കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്. അവര്‍, സ്വയം അടയാളപ്പെടുത്തിയതിന്റെ അനുകൂലനങ്ങള്‍ ആസ്വദിക്കുന്ന ജനതതിയുടെ മനസ്സുകളില്‍ പോലും അവര്‍ ഇല്ലാതെ പോകുന്നത് ചരിത്രത്തോടു ചെയ്യുന്ന നീതിനിഷേധം തന്നെയാണ് . സ്വന്തം ജീവിതവും ആരോഗ്യവും സന്തോഷങ്ങളും ഉപേക്ഷിച്ചുകൊണ്ടു താന്‍ ജനിച്ച, ജീവിച്ച സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ എല്ലാം തന്നെ ഒരിയ്ക്കലും ചരിത്രം രേഖപ്പെടുത്തിവച്ചവരില്‍ ഇല്ല . കൂട്ടത്തില്‍ കുടുംബ , കുല, വര്‍ണ്ണ മേന്‍മയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെട്ട ചരിത്രങ്ങളില്‍ ഒരിയ്ക്കലും പെടാതെ പോകുന്നവരെ ആരും ഓര്‍ക്കുകയുമില്ല. കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളെ ഉദ്ധരിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ വായിക്കപ്പെടുന്ന ചരിത്രങ്ങളില്‍ ഇത് കാണാന്‍ കഴിയും . നമ്പൂതിരിസ്ത്രീകളുടെ ഉന്നമനത്തിനും ആചാരങ്ങളിലെ ഭോഷ്ക്കുകളെക്കുറിച്ചും സംസാരിച്ച , പ്രവര്‍ത്തിച്ച വി ടി ഭട്ടതിരിപ്പാടിനെ നാമറിയും . നായര്‍ സമുദായത്തിന്റെ ജീവിതത്തെ അടുക്കും ചിട്ടയും കൊണ്ട് ഒരു പുതിയ കാഴ്ചപ്പാടിലേക്ക് നയിച്ച മന്നത്ത് പത്മനാഭന്‍നായരെ എല്ലാവരും അറിയും . ഈഴവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീ നാരായണ ഗുരുവിനെയും പുലയരുടെ ഉന്നമനത്തിനായി പ്രയത്നിച്ച മഹാത്മാ അയ്യങ്കാളിയെയും നാം അറിയും . എന്നാല്‍ ഈ പറഞ്ഞ ഇടങ്ങളില്‍ ഇവര്‍ക്ക് മുന്‍പോ ഇവര്‍ക്ക് ശേഷമോ ശബ്ദമുയര്‍ത്തിയവരോ രക്തസാക്ഷികള്‍ ആയവരോ ആരും ചരിത്രത്തില്‍ ഉണ്ടാകുകയുമില്ല . ഒരുദാഹരണം പറയുകയാണെങ്കില്‍ ആറാട്ടുപുഴ വേലായുധനെ കേരളം അറിയില്ല. ഇവയ്ക്കൊക്കെ മാറ്റം ഉണ്ടാകുന്ന ഒരു കാലഘട്ടമാണ് ഇതെങ്കിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനാല്‍ ചരിത്രം വായ്മൊഴികളിലൂടെ അതിശയകരവും പൊലിപ്പിക്കലുകളും കൊണ്ട് മലിനമാണ്. അധഃകൃതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നു പറയുന്ന നാരായണഗുരു ഈഴവരെ മാത്രം അഡ്രസ്സ് ചെയ്യുകയും അവരുടെ ഉന്നമനത്തിന് വേണ്ടി മാത്രമാണു പ്രവര്‍ത്തിച്ചതെന്നും മനസ്സിലാകുന്നു . അതുപോലെ തന്നെയാണ് അയ്യങ്കാളിയുടെ ചരിത്രം വായിക്കുമ്പോഴും അനുഭവപ്പെടുന്നത് . പൊതുവില്‍ അധഃകൃതര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിച്ചതെന്ന് ഒരോളത്തിന് വാദിക്കാമെങ്കിലും പുലയരുടെ രാജാവു എന്നറിയപ്പെട്ട അയ്യങ്കാളി പ്രവര്‍ത്തിച്ചത് പുലയരുടെ ഉന്നമനത്തിന് വേണ്ടി മാത്രം ആണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു . പറയര്‍ , കുറവര്‍ , മറവര്‍ , മണ്ണാന്‍ , വേടര്‍ , ചെറുമര്‍ തുടങ്ങി ഒട്ടനവധി വിഭാഗങ്ങള്‍ ഉള്ള മനുഷ്യര്‍ക്കിടയില്‍ അതുകൊണ്ടു തന്നെ പുലയര്‍ക്ക് മാത്രമാണു അയ്യങ്കാളിയുടെ പ്രവര്‍ത്തനം കൊണ്ട് ഉപയോഗമുണ്ടായതും പുരോഗതിയുണ്ടായതും . മറ്റ് വര്‍ഗ്ഗങ്ങള്‍ ആയി മാറ്റി നിര്‍ത്തിയ മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ക്കിടയില്‍ നിന്നും ഒരു നേതാവിനെ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതിനാല്‍ എല്ലാവർക്കും കിട്ടിയതിന്റെ ബാക്കി കൊണ്ട് തൃപ്തി അടയാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ആ മനുഷ്യര്‍. വളരെ ഖേദകരമായ ഒരു സംഗതിയാണത്. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംഗതി ഓരോ സമുദായത്തിനും കിട്ടുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് അവര്‍ മുന്നോട്ട് വരുമ്പോഴും അവരുടെ പോലും കൂട്ടത്തിലുള്ള മറ്റൊരാളെ കൂടി കൈ പിടിച്ച് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയാറില്ല . അവര്‍ അതിനു ശ്രമിക്കാറുമില്ല.
നമ്മുടെ സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ നാരായണ ഗുരുവിന് മാത്രമാണു ദൈവമാകാന്‍ ഭാഗ്യമുണ്ടായത് . മറ്റുള്ളവരൊക്കെ സാംസ്കാരിക നായകന്മാരായി മാത്രം മാറി നില്‍ക്കുന്നുണ്ട് . കേരളത്തിന്റെ ചരിത്രത്തില്‍ ആര്യന്മാരുടെ കടന്നു കയറ്റം ഉണ്ടാകുന്നതുവരെ ഇല്ലാതിരുന്ന ചാതുര്‍വര്‍ണ്യം ചരിത്രത്തിന് ഒരിയ്ക്കലും വിശ്വസിക്കാന്‍ കഴിയാത്ത ക്രൂരതകള്‍ നല്കി കടന്നു വന്ന ഒരു അതിഥിയാണ്. അതുവരെ സമൂഹത്തില്‍ വിവിധ ജോലികള്‍ ചെയ്തു ഒരേ തട്ടില്‍ ജീവിച്ചിരുന്നവര്‍ പൊടുന്നനെ തൊഴിലടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും സ്ഥാനക്കയറ്റങ്ങളും ഇറക്കങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്തത് വലിയ ഒരു അത്‌ഭുതമാണ് . ചിലപ്പോഴൊക്കെ ചിന്തിച്ചുപോകുന്ന ഒരു സംഗതിയാണ് കേരളത്തിലെ ചാതുര്‍വര്‍ണ്യം ഇത്ര കഠിനമായി മാറാന്‍ കാരണം എന്താണെന്നു. ആയ് രാജാക്കന്മാരുടെ കാലത്താണ് ഇത് സംഭവിക്കുന്നത് . ആയ് രാജവംശത്തിലെ മഹേന്ദ്രവര്‍മ്മ ഒന്നാമന്റെ കാലത്തോടെ ആര്യവത്കരണം ആരംഭിച്ചതായി കാണാം. അനന്തന്‍കോട്ടയിലെ പുലയ സ്ത്രീയുടെ ആരാധനാ ദൈവത്തെ പൂന്താനവുമൊന്നിച്ച് മഹേന്ദ്ര വര്‍മ്മ വിലയ്ക്ക് വാങ്ങി അനന്ത പത്മനാഭന്‍ ആക്കി വാഴിച്ചതോടെ ഒരു പക്ഷേ ഇതിന് തുടക്കമായി