മഴക്കാലത്തൊരു മൂന്നാർ യാത്ര

ഉറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിലേക്കുള്ള പോക്കുവരവുകൾ, പണത്തിലേറെ സമയം കവർന്നെടുക്കുന്ന ദന്തപരിചരണ കേന്ദ്രങ്ങളിലെ മുഷിഞ്ഞ മണിക്കൂറുകൾ, മരണം സംഭവിച്ച വീടുകളിലെ സാന്ത്വന സന്ദർശനം, വിവാഹാഘോഷങ്ങൾ, കുടുബങ്ങളുമൊത്തു കിട്ടുന്ന രസകരമായ അപൂർവ ഇടവേളകൾ …ഇതെല്ലാം കഴിഞ്ഞപ്പോൾ കിട്ടിയ അവധിദിനങ്ങളെല്ലാം അടർന്നുപോയിരുന്നു.

നേരത്തെ പ്രവാസിയായതിനാൽ കൂട്ടുകാരൊക്കെ കണ്ടു തീർത്ത സുന്ദരസ്ഥലങ്ങളെല്ലാം വെയിറ്റിങ് ലിസ്റ്റിലായിരുന്നു. അതിലൊന്നായിരുന്നു മൂന്നാർ. അതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ ഇല്ലാതെ മൂന്നാറിലേക്ക് പുറപ്പെട്ടത്. മുതിരപ്പുഴ, നല്ല തണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമാണ് ‘ മൂന്നാർ ‘ എന്ന കേട്ടുകേൾവി നേർസാക്ഷ്യമാക്കാൻ തീരുമാനിച്ചു. സുഹൃത്ത് സലാമിന്റെ കൂടെ കുടുംബത്തെ കൂട്ടി പുലർച്ചെ പ്രിയഗ്രാമമായ ആര്യൻതൊടിക വിട്ടു. മേഘാവൃതമായ അന്തരീക്ഷമാണ്. ഏതു സമയവും മഴ പൊട്ടി വീഴുമെന്ന സ്ഥിതിയുണ്ട്.

നഗരങ്ങൾ ജീവിതത്തിലേക്ക് ആരവമുയർത്തി ഗതാഗത്തിരക്കിലമരും മുൻപ് തൃശൂരെങ്കിലും താണ്ടണം എന്ന ലക്ഷ്യത്തോടെയാണ് യാത്ര. മൂന്നാർ, തേക്കടി, ഇടുക്കി എന്നിവിടങ്ങളിലൂടെ ദൃഷ്ടി പായിക്കാനായിരുന്നു പരിപാടി. അകമല ക്ഷേത്രത്തിനു മുന്നിലുള്ള റസ്റ്ററന്റിൽ നിന്നുള്ള പ്രാതൽ നെയ്റോസ്റ്റിലും വടയിലും ഒതുക്കി അങ്കമാലി വഴി മൂന്നാറിലേക്ക് വച്ചുപിടിച്ചു. ഉച്ചഭക്ഷണം അവിടെ വച്ചേ ആകാവൂ എന്ന ശാഠ്യത്തിലാണ് സലാം വളയം തിരിക്കുന്നത്. വാഹനം അവന്റെ ഉപജീവനം കൂടിയായതിനാൽ അതീവ കരുതലോടെയാണ് റോഡിലെ ഓരോ കുഴികളെയും ടയറുകൾ തഴുകുന്നത്. കവയിത്രി സുഗതകുമാരി ഒരിക്കൽ യു എ ഇ സന്ദർശിച്ചപ്പോൾ അവരോട് ഒരു റേഡിയോ സംഭാഷണത്തിൽ ജോക്കി ചോദിച്ചു ‘ഇവിടെ നിന്നും നമ്മുടെ നാട്ടിലേക്ക് എന്തുകൊണ്ടു പോകാനാണിഷ്ടം? ‘

അവരുടെ മറുപടി ‘ഇവിടുത്തെ റോഡുകൾ’ എന്നായിരുന്നു.

റോഡിൽ പ്രത്യക്ഷപ്പെടുന്ന പല വലുപ്പത്തിലുള്ള കുഴികൾ കാണുമ്പോൾ അവരുടെ ഈ ഭാവനാവചനം ഒരു കവിത പോലെ ഓർക്കും.

