മഴമൊഴി

മാനം ഉരുകി വിയർത്തൊരു വെൺപുഴ
വാശിപിടിച്ചു പരക്കുന്നു
മൂവാണ്ടൻ നിഴലാഴക്കടലിനു
കരിമണിമാല കൊരുക്കുന്നു .

പുത്തൻ പുഴയൊരു പത്തി വിടർത്തി
ഇരുൾ നിലമാകെ വളഞ്ഞിടവേ
കോണിപ്പടിയിലൊരമ്മൂമ്മക്കിളി
ചിറകു മറന്നിരുളുണ്ണുന്നു .

ശീലക്കുടയുടെ നീളൻ തുഞ്ചത്താകാശ
ചിരിയലറുന്നു
കീഴ വിറച്ചൊരു കുഞ്ഞിക്കണ്ണിൽ
അമ്മച്ചൂര് പിടയ്ക്കുന്നു .

മാറിയുടുക്കാനറുപതു തുണിയുടെ
ആറും നൂറും ചേർന്ന് നിറഞ്ഞൊരു
കൂറ തുണിയുടെ വായ്ത്തല പോലൊരു
ചെളിവെള്ളത്തറ മുറ്റമെടുത്തു .

പുത്തൻ മഴയുടെ പൊട്ടാനിഴലുകളിട്ടാവട്ട
മൊരുക്കുമ്പോൾ
ചുട്ട കിനാക്കളിരുൾ ചുഴി ചുറ്റി
ഉരുൾ തട പൊട്ടി വിയർക്കുന്നു .

പൂത്ത കരൾ പൂവമ്പിളിമലയുടെ
തോട്ടുവരമ്പുകളെണ്ണുമ്പോൾ
വിണ്ടു വിടർന്ന ചെളിത്തറമേലൊരു
കറ്റക്കൂട്ടം തലയറയുന്നു ..

പൂക്കാ മഴവിൽ ഇരുമലനിരയുടെ
തൂക്കം നോക്കിയളന്നു കുറിയ്ക്കേ
താഴേ തൊടിയിലെ തുമ്പി പെണ്ണിൻ
പുടമുറിയുത്സവമാകുന്നു .

മഴയും പുഴയും വഴിയും അതിരിൻ കല്ലും
കടലല നുകരുന്നു
തീരാ പെയ്യലിനിറയത്തേക്കൊരു
ചാഞ്ഞ വെയിൽചൂടുണരുന്നു .

പോകാമിനിയൊരു തീരാക്കഥയുടെ
തീരത്തേക്ക് വിരുന്നുണ്ണാൻ
പൗർണമി വാവിന് വെള്ളി നിലാവിൻ
കൈലേസൊന്നു കൊടുത്തു വരാം .

ചങ്ങനാശ്ശേരി സ്വദേശി. ആസ്‌ട്രേലിയയിൽ നേഴ്സ് ആയി ജോലി നോക്കുന്നു . നവമാധ്യമങ്ങളിൽ സജീവം.