നീ കടന്ന് പോകുന്ന പാതയോരത്തു
മരങ്ങളും, പക്ഷികളും തൊട്ടേ, തൊട്ടില്ല
കളിക്കുന്നത് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം
വിദൂരതയിൽ ഒരു പൊട്ടു പോലെ കാണുന്നുണ്ട്
നീ ഉണ്ട് എന്ന് ഞാൻ സങ്കൽപ്പിക്കുന്നവാഹനം
കാത്തിരിപ്പിന്റെ പൂവനിയിൽ നിന്ന്
നോട്ടം പറിച്ചെടുത്തു
മരത്തിന്റെ തുഞ്ചത്ത് നടുമ്പോൾ
ഒരു നീലവാലൻ കിളി ഗോളടിച്ച പന്ത്
കളിക്കാരനെപ്പോലെ നൃത്തം ചെയ്യുന്നു
ഇപ്പോൾ നീ കയറിയ വാഹനം
എന്റെ മുന്നിലൂടെ വളരെ പതുക്കെ
ഒരു പുഷ്പക വിമാനം കണക്ക്
കടന്നു പോകുന്നു
ഒളിക്കണ്ണിട്ട് നോക്കുന്ന
നിന്റെ നീൾ മിഴിക്കോണിലെ
കായൽപ്പരപ്പിൽ പ്രണയത്തിന്റെ
പരൽ മീൻ പിടച്ചിൽ
എന്റെ മോഹത്തിന്റെ ചൂണ്ടൽ കൊളുത്തിൽ
പാട്ട് കോർത്തെറിയുന്ന
ധ്യാനം
ആകാശപ്പടവിറങ്ങുന്ന സൂര്യന്റെ
ഉള്ളം കൈയിൽ നിന്റെ ചൊടിയിൽ കണ്ട
അതേ മൈലാഞ്ചിച്ചോപ്പ്
പ്രണയാർദ്രമായി കണ്ണുകൾ ചിമ്മിയ കടൽ
ഒരു ചുംബനത്തിന്റെ ആലസ്യത്തിൽ
സൂര്യനെ പുണർന്നു
കുങ്കുമശോണിമയണിയുന്നു
മരങ്ങൾ പൂവിടാനുള്ള
കൊതിയാൽ
ചെറുകാറ്റിൽ രമിക്കുന്നു
കിളികൾ കൂടണഞ്ഞു
ഇണകൾക്ക് പഞ്ചമം പാടുന്നു
നീ പോയ ദിക്കിലേക്ക് നോക്കിയിരിക്കുന്ന
എന്റെ കാഴ്ച്ചയിൽ
പ്രണയം മഴവില്ല് വരക്കുന്നു.