നാട്ടുകാരനും മൂന്ന് പതിറ്റാണ്ടായി മൂന്നാറിലെ മുഖവുമായ സുബ്രഹ്മണ്യൻ അവിടെ കാത്തു നിൽക്കുന്നുണ്ട്. ഓരോ പട്ടണങ്ങളും പിന്നിലാക്കുമ്പോൾ അദ്ദേഹത്തിന്റെ വിളിയെത്തും. ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്നാറിൽ കാണേണ്ട സ്ഥലങ്ങൾ , നല്ല ഭക്ഷണം കിട്ടുന്ന റസ്റ്ററന്റ്, പരാതികളില്ലാതെ അന്തിയുറങ്ങാൻ പറ്റിയ ഇടം എന്നിവയെല്ലാം നിശ്ചയിച്ചത് സുബ്രുവാണ്. മൂന്നാറിലെ തേയില തോട്ടങ്ങൾക്കു പോലും സുപരിചിതനെന്ന പോലെയാണ് ആ പ്രദേശങ്ങളുടെ മുക്കും മൂലയും അദ്ദേഹം വിശദീകരിച്ചത്.

യാത്രാമധ്യേ കണ്ണിൽ പെട്ട നീർച്ചാലുകൾ കൗതുകത്തോടെ കുട്ടികൾ ക്യാമറകൾക്കുള്ളിലാക്കി. മഴത്തുള്ളികൾ വാഹനച്ചില്ലുകളെ മറക്കാതിരിക്കാൻ വൈപ്പറുകൾ റോഡിലെ ട്രാഫിക് ഉദ്യോഗസ്ഥന്റെ കൈ പോലെ ചലിച്ചുകൊണ്ടിരുന്നു. വെള്ളത്തോടെ താഴ്ത്തിയാൽ ഗ്ലാസ് പിന്നീട് ഉയരാൻ മടിക്കുമോ എന്ന ആശങ്ക സലാമിനുണ്ട്. അതുകൊണ്ട് പുറം കാഴ്ചകൾ നഷ്ടപ്പെടാതിരിക്കാൻ ഇടയ്ക്കിടെ വാഹനം നിർത്തിയായിരുന്നു യാത്ര.

ഉച്ചയോടെ മൂന്നാറിൽ ഞങ്ങളെ കാത്തു നിന്ന സുബ്രുവിനു സമീപമെത്തി. ചുവർചിത്രങ്ങൾ നിറഞ്ഞ ഒരു റസ്റ്ററന്റിലാണ് ഉച്ചഭക്ഷണത്തിനായി കുട്ടികൊണ്ടു പോയത്. ഭക്ഷണം കഴിച്ച പാടെ വണ്ടിയിൽ കയറി. പകൽ വഴിമാറുമ്പോഴേക്കും ഓടിത്തീർക്കേണ്ട സ്ഥലങ്ങൾ മനസ്സിൽ അടയാളപ്പെടുത്തിയിരുന്നു. മാറി നിൽക്കില്ലെന്ന് ശപഥം ചെയ്ത പോലെ മഴ വെള്ളിനൂലുകൾ പോലെ ഊർന്നിറങ്ങി കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങുന്നത് തടയാൻ മഴയ്ക്കും സാധിക്കില്ലെന്നറിയിച്ച് വാഹനത്തിലുള്ളവർ റയ്ൻ കോട്ടിൽ ദേഹത്തെ പൊതിഞ്ഞു.

