന്നു.
“മക്കൾ നല്ല സ്ഥിതിയിലായിട്ടെന്താ കാര്യം? അവരൊക്കെ വല്യ ആൾക്കാരായില്ലേ. തിരിഞ്ഞു നോക്കില്ല ഇപ്പോൾ. എന്താ പറയ്യാ?..”
ആ സ്ത്രീ ഇപ്പോൾ തൊഴിലുറപ്പിന് പോവ്വാ.’
സഹയാത്രികന്റെ ആത്മഗതം.
ഞാൻ ആ ചിരിയോർത്തു. കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളെയോർത്തു.
തിരിച്ച് വീട്ടിലെത്തി. മേശപ്പുറത്ത് കെ.ആർ മീരയുടെ ആരാച്ചാർ.
താളുകളിൽ നിന്നിറങ്ങി വന്ന ചേതന ഗൃദ്ധാ മല്ലിക് ചോദിക്കുന്നു.
“അല്ലെങ്കിൽ ഏത് സ്ത്രീയാണ് ലോകത്തിൽ അർഹിക്കുന്നിടത്തോളം സ്നേഹിക്കപ്പെട്ടിട്ടുള്ളത്.?”
അവർ ഒറ്റക്കാവും. മനസ്സിലോർത്തു.
ചേതന ഹൃദയത്തിലിരുന്ന് വീണ്ടും മൊഴിഞ്ഞു.
ടാഗോറിൻ്റെ വരികൾ..
‘നീ വിളിച്ചിട്ട് അഥവാ ആരും വരുന്നില്ലെങ്കിൽ, ഒറ്റയ്ക്ക് തന്നെ പോവുക..’