മഴത്തുള്ളികൾ പറയാതിരുന്നത്

ശാന്തമായ ഒരു യാത്രയായിരുന്നു അത്. ഓളത്തിമിർപ്പുകളോ, തിരയിളക്കങ്ങളോ ഇല്ലാത്ത കടൽയാത്ര!

ശരീരമാകെ കുളിരായിത്തഴുകുന്നത് മഞ്ഞുപാളികളുടെ മൃദുല കൈത്തലങ്ങളാണെന്ന് ഒരു മാത്ര തോന്നി. കാലഭേദങ്ങളില്ലാത്ത യാത്ര. ഇരുവശങ്ങളിലും തലയാട്ടി നിൽക്കുന്ന ഓർക്കിഡുകൾ വർണ്ണങ്ങളുടെ വസന്തം സൃഷ്ടിക്കുന്നു. ഒരു പക്ഷേ, ഇതൊരു ആകാശയാത്രയായിരിക്കാം. അനുനിമിഷം പകരുന്ന അനുഭൂതികളുടെ ദീർഘഗമനത്തിൽ സ്ഥലകാല വിചിന്തനങ്ങൾ നിഷ്പ്രഭമാവുന്നു. അതോടൊപ്പം, ഇത് നൈമിഷികമാണെന്ന് ആരോ കാതിൽ മൊഴിയുന്നുമുണ്ട്.

പെട്ടെന്ന്, എല്ലാറ്റിനെയും മറികടന്നു കൊണ്ട് കനത്ത ഇരുട്ട് കണ്ണുകളെ മറച്ചു തുടങ്ങി. ഓർമ്മകൾ മാഞ്ഞു തുടങ്ങിയ മനസ്സിൻ്റെ സ്ക്രീനിൽ ഇരമ്പലോടെ ഒരു ട്രെയിൻ ആർത്തലച്ചെത്തുന്നു. ഇരുമ്പു ചക്രങ്ങൾ കൈകാലുകൾ മുറിച്ചെടുത്ത് പാഞ്ഞുപോവുന്നു.

വേദനയില്ല, മരവിപ്പു മാത്രം….

ഇപ്പോൾ വികലദേഹം ഒരു പൊങ്ങുതടി പോലെ കനത്ത വേഗത്തിൽ കൂർത്ത കരിങ്കൽച്ചീളുകളിലേയ്ക്ക് അടുക്കുന്നു.

“അമ്മേ….!”

ഭീതിയോടെ ചുറ്റും നോക്കി. ജങ്കാർ തീരത്തേയ്ക്ക് അടുക്കുകയാണ്. തെല്ലു ജാള്യതയോടെ അയാൾ എഴുന്നേറ്റു. ആർക്കും ഒന്നും മനസ്സിലായിട്ടില്ല. എല്ലാവരും ഇറങ്ങാനുള്ള തത്രപ്പാടിലാണ്.

“ഹലോ.. വിനോദ്…”

സ്റ്റോർ കീപ്പർ പവിത്രനാണ്. വിനായകൻ എന്ന തന്നെ വിനോദ് എന്നു വിളിക്കുന്ന ഒരേയൊരാൾ. അതു കൊണ്ട് തനിക്കു നേരെ എവിടെനിന്നീ വിളി വന്നാലും അതു പവിത്രനാണെന്നൂഹിക്കാം.

“ഞാനല്പം മയങ്ങി. എന്തൊക്കെയുണ്ട് പവീ ?”

“ഞാൻ ശ്രദ്ധിച്ചിരുന്നു.” പവിത്രൻ്റെ മറുപടിയിൽ ഒരു കുസൃതി.

“വിനോദ് അറിഞ്ഞില്ലേ… നാളെ പുതിയ ജി.എം. ചാർജെടുക്കുന്നു. മോഹൻകുമാർ സാറിനെ ഇന്നു കൂടി ചുമന്നാൽ മതി.”

“ആണോ… പവി പറഞ്ഞത് ശരിയാണ്. വല്ലാത്ത മേടു തന്നെ.. “

മോഹൻകുമാർ സർ പാലസ് സ്ക്വയർ ഹോട്ടലിലെ ജനറൽ മാനേജരാണ്. കാർക്കശ്യവും, നിർബന്ധ ബുദ്ധിയും, ചീത്ത പറച്ചിലും ഒക്കെച്ചേർന്ന ഒരു പ്രസ്ഥാനം.

ഏകദേശം പതിനഞ്ച് ഏക്കറോളം വരുന്ന ബാൽക്കൺ ദ്വീപിലെ ഒന്നര ഏക്കറിലാണ് പാലസ് സ്ക്വയർ ഹോട്ടൽ സർക്കാരിൻ്റെ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്നത്. ഫുഡ് കോർട്ടും,സ്നാക്സ് ബാറും, ബിയർ പാർലറും, പാർക്കും, കോട്ടേജുകളും ഒക്കെയായി ടൂറിസം വകുപ്പ് പച്ചപിടിച്ചു നിൽക്കുകയാണിവിടെ.
വിനായകനും, പവിത്രനും കൂടാതെ സ്ഥിര നിയമനത്തിലും, താത്ക്കാലിക നിയമനത്തിലുമായി നാൽപ്പത്തിയെട്ടു പേരോളം ഇവിടെ ജോലി ചെയ്യുന്നു.

പവിത്രൻ പാലാരിവട്ടംകാരനാണ്. ഭാര്യ കുവൈത്തിൽ, മക്കളില്ല. ആകുലതകളില്ലാത്ത സുന്ദര ജീവിതം.
ജങ്കാർ ജെട്ടിയിലേയ്ക്കടുത്തു. മണിയടിയും വടംവലിയുമൊക്കെയായി ജീവനക്കാർ അതിനെ പിടിച്ചുകെട്ടി.
ജെട്ടിയിലേയ്ക്ക് കാലൂന്നവേ, വിനായകൻ്റെ കാൽ ട്രെയിനേജിനോടു ചേർന്ന ചതുപ്പിൽ തട്ടി, വേഗത്തിൽ അയാൾ മുന്നോട്ടാഞ്ഞു. വീഴാനൊരുങ്ങിയ വിനായകനെ പുറകിൽ നിന്നും പവിത്രൻ ശക്തിയായി വലിച്ചു . അല്ലെങ്കിൽ മതിലിനു താഴെ കൂടിക്കിടക്കുന്ന കരിങ്കൽച്ചീളുകളിൽ അയാൾ തലയിടിച്ചു വീഴുമായിരുന്നു.

