മഹാനഗരത്തിലെ മീനമാസക്കളി

മീനയുടെ
ആദ്യരാത്രി
ദീപാലങ്കാരത്തോടെയും
വെടിക്കെട്ടോടെയുമാണ്
ആഘോഷിച്ചത്!

കുംഭമെത്ര
വെയിലുകൊണ്ടു കാത്തിരുന്നിട്ടും
കാര്യമുണ്ടായില്ല!

രതിമൂർച്ഛയിൽ
നിറഞ്ഞൊഴുകിയത്
അമ്ലമഴമായിരുന്നുവെന്നു
മഹാനഗരത്തിലെ ചാരം
സാക്ഷ്യംപറഞ്ഞു.

നഗരത്തിലെ
വെള്ളത്തിലൊക്കെയും
ബാക്കിയായ
അർബുദ ബീജങ്ങൾ
അണ്ഡങ്ങൾ തേടി,
ഒഴുകിനടന്നു!

കുളിതെറ്റിയ
മീനപ്പകലുകളെ നോക്കി
ഊറിച്ചിരിച്ചതൊക്കെയും
കരിഞ്ഞ
അജൈവക്കവറുകളായിരുന്നു!

വെളിച്ചമുണ്ടായിട്ടും
കണ്ണുകാണാതെ പോയവരെ
ഓർമ്മിപ്പിക്കാൻ
സൂര്യനപ്പോളും
മുറതെറ്റാതെ
പടിഞ്ഞാറേക്കുതന്നെ
യാത്രപോകുന്നുണ്ട്.

സമയമാകുമ്പോൾ
നാളെയുടെ
പള്ളകീറി,
പുറത്തുവരുന്ന
മീനക്കുഞ്ഞുങ്ങൾക്ക്
ക്യാൻസറെന്ന
ന്യൂജെൻപേരിടണം!

റേഡിയേഷനിൽ മുക്കി,
കീമോകൊണ്ടു
പുണ്യാഹം തളിക്കണം!

ഇനിയേതിടവപ്പാതിക്കാണ്
പെയ്ത്തുകളുണ്ടാകുക!

വയനാട്ടിലെ കല്പറ്റ സ്വദേശിയാണ്. ഇപ്പോൾ സർക്കാർസ്ഥാപനമായ മലബാർസിമന്റ്സിൽ പ്ലാന്റ് എഞ്ചിനിയറായി ജോലിചെയ്യുന്നു. എറണാകുളത്ത് താമസിക്കുന്നു. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും കഥകളുമായി എഴുത്തിൽ സജീവം