എക്കോ പോയിന്റിലാണ് ആദ്യം മഴ നനഞ്ഞത്. ഒട്ടേറെ പേർ നൂറു രൂപയുടെ ‘വർണക്കുട ‘യ്ക്ക് അകത്താണ്. കോഴിക്കുഞ്ഞുങ്ങളെപ്പോലെ പല നിറത്തിലുള്ള മഴക്കോട്ടിട്ട് ആളുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉത്സവമാക്കുന്നു. എക്കോ പാർക്കിലെ പെട്ടിക്കടക്കച്ചവടമെല്ലാം മഴയായതിനാൽ പുതപ്പിട്ട നിലയിലായിരുന്നു. വഴുതി വീണ് പാറപ്പുറത്ത് തലയിടിച്ച് അപകടം വരുമെന്നതിനാൽ ബോട്ടിങ് നിശ്ചലാവസ്ഥയിലാണ്. എങ്കിലും ആളുകൾ കടവിലിറങ്ങി കൂവിയ ശേഷം തിരിച്ചുവരുന്ന സ്വന്തം പ്രതിധ്വനി കേട്ട് രസിക്കുന്നു.

ഒറ്റയ്ക്കും സംഘമായും മത്സരിച്ച് കൂവുകയാണ് എക്കോ പോയിന്റിലെ പ്രധാന വിനോദം. ചാലിയാർ പുഴക്കടവിൽ ഇതു പതിവായതിനാൽ ഞങ്ങൾക്കതിൽ പുതുമ തോന്നിയില്ല. തൊടുത്തു വിട്ട ശബ്ദത്തേക്കാൾ ഭംഗിയുള്ളതാണ് തിരിച്ചെത്തുന്ന ശബ്ദമെന്ന് സ്വയം നിർവൃതി കൊള്ളുന്നവരോടൊപ്പം കമ്പനിക്ക് കൂവിക്കൊടുത്തു. ഒരു സംഘഗാനം പാടി സ്റ്റേജിൽ നിന്നിറങ്ങുന്ന പോലെയാണ് കൂവൽ ടെസ്റ്റ് കഴിഞ്ഞ് എക്കോ പോയന്റിൽ നിന്ന് ആളുകൾ പുറത്ത് കടക്കുന്നത്.

വഴിയോരങ്ങളിൽ പച്ചപ്പരവതാനി വിരിച്ച പോലുള്ള തേയിലത്തോട്ടങ്ങളാണ് ടൂറിസ്റ്റുകളുടെ ഫോട്ടോസ്പോട്ട്. ബഹുവിധ വാഹനങ്ങളിൽ വരുന്നവർ പാർക്ക് ചെയ്ത് പുറത്തിറങ്ങി ചായ കുടിക്കുന്നതിലേറെ താൽപര്യത്തിൽ തോട്ടം പശ്ചാത്തലമാക്കി ഫോട്ടോയെടുത്ത് സായൂജ്യമടയുന്നു. എങ്ങു നോക്കിയാലും പച്ചപ്പ് മാത്രം. ഹരിതവനത്തിനു ആകാശം കുട ചൂടി കൊടുക്കുന്ന പോലെയാണ് തോന്നുക.