എന്നു കരുതണം ( മതിലകം രേഖകൾ) . സ്വന്തം ഭൂമി എന്നോ സ്വത്തുക്കള്‍ എന്നോ പ്രത്യേക ചിന്തകളോ കരുതിവയ്ക്കലുകളോ ഇല്ലാതിരുന്നവര്‍ക്കിടയിലേക്ക് അധികാരത്തിന്റെ ചെങ്കോലുമായി പൌരോഹിത്യം മെല്ലെ കാലുറപ്പിക്കുകയും സംസ്കൃത ഭാഷയും ദൈവങ്ങളുടെ മൊത്തവ്യാപാരവും കൊണ്ട് അവര്‍ മുന്‍പന്തിയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തതോടെ വികലമായ ഒന്നായി മാറി നമ്മുടെ സംസ്കാരവും ഭാഷയും എല്ലാം തന്നെ . തുടര്‍ന്നങ്ങോട്ട് അടക്കിഭരിക്കലിന്റെ കാലമായിരുന്നു . അതിന്റെ ഫലം കിട്ടിയതു / കൊയ്തത് പില്‍ക്കാലത്ത് രണ്ടു സിമിറ്റിക് മതങ്ങള്‍ക്കായിരുന്നു . മറ്റിടങ്ങളില്‍ അവര്‍ മതം വാളുകൊണ്ടും മുഷ്ക്കുകൊണ്ടുമാണ് പ്രചരിപ്പിച്ചതെങ്കില്‍ കേരളത്തില്‍ അവര്‍ക്കത് വലിയ ബുദ്ധിമുട്ടില്ലാതെ നടക്കുന്ന ഒന്നായിരുന്നു . സ്വര്‍ഗ്ഗമോ , സമ്പൂര്‍ണ ജീവിതരീതിയോ സ്നേഹമോ സഹിഷ്ണുതയോ ഒന്നും കണ്ടിട്ടോ കേട്ടിട്ടോ വിശ്വസിച്ചിട്ടോ അല്ല അന്ന് കേരളത്തിലെ ജനങ്ങള്‍ ഇസ്ലാം , ക്രിസ്ത്യന്‍ മതങ്ങളിലേക്ക് ചുവടു മാറിയത്. മാന്യമായി നിരത്തിലൂടെ നടക്കാനും , തൊഴില്‍ ലഭിക്കാനും വസ്ത്രം ധരിക്കാനും എല്ലാത്തിനുമുപരി വിദ്യാഭ്യാസത്തിനും ഒക്കെ സൌകര്യം ഈ മതക്കാര്‍ക്ക് കിട്ടുന്നു എന്ന നിലയ്ക്കായിരുന്നു . അധഃകൃത വര്‍ഗ്ഗത്തിന് സ്ഥാനമില്ലാത്ത ഇടങ്ങളില്‍ ഒക്കെ ഈ പറഞ്ഞ മതക്കാര്‍ക്ക് സ്ഥാനം ഉണ്ടെന്ന് കണ്ടപ്പോള്‍ സ്വാഭാവികമായ ഒരു പരീക്ഷണം . അത് മൂലം അവര്‍ സ്വന്തം ഇടങ്ങളെ സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നു .
ജനിച്ചയിടത്തു ഇന്നൊരു അടയാളം പോലും അവശേഷിപ്പിക്കാന്‍ കഴിയാതെ മറഞ്ഞുപോയ മനുഷ്യരുടെ കൂട്ടത്തിലാണ് അയ്യങ്കാളി. വേങ്ങാനൂര്‍ ഉള്ള സ്മാരകങ്ങള്‍ പോലും സംരക്ഷിക്കാനായിട്ടില്ല അദ്ദേഹത്തിന്റെ സമുദായക്കാര്‍ക്ക് . അടിയെങ്കില്‍ അടി പക്ഷേ കീഴടങ്ങി ജീവിക്കില്ല എന്ന സിദ്ധാന്തം കൊണ്ട് മാത്രം ഉയിര്‍ത്തെഴുന്നേല്‍പ്പു സമ്മാനിക്കാനായ സമുദായത്തിന് പിന്നീട് ആ തത്വശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നാണ് കരുതുന്നത് . ലഭ്യമായ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറുമ്പോള്‍ അദ്ദേഹം മുന്നോട്ട് വച്ച ആശയം സാധുജന സംരക്ഷണം ആണെങ്കില്‍ അതില്‍ നിന്നും സ്വയം സാധുവാകുകയും കൂട്ടത്തില്‍ ഉള്ളവര്‍ മറ്റ് സമുദായങ്ങള്‍ ആയി മാറ്റി നിര്‍ത്തുകയും ചെയ്തുകൊണ്ട് ഈഴവരെപ്പോലെ പുലയരും തങ്ങളുടെ മാത്രം മേന്മയും നന്മയും ലക്ഷ്യമാക്കി യാത്ര ചെയ്തു . ഫലമോ ഇന്നും