മഹാനഗരത്തിന്റെ നാല് ഋതുക്കൾ/പെണ്ണുങ്ങൾ

1) വസന്തം

ശ്വാസം മുട്ടുന്ന നഗരത്തിനോക്സിജൻ മാസ്‌ക്,
കബ്ബൺ പാർക്ക്.

ഗെയ്റ്റിനരികെ ജീവിതച്ചൂളയിൽ ചോളം ചുട്ട്
വിൽക്കുന്നൊരമ്മ.

സ്നേഹപ്പെയ്ത്തെന്ന്
നിനച്ച് അമ്മക്കണ്ണീർ
നനയുന്ന
പിഞ്ചോമനയൊന്നൊപ്പം.

കയ്യിലെ വർണ്ണപ്പകിട്ടൻ
ബലൂൺ ഞാൻ നീട്ടവേ
കണ്ണുകളിൽ നക്ഷത്രദീപം.
ചുണ്ടിൽ നിഷ്കളങ്ക പൗർണ്ണമി..!

2) ഗ്രീഷ്മം

ഉന്മത്തതയുടെ
അടയാളപ്പെടുത്തലായ പബ്ബ്.

പുകച്ചുരുളുകൾക്കിടെ
ലഹരി പുതച്ചാടുന്ന
നിശാശലഭങ്ങൾ.

തേൻ ദാഹിയായൊരു
അർദ്ധനഗ്നശലഭത്തിൻ
ബൊളിവാർഡിയർ*
ചിയേഴ്‌സിനിപ്പുറം
ഇരുണ്ട മുറി.

രണ്ട് ശരീരങ്ങൾ.
കുഞ്ഞ് ലോകം.
തെറ്റും ശരിയും
വെടിയേറ്റ് വീഴുന്നു.

ചുറ്റും ലഹരി മാത്രം.

3) ശരത്

ഇരുട്ട് നുണഞ്ഞുതുപ്പിയ തെരുവ്.

മാദക ഗന്ധം
മുക്കിയെടുത്തൊരുടൽ
അന്നം തേടുന്നു.

തുളുമ്പുന്ന ഏച്ചുകെട്ടലുകൾക്ക്
ശാപമാകും വിധം
ഫ്യൂഷ പിങ്ക് സാരി.

സ്ട്രോബറിത്തോണി നെടുകെ
പിളർന്നപോൽ ചായം
പൂശിയ രണ്ട് ചുണ്ടുകൾ.

പിന്തുടരുന്ന കണ്ണുകളിൽ
തീരാദാഹം.

“1500/അവർ സാർ.”
പതിഞ്ഞ സ്വരം.

നാല് കണ്ണിലും പ്രതീക്ഷ.
ആദ്യ രണ്ടിൽ രതി.
മറ്റ് രണ്ടിൽ വിശപ്പ്.

4) ശിശിരം

വിരസമായി കിതച്ചുനീങ്ങുന്ന
തീവണ്ടി നേരം.

ഒറ്റനോട്ടത്തിൽ മുടിയിഴകളെ
എണ്ണിത്തിട്ടപ്പെടുത്താൻ
പാകത്തിൽ കാലം
വെള്ളപൂശിയ ചപ്രത്തലമുടി.

മൂക്ക് തുളയ്ക്കുന്ന
വിയർപ്പുഗന്ധം.

കീറിയ ഉടുതുണിയെ
അലങ്കരിച്ച് ദേഹമാകെ
എല്ലുകളുന്തിനിൽക്കുന്നു.

ജീവിതം ദുർബലപ്പെടുത്തിയ
കണ്ണുകളിൽ അനന്തമായ വരൾച്ച.

പതിയെ ഇഴഞ്ഞെത്തി
എന്റെ മുൻപിൽ
ഭിക്ഷ യാചിക്കുന്നു അവ..!

*ബൊളിവാർഡിയർ – ഒരിനം കോക്ക്ടെയിൽ

കവി, അധ്യാപകൻ. അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. നിരവധി കവിത പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.