മാട്ടുപ്പെട്ടി മറക്കൂല

തമിൾ ചുവയോടെ മലയാളം സംസാരിക്കുന്ന അരുൺ എന്ന യുവാവിനൊപ്പമായിരുന്നു മാട്ടുപ്പെട്ടി ഓഫ് ലോഡ് യാത്ര. ഇളകിയാടുന്ന ജീപ്പിന്റെ താളത്തിന് അനുസരിച്ചെന്നോണം ഉച്ചത്തിൽ തകർപ്പൻ തമിൾ പാട്ടുണ്ട്. വനമധ്യത്തിൽ കഷ്ടിച്ചൊരു വാഹനത്തിനു കടന്നു പോകാൻ കഴിയുന്ന റോഡിലെ കുഴികളോ വെള്ളക്കെട്ടുകളോ അരുണിന്റെ ജിപ്പിന്റെ വേഗം കുറച്ചില്ല. ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാനുളള ഇടങ്ങളിലെല്ലാം വാഹനം ശ്വാസം വിടും. സ്ഥലങ്ങൾ പരിചയപ്പെടുത്താനും മടുപ്പില്ല. വലുപ്പവും കാലപ്പഴക്കവും കൊണ്ട് ശ്രദ്ധ നേടിയ ഒരു കൂറ്റൻ വൃക്ഷത്തിന്റെ അടുത്ത് നിർത്തി. മരത്തിന്റെ പടം പിടിക്കുന്ന സമയം അരുണിനെ നോക്കിയപ്പോൾ അവൻ കൈകൂപ്പി ആ വൻവൃക്ഷത്തോട് പ്രാർഥിക്കുകയായിരുന്നു. മരത്തിന്റെ ദീർഘായുസ്സിനാണോ അവന്റെ സൗഖ്യത്തിനാണോ എന്നറിയില്ല. അവൻ കണ്ണടച്ച് കരംകൂപ്പി വണങ്ങുന്നതു കണ്ടു. പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കാണുമെന്നാണല്ലോ !. പ്രാർഥന കഴിഞ്ഞപ്പോൾ ‘.. അധികം നിൽക്കേണ്ട, അട്ടകയറും ‘ എന്ന മുന്നറിയിപ്പ് അവൻ ചിരിച്ചു കൊണ്ട് നൽകി. ഇതിനകം ഒരുതവണ അട്ട കാലിൽ കടിച്ച് അടയാളം വച്ചിരുന്നു. കുട്ടികളുടെ കാലിൽ നിന്ന് ശ്രദ്ധയോടെ അട്ടയെ അടർത്തിയെടുക്കേണ്ട ജോലിയും ഏറ്റെടുത്തു. ദേഹത്തിൽ നിന്ന് പിരിയാൻ മടിയുള്ള സ്നേഹ ‘ഭോജന’ ജീവിയാണ് അട്ടയെന്ന് അടുത്തപ്പോഴാണ് അനുഭവിച്ചറിഞ്ഞത്.

അരുൺ തേനും ജാമും പൂക്കളും ചെടികളും വിൽക്കുന്ന താഴ്‌വാര കച്ചവട കേന്ദ്രത്തിലേക്ക് ഇറക്കി. അല്പസമയം പൂക്കളും തേൻ ശാലകളും കണ്ട് വാഹനത്തിലേക്ക് തിരിച്ചു കയറി. കുടിൽ വ്യവസായമായി നടത്തുന്ന ജാമും തേനുമെല്ലാം വില്പനക്കാരുടെ തൃപ്തിക്ക് വേണ്ടി മാത്രം സ്വൽപം രുചിച്ച ശേഷം ഒന്ന് വാങ്ങി ബാഗിൽ വച്ചു.

വഴിമധ്യേ , തോട്ടം തൊഴിലാളികളായ അവന്റെ പരിചയക്കാരുടെ വീടുകളിലെല്ലാം ചായ വില്പനയുമുണ്ട്. എല്ലാ ചേരുവകളും ഒത്ത ചായ തേടുന്ന പ്രകൃതമായതിനാൽ ‘തേയില സൽക്കാരം ‘ സ്നേഹപൂർവം നിരസിച്ചു. വാഹനം ഓടിക്കുന്നതിനിടെ തേയിലക്കാട്ടിൽ ജോലി ചെയ്യുന്ന ഒരാളുമായി താൽപര്യത്തോടെ അവൻ കുശലം ചോദിക്കുന്നതു കണ്ടു. ‘എന്തെങ്കിലും ആവശ്യമുണ്ടോ’?
‘ഇല്ലയ്യാ.. ‘ എന്ന മറുപടി

അഗാധമായ ആദരവും കരുതലും തുളുമ്പിയ അല്പനേര സംഭാഷണം ആ ബന്ധത്തിന്റെ ഊഷ്മളത ഉദ്ഘോഷിക്കുന്നതായിരുന്നു
‘ആരാണ്, അച്ഛനാണോ’ എന്ന എന്റെ നിഗമനത്തിന് ‘ആമാ ‘ എന്നവൻ തലയാട്ടി.

