ഈ മഴയിൽ ഇങ്ങനെ
നനഞ്ഞു കുതിരണം.
വേവലാതികൾ
കരിമേഘ കൂട്ടങ്ങളായ്
ഉരുണ്ടു കൂടണം.
പിന്നെ…
ഒരു ചിരിവെയിലിൽ
എല്ലാം തെളിയണം.
അനനതയിലേക്ക്
കൺതുറക്കുമ്പോൾ
മുഖത്തിറ്റു വീഴുന്ന
തുള്ളികളോടൊപ്പം
കൺതടത്തിലെ ബാഷ്പവും
അലിഞ്ഞിറങ്ങണം.
കൂട്ടിൽ, നനഞ്ഞൊട്ടിയ
കുഞ്ഞിച്ചിറകുകൾ
കോതി നനവാറ്റണം.
പല കുടക്കീഴിൽ
പകലണയുമ്പോൾ
ഇരുളിൽ തനിയെ..
മഴയിരമ്പലിലും
ഒരു വിളിക്കായ്
കാതോർക്കണം.
മഴതോർന്നാലും
മരത്തോടൊപ്പം
പെയ്തു പെയ്തങ്ങനെ…
മണ്ണിൽ
അലിഞ്ഞു ചേരണം !!