കാറ്റ്
നിന്റെ ഗന്ധമുള്ള
കാറ്റ്കൊണ്ടാകാണേ..
എന്റെ ജീവന്റെ
അവസാന
ശ്വാസം.
ഹിമം
നീയൊഴിച്ചുള്ള
ഓർമ്മയ്ക്കിരുപുറവും
ഉറഞ്ഞുപോയി
ശൈത്യത്തിൻ
ഹിമാനികളാൽ…
തടവ്
നോക്കി നിൽക്കുമ്പോളാണ്
എന്റെ കണ്ണാഴങ്ങളിൽ
നീയസ്തമിച്ചതും
കൂരിരുളിന്റെ
കൽത്തുറുങ്കിൽ ഞാൻ
തടവിലായതും..
നീ മാഞ്ഞുപോവുമ്പോൾ.
നീ മാഞ്ഞു പോയതിൽ പിന്നെ
ഉദിച്ചിട്ടില്ലരൊറ്റ നക്ഷത്രവും
എന്റെയാകാശത്തൊരിക്കലും.
നീ അടർന്നു പോകുമ്പോൾ.
അടർന്നു വീഴും മുൻപ്
നീയൊന്നടുത്തിരിക്കണം
തടുത്തു മാറ്റരുത്
ബീഡിച്ചുവപടർന്നൊരെൻ
കറുത്ത ചൊടികളെ.
ഓർമ്മ.
ഒരിക്കലെൻ
നീല ഞരമ്പിനുള്ളിലൂടെ
തുഴഞ്ഞു പോയിരുന്നു
നിന്റെ പായ് വഞ്ചി
പുഴ.
ഇരുളിലൊറ്റയ്ക്കീ
മരുക്കടലിലിരിക്കവേ
അകലനിന്നും നിൻ
മിഴി കവിഞ്ഞൊരു
പുഴയൊഴുകിയെൻ
അരികിലെത്തുന്നു.