ദേഹമാസകലം കുലുക്കി കൊണ്ടുള്ള ജീപ്പിലെ വനയാത്ര മൂന്നാറിലെ മറക്കാനാകാത്ത അനുഭവമായി അവശേഷിക്കും. ഗിയർ വീഴാൻ മടിയുള്ള മഹിന്ദ്ര ജീപ്പ് വനവഴിയിൽ നിശ്ചലമാകുമെന്ന് ഞങ്ങൾ പലപ്പോഴും ശങ്കിച്ചെങ്കിലും ആ വാഹനത്തിന്റെ ഓരോ ‘അവയവ ‘ത്തെ കുറിച്ചും അതിയായ അവഗാഹമുള്ള അരുണിന് ആശങ്കയണ്ടായിരുന്നില്ല. മണിക്കൂറുകൾ പോയതറിയാത്ത ആസ്വാദ്യകരമായ കാനന സഞ്ചാരം സമ്മാനിച്ച അവൻ പ്രതിഫലം വണക്കത്തോടെ പോക്കറ്റിലിട്ട് നടന്നു.

ഭീതി പെയ്ത രാത്രി

സമയം ഇരുളടഞ്ഞപ്പോൾ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. മഴ കൂടുതൽ ശക്തി പ്രകടിപ്പിച്ച് പെയ്തു കൊണ്ടിരുന്നു. സുബ്രുവിന്റെ പരിചയത്തിലുള്ള പള്ളിവാസൽ കുന്നിലെ ഒരു വീട് താമസത്തിനായി തരപ്പെടുത്തിയിരുന്നു. രണ്ടാം മൈലിലിലെ ആ കുത്തനെയുള്ള കയറ്റം വാഹനം ഒരു വയോധികനെപ്പോലെ കിതച്ച് കയറി. സുരക്ഷിതത്വം കൂടുതൽ തോന്നിയ സ്ഥലത്ത് സലാം തന്റെ വാഹനത്തെ ആനയെ തളച്ചിടുന്ന കരുതലോടെ പാർക്ക് ചെയ്തു. കുടയും റെയിൻകോട്ടുമിട്ട് സത്രത്തിലേക്കുള്ള കൽപ്പടികൾ മഴ വകവയ്ക്കാതെ വരി വരിയായി ഞങ്ങളിറങ്ങി .

കിടക്കാനുള്ള സൗകര്യങ്ങൾ സംതൃപ്തമായതോടെ കുളികഴിഞ്ഞ് ഉറങ്ങാനുള്ള ധൃതിയിലായി. മഴത്തുള്ളികൾ ചsപടാ വീഴുന്ന ശബ്ദം അകത്തേക്ക് ആലിപ്പഴ വർഷം പോലെ അനുഭവപ്പെട്ടു. കാറ്റടിച്ച് മരച്ചില്ലകൾ വീഴുന്ന ശബ്ദവും മഴയ്ക്ക് അനുബന്ധമായുണ്ട്.


പകൽ യാത്രയും ഉറക്കക്ഷീണവും എന്നെ നിദ്രയിലാഴ്ത്തി. കാറ്റിന്റെ ഘോരശബ്ദം ഒരു സീരിയൽ പോലെ ശല്യം ചെയ്തപ്പോൾ കണ്ണു തുറന്നു. ഭാര്യ അപ്പോഴും ഉറങ്ങാതെ പുരപ്പുറത്ത് ഉറഞ്ഞു തുള്ളുന്ന മഴത്തുള്ളികളും മരച്ചുള്ളികൾ ഇളക്കുന്ന കാറ്റിലും മനസ്സയച്ച് കിടക്കുകയായിരുന്നു. ‘ഞാൻ ഉറങ്ങിയിട്ടില്ല ‘ എന്നവൾ മന്ത്രിച്ചപ്പോൾ മറുപടിയായി വാച്ചിൽ നോക്കി. സമയം രണ്ടര മണി. എന്തൊക്കെയോ സമാധാന വാക്കുകൾ ഉറക്കത്തിൽ നിന്ന് ഉരുവിട്ട് കൊടുത്ത് ഞാൻ ഉറക്കത്തിലേക്ക് തന്നെ ഊളിയിട്ടു. രാവിലെ ഏഴു മണിക്ക് ഇരവിക്കുളം പ്രകൃതിദത്ത പാർക്കിലേക്കാണ് പുറപ്പെടാനുള്ളത്. ക്ലോക്ക് അഞ്ചരയടിച്ചപ്പോൾ ഉണർന്ന് പ്രഭാതകൃത്യങ്ങളിലേക്ക് നീങ്ങി. അലാം അടിച്ചില്ലെങ്കിലോ എന്നു ഭയന്ന് സലാമും വന്ന് വാതിലിനെ പഴിച്ചിട്ട് പോയിരുന്നു.