“എന്തു പറ്റി?”

“കാലൊന്നു സ്ലിപ്പായി .. “

അതു പറഞ്ഞപ്പോഴാണ് വിനായകൻ ആ കരിങ്കൽച്ചീളുകളെ ശ്രദ്ധിച്ചത്. കുറച്ച് മുമ്പ് അല്പ മയക്കത്തിൽക്കണ്ട അതേ കരിങ്കൽച്ചീളുകൾ. മനസ് ചെറുതായി ഒന്നു അലോസരപ്പെട്ടു.

“പാലസ് സ്ക്വയർ ത്രീസ്റ്റാറിലെത്തിയിട്ടും വഴിയെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ.” പവിത്രൻ്റെ ആത്മഗതം.

ഗേറ്റിൽ പഞ്ചു ചെയ്ത്, അകത്തേയ്ക്കു കടക്കാനൊരുങ്ങുമ്പോൾ ശ്രദ്ധിച്ചു, ബഷീറിക്കയുണ്ട് ഗേറ്റ് ഡ്യൂട്ടിയിൽ . ബഷീറിക്ക കൂത്താട്ടുകുളംകാരനാണ്. ഭാര്യയും രണ്ടു പെൺമക്കളും. പെൺമക്കളുടെ കല്യാണം കഴിഞ്ഞു. സർവീസ് തീരാൻ ഇനി ആറു മാസംകൂടി മാത്രം.

കൂടുതൽ സംസാരിക്കാത്ത, അനാവശ്യ കാര്യങ്ങളിലിടപെടാത്ത ഉറച്ച നിലപാടുകളുള്ള മനുഷ്യൻ. പക്ഷേ വിനായകനോട് ഒരു പ്രത്യേക സ്നേഹവും ബഹുമാനവും അയാൾ കാത്തുസൂക്ഷിക്കുന്നു. ഗേറ്റ് കടന്നാൽ ഫുഡ് കോർട്ടിലെത്താൻ അല്പം നടക്കണം. പാർക്ക് സമുച്ചയവും, സ്റ്റാക്സ് ബാറും കഴിഞ്ഞാൽ ഫുഡ് കോർട്ടിൻ്റെ ഓടിട്ട പഴയ രാജകൊട്ടാരം പതുക്കെ തെളിയും.

“സർ…” – ബഷീറിക്കയുടെ വിളി.

“എന്താണു ബഷീറിക്കാ… പവീ നടന്നോളൂ ഞാൻ എത്തിയേക്കാം.”

“സർ.. ഒരു കാര്യം പറയാനുണ്ടായിരുന്നു.”

ബഷീറിക്ക പറയാനുദ്ദേശിക്കുന്ന കാര്യം വിനായകൻ മനസിലാക്കിയതുപോലെ തോന്നി.

“നോക്കു ബഷീറിക്ക, താങ്കളെന്തിനാണ് മറ്റുള്ളവർക്കു വേണ്ടി റിക്വസ്റ്റ് നടത്തുന്നത്? ആ പ്രശ്നം എൻ്റെ അണ്ടറിലുള്ള കാര്യമേ അല്ല. അറിയാല്ലോ. ഞാനിവിടുത്തെ ഒരു റെസ്റ്റൊറൻ്റ് മാനേജർ മാത്രം. അതു കൊണ്ടു തന്നെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ദിവസവും ആയിരക്കണക്കിന് വിസിറ്റേഴ്സ് ഇവിടെ വന്നു പോവുന്നതല്ലേ…. ഗേറ്റു പാസും കൃത്യമായ ഓഡിറ്റിംഗിൽ പെടുന്നതാണ്. അത് സ്വയം അച്ചടിക്കുക, തിരിമറി നടത്തുക എന്നൊക്കെപ്പറഞ്ഞാൽ… ഒന്നു റെക്കമെൻറ് ചെയ്യാമെന്നു വച്ചാൽ പോലും എങ്ങനെ…. എന്തു പറഞ്ഞ്…?”

“അതൊക്കെ കഴിഞ്ഞു. തിരിമറി നടത്തിയവർക്കുള്ള പണിഷ്മെൻറും വന്നു.” ഒന്നു നിർത്തി അദ്ദേഹം വീണ്ടും പറഞ്ഞു.

“സത്യത്തിൽ ഞാൻ അതിനല്ല സാറിനെ വിളിച്ചത് “

ബഷീറിക്ക ഇങ്ങനെയാണ്. അപ്രിയമായ കാര്യങ്ങൾ പറയാനൊരുങ്ങുമ്പോൾ മുക്കലും, മൂളലും മുഖവുരയും കൂടും.

“വേറെന്താണിക്കാ?”

“സാറിൻ്റെ ഒരു പേഴ്സണൽ വിസിറ്ററുടെ കാര്യമാണ്.. “

“ഞാൻ പറഞ്ഞിട്ടില്ലേ ഇക്കാ… വ്യക്തി പരമായ വിസിറ്റേഴ്സ് നമ്മുടെ സമയം കൊല്ലികളാണ്. അല്ല, കാര്യമെന്താ?”

“സർ രണ്ടു മൂന്നു ദിവസങ്ങളായി സാറിനെ കാണണമെന്ന് പറഞ്ഞ് ഒരു സ്ത്രീയിവിടെ വന്നു പോവുന്നു. ഞാൻ തിരിച്ചയയ്ക്കാൻ നോക്കിയിട്ടും അവർ വിടുന്ന മട്ടില്ല. ഇന്നും ഈവനിംഗിൽ വരുമെന്ന് പറഞ്ഞാണ് അവർ പോയത്.”

“സ്ത്രീയോ?”

”അതെ സ്ത്രീയെന്നു പറഞ്ഞാൽ അല്പം ഏയ്ജഡ്. “

“എന്താ ആവശ്യം ന്ന് അന്വേഷിച്ചില്ലേ?”

