എഴുതി പാതിവഴിയിൽ നിർത്തിയ പുസ്തകമാണ് ഞാൻ – അവൾ
ഒരിക്കലും വായിച്ചു തീരാത്ത പുസ്തകമാണു നീ – അയാൾ
വായിച്ചു തീർക്കാൻ തരുമോ എനിക്കു നിന്നെ – അയാൾ
വാങ്ങി വായിക്കേണ്ടതു നീയല്ലേ – അവൾ
ഇപ്പോഴും എങ്ങനെ വായിച്ചു നടക്കാതെ
സ്വന്തമായി വല്ലതും എഴുതിക്കൂടെ – അവൾ
എനിക്ക് വായിക്കാൻ നീ എഴുതുന്നുണ്ടല്ലോ – അയാൾ
അവൾ ചിരിച്ചു അയാളും …
ആകാശത്തു നിന്ന് നക്ഷത്രങ്ങൾ പൊഴിഞ്ഞു
മേഘങ്ങളിൽ നിന്ന് മഞ്ഞും
താഴെ കൂരിരുട്ടിൽ
പ്രകാശത്തിന്റെ നൂലുകൾ നീണ്ടു വളർന്നു
ഓരോ നിമിഷവും പുതുതായി തീരണം – അവൾ
നിന്നിലെ പുതുമകൾ അവസാനിക്കുന്നില്ല – അയാൾ
വിലയിടാൻ പറ്റാത്ത സ്നേഹം – അവൾ
വിലയിൽ ഒതുങ്ങാത്ത നീ – അയാൾ
മഴവിൽ വാക്കുകളുടെ മഹാസാഗരമായ
അയാളെ സ്വന്തമാക്കുവാൻ അവളും
പെയ്തു തീരാത്ത ചാറ്റൽ മഴയായ അവളെ
കൈക്കുടന്നയിൽ ഒതുക്കി നിർത്താൻ അയാളും
തീരുമാനിച്ചു.
ചെമ്പകമാലയണിയിച്ചു പരസ്പരം അവർ അധികാരമേറ്റു.
അതോടെ വാക്കുകളുടെ ഉറവ വറ്റി
അയാൾ മരുഭൂമിയിലെ പുഴയായി;
അവളാകട്ടെ പുതുമയുടെ മന്ത്രികവിദ്യ
നഷ്ടപ്പെട്ട ദുർമന്ത്രവാദിനിയും.