എല്ലാവരും ഏഴു മണിക്ക് വാഹനത്തിലേക്ക് കയറിയപ്പോൾ മഴയൊന്നടങ്ങിയിരുന്നു. വീടിന്റെ മുറ്റത്ത് നിന്നും താഴേക്ക് നോക്കിയപ്പോൾ സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലുള്ള മൂന്നാറിനു ഉയരം വീണ്ടും കൂടിയോ എന്നു തോന്നി.


വാഹനത്തിൽ കയറിയപ്പോഴാണ് ഉറങ്ങാത്ത കഥയുടെ കെട്ട് സലാമും പൊട്ടിച്ചത്. മഴയും കാറ്റും നിലയ്ക്കാതായപ്പോൾ മുകളിൽ നിർത്തിയ വാഹനമടക്കം താഴേക്ക് വരുമോ എന്ന ഭയമാണ് സലാമിന്റെ ഉറക്കം കെടുത്തിയത്. രാത്രി പലതവണ എഴുന്നേറ്റ് വാഹനം യഥാസ്ഥാനത്തുണ്ടോ എന്നറിയാൻ അവൻ പോയി നോക്കി. മഴയൊച്ചയും കാറ്റിന്റെ ഘോരശബ്ദവും അസ്വസ്ഥനാക്കിയപ്പോൾ എല്ലാവരെയും വിളിച്ച് മൂന്നാർ വിട്ടാലോ എന്നും അവൻ ആലോചിച്ചത്രെ. കുട്ടികളെയും കൂട്ടി വന്നതല്ലേ എന്ന ചിന്തയിൽ കിടക്കയിൽ തന്നെ ഉറക്കം വരാത്ത ആ രാത്രി തള്ളി നീക്കുകയായിരുന്നു എന്നു കൂടി പറഞ്ഞപ്പോഴാണ് ഉറക്കം വരാത്തവരുടെ മനോനിലകൾ എന്നെ തട്ടിയുണർത്തിയത്. മൂന്നാറിൽ മണ്ണിടിച്ചിൽ തുടർക്കഥയാകുന്ന വാർത്തകൾ പുറപ്പെടുമുൻപ് ആരോടും പറയാതിരുന്നതു നന്നായെന്നും തോന്നി. പരിധിവിട്ട ചിന്തകൾ തേയിലത്തോട്ടങ്ങളെ കീറിമുറിച്ചു നീങ്ങുന്ന വാഹനത്തിനുള്ളിൽ ഒരു വിങ്ങലായി നീറിപ്പുകഞ്ഞു. രാവിലത്തെ ചൂടുള്ള ദോശയും പാൽ ചായയും ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ വേണ്ടാ ചിന്തകൾ പുറത്തേക്ക് പൊങ്ങിപ്പോയ പോലെ തോന്നി.

ഇരവിക്കുളം ദേശീയ പാർക്ക്

വണ്ടി പാർക്ക് ചെയ്തു ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോൾ ആളനക്കമില്ല. ജോലിക്കാർ മഴവകവയ്ക്കാതെ മലയിലേക്കും ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്കും പോകുന്നുണ്ട്‌. വൈദ്യുതി മഴ കൊണ്ടുപോയതിനാൽ കൗണ്ടറുകൾ നിശ്ചലം. ‘ക്യാഷ്ലസ്സ് ഇന്ത്യ’യുടെ ഭാഗമായതിനാൽ ടിക്കറ്റ് എടുക്കാൻ നിർവാഹമില്ല. പണം സ്വീകരിക്കില്ല. ഇന്റർനെറ്റ് വൈദ്യുതിയുമായി ബന്ധപ്പെട്ടതിനാൽ വൈഫൈ പ്രവർത്തിക്കുന്നില്ല. പണമടക്കാൻ പലരും പരക്കം പായുന്നു. സഹായിക്കാനുള്ള വനിതാ ജീവനക്കാരും നിസ്സഹായതയോടെ കൈ മലർത്തി. ഒടുവിൽ പരസഹായത്തിൽ പണമടച്ച് ആദ്യബസിൽ തന്നെ സീറ്റ് പിടിച്ചു.