“അതു ഞാൻ ചോദിച്ചില്ല ങ ..സർ ഒരു സെക്കൻ്റ് “

ബഷീറിക്ക മൊബൈലെടുത്ത് ഗാലറിയിൽ തിരഞ്ഞു. എന്നിട്ട് വിനായകനു നേരെ നീട്ടി.

“ദാ ഇതാണു സർ … കണ്ടാലറിയാം, ഒരു അയ്യോ പാവം. നളിനി എന്നോ മറ്റോ ആണ് പേര് പറഞ്ഞത്. “

വിനായകന് ആ ഫോട്ടോയിൽ നിന്ന് കുറച്ച് നേരത്തേയ്ക്ക് ദൃഷ്ടി തിരിക്കാൻ കഴിഞ്ഞില്ല. ആ പേര് ഒരു ഇടിമുഴക്കമായി പലവട്ടം അയാളുടെ മനസ്സിലുയർന്നു.

നിശബ്ദനായി പാലസ് സ്ക്വയറിലേയ്ക്ക് നടക്കുമ്പോൾ, മറക്കാനാഗ്രഹിച്ച പല മുഖങ്ങളും മൂടുപടം മാറ്റി കനത്ത നോവുകളുടെ മങ്ങിയ നിഴലുകളായി മനസ്സിലേയ്ക്കുയർന്നു. അതിനൊപ്പമണിചേരുന്ന മടക്കിയൊതുക്കി വച്ച മൗനക്കുറിപ്പുകളെ തടുത്ത് കൊണ്ട് അയാൾ അകലെ ഉച്ചവെയിലിൽ വെന്തു പരന്നെത്തുന്ന കായലോളങ്ങളെ നോക്കി മെല്ലെ നടന്നു.

“ഹലോ വിനു ഈവനിംഗ് ഷിഫ്റ്റാണല്ലേ?”

സ്റ്റിവാഡ് രവിയേട്ടനാണ്. ചിരിച്ചു തലയാട്ടിയപ്പോൾ വീണ്ടും,

“നമ്മുടെ ജി.എം.ന് തൃശൂരേയ്ക്ക് ട്രാൻസ്ഫെർ. ആള് ലീവാണ്. നാളെ പുതിയ ആൾ. വിനു അറിയില്ലേ.. നമ്മുടെ ഹോട്ടൺ ഹില്ലിലുണ്ടായിരുന്ന ഏലിയാസ് സർ.. പുള്ളിയാണ് പുതിയ മാനേജർ. കുറച്ചു തലവേദന കുറയും”

രവിയേട്ടനെ കടന്നു പോവുമ്പോൾ, അലോസരങ്ങളുടെ നടുവിലെ മനസ്സ് മന്ത്രിച്ചു. മോഹൻകുമാർ സർ ലീവാണ്. എവിടെയെങ്കിലും കുറച്ചു നേരം സ്വസ്ഥമായിട്ടിരിക്കണം.

ക്വാർട്ടേഴ്സിൽ ചെന്നു ഡ്രസ്സ് മാറിയതും, ഫുഡ് കോർട്ടിലെത്തി രജിസ്റ്റർ സൈൻ ചെയ്തതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു. പലതും മറന്നതു പോലെ.. ചിലത് ഓർക്കാനുള്ളതു പോലെ വിനായകൻ പലയിടത്തും നിന്നു. റിസപ്ഷനിൽ നിന്ന് ചന്ദ്രലാൽ കൈ വീശി; കുക്ക് വിജയൻപിള്ള സ്നേഹത്തോടെ തോളിൽത്തട്ടി. പക്ഷേ, വിനായകൻ്റെ മനസ് അബോധങ്ങളുടെ നീർച്ചുഴിയിലേക്ക് നിപതിക്കുകയാണ്.
കൈകാലുകളറ്റ് പ്രതികരിക്കാനാവാത്ത ഒരു വികലദേഹം കൂർത്ത കരിങ്കൽച്ചീളുകളുടെ മുൾമുനയിലേയ്ക്കടുക്കുന്നു. ക്ഷണനേരം കൊണ്ട് പ്രതിരോധത്തിൻ്റെ ഉണർത്തു പാട്ടായി ആരോ അയാളെ തട്ടിയുണർത്തുന്നു. വിനായകൻ മനസാക്ഷിയോട് ആരായുന്നു. അമ്മയ്ക്ക് എന്താവും തന്നോട് പറയാനുള്ളത്?

“ഗുഡ് ആഫ്റ്റർ നൂൺ സർ..”

ക്ലീറ്റസും, സുഗുണനും ,പ്രദീപും റെസ്റ്റൊറൻ്റിൽ ഈവനിംഗ് ഷിഫ്റ്റിലുണ്ട്.

“സർ… ഫ്രൈഡേ അല്ലേ… തിരക്കു കുറവാണ്. ബുഫെറ്റ് ഡിന്നർ ഒഴിവാക്കാമല്ലോ.?”

“യേസ് … വേണ്ടതു പോലെ ചെയ്തോളൂ”

“സാറിനെന്തു പറ്റി… ഒരു മൂഡ് ഓഫ്….?”

”എയ്… നത്തിംഗ് “

”വേണമെങ്കിൽ സർ റെസ്റ്റെടുത്തോളു.. തിരക്കില്ലല്ലോ. ജി.എം. ലീവും. ഞങ്ങൾ മാനേജ് ചെയ്തോളാം.”

അവരുടെ നിർദ്ദേശത്തിൽ ചെറിയൊരാശ്വാസം വിനായകനു തോന്നി. എവിടെയെങ്കിലും ഒന്നു സ്വസ്ഥമായിരിക്കണം.

