കോഴിക്കോട്: മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ വിടവാങ്ങി. ഇന്ന് രാത്രി പത്തുമണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എം ടി എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യത്തിന്റെ പര്യായം പോലെ നെഞ്ചിലേറ്റിയ വായനക്കാരുടെ പ്രിയ എഴുത്തുകാരൻ ഇനി ദീപ്ത സ്മരണ.
ഒരു മാസത്തിലേറയായി അസുഖബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം കാരണം വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചുവെങ്കിലും ഇന്ന് രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും സമീപത്തുണ്ടായിരുന്നു.