കടലിനെ കൈകോർത്ത് പിടിച്ച്
വീശിയടിച്ച കാറ്റ് സന്തോഷത്തോടെ
അവനോട് പറഞ്ഞു
“ദേ മഴ വരുന്നുണ്ടെ…….
കിണറ്റിൻ കരയിലെ
പേര മരത്തിലെ തളിരിലകൾ
കുണുങ്ങി കുണുങ്ങി തലയാട്ടിക്കൊണ്ട്
അവനോട് പതിയെ ചൊല്ലി
“ദേ നല്ല മഴ വരുന്നുണ്ടെ……”
ചാണകം മെഴുകാൻ മറന്നു പോയ
നിലത്തിൽ പടർന്നു വീണ
കൊച്ചു കൊച്ചു
സന്ധ്യാ നിഴൽ ചിത്രങ്ങൾ
അവനോട് കണ്ണിറുക്കി പറഞ്ഞു
“ഹാ നല്ല മഴ വരുന്നെണ്ടെ …..”
എണ്ണ വറ്റിയ വിളക്കിൽ ശ്വാസം മുട്ടിയ
പടുതിരി അവനെ ഓർമ്മിപ്പിച്ചു
“ഹോ നല്ലൊരു മഴ വരുന്നുണ്ടേ …..”
പൊളിഞ്ഞു വീഴാറായ
ചോർന്നൊലിക്കുന്ന കൂരയെ നോക്കി
വേദനയോടെ അവന്റെ അമ്മ ചോദിച്ചു
“പൊന്നു മോനെ, മഴ വന്നാൽ നീ എന്ത് ചെയ്യും “
വിള്ളൽ വീണ ചുമരിൽ
ചില്ലിട്ടു തൂക്കിയ
അമ്മയുടെ ചിത്രത്തിലേക്ക്
നോക്കിയിരുന്ന് അവൻ കണ്ണുകൾ തുടച്ചു
പിന്നെ കാൽ മുട്ടുകൾക്കിടയിൽ
മുഖമൊളിപ്പിച്ച് മഴയെക്കാൾ ശക്തിയിൽ
ഏങ്ങിക്കരഞ്ഞു …..
മഴ വന്നത് അവൻ അറിഞ്ഞേയില്ല