“ഓ.കെ.ഞാൻ ക്യാബിനിലുണ്ടാവും. അത്യാവശ്യം വന്നാൽ വിളിച്ചോളൂ”

സത്യത്തിൽ ഡ്യൂട്ടിക്കു വിരുദ്ധമായ കാര്യമാണിതെന്ന് വിനായകനറിയാം. ഓർഡറെടുക്കലും, തിരക്കുകളിലെ ബ്രീഫിംഗും, ബില്ലടിക്കലുമെല്ലാം തൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണെങ്കിലും, ഫുഡ് കോർട്ടിൽ പരസ്പരസഹവർത്തിത്വം വച്ചുപുലർത്തുന്നവരാണ് എല്ലാവരുമെന്നത് ഏറെ ആശ്വാസകരമാണ്.
ഇപ്പോൾ വിനായകൻ ക്യാബിനിലെ ഏകാന്തതയിലാണ്. മനസ്സിൽ നിറഞ്ഞ അസ്വസ്ഥതകൾ ഓർമ്മകളുടെ കൂടു തകർക്കുന്നു. അകക്കണ്ണുകളിലേയ്ക്ക് ഒരു നനവായി അത് പടർന്നേറുന്നു.

പതിനാലാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ടപ്പോൾ രണ്ടാനച്ഛൻ്റെ ക്രൂരമായ പീഢനങ്ങളേറ്റ തൻ്റെ ബാല്യത്തെ നിസ്സഹായതയുടെ മുഖാവരണമണിഞ്ഞ് നോക്കി നിന്ന തൻ്റെ പെറ്റമ്മ, ഇരുപതു വർഷങ്ങൾക്കു ശേഷം കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിൾത്തടങ്ങളുമായി കാലത്തിനു വഴിമാറിയിരിക്കുന്നു. വെറുപ്പായിരുന്നു.
സ്വന്തം ജീവിതം മാത്രം കരുപ്പിടിപ്പിക്കുവാൻ വ്യഗ്രത കൊണ്ട, പേറ്റുനോവിൻ്റെ വിരാമപിണ്ഡത്തിന് ഒരു ചെറുവിരൽ കൊണ്ടു പോലും കൈത്താങ്ങേകാത്ത ആ അഭിശപ്ത ജന്മത്തെ…!

മുത്തച്ഛൻ്റെ കൈപിടിച്ച് സ്വതന്ത്ര്യത്തിൻ്റെ ലോകത്തിലേയ്ക്ക് പടിയിറങ്ങുമ്പോൾ, അറപ്പോടും വെറുപ്പോടും തന്നെയാണ് തിരിഞ്ഞു നോക്കിയത്. ഇപ്പോൾ യാചനയുടെ തുളുമ്പിയ കൺതടങ്ങളോടെ ഗേറ്റിനു പുറത്തെ കടത്തിണ്ണയിൽ കൈയിലും മനസ്സിലും മുഷിഞ്ഞ ഭാണ്ഡവുമായി പ്രതീക്ഷകളുടെ തുരുത്ത് തേടിയായിരിക്കുമോ അവർ തന്നിലേയ്ക്കെത്തിയിരിക്കുന്നത്?

നൽകാൻ… ഹൃദയത്തിലയാൾ സ്നേഹരസം കരുതിയിട്ടില്ല…. വച്ചുനീട്ടാൻ.. അലിവുള്ള വാക്കുകൾ അയാൾക്ക് ആരും പകർന്നു നൽകിയതിതിലില്ല.

വെയിറ്റർ പ്രദീപ് ഒരു കപ്പ് ചായയുമായി ക്യാബിൻ്റെ വാതിൽ തുറന്നു വന്നു.

“സർ ചായ.. ഇതൊന്നു സൈൻ ചെയ്യണേ”.

പ്രദീപ് മേശപ്പുറത്ത് വച്ച w c സൈൻ ചെയ്യുന്നതിനിടയിൽ വിനായകൻ ചോദിച്ചു.

“തിരക്കുണ്ടോ?”

‘ഇല്ല സർ… മൂന്നു കോട്ടേജ് ഒഴികെ മറ്റെല്ലാം ചെക്കൗട്ടാണ്. അവരുടെ w c ആണിത്. ഔട്ടിംഗിന് റെഡിയാവുന്നു. ഡിന്നർ വേണ്ട”.

പോവാൻ തുടങ്ങിയ പ്രദീപ് വീണ്ടും തിരിഞ്ഞു.

“സർ… അവർക്ക് ഒമ്പതു മണിക്ക് ബോട്ടയയ്ക്കണം. നമ്മുടെ ബോട്ട് മെയിൻ്റനൻസിലാണ്. എന്തു ചെയ്യണം?”

“സ്പീഡ് ബോട്ടില്ലേ?”

“സാബു ആറു മണിക്കു ഡ്യൂട്ടി കഴിഞ്ഞു പോവും സർ”

ഒന്നാലോചിച്ച ശേഷം വിനായകൻ പറഞ്ഞു.

”മച്ചുവ അറേഞ്ച് ചെയ്യാൻ ചന്ദ്രലാലിനോട് പറയൂ”

”ഓ.കെ സർ…” പ്രദീപ് ഡോർ തുറന്നു നടന്നു.

വിനായകൻ വീണ്ടും ഓർമ്മകളിലേയ്ക്ക് നടക്കുകയാണ്. ഇപ്പോൾ വിനായകൻ തലപ്പാറയിലെ അമ്മ- വീട്ടിൽ. ഓടുമേഞ്ഞ ഒറ്റമുറി വീട്ടിൽ ആരോരുമില്ലാതെ മുത്തച്ഛനോടൊപ്പം.വീടിന് വടക്കു പടിഞ്ഞാറ് പുഞ്ചവയലുകളാണ്. വയൽവരമ്പിൽ നിന്നും കുത്തുകല്ലുകൾ കയറി വേണം വീട്ടുമുറ്റത്തെത്താൻ. മുറ്റത്തു നിന്നു വടക്കോട്ടു നോക്കിയാൽ സോപ്പുപെട്ടിയുടെ വലുപ്പത്തിൽ പാടങ്ങൾക്കപ്പുറത്തെ റോഡിലൂടെ ബസുകൾ ഓടിയകലുന്നത് കാണാം. പരിഷ്ക്കാരങ്ങളുടെ യാന്ത്രികതകളില്ലാത്ത ആ വീടിനുള്ളിൽ ഇളം കാറ്റും വെയിലും സ്വതന്ത്ര്യത്തോടെ ചിരിച്ചു നടന്നു. വേനലവധികളുടെ ഉച്ചവെയിലിൽ കരിഞ്ഞുണങ്ങിയ വയലുകളെ ദുഃഖത്തോടെ വിനായകൻ നോക്കിയിരിക്കും.

