പൊടിക്കാറ്റ് വീശുന്ന മണൽക്കാട്.
അതിനപ്പുറം തരിശുനിലങ്ങൾ. പിന്നെ നദി.
മരിച്ചുകൊണ്ടിരിക്കുന്ന നദിക്കിരുപുറവും നദിയെയും വരണ്ടവയലുകളെയും വിഴുങ്ങിവളരുന്ന മരുഭൂമി. മരുഭൂമിയെ ഒരു നേർരേഖയാൽപകുത്തുകൊണ്ടൊഴുകുന്ന ജനപ്രവാഹത്തിലേയ്ക്ക് ഞങ്ങളും ആട്ടിത്തെളിക്കപ്പെട്ടു – ഞാനും പ്രിയപ്പെട്ടകിളിയും. മനോഹരമായി പാടുന്ന, പാറുന്ന വലിയചിറകുള്ള പക്ഷി.
കാറ്റും, കാറ്റിന്റെ വികൃതിയാൽ രൂപംമാറുന്ന മണൽക്കുന്നുകളുംചേർന്ന് ഓരോ തവണയും ഞങ്ങളെ ചലിക്കുന്ന മണൽശിൽപ്പങ്ങളാക്കി മാററിക്കൊണ്ടിരുന്നു. തളർന്നുപോയ എന്റെ കൈയിൽ; പാടാൻ മറന്ന കിളിയുടെ കൂട്.
“ഈ കിളിക്കൂടും പേറി എത്ര ദൂരം താണ്ടണം ???”
ഓരോചുവടു വെയ്ക്കുന്തോറും രണ്ടുചുവടുവളരുന്ന മണലാരണ്യം എനിക്കൊരു സമസ്യയായി മാറിയിരുന്നു. ഒരു പുൽനാമ്പ് പോലും മുളയ്ക്കാത്ത ഈ വിജനതയിൽആരുടെ ശവങ്ങൾക്കായിട്ടാണ് കഴുകന്മാർ വട്ടമിട്ടുപറക്കുന്നത് എന്നചിന്ത നട്ടെല്ലിലൂടെ ഭയത്തിന്റെ മിന്നൽ പായിച്ചു. കിളിക്കൂട് ചേർത്തുപിടിച്ചു ഞാൻ വിതുമ്പവെ, അനാഥരാക്കപ്പെട്ട ആൾക്കൂട്ടം തമ്മിൽ കൂടുതൽ ചേർന്നു നടന്നു.
കഴുകന്മാർ ഒട്ടുമകലെയല്ലാതെ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.
അടുത്തറിയുംതോറും കൂടുതൽ ദുരൂഹമാകുന്ന വിഹ്വലതകളും പേറി മരുഭൂമിപരന്നുകിടന്നു.
ഏറെ മുന്നിൽ കേട്ട ചാട്ടവാറിന്റെ ശീൽക്കാരങ്ങൾ ഓർമ്മകളായി മുതുകു പൊള്ളിച്ചു; കിളിക്കൂടും പേറി ഞാനോടി. മരുഭൂമിനിർമ്മാണത്തൊഴിലാളികൾ കൂടാരങ്ങൾ കെട്ടിപ്പാർക്കുന്ന ചേരികൾ കടക്കവെ, ആഞ്ഞു പതിക്കുന്ന ചാട്ടയ്ക്ക് പരിഹാസച്ചിരികളുടെ മൂർച്ച പകർന്നുകിട്ടി. അവിടെവിടെ പതിയിരുന്നു ചിരിക്കുന്ന കങ്കാണി മുഖങ്ങളിൽ, എന്റെ നിലങ്ങൾക്ക് വില പേശുമ്പോൾ കണ്ട അതെ ദുര. അവരുടെ തേറ്റകളിൽ
എന്റെ നെൽവിത്തുകളുടെ ചോരക്കറ. നെടുവീർപ്പുകൾ പോലുമുയർത്താതെ, പതിഞ്ഞ കാലൊച്ചകളോടെ ഞങ്ങൾ നടന്നു. പക്ഷെ, തളിർത്തു നിൽക്കുന്ന മരുപ്പച്ചകളിൽ നിന്ന് ഇടയ്ക്കിടെ
ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു –
“അഭയാർഥികൾ “
പിന്നെ, ആശ്ചര്യത്തോടെ തിരുത്തി –
“കുറ്റവാളിക്കൂട്ടങ്ങൾ”
ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങൾക്ക് നടുവിലെ വറ്റിയ കുഴൽക്കിണറുകൾ താണ്ടി;പൊടിമൂടിക്കിടക്കുന്ന ശവപ്പറമ്പുകൾ കടക്കവെ, തൊട്ടു മുമ്പിൽ ഞങ്ങളെ ആട്ടിത്തെളിക്കുന്ന കുതിരപ്പട.
