മറഞ്ഞ് പോകുന്ന കാഴ്ചകള്‍

ഇരുട്ടില്‍ എപ്പോഴും ഒരു
ഇരുചക്ര വാഹനം
മുരണ്ടു കൊണ്ടേയിരിക്കുന്നു.
തിളച്ചു തൂവാൻ തയ്യാറായി
ഒരു പാക്കറ്റ് പാല്,
മസാലയിൽ മൊരിഞ്ഞ് വേവാന്‍ കാത്ത്
ഒരു കൂട്ടം മത്തി കുഞ്ഞുങ്ങള്‍,
ദം ഇട്ട ആവിയില്‍
പുകഞ്ഞ് രുചിയാകാന്‍
അറവുകാരന്റെ കത്തിയിൽ
പിടഞ്ഞ് തീര്‍ന്ന ഇറച്ചി കഷണങ്ങള്‍..
ഇവയിൽ ഏതെങ്കിലുമൊന്ന്
എപ്പോഴും കൈകളില്‍ തൂങ്ങി,
നിര്‍ത്താതെയുള്ള  മുരൾച്ചയിൽ
വിറച്ചുകൊണ്ടേയിരിക്കുന്നു.

പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക്,
ഇരുട്ടിൽനിന്ന്‌ ഓടി ഇറങ്ങി വന്ന
ഒരുവള്‍ക്ക് മുന്നില്‍,
കിലുകിലെ കൊഞ്ചുന്ന
കുഞ്ഞു കരിങ്കൽ കഷണങ്ങളെ
മെതിച്ചരച്ച് കൊണ്ട്,
ഇരുചക്ര വാഹനം തിരിച്ചു പോകുന്നു.

കണ്ണില്‍ കയറിയ മഞ്ഞ വെളിച്ചം ഇരുട്ടായി,
വെളിച്ചം തേടി വന്നവൾ
ഇരുട്ടിലേക്ക് വീണ്ടും
ഉറങ്ങി വീഴുന്നു.

കോഴിക്കോട് സ്വദേശി. വടകര മടപ്പിള്ളി ഗവ. കോളേജിൽ അദ്ധ്യാപിക.