മറ്റ് സമുദായക്കാര്‍ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും ആത്മീയ ആചാര്യരായി കരുതുകയും ആരാധിക്കുകയും ചെയ്യുന്നു. പക്ഷേ അവരെ എസ് എന്‍ ഡി പി യോ പുലയ മഹാസഭ (അത് അവർ തന്നെ വിഘടിപ്പിച്ചില്ലാതാക്കി) പോലുള്ള പ്രസ്ഥാനങ്ങളോ സഹജീവികളായി കാണുകയോ സഹായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല . സ്വയമേ ബ്രാഹ്മണ്യം ഈഴവരും പുലയരും മനസ്സില്‍ ഭാവിക്കുകയും മറ്റ് വിഭാഗക്കാരെ ചാതുര്‍വര്‍ണ്യ കളങ്ങളില്‍ ഇറക്കി നിര്‍ത്തിക്കളിക്കുകയും ചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ കളരിയില്‍ നിന്നുകൊണ്ടു ഒരു വിഭാഗം മനുഷ്യര്‍ക്ക് മൃഗങ്ങളുടെ പോലും വിലയില്ലാതിരുന്ന ഇടത്ത് വരേണ്യ വര്‍ഗ്ഗത്തെ എതിര്‍ത്തുകൊണ്ടു അവരെ പോലെ വസ്ത്രം ധരിക്കാനും സഞ്ചരിക്കാനും വാഹനം ഉപയോഗിക്കാനും ധൈര്യം കാണിക്കുകയും എതിര്‍ക്കാനും മര്‍ദ്ദിക്കാനും വരുന്നവരെ അതേ നാണയത്തില്‍ തിരികെ തല്ലി ഭയം നല്കി . സ്വന്തം പ്രഭാവവും കൈക്കരുത്തും കൊണ്ട് സമൂഹത്തില്‍ അനിഷേധ്യനായ ഒരു നേതാവായി മാറി . സ്വസമുദായത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിക്കുകയും അതിനു വേണ്ടി അധികാര കേന്ദ്രങ്ങളില്‍ കടന്നു കയറി കാര്യങ്ങള്‍ പറയുകയും നേടിയെടുക്കുകയും ചെയ്തു . ഇന്നത്തെ കാലമല്ല അതുകൊണ്ടു തന്നെ വളരെ ഏറെ പ്രാധാന്യമുള്ള ആ ഒരു പ്രവര്‍ത്തനശൈലിയും വ്യക്തിത്വവും ചരിത്രത്തിന് ഒരിയ്ക്കാലും മറക്കാന്‍ കഴിയുന്നതുമല്ല. ഇനിയൊരിക്കലും ഇങ്ങനെ ഒരു നേതാവ് ഒരു സമൂഹത്തിനും ലഭിക്കുകയില്ല. കാരണം ജനാധിപത്യമെന്ന കപട മേല്‍വിലാസത്തില്‍ ജീവിക്കുന്ന ഒരു ജനതയ്ക്ക് ഇന്ന്‍ എന്തും നേടിയെടുക്കാന്‍ നിയമം പരിരക്ഷ നല്കുന്നു എന്നൊരു തോന്നലില്‍ നിന്നുകൊണ്ടു നേതാക്കള്‍ നഷ്ടപ്പെടുകയുംരാഷ്ട്രീയ ആശയങ്ങള്‍ മാത്രം നിലനില്‍ക്കുകയും അവര്‍ പുതിയ കാല തമ്പുരാക്കാന്‍മാരായി നിന്നുകൊണ്ടു കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു . ഇന്നും അധഃകൃതര്‍ നമുക്കിടയില്‍ ഉണ്ട് . അവകാശങ്ങള്‍ ഇല്ലാത്ത പാവങ്ങള്‍ . സംവരണം എന്നൊരു കളിപ്പാട്ടം നല്കി മറ്റെല്ലാം മറക്കാന്‍ പാകത്തിന് വളര്‍ത്തിയെടുക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നും നാം ജീവിക്കുന്നതു . അതുകൊണ്ടു തന്നെ ഇക്കാലങ്ങളില്‍ നാം വായിക്കേണ്ടത് അയ്യങ്കാളി ചരിത്രങ്ങള്‍ ആണ് .
മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)
കുന്നുകുഴി എസ് മണി , പി എസ് അനിരുദ്ധന്‍
ഡി സി ബുക്സ്
വില : 175 രൂപ