പിൻതിരിഞ്ഞ കുന്തക്കാരന്റെ കണ്ണിൽ കോപത്തിന്റെ തീക്കാറ്റ്.
‘കുറ്റവാളികൾ പുലർത്തേണ്ട തീണ്ടാപ്പാടകലം’ കിളി ഉണർന്ന് ചിലച്ചു.
മുട്ടുകുത്തി ഞാൻ തല കുമ്പിടവെ, അകന്നു പോകുന്ന ഭത്സനങ്ങൾ . രാജപാതയ്ക്ക് വേഗവും വീതിയും പോരാ. ഒരു ചെറിയ മൺകുഴിയിൽ അമൃത് തോൽക്കുന്ന ജലം. ഒരു കവിൾ കുടിച്ച്, കിളിയുടെ ചുണ്ടിലേക്ക് പകർന്നു.
ജലം പകർന്ന ദൂരക്കാഴ്ചയിൽ, കുതിരപ്പട കോട്ടവാതിൽ കടക്കുന്നത് ഞാൻ കണ്ടു.
**********
നഗരം കോട്ടയ്ക്കുള്ളിൽ നിറഞ്ഞു തുളുമ്പുന്നു. ശീതികാരികളും ജീവവായുപേടകങ്ങളും പ്ലാസ്റ്റിക് പൂച്ചെടികളും ഉള്ള നഗരം. കർശനപരിശോധനയ്ക്ക് ശേഷം, ഞങ്ങൾക്ക് പ്രവേശനം അനുവദിച്ച പരുക്കൻ കാവൽക്കാരെ പോലെയല്ല നഗരവാസികൾ. അവർ സ്വർഗ്ഗവാസികൾ തന്നെ, എന്ത് പളപളപ്പ്…! പുതിയ
കാഴ്ച്ചവസ്തുക്കളിൽ അത്ഭുതം കൂറി, പക്ഷെ ഞങ്ങളിൽ തങ്ങാതെ വേഗം ചലിക്കുന്ന ജനങ്ങൾ..
വേഗം… വേഗം… വിസ്മയിപ്പിക്കുന്ന വേഗം…! മരുഭൂമിയിലെ വേനലിലും പാടത്തെ തരിശിലും തളരാത്ത എന്റെ കാലുകൾ കുഴയുന്നതുപോലെ…. കാഴ്ചയുടെ ആകാശം, കൊട്ടാരഗോപുരം തൊട്ടു മുറിയവെ,
രാജപതാകയുടെ തണലേകിയ പൊള്ളലിൽ കിളി പിടഞ്ഞു ചിലക്കവെ, ഞാൻ കൊട്ടാരവാതിൽക്കൽ തളർന്നു വീണു.
പിന്നീടെപ്പോഴൊ വിളിച്ചുണർത്തപ്പെട്ടപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് ചങ്ങലകളുടെ ഭാരം ആയിരുന്നു. ‘സ്വയം തടവിലാക്കപ്പെട്ട നമുക്കെന്തിന് കിളീ; ചങ്ങലപ്പൂട്ട് ?’;
കിളിക്കൊഞ്ചലിനും മുമ്പേ, പെരുമ്പറ അറിയിപ്പ് മുഴങ്ങി-
“രാജശാസനകളെ ധിക്കരിച്ച്, രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായി കലാപക്കൊടി ഉയർത്തിയ മനുഷ്യരെയും, അവർക്ക് വാഴ്ത്തുകൾ പാടുന്ന കിളിയെയും ന്യായാസനത്തുങ്കൽ ഹാജരാക്കുന്നു”.