ബസിലാണ് സന്ദർശകരെ മലയുടെ മുകളിലെത്തിക്കുക. ആനമുടിയിലേക്കുള്ള നടത്തമാണ് അതിൽ ആഹ്ലാദകരം. മഴ കൂടിയുണ്ടെങ്കിൽ നടത്തത്തിന് നല്ലൊരു ചങ്ങാതിയുടെ സാന്നിധ്യം അനുഭവപ്പെടും . മലമുകളിലെ മഴയെ പ്രണയിച്ചായിരിക്കും ഓരോരുത്തരും പുറത്തിറങ്ങുക.

മഴയും മലയും മഞ്ഞും ഒന്നിച്ചാസ്വദിച്ചുള്ള മന്ദഗതിയുള്ള നടത്തമാണ് ഇരവിക്കുളത്തെ പ്രധാന വൈബ്. മഴക്കാലത്തു മാത്രം ലഭിക്കുന്ന അവിസ്മരണീയ അനുഭവങ്ങളായിരിക്കും അത്. വൈവിധ്യമുള്ള സസ്യലദാതികളുടെയും ജീവിവർഗങ്ങളുടെ വിശദാംശങ്ങളും വഴിയോരങ്ങളിൽ സന്ദർശകരെ വരവേൽക്കുന്നുണ്ട്. വരയാടുകളാണ് ഇരവിക്കുളത്തെ ഓമനമൃഗങ്ങൾ.

യഥേഷ്ടം സമയമെടുത്ത് നടന്നു കാണേണ്ടതാണ് ദൈവത്തിന്റെ വരദാനമായ ഈ പാർക്ക് . പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിച്ച് അമ്മമാരും അനുസരണയോടെ മക്കളോടൊപ്പം മലകയറുന്നു. അതു കാണുമ്പോൾ ഏതു മടിയനും കയറും.

നീലക്കുറിഞ്ഞികൾ 2030ൽ പൂക്കും

നീലക്കുറിഞ്ഞികൾ പൂത്ത് പന്തലിടുന്ന ഇരവിക്കുളം പാർക്കിൽ കുറിഞ്ഞികളുടെ പൂക്കലും ഇതൾ പൊഴിക്കലുമെല്ലാം വിശദീകരിച്ച് വലിയ ബോർഡുകളുണ്ട്. ഇനി 2030ൽ മാത്രമാണ്‌ നീലക്കുറിഞ്ഞികൾ പൂത്ത് മൂന്നാറിനെ പൂക്കാലമാക്കുക.

ജീവിച്ചിരിക്കുന്നെങ്കിൽ അന്ന് ഒന്നു കൂടെ വരാൻ ശപഥം ചെയ്യാൻ സന്ദർശകർക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വരില്ല. കാരണം പാർക്ക് കണ്ടവരെ അടപടലം മൂന്നാർ മലനിരകൾ ആവേശിച്ചിരിക്കും. ബസിൽ തന്നെയാണ് മടക്കം. ആദ്യം വലത് ഭാഗത്ത് ഇരിപ്പിടം കിട്ടിയവർ ഇടതുഭാഗത്തേക്ക് മാറിയിരുന്ന് മടക്കയാത്രയിൽ ശേഷിക്കുന്ന കാഴ്ചകൾ പൂരിപ്പിക്കുന്നത് കാണാം. കാടും നീർച്ചാലുകളും മഞ്ഞും മന്ദഹസിക്കുന്ന മൂന്നാർ മനുഷ്യരെ കാലഭേദമില്ലാതെ മാടി വിളിച്ചുകൊണ്ടിരിക്കുകയാണ്. ബസ് പാർക്ക് ചെയ്യുന്ന പാർക്ക് പരിസരത്ത് നല്ല ചായ കിട്ടുന്ന പെട്ടിക്കടയുണ്ട്. ഒരു നിർബന്ധ കർമം ബാക്കി വച്ച പോലെ വാങ്ങിക്കുടിച്ച ആവി പറക്കുന്ന ചായ മഴയുടെ തണുപ്പിനെ തപിപ്പിക്കാൻ പര്യാപ്തമായിരുന്നു.

