മറവിയുടെ കൊടിൽ

തന്റെ ഉറക്കഗുളികകൾ തീർന്നയന്ന്
മാർസെലോവിന് അതികഠിനമായി വിശന്നു.
രണ്ടു വർഷത്തോളമായിരുന്നു
അയാൾ ഭക്ഷണം കഴിച്ചിട്ട്!

വഴിയിൽ കണ്ടവരോടയാൾ തന്റെ
അസഹ്യമായ വിശപ്പിനെപ്പറ്റി പറഞ്ഞു.

അവരാകട്ടെ അതവഗണിക്കുകയും,
അനാവശ്യ തത്വചിന്തകളുടെ
ധാരാളിത്തം വിളമ്പി അയാളുടെ
വിശപ്പിനെ അധികരിപ്പിക്കുകയും ചെയ്തു.

നഗരാതിർത്തിയിൽ വെച്ചൊരു
നല്ല ശമരിയാക്കാരൻ അയാൾക്ക്
അഞ്ചപ്പവും, രണ്ടു മീനും ദാനമായി നൽകി.

ഒരാരവം കേട്ട് പിറകിലേക്ക് നോക്കിയ
മാർസെലോ വലിയൊരാൾക്കൂട്ടം കണ്ടു.
വിശപ്പിന്റെ കരുവാളിച്ച മുഖങ്ങൾ!
അയാളവർക്ക് അപ്പം വിളമ്പി, മീനും.

അയ്യായിരം പേരുണ്ടായിരുന്നു അവർ!
അയ്യായിരത്തിന്റെയും വയറുനിറഞ്ഞു.
ശേഷിച്ചത് അയാളും ഭക്ഷിച്ചു.
വിശപ്പകന്നപ്പോൾ അയാൾക്ക് ഉറക്കം വന്നു.

“ഞങ്ങളുടെ ഗുരുവാകൂ” എന്ന് കെഞ്ചിയ
അയ്യായിരത്തെയും പുറകിലുപേക്ഷിച്ച്
തന്റെ മുറിയിലേക്ക് മടങ്ങവേ
ഓർമ്മകളുടെ കെട്ടുപിണഞ്ഞ
വേരുപടലങ്ങൾക്കിടയിൽ നിന്നുമയാൾ
തന്റെ ഉറക്കഗുളികയുടെ പേര്
മറവിയുടെ കൊടിലുകൊണ്ട്
പറിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.

അന്നുരാത്രി നഗരമാകെ അയാളുടെ
ഉച്ചത്തിലുള്ള കൂർക്കംവലി
മുഴങ്ങുകയുണ്ടായി !!

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി. സോഷ്യൽ മീഡിയയിൽ സജീവമായി കവിതയെഴുതുന്നു. ഇരിങ്ങാലക്കുടയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നു.