ശബ്ദം തിരിച്ചറിയാൻ പ്രയാസപ്പെടേണ്ടിവന്നില്ല; പക്ഷെ, അമ്മയുടെ വയറ്റിൽ ഒന്നിച്ചു കഴിഞ്ഞ പരിചയം പുതുക്കാനൊട്ട് താല്പര്യം തോന്നിയതുമില്ല.
“എങ്കിലും സോദരാ, നിനക്കും കൂടി വേണ്ടിയാണല്ലോ ഞങ്ങൾ കലാപകാരികളായത്…! “;
“സ്വഗതങ്ങൾ അനുവദനീയമല്ല” കോടതിയുടെ താക്കീത്.
“സ്വഗതങ്ങൾക്ക് നിങ്ങള്‍ പേറ്റന്റ് എടുത്തിട്ടില്ല “
അന്വേഷകനും സാക്ഷിയും വിധാതാവും ആരാച്ചാരും ഒരേ മുഖങ്ങളെടുത്തണിയുന്ന നാട്യവേദിയിൽ ഞങ്ങൾ വിസ്തരിക്കപ്പെട്ടു. അവിടെ ഉപയോഗിക്കപ്പെട്ട വാക്കുകളിൽ പലതും എനിക്ക് പിടികിട്ടിയില്ല. അജ്‌ഞതയോടെന്നും കലഹിക്കാറുള്ള കിളിയെന്തേ മൌനിയാകാൻ – വല്ലതും പിടികിട്ടിയോ ആവോ?
അക്ഷമയോടെ കാത്തിരിപ്പിനൊടുവിൽ എന്റെ കുറ്റപത്രം വായിച്ചു കേട്ടു…
‘വികസനാർത്ഥം മാറ്റി വെയ്ക്കപ്പെട്ട ഭൂമിയിൽ കൃഷിയിറക്കി’
കൃഷി ചെയ്യുന്നത് കുറ്റമാണോ, ആവോ?
വിചാരണകളാൽ പൂരിപ്പിക്കപ്പെടാത്ത കുറ്റപത്രത്തിൽ സന്ദേഹങ്ങൾക്കിടമില്ലല്ലോ?
അപ്പോൾ കിളി ചെയ്ത അപരാധം.? ഞാൻ വിതച്ച വയലിലെ നെന്മണി കൊത്തിപ്പറന്നതത്രേ…
അത് കിളിയുടെ ജന്മാവകാശം ആണെന്ന വാദം കൂട്ടച്ചിരിയിലമർന്നു പോയി.
********
സമയം ഒരുകുറ്റവാളിയെപ്പോലെ ഉരുകിയുരുകിയില്ലാതെയാകുന്ന കോടതിവരാന്തയിൽ കുറ്റാരോപിതർ ഊഴം കാത്തു നിന്നു. ന്യായാധിപന്റെ ഇരട്ടസഹോദരനെന്നു തോന്നിക്കുന്ന കങ്കാണി നേതാവായിരുന്നു വാദി. മരുഭൂമി തൊഴിലാളികൾ സാക്ഷി പറയാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
കൊലമരമോ
നാടുകടത്തലോ ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ ശിക്ഷ കനത്തതായിരുന്നു. അവർ ഞങ്ങളെ രണ്ടാളെയും കണ്ടു കെട്ടി. പിന്നെ,കോടതി നടപടികൾ പൂർത്തിയാക്കും വരെ; ശരിക്കും അങ്ങനെയല്ല പറയേണ്ടത്; കണ്ടുകെട്ടിയ മറ്റ് വസ്തുവഹകൾക്കൊപ്പം, അനന്തര നടപടികൾക്കായുള്ള കാത്തിരിപ്പ്.
തുടരുന്ന വിസ്താരങ്ങൾ….
എന്നെതുടർന്ന്, ഒരുമുക്കുവൻ … ‘കുടിവെള്ളക്കമ്പനിയുടെ നദിയിൽ നിന്നത്രെ അവന്റെ മീൻ പിടുത്തം’
കാട്ടിൽ നിന്ന് തേൻ ശേഖരിച്ച ആദിവാസി…
സ്വന്തമായി ചായക്കൂട്ട് നിർമ്മിച്ച് പേറ്റന്റ് ലംഘനം നടത്തിയ ചിത്രകാരൻ….
