മഴത്തുള്ളി

മഴക്കാടുകൾ എന്നിലേക്ക്
വളരുകയാണ് ,
മാനം മുട്ടെ വളർന്ന്
ചുമരുകളാകുന്നു.
കാർമേഘങ്ങൾ
പെയ്യാൻ കഴിയാതെ
ഇരുൾ മൂടി നിൽക്കവേ
ഒരു മഴത്തുള്ളി മാത്രം
ഭൂമിയിലേക്ക്

പച്ചിലത്തലപ്പിലൂടിറങ്ങി
കല്ലെറിഞ്ഞ മുറിവിൽ
ഒരു തലോടൽ.

കാറ്റുതിർക്കുന്നതിലൂടെ
പച്ചിലകളിലൂടെ നഗ്നതയകറ്റി
മണ്ണിന് വളമാകുന്ന
ചെറു പുഴുക്കളും പറയുന്നുണ്ട്
ഇത് എന്റെ മണ്ണാണെന്ന്.

പെയ്തു തീരാത്ത മിഴികളിൽ
കുതിർന്നു പോയ മനസ്സുകളിൽ
നെഞ്ചിലും വയറ്റിലും
വിറ കൊള്ളുന്ന
തീഗോളങ്ങളാൽ
സ്വപ്നങ്ങളാൽ തീർത്ത
നീർചാലുകൾക്ക്,
കാക്കയെടുക്കാത്ത ബലിച്ചോറിന്,
സംസത്തിന്, പുണ്യത്തിനുമപ്പുറം,
വിയർപ്പു വറ്റി വരണ്ടുണങ്ങിയ
വയലുകൾക്ക്
പുഴ പോലും അന്യമാകുന്നു.

അടിയൊഴുക്കുകളിൽ
കലർന്നു പോയ മാലിന്യം
അധപ്പതിച്ചവന്റെ മാത്രമാകുന്നു.
വെയിലിൽ നിന്ന് മണ്ണ് പണിതവർക്ക്  
ഭൂമിയാന്യമാകുന്നു.

മരിച്ചവനിൽ നിന്നും
മരിക്കാത്തവനിലേക്കുള്ള
ദൂരം അധികാമില്ലെന്ന്
മതവും മനുഷ്യനും
ഇനിയും തിരിച്ചറിയുകയില്ലേ?

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി. വക്കാട് തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്