പക്ഷേ, അവൻ്റെ കണ്ണുകൾ നിറയാൻ സായാഹ്നത്തിലെ ഇളം വെയിലും, കാറ്റുമായുമെത്തുന്ന ചെറുകിളികൾ അനുവദിക്കാറില്ല. ഓർമ്മിക്കാനും, സന്തോഷിക്കാനും ഒന്നുമില്ലാത്ത വിനായകൻ തകർത്തു പെയ്യുന്ന മഴയെ പ്രതികാരത്തോടെ സ്നേഹിച്ചു. കാരണം, മഴ അമ്മയാണെന്നും അമ്മയുടെ കരച്ചിലാണെന്നും മുത്തശ്ശൻ്റെ പഴമൊഴി പറയുന്നു.

അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് മഴയോട് നിർത്താതെ പെയ്യാൻ ആവശ്യപ്പെടും. അമ്മ അലറിക്കരയുന്നത് അവനിഷ്ടമായിരുന്നു.

വൈകുന്നേരം പലയിടങ്ങളിൽ നിന്നും ശേഖരിച്ച അരിയും സാധനങ്ങളുമായി മുത്തശ്ശൻ വരും. മുറ്റം കയറും മുമ്പേ വിളിയുയരും

“മുത്തശ്ശൻ്റെ മുത്തേ….”

നിരാലംബനായ മുത്തശ്ശൻ സ്നേഹിക്കാനാരുമില്ലാത്ത വിനായകനെന്ന മുത്തിനെ ജീവനുതൂല്യം സ്നേഹിച്ചു.
ആ സ്നേഹം തിരിച്ചവൻ ആ വൃദ്ധനേകുമ്പോഴും അർഹിക്കാത്ത കാരുണ്യങ്ങളെ സ്വീകരിക്കുന്ന അപകർഷങ്ങളിൽ അവൻ ആരുമറിയാതെ രാത്രികൾക്ക് തന്നെ കരയാൻ നൽകി.സർക്കാർ സ്കൂളിൽ നിന്നും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ വിനായകനെ ടൂറിസം കോഴ്സിൽ ചേർക്കാൻ നാലു സെൻ്റ് ഭൂമിയും
വീടും മുത്തച്ഛൻ ബാങ്കിൽ പണയപ്പെടുത്തി. കോഴ്സ് പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തിയ വിനായകൻ അസ്ഥിശേഷനായി നിരങ്ങി ജീവിക്കുന്ന മുത്തച്ഛൻ്റെ കൈകൾ നെഞ്ചിൽ ചേർത്തുവച്ച് വിതുമ്പി.

പിന്നീട് …
മഞ്ഞുതുള്ളികൾ വയലുകളെ മരവിപ്പിക്കുന്ന ഡിസംബറിൻ്റെ രാത്രികൾക്കൊടുവിൽ ഞരക്കങ്ങളുടെ നിശ്ചല ചലനങ്ങളിലേക്ക് മുത്തച്ഛൻ തണുത്തു മരവിച്ച ഒരു ദേഹം മാത്രമായി മാറി. തലയിണക്കീഴിൽ കണ്ണുനീരാൽ കഴുകിച്ചുരുട്ടിയ ബാങ്കിൻ്റെ കടിയിറക്കൽ പത്രം മാത്രം പൊരുതിത്തളർന്ന ഒരു ജന്മത്തിൻ്റെ ബാക്കിപത്രമായി ഭൂമിയിൽ അവശേഷിച്ചു.

വിനായകൻ കരഞ്ഞില്ല.

ദാരിദ്ര്യത്തെ പൊതിച്ചോറാക്കി വെൺപട്ടു തുണികളിൽ മൂടി പുറത്തേയ്ക്കെടുക്കും മുമ്പ് വിശപ്പിനെ വേണ്ടാത്തവരുടെ ചോദ്യം.

“ആരേലും കാണാനുണ്ടോ?”

കണ്ണുനീരിൻ്റെ ഘനമേൽക്കാത്ത ആരുടെയോ അടക്കം പറച്ചിൽ കേട്ടു .

“ഓള് വരില്ല.കെട്ട്യോൻ ഉപേക്ഷിച്ച്. എവിടെയാണ് ആർക്കറിയാം.. “

നിറം മങ്ങിയ വെയിലിനു കീഴെ, മാവിൻ ചുള്ളികളുതിർത്ത പുകപടലങ്ങൾ നാലു വഴികളിൽ നടന്നകന്നു.
ഒറ്റപ്പെട്ട വിനായകൻ കുത്തുകല്ലുകളിറങ്ങുകയാണ്. ശിഷ്ടവേഷങ്ങളാടാൻ ഭൂതലത്തിൻ്റെ ഏതു കോണിൽ ഉയിർക്കണമെന്നറിയാതെ….!

“വിനായകൻ..?”

“യേസ് .”

ചന്ദ്രലാലാണ്. “തൻ്റെ ഫോൺ ഓഫാണോ? ലാൻഡ് ലൈനിൽ തനിക്കൊരു കോൾ “.

വിനായകൻ പതുക്കെ എഴുന്നേറ്റ് റിസപ്ഷനിലേയ്ക്കു നടന്നു.

‘ഹലോ.”

മറുതലയ്ക്കൽ ബഷീറിക്ക.

“സർ .. ഞാൻ പറഞ്ഞില്ലേ? ആ സ്ത്രീ… നളിനി എന്തു പറയണം അവരോട്? സർ ഇങ്ങോട്ടൊന്ന് എത്താമോ.. ?”

എന്തു പറയണമെന്നു തീർച്ചപ്പെടുത്താൻ വിനായകനു കഴിയുന്നില്ല. ബഷീറിക്കയുടെ ശബ്ദം വീണ്ടുമുയർന്നപ്പോൾ അയാൾ ഫോൺ കട്ടു ചെയ്തു.