ജോലിസമയത്തിനിടയ്ക്ക് കുഞ്ഞിന് മുല കൊടുത്ത ലൈംഗിക തൊഴിലാളി…..
മതിയായ പൗരത്വ രേഖകളില്ലാതെ രാജ്യത്ത് താമസിച്ച ഒരു സ്വാതന്ത്ര്യസമരഭടൻ….
രാജ്യസന്ദർശിക്കാനെത്തിയ അയൽരാജ്യത്തലവന്റെ കണ്ണിൽ അറിയാതെ പെട്ടുപോയ ദരിദ്രബാലൻ….
അങ്ങനെയങ്ങനെ….
ഒടുവിൽ, ആവയോധികയുടെ ഊഴംവന്നപ്പോൾ നന്നെതളർന്നപകൽ അസ്തമിക്കാനൊരു ങ്ങുകയായിരുന്നു. അവരുടെ കണ്ണിലെ വെളിച്ചം കോടതി മുറിയാകെ നിറയവെ, വിഡ്ഡിയെപ്പോലെ ന്യായാധിപൻ ചോദിച്ചു – “പേര് ?”
“അമ്മ…..”
“അതൊരു പേരാണോ ?”
“അല്ല. “
“പിന്നെന്ത് വിളിക്കണം ? “
“അമ്മ എന്ന് വിളിച്ചോളൂ…”
“നിങ്ങൾ ചെയ്ത കുറ്റമെന്തെന്നറിയാമോ ? ” മനോഹരമായ ഒരു പുഞ്ചിരി ആയിരുന്നു മറുപടി.
“നിങ്ങളെന്തിന് തെരുവുകളിലലയുന്നു ?”
“ചേരികളിൽ ഉണ്ടുറങ്ങുന്നു ? “
“ചോലകളിൽ നിന്ന് വെള്ളം കുടിക്കുന്നു ?”
“ആരണ്യകങ്ങളിൽ രാപാർക്കുന്നു ? “…….
പിന്നെയും പിന്നെയും പിടഞ്ഞുവീണ ചോദ്യങ്ങൾക്കൊടുവിൽ ശാന്തമായ മറുപടി
“അവിടെയൊക്കെ എന്റെ മക്കളുള്ളത് കൊണ്ട് …”
“നിങ്ങൾ രാജമാതാവാണെന്ന കാര്യം മറക്കരുത്… എന്തിനാണ് തീണ്ടിക്കൂടാത്ത ചേരികളിലും മുക്കുവക്കുടിലുകളിലും ഗോത്ര ഗ്രാമങ്ങളിലും വയലേലകളിലും അക്ഷരങ്ങളുടെ ഭാണ്ഡവും പേറി അലഞ്ഞ് തിരിയുന്നത് ? നിങ്ങൾ ചുരത്തുന്ന മുലപ്പാലിൽ നിന്ന് കലാപങ്ങൾ ഉറവെടുക്കുന്നത് കാണാതിരിക്കാൻ ഇനിയും ഭരണകൂടത്തിനാകില്ല.”
എന്നെ ചൂഴ്ന്നുനില്‍ക്കുന്ന തടവുഭേദിച്ച് ന്യായാസനത്തിലേക്ക് കുതിക്കാൻ മോഹിച്ച ഒരു നിമിഷാർദ്ധത്തിൽ അമ്മയുടെ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു. ഞാൻ തല താഴ്ത്തി. കോടതി അവസാന ചടങ്ങുകളിലേക്ക് തിടുക്കംകൂട്ടി –
“നിങ്ങൾക്ക് കുറ്റബോധമുണ്ടോ?! പശ്ചാത്തപിക്കാൻ തയ്യാറാണോ ?”
