കരുത്തിൻ്റെ കൗമാരം കലിതുള്ളി വിറയ്ക്കുന്നു,
കയർക്കുന്നു ചുറ്റിലും സഹജീവിതങ്ങൾ,
സഹിക്കുന്നു പാവമാം ജീവപിണ്ഡങ്ങളും
കാണുന്നു, ഞാനെന്നും മൂകസാക്ഷി
ചതി കോർത്ത ചൂണ്ടക്കൊളുത്തിൽക്കുരുങ്ങി
ചന്തത്തിൽ ചാഞ്ചാടും ചഞ്ചലചിത്തകൾ
ചത്തു മലർക്കുന്നു, നീർപോളപോൽ പൊങ്ങുന്നു
കാണുന്നു, ഞാനെന്നും മൂകസാക്ഷി
പശി തിന്ന് വാടിയ രുപങ്ങൾ വരളുന്നു
തെരുവോരത്തലയുന്നു കുഞ്ഞു ബാല്യം
കൊഴുക്കുന്നിതാട്ടിൻതോലണിഞ്ഞ ചെന്നായ്പ്പറ്റം
കാണുന്നു, ഞാനെന്നും മൂകസാക്ഷി
കാട്ടുമനുഷ്യർ തൻ കാടുകേറി
കണ്ടവയെല്ലാം കൈക്കലാക്കി
നാട്ടു നരാധമർ കൈമലർത്തി
കാണുന്നു, ഞാനെന്നും മൂകസാക്ഷി
ഇറങ്ങുന്നു സ്വന്തം കൂടും കാടും വിട്ട്
ചവിട്ടിയരയ്ക്കുന്നു നീളെ വഴിയമ്പലങ്ങൾ
കുത്തിക്കോർക്കുന്നു കൊമ്പിൽ,
തൂങ്ങിയാടുന്നു ഇരകൾ
കാണുന്നു, ഞാനെന്നും മൂകസാക്ഷി
ഇനി മൂകസാക്ഷിയായിരിക്കവയ്യ!
ഇനി കണ്ണുപൊത്തിക്കളിക്ക വയ്യ!
ഇനിയുറക്കെയുറക്കെ പൊങ്ങട്ടെ നാവ്…
മൗനവാല്മീകത്തിൽ പുനർജനിക്കട്ടെ നീതി.