വിനായകന് റെസ്റ്റൊറൻ്റിലേയ്ക്ക് പോവാൻ തോന്നിയില്ല. അവിടെ ആളൊഴിഞ്ഞ കസേരകൾക്കിടയിൽ സുഗണനും ക്ലീറ്റസും പ്രദീപും നിൽക്കുന്നത് റിസപ്ഷനിൽ നിന്ന് അയാൾ നോക്കിക്കണ്ടു. വിനായകൻ ക്യാബിനിലേയ്ക്കു തന്നെ മടങ്ങി.

ഗേറ്റിനരിക്കെ ബഷീറിക്ക തന്നെയും കാത്ത് നിൽക്കുന്നുണ്ടാവും. ഒരു പക്ഷേ, ഒരു കരച്ചിലിൻ്റെ വക്കിൽ അകത്തേയ്ക്കു തള്ളിക്കയറാൻ ശ്രമിക്കുന്ന ആ സ്ത്രീയെ ബഷീറിക്ക ചീത്ത വിളിക്കുന്നുണ്ടാവുമോ?
തൻ്റെ പെറ്റമ്മയാണെന്നറിയാതെ…

അറപ്പോടും വെറുപ്പോടും നോക്കി പടിയിറങ്ങിയ ഒരു പതിനാലു വയസുകാരൻ്റെ മുഖത്തേയ്ക്ക് വിനായകൻ കണ്ണാടി തിരിച്ചുവച്ചു. ഒറ്റപ്പെടലുകളിലും വേദനകളിലും ദാരിദ്ര്യങ്ങളിലും തളയ്ക്കപ്പെട്ട യൗവ്വനത്തിൻ്റെ എരിഞ്ഞു കൊണ്ടിരിക്കുന്ന കനൽക്കട്ടകൾ ഓരോന്നായി കടന്നു വരുന്നു. കാരുണ്യത്തിൻ്റെ കടാക്ഷം യാചിക്കുന്ന ഒരമ്മ കണ്ണാടിയിൽ പ്രതിഫലിക്കപ്പെട്ടില്ല.

വിനായകൻ… നീ അമ്മയെ കണ്ടിട്ടില്ല…. അതു നിൻ്റെ അമ്മയല്ല…..

ബഷീറിക്ക നിന്നോട് പറഞ്ഞത് ഒരു സ്വപ്നത്തെക്കുറിച്ചായിരുന്നു.. ..!

അതെ… സ്വപ്നം …!

ദാരിദ്ര്യമകറ്റാൻ നാലു ചുമരുകൾക്കുള്ളിൽ അന്തിയുറങ്ങാൻ ഒരു ജോലി എന്ന സ്വപ്നം. അങ്ങനെ കൊച്ചിയിലെ ഹോട്ടൽ വൈറ്റ് സീക്കിൽ വിനായകൻ വെയിറ്ററായി ജോലി ആരംഭിച്ചു. ഭക്ഷണവും, താമസവും തുച്ഛശമ്പളവുമായി നാലു വർഷം. ജോലിത്തിരക്കുകളും, കുടുസുമുറിയിലെ ഉറക്കവും ഭൂതകാലങ്ങളെ ചങ്ങലക്കിടുവാൻ പോന്നതായിരുന്നു. ചങ്ങനാശ്ശേരിക്കാരൻ ബാബു.കെ.നായരും, പൊന്നനും, വിൽസിൻ്റെ മണമുള്ള സംഗീതേട്ടനും, കവിത മൂളുന്ന മധുവേട്ടനും ഒക്കെ സുഹൃത്തുക്കളായി മാറിയപ്പോൾ ദു:ഖം പകുത്തകന്ന മഞ്ഞുതുള്ളികൾ കാല്പാദങ്ങളിൽ തെളിനീരായി അയാളെ തഴുകി.

ആ സമയത്തായിരുന്നു പാലസ് സ്ക്വയറിൽ സ്റ്റിവാഡ് ആയി അയാൾക്ക് നിയമനം ലഭിച്ചത്. സായാഹ്നത്തിൻ്റെ സ്വർണ്ണം പൂശി നിൽക്കുന്ന നഗരറാണിയെയും കുടുസ് മുറിയിലെ ചാവുമണത്തെയും, സുഹൃദ് വലയങ്ങളെയുമുപേക്ഷിച്ച് നഗരം വിടുമ്പോൾ, കുറെ നഷ്ടക്കണക്കുകൾ കൂടി വിനായകൻ നെഞ്ചോടു ചേർത്തു.

ചില ജന്മങ്ങൾ ഇങ്ങനെയാവാം. സ്നേഹിക്കപ്പെടാൻ ആരുമില്ലാത്ത പാഴ്വരകളാൽ കോറിയിട്ട് അടിക്കുറിപ്പെഴുതാൻ മറന്ന അനാഥാത്മാക്കൾ. മുത്തച്ഛൻ്റെ മണമുള്ള ഓർമ്മകളെ പെറുക്കിക്കൂട്ടാൻ ആ സമയത്തായിരുന്നു വിനായകൻ തലപ്പാറയിലൂടെ ഒരു യാത്ര പോയത്. ബസ്സിലിരുന്ന് അകലെ അനന്തതയിലേയ്ക്കകലുന്ന വയൽപ്പരപ്പുകൾ അയാൾ നോക്കിക്കണ്ടു. കാറ്റും വെയിലും കഥ പറഞ്ഞു കൊടുത്ത ആ കൊച്ചു കൊട്ടാരം മാത്രം അയാൾക്കവിടെ കാണാൻ കഴിഞ്ഞില്ല. പക്ഷേ, ബസിൻ്റെ ഹോൺ മുഴക്കത്തിനിടയിലെപ്പൊഴോ അയാൾ ഒരു വിളി കേട്ടിരുന്നു.

“മുത്തശ്ശൻ്റെ മുത്തേ…..!”

നിറഞ്ഞ കണ്ണുകളെ സ്വയമൊതുക്കി, തല കുനിച്ചപ്പോൾ വിനായകൻ ഉറപ്പിച്ചു.

ഇല്ല.. വരില്ല.. ഇനിയൊരിക്കലും.. ഈ വഴിയിലൂടെ… !

”സാറിറങ്ങുന്നില്ലേ?”