“എനിക്ക്കുറ്റബോധമുണ്ട്. സമരങ്ങളെപ്രസവിച്ചതിലല്ല” അമ്മയുടെനോട്ടം സിംഹാസനത്തിൽ ചെന്നുതറച്ചു –
“യുദ്ധങ്ങൾക്കും നിലവിളികൾക്കും കൊതിച്ചുനടക്കുന്ന ഉന്മാദിയായി മകനെയോർത്ത്.”;
അസഹ്യമായവേദനയാൽ അമ്മ കണ്ണുകളടച്ചപ്പോൾ, അവസാനപ്രകാശവും അണഞ്ഞ് അവിടമെല്ലാം ഇരുട്ടിൽ മുങ്ങി. അന്നാദ്യമായി സ്വപ്നങ്ങളില്ലാതെ ഞാനുറങ്ങി. രാജമാതാവിന്റെ സമാധിച്ചടങ്ങുകളുടെ ആരവങ്ങളിലേക്കാണ് പിന്നെ പിടഞ്ഞുണർന്നത്. അവരെന്നെ തട്ടി ഉണർത്തി, പറഞ്ഞു-…..
“ബലി കർമ്മങ്ങൾക്ക് നേരമായി… “
ഇനിയൊരിക്കലും കരയാനാകില്ലെന്ന തിരിച്ചറിവോടെ ഞാനന്ന് ഏറെനേരംകരഞ്ഞു.
********
അന്ത:പുരസന്ധ്യകളിൽ കിളിയുടെ ചിലക്കൽ സംഗീതമായി പുനർജനിച്ചു. അന്ത:പുരത്തിൽ അടിച്ചുതളിക്കാരനായി ഞാനും- തിളങ്ങുന്ന ഉടയാടകൾ, ആഭരണങ്ങൾ, ഭോജ്യങ്ങൾ…നിറമേറിയ രാവുകളിൽ ആവർത്തിച്ച് വരിയുടയ്ക്കപ്പെട്ട ഞാനും ആ പുനർജനിയെ പ്രണയിച്ച് തുടങ്ങി.
കിളിയുടെ കൊഞ്ചലുകൾ ഗാനോപഹാരങ്ങളായി പ്രകീർത്തിക്കപ്പെട്ടു. ഏകാന്തതയിൽ കിളി വിഷാദിച്ച പ്പോൾ അനശ്വരഗാനങ്ങൾ പിറവി കൊണ്ടു. എല്ലാ ഗാനങ്ങളിലെയും വരികൾ ഇങ്ങനെ ചിട്ടപ്പെടുത്തിയിരുന്നു
‘രാജാവ്…രാജാവ്…’
കിളിയുടെ പാട്ടുകൾ പുതിയൊരു സംഗീതശാഖയായി, രാജ്യമൊമ്പാടും കീർത്തി നേടി. ധാരാളം അനുവാചകരുണ്ടായി. ലക്ഷങ്ങളുടെ കച്ചവടം നടന്നു. പുരസ്കാരങ്ങളും വിനോദനികുതിയിളവും നൽകി ഭരണകൂടം കലോപാസകരായി. അവയിലൂടെ കിളി, ജീവിതത്തിന്റെ നാട്ടകങ്ങളിലും ചരിത്രത്തിന്റെ മുക്കവലകളിലും രാജാവിന്റെ ദയാവായ്പ്പും പ്രജാക്ഷേമവും രാജ്യതന്ത്രനിപുണതയും പാടിപ്പുകഴ്ത്തി. പിന്നെ കൊട്ടാരക്കെട്ടിലെ സ്വർണ്ണക്കൂട്ടിൽ വിലയേറിയ ഭോഗപ്പണ്ടങ്ങൾക്ക് നടുവിൽ മയങ്ങിക്കിടന്നു.
********
കിളിക്കൂട് അടയ്ക്കാൻ മറന്ന ആരുടെയോ കൈപ്പിഴ; മൂപ്പിളമ തർക്കത്തിൽ ഇളയറാണി പറ്റിച്ച പണിയാണെന്ന കിംവദന്തിയും കേൾക്കുന്നുണ്ട്- കിളി പറന്നുപോയി. രാജ്ഞിയ്ക്ക് ഓയിൽ മസ്സാജ് ചെയ്യുമ്പോൾ ആ ചിറകടിയൊച്ച ഞാനും വ്യക്തമായി കേട്ടതാണ്. പറന്നകലുമ്പോൾ എന്റെ ആത്മാവിൽ തുള വീഴ്ത്തുമ്പോലെ കിളി തിരിഞ്ഞ് നോക്കിയിരുന്നു. പക്ഷേ, ജുഡീഷ്യൽ അന്വേഷണം വന്നപ്പോൾ ഞാനത് മറച്ചു വച്ചു. സാക്ഷിക്കൂട്ടിൽ നിന്നാൽ നീതിപീഠത്തിനും ഉയരെ രാജ്ഞിയുടെ കൊല്ലുന്ന ചിരിയെനിക്ക് കാണാമായിരുന്നു. അന്ത:പുരസേവകർക്ക് കണ്ണും കാതും പാടില്ല എന്ന നിയമം നിലനിൽക്കുന്നതിനാൽ തെളിവെടുപ്പ് പെട്ടന്നു കഴിഞ്ഞു.