മടക്കത്തിൽ തേക്കടി കൂടെ കണ്ട് വരാമെന്ന മോഹത്തിനു കുത്തിച്ചൊരിഞ്ഞ മഴ മുടക്കിട്ടു. ആരേയും പ്രവേശിപ്പിക്കാതെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സമയമായിരുന്നു. പക്ഷേ ഹൈറേഞ്ചിൽ ഇടുക്കി കാറ്റിനെ മാറ്റി നിർത്താനായില്ല. ഡാമുകളുടെ നാടായ ഇടുക്കിയുടെ സ്വത്വമറിയണമെങ്കിൽ കുരിശുമല കയറണമത്രെ! ഇടുക്കിയിൽ പുതുതായി നിയമനം നേടിയ
അജുവായിരുന്നു അവിടത്തെ ഗൈഡ്. മൂന്നാറിൽ സുബ്രു വഴികാട്ടിയെങ്കിൽ ജോലി കിട്ടിയതോടെ നോക്കിലും വാക്കിലും ആ ജില്ലക്കാനായി മാറിയ അജു ശേഷിക്കുന്ന ഓരോ മിനിറ്റും നഷ്ടമാക്കാതെ ഹൈറേഞ്ചിലൂടെ കറക്കി. കുരിശുമലയുടെ സൗന്ദര്യം കണ്ടിറങ്ങുന്നതോടെ ആകാശത്ത് നിന്നും മഴ മണ്ണിനെ പുണരാനെത്തി. 14 കുരിശുകൾ എണ്ണിയാണ് കയറിയതെങ്കിൽ ഇറങ്ങിയത് മഴത്തുള്ളികൾക്ക് മാറിയായിരുന്നു.

യാത്രയിലുടനീളം മഴ അകമ്പടി സേവിച്ചു. പെയ്യാതെ പോകുന്ന മേഘങ്ങൾക്കു മേൽ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന യു എ ഇ ലെ ക്ലൗഡ് സീഡിങ് എത്രമാത്രം ചെലവേറിയതാണെന്ന് മഴയുടെ ഉദാരതയിൽ ഓർത്തു പോയി. മഴവെള്ളം തോർത്തി വാഹനത്തിൽ കയറിയപ്പോഴേക്കും സന്ധ്യയിലും മഴയിരുട്ടിലും അന്തരീക്ഷവും ലയിച്ചു . സൂര്യനെ ഒരു നോക്ക് കാണാൻ കിട്ടാതെയാണ് പകൽ അസ്തമിച്ചത്. കണ്ട സ്ഥലങ്ങൾ ചർച്ച ചെയ്തും കാണാത്തയിടം മറ്റൊരിക്കലേക്ക് മാറ്റി വച്ചും വീട്ടിലേക്കുള്ള മടക്കയാത്രയായി.

സുഹൃത്തിന് മയക്കം വരാതിരിക്കാൻ പാട്ടും കഥകളുമായി കുറെ പിടിച്ചു നിന്നെങ്കിലും തൃശൂർ എത്തിയപ്പോൾ മയക്കത്തിനു കീഴടങ്ങി. സലാമിന്റെ കയ്യിലെ വളയവും ഉറങ്ങാത്ത അവന്റെ മനസ്സും 500 കിലോമീറ്ററിലധികമുള്ള യാത്രയിൽ കാവലായി. പ്രക്ഷുബ്ധമായ കടലിൽ കപ്പലിറക്കി ലക്ഷ്യസ്ഥാനത്തെത്തിച്ച വിദഗ്ധനായൊരു നാവികന്റെ ഭാവമായിരുന്നു അവന്റെ മുഖത്ത്. വാഹനം വീട്ടിലെത്തിയപ്പോൾ പുതിയ പുലരിയിലേക്ക് ഗ്രാമം ഉണർന്നെഴുന്നേറ്റിരുന്നു.

മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി. ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്കിൽ ' എന്ന പേരിൽ ഡി സി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥന്‍.