മാഞ്ഞു പോകുന്നവർ

അന്നൊരു പകലിൽ, മാങ്കോസ്റ്റിന്റെ തണലിലിരുന്ന് അവൾ ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരയും പോലെ കണ്ണോടിച്ചു. കൂടെയിരുന്നവരോട് മനസ്സ് നഷ്ടപ്പെട്ടവളായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

“ഇനി വരാതിരിക്കുമോ? ” മനസ്സിലൊരു വിങ്ങൽ.

പെട്ടെന്ന്, ഒരാശ്വാസം പോലെ തഴുകിപ്പോയ കാറ്റിൽ പരിചിതമായ ഒരു ഗന്ധം അവൾക്കുചുറ്റും സ്നേഹ വലയം തീർത്തു !

മാങ്കോസ്റ്റിന്റെ ഇലകളിൽ കാറ്റിന്റെ സ്നേഹമർമ്മരം…

തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. പക്ഷേ, ആരോ തന്റെ അടുത്തുള്ളതു പോലെ…

രണ്ടുകണ്ണുകൾ തന്നേ കാണുന്നുണ്ടെന്ന് തിരിച്ചറിയപ്പെട്ടപ്പോൾ, കണ്ണുകൾ തമ്മിലിടഞ്ഞു..

ഇപ്പോൾ ഇലകളുടെ മർമ്മരം ഹൃദയത്തിലാണ്..

ആദ്യത്തെ പരിഭ്രമം പതുക്കെ ഇല്ലാതെയായി.. ചുറ്റിനുമുള്ള ബഹളങ്ങൾ എവിടെയൊക്കെയോ ചിതറിയുടഞ്ഞു. മൗനം മൗനത്തിനെ പുണർന്ന നിമിഷങ്ങൾ…

പതുക്കെ അടുത്തുവന്നു നിൽക്കുമ്പോൾ അവൾക്ക് കഥകളേറെ പറയുവാനുണ്ടായിരുന്നു..!

പക്ഷേ, തിരക്കുകൾക്കുനടുവിൽ ആർദ്രമായൊരു സ്പർശവും ഒന്നു രണ്ടു വാക്കുകളും, സ്നേഹകടാക്ഷങ്ങളും യാത്രപറച്ചിലും… അങ്ങനെ ആ കണ്ടുമുട്ടൽ ഒടുങ്ങി..!

ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് ഏറെ മോഹിച്ചു..

കടന്നുപോയപ്പോൾ, ആൾക്കൂട്ടത്തിനു നടുവിൽ തനിയെ ഒരു സ്വപ്നം നഷ്ടമായതു പോലെ അവളിരുന്നു.

അപ്പോഴും മാങ്കോസ്റ്റിന്റെ ഇരുളുകലർന്ന പച്ച ഇലകളിൽ കാറ്റിന്റെ സ്നേഹമർമ്മരം
വിരഹത്തിന്റെ ചെറുതേങ്ങലുകളായി അവശേഷിച്ചിരുന്നു !

ഉച്ച വെയിലിന്റെ തീഷ്ണതയിൽ ആശ്വാസമേകിയ കാറ്റിന്റെ കൈകളിൽ പാലപ്പൂമണം…

പരിചിതഗന്ധം.

മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്കൂളിൽ അധ്യാപിക ആയി ജോലി ചെയ്യുന്നു. 'തുഷാരം പെയ്യും വഴിയേ' എന്ന പേരിൽ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.