കിളിയെ തേടിപ്പിടിക്കുന്നവർക്ക് രാജാവ് പാരിതോഷികം പ്രഖ്യാപിച്ചു. അന്ത:പ്പുര രഹസ്യങ്ങൾ പേറുന്ന കിളിയെ കാണുന്ന മാത്രയിൽ കൊന്നു കളയാൻ രാജ്ഞി ഗോപ്യമായി ഏർപ്പാടുണ്ടാക്കി. എന്നിട്ടും അന്ത:പുരവാതിലുകളുടെ തിരശീലകൾക്കിടയിലൂടെ ഞാൻ ഒഴുകി നടന്നു.
********
ഏറെ വൈകാതെ, രാജ്യാതിർത്തിയിലുള്ള ഏതോ ഗോത്രഗ്രാമത്തിൽ നിന്ന് കിളിപിടിക്കപ്പെട്ടു. കിളിയെ ഒളിപ്പിച്ച കുറ്റത്തിന് ആ ഗ്രാമത്തെയൊന്നാകെ ചുട്ടെരിച്ചതിന് ശേഷമാണ് ദൗത്യസേന മടങ്ങിയത്. മാവോയിസ്റ്റ് ഗ്രാമം സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടങ്ങിയതായുള്ള ഫ്ലാഷ് ന്യൂസ്, കിളിയെ രാജസന്നിധിയിൽ ഹാജരാക്കുന്ന വേളയിലും ചാനലുകളിൽ വന്നുകോണ്ടേയിരുന്നു. കിളിയുടെ ചിറകടിയൊച്ചയ്ക്ക് പഴയ മൂർച്ച തിരിച്ചുകിട്ടിയതായെനിക്ക് തോന്നി. രാജാവുയർത്തിപ്പിടിച്ച ഇടംകയ്യുടെ
സ്നേഹം നിരസിച്ച് രാജചിഹ്നാങ്കിതമായ പതാകയ്ക്ക് മേലത് ഇരിപ്പുറപ്പിച്ചു. പിന്നെ ഏവരേയും ഞെട്ടിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി….
“ഹേ ജനദ്രോഹിയായ രാജാവേ…’ സുഖഭോഗങ്ങളിൽ മതിമറന്ന് ജീവിക്കുന്ന നീ ഈ സിംഹാസനത്തിന്റെ
യഥാർത്ഥ ഉടമകളെ സ്വപ്നത്തിലെങ്കിലും ഓർക്കാറുണ്ടോ??”
രാജാവിന്റെ ചിരി മായുന്നത് ഞാൻ കണ്ടു. മിഴിച്ചു പോയ സദസ്സിൻ്റെ നിശബ്ദതയിൻ കിളിയുടെ വാക്കുകൾ വീണ്ടും മുഴങ്ങി…
“ഓരോ അരിമണികളിലും നിന്റെ പേരെഴുതപ്പെടുന്ന ദിനാന്തങ്ങളിൽ ഒഴിഞ്ഞവയറുമായി കരഞ്ഞുറങ്ങിയ കർഷകർ, നിന്റെ യുദ്ധങ്ങൾക്ക് ആയുധമൊരുക്കാൻ, ഭോഗങ്ങൾക്ക് കോപ്പൊരുക്കാൻ, ആട്ടിത്തെളിക്കപ്പെട്ട ശാസ്ത്രജ്ഞർ, തൊഴിലാളികൾ, സ്ത്രീകൾ, ഓർക്കാറുണ്ടോ മഹാരാജാവെ….”