വിനായകൻ മുഖമുയർത്തി. സുഗുണനാണ്.

“റെസ്റ്റൊറൻ്റ് ക്ലോസ് ചെയ്തു”.

“സുഗുണൻ… ക്യാഷും സ്റ്റോക്ക് ബാലൻസും ക്ലിയർ ചെയ്തോ?”

”ചെയ്തു സർ. നാളെ ചെക്ക് ചെയ്തിട്ട് ഒപ്പിട്ടാൽ മതി.”

ഒന്നു നിർത്തി സുഗുണൻ ചോദിച്ചു. “സർ കാൻ്റീനിലേയ്ക്കില്ലേ?’

‘ഇല്ല റൂമിലേയ്ക്കാണ്. വിശപ്പില്ല.

സുഗുണൻ നടന്നു നീങ്ങി. വിനായകൻ അല്പനേരം കൂടി ക്യാബിനിൽ ഇരുന്നു. ബഷീറിക്കയെ വിളിക്കണമെന്നു തോന്നി. പക്ഷേ മനസ്സിനെ സ്വയം വിലക്കി. പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്രദ്ധിച്ചു.
പാപ്പച്ചൻ ചേട്ടൻ നൈറ്റ് ഷിഫ്റ്റിലുണ്ട്. മുറി തുറന്ന് അകത്തേയ്ക്കു കയറുമ്പോൾ ഉറപ്പിച്ചു; ഉറക്കം കെടുത്തുന്ന ഓർമ്മകളെ ഉണർത്താതിരിക്കണം, ഒന്നുറങ്ങണം. ഉറക്കത്തിനായി കുറച്ചു നേരം മൊബൈലിൽ പരതി. കണ്ണുകൾക്ക് ഘനം വീണപ്പോൾ പതുക്കെ കിടക്കയിലേക്ക് ചാഞ്ഞു.
വിനായകൻ കദനപ്പെരുമഴകൾക്ക് ഉദകം പകർന്ന് ശാന്തമായുറങ്ങുന്നു .ഈ ഹ്രസ്വകാലമരണത്തിൻ്റെ മൂകാത്മാവ് ഉദകത്തെ കൈക്കൊള്ളുകയാണ്. പ്രപഞ്ചപ്പൊരുളായി മുഖം നഷ്ടപ്പെട്ടവരുടെ മന്ത്രമുയർന്നു; അഹം ബ്രഹ്മാസ്മി….’

ജാലകത്തിനിടയിലൂടെ തണുത്ത കായൽക്കാറ്റ് മുറിയിലേയ്ക്കും, കണ്ണുകളിലേയ്ക്കും കുളിർമ്മയുള്ള നേർത്ത സ്പർശനമായി വിനായകനെ തലോടി. പതുക്കെ ചെറുകാറ്റ് ആർത്തലച്ചെത്തുന്ന മഴയായി പരിണമിച്ചു. മഴ മുത്തശ്ശനായി പെയ്യുകയാണ്. ചിരിക്കുന്ന മഴ. മഴയ്ക്കൊപ്പം ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് ഒരു സ്ത്രീ കിതപ്പോടെ അലറുന്നു. അവരുടെ കിതപ്പിൻ്റെയും ഉച്ഛ്വാസങ്ങളുടെയും കനത്ത ശബ്ദം ഒരു തിരമാല പോലെ മുറിയെ പ്രകമ്പനം കൊള്ളിച്ചു.

വിനായകൻ ഞെട്ടിയുണർന്നു.

ദു:സ്വപ്നങ്ങൾ ഇപ്പോൾ തുടർക്കഥയാവുന്നു. എങ്കിലും, തലേ ദിവസത്തെ പിരിമുറുക്കങ്ങളിൽ നിന്നും മനസ്സ് ചെറുതായി മോചിതമായതുപോലെ അയാൾക്കു തോന്നി. സ്റ്റൗ കത്തിച്ച് വിനായകൻ അടുപ്പിലേയ്ക്ക് ഒരു കപ്പ് കാപ്പി വച്ചു. നോർമൽ ഫ്ളെമിലിട്ട് അയാൾ ടോയ്ലറ്റിലേയ്ക്ക് നടന്നു. ഒന്നു ഫ്രഷായി, കാപ്പിയുമായി കസേരയിലിരിക്കുമ്പോൾ ഉറപ്പിച്ചു. ഒരിക്കലും മനസ്സിനെ ഇന്ന് ആകുലതകളിലേയ്ക്ക് വിടില്ല. ഡ്യൂട്ടിയുടെ പങ്ച്വാലിറ്റി കെയർ ചെയ്യണം. കാപ്പിക്കപ്പ് കാലിയാക്കി, വാതിൽ തുറന്ന് അയാൾ പുറത്തേയ്ക്കിറങ്ങി. ബർണത്തിൻ്റെ ശബ്ദം ഇടതടവില്ലാതെ ഉയരുന്നുണ്ട്. കഴിഞ്ഞ രാത്രി അവർ ഉറങ്ങിയിട്ടില്ല. മെയിൻ്റനൻസ് തീർത്ത് ബോട്ട് ഇന്നിറങ്ങുമെന്നാണ് കേട്ടത്.

നേരം പുലർന്നിട്ടില്ല. പരപ്പാർന്നു കിടക്കുന്ന കായൽ വലയങ്ങളിൽ മഞ്ഞുകട്ടകൾ അടയിരിക്കുന്നു. ടൗണിലെ നിയോൺ വിളക്കുകൾ ചെറുമൊട്ടുകൾ പോലെ ദൂരെ അവ്യക്തമായി കാണാം. അകലെ നിന്നു കണ്ടപ്പോഴേ ബർണത്ത് അഭിവാദ്യം ചെയ്തു.

“വിനു .. ഗുഡ് മോർണിംഗ് .” അടുത്തെത്തിയപ്പോൾ ബർണത്ത് പറഞ്ഞു.

“പണി തീർന്നില്ല വിനൂ.. ബോട്ട് എങ്ങനെ ഇന്നിറക്കുമെന്ന് ആലോചിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ അറിഞ്ഞിരുന്നോ ?”

“എന്തൂ പറ്റി ?”

“നമ്മുടെ ബഷീറിനൊരു ഡിപ്രഷൻ. നേരത്തേ പുള്ളി ഇതിൻ്റെ ട്രീറ്റ്മെൻ്റ് ചെയ്ത് മാറിയതാണ്.”

“എന്നു വച്ചാൽ ?” വിനായകൻ ഉദ്വേഗം കൊണ്ടു.

“അതു തന്നെ.. വട്ട്.. രാത്രി രണ്ടു മണിക്ക് ഫുഡ് കോർട്ടിലേയ്ക്കും തിരിച്ചു ഗേറ്റിലേയ്ക്കും കിതച്ചു കൊണ്ട് ഓട്ടമായിരുന്നു. ഹോസ്പിറ്റലിലെത്തിക്കാൻ വല്ലാതെ പണിപ്പെട്ടു. പിടിച്ചാൽ കിട്ടണ്ടേ? ബോട്ടുമില്ല.. മച്ചുവ മുങ്ങുമെന്നാ ഞങ്ങള് കരുതിയത്. ഇൻജക്ഷൻ കൊടുത്തു. മയക്കത്തിലാണ്. വീട്ടിലറിയിച്ചിട്ടുണ്ട്. മനോഹരനെ നിർത്തി ഞങ്ങളിങ്ങു പോന്നു. എങ്ങനെയെങ്കിലും പണി തീർത്ത് ഉച്ചയ്ക്കു മുൻപ് ബോട്ടിറക്കണം. പുതിയ മാനേജർ ചാർജെടുക്കുന്നതാ.. തുടക്കം തന്നെ കല്ലുകടിയാവും”

വിനായകൻ ബഷീറിക്കയെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു. സ്നേഹിക്കുന്നവർ ഓരോന്നായി തന്നിൽ നിന്നും അടർന്നു പോയിക്കൊണ്ടിരിക്കുന്നു. വീണ്ടും, വിനായകൻ്റെ ചോദ്യം.

“ഏതു ഹോസ്പിറ്റലിലാണ് ?”

“നമ്മുടെ സിറ്റി ഹോസ്പിറ്റലിൽ “

കയ്യിൽ പറ്റിപ്പിടിച്ചിരുന്ന ഗ്രീസ് തുണിയാൽ തുടച്ചു കൊണ്ട് ബർണത്ത് പറഞ്ഞു.

“സംഭവം ഷോക്കാ .. മൂന്നു നാലു ദിവസമായി ഒരു പിച്ചക്കാരി ഗേറ്റിൽ വരുന്നുണ്ടല്ലോ. അവരിന്നലെ അകത്തേയ്ക്കു തള്ളിക്കയറാൻ നോക്കി. ബഷീർ അവരോടെന്തോ പറഞ്ഞ് ഓടിച്ചു. അവിടെ ചുറിപ്പറ്റി നിന്നിട്ട് രാത്രി ബഷീറിൻ്റെ കാൺകെ അവര് കായലിൽ ചാടി. ചാടണത് നമ്മുടെ പാപ്പച്ചനും കണ്ടു. പുള്ളി റൗണ്ടടിക്കണ സമയത്താണേ.രാത്രി നമ്മളെന്തു ചെയ്യും? ങാ.. വൈകുന്നേരത്തിനുള്ളിൽ ഇവിടെയോ,
അക്കരെയോ അടിയും. അതല്ലേ പതിവ്.”

വിനായകന് ശബ്ദിക്കാനായില്ല. കാലുകൾ അതിവേഗം ഗേറ്റിനെ ലക്ഷ്യമാക്കി ചലിച്ചു. ഗേറ്റിനു പുറത്ത് പാലസ് സ്ക്വയറിലെ ജെട്ടി ചങ്ങലയിട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ വെളുത്ത നിയോൺ വെളിച്ചത്തിൽ വിനായകൻ കണ്ടു. ട്രെയിനേജിനോട് ചേർന്ന് പാതിയഴിഞ്ഞു കിടക്കുന്ന ഒരു ഭാണ്ഡം..!
കുനിഞ്ഞിരുന്ന വിനായകൻ്റെ കൈകൾ ആ ഭാണ്ഡത്തെ തൊട്ടു. അതിൽ കണ്ണുനീരിൻ്റെ മഞ്ഞു നീർക്കണങ്ങൾ പറ്റിപ്പിടിച്ചിരുന്നു. ഉരുകിയാടിത്തീർന്ന് അവസാനമഴിച്ചുവച്ച വേഷപ്പകർപ്പുകളും , ചായക്കൂട്ടുകളും അതിനുള്ളിൽ ചിരി മുഴക്കുന്നു.

ശേഷമാടാനുള്ള ആ അവസാന വേഷപ്പകർപ്പുകൾ ഇനി വിനായകനാണ്. അടങ്ങാത്ത ദാഹത്തോടെ കാലിലേയ്ക്ക് തഴുകിയെത്തിയ കായലോളങ്ങളെ നോക്കി, ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം
വിനായകൻ വിളിച്ചു…

“അമ്മേ…. “

വയലോരത്തെ കൊച്ചു കൊട്ടാരത്തിലിപ്പോൾ കരഞ്ഞുകൊണ്ട് ഒരു മഴ പെയ്യുകയാണ്. ആകുലതകളൊഴിഞ്ഞ ഒരു അസ്ഥിമാടത്തെ ആ മഴ തഴുകിയുണർത്തുന്നു. കുടിയിറക്കിൻ്റെ വേദനയിലടർന്ന വാവിട്ട നിലവിളി മഴയോളം ഉയർന്നു പൊങ്ങിയില്ല. ചിരിവിതറിയ വെയിൽക്കിളികൾ മഴയുടെ നടന താളത്തിൽ ചിറകഴിഞ്ഞു വീണിരിക്കുന്നു. ആ മഴയിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന വിനായകൻ പക്ഷേ, ഇപ്പോൾ പൊട്ടിച്ചിരിക്കുന്നില്ല….!

എറണാകുളം ജില്ലയിലെ വെളിയനാട് സ്വദേശി. സ്വന്തമായി ബിസിനസ് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ സജീവം.