കിളിയുടെ ശബ്ദത്തിന് വാൾത്തലപ്പിനേക്കാൾ മൂർച്ച. കിളിയുടെ സ്വരം കലമ്പിയുയർന്ന് രാജസദസ്സിന്റെ ഭിത്തികളിൽ പ്രതിധ്വനിച്ചു.
“നിന്റെ ആർഭാടങ്ങൾ മാലിന്യമായും, നിന്റെ ആർത്തി പട്ടിണിയായും, നീ നയിച്ചുതീർക്കുന്ന ജീവിതം രോഗങ്ങളായും വിളയുന്നത് നീ കാണുന്നില്ല…”
അകത്തളങ്ങളിൽ, ഇടനാഴികളിൽകണ്ട വാൾത്തലപ്പുകൾ ആയിരംമുനകൾ വച്ച് ജനനയനങ്ങളിൽ പ്രതിധ്വനിക്കുന്നത് ഞാൻകണ്ടു….
“ഹേ മന്ദനായ ചക്രവർത്തീ, നിന്റെ തടവുകാരനാണ് ഞാനെന്ന് വിചാരിച്ചോ!! നിന്റെ വാളിന്റെ മൂർച്ച നോക്കാൻ വന്ന ചാവേറാണ് ഞാൻ… കാണണോ എന്റെ ചോരയിൽ നിന്ന് നാളെയുടെ പൂക്കൾ വിരിയുന്നത്”
ഊരിപിടിച്ച വാളുമായി സിംഹാസനം വിട്ടെഴുന്നേല്‍ക്കുന്ന രാജാവിനെ കണ്ട് എന്റെ ഹൃദയം നിലച്ചുപോയി. ഒരു കുതിപ്പിന് തടസമായി എത്തുമ്പോളേക്കും വാള്‍ പക്ഷിയുടെ ഒരു ചിറകു വേർപെടുത്തി വിശ്രമിച്ചിരുന്നു. ശക്തമായ ഒരു തൊഴിഎന്നെ ദൂരേയ്ക്ക് തെറുപ്പിച്ചു കളഞ്ഞു. മൂലയിൽ ചുരുണ്ട് കൂടുമ്പോഴേക്ക്ചുറ്റുമുയർന്ന ആരവങ്ങൾ എന്നെ ചവുട്ടി മെതിച്ച് കടന്നു പോയിരുന്നു.
അവയ്ക്ക് മീതെ ഒരിക്കൽക്കൂടി കിളി ജ്വലിച്ചുയരുന്നത് ഞാൻകേട്ടു.
“എന്റെ രക്തം വീണ നിന്റെ ഉടവാൾ ചരിത്രത്തിന് അടിയറ വെയ്ക്കേണ്ട നേരമായിരിക്കുന്നു….. അതിൽപ്പുരണ്ട ചോരയുടെ അവകാശികൾ നിന്നെത്തേടി യാത്ര തുടങ്ങിയിരിക്കുന്നു…..
സ്തുതിഗീതങ്ങൾ കേട്ട് ബധിരമായിപ്പോയ നിന്റെ കാതുകളുടെ ദൂരങ്ങൾക്കുമകലെ ആരവങ്ങൾ പിറവി കൊള്ളുന്നത് എനിക്ക് കേൾക്കാം….
നീ ചുട്ടെരിച്ചഗ്രാമങ്ങളുടെ ചങ്കിലിപ്പോളും തീയെരിയുന്നുണ്ട്…..
നിന്റെ കോട്ടകൊത്തളങ്ങൾ ചുഴറ്റിയറിയാൻ ആ വയലേലകളിൽ കൊടുങ്കാറ്റുകൾ
വിളവെടുക്കുന്ന കാലം വരുന്നു…”;
കിളിയുടെ സ്വരം ഒന്ന് മുറിഞ്ഞു, എന്റെ നെഞ്ചിൽ സങ്കടം വന്നു നിറഞ്ഞു – ;
“മിത്രമേ വിട പറയുകയാണോ? “
ചിതറിയതെങ്കിലും ഉറച്ച ശബ്ദം വീണ്ടും…..
“കിളികുലം ഒരിക്കലും അവസാനിക്കുന്നില്ല, എനിക്ക് ശേഷവും ഒരുപാടുകിളികൾ ആകാശത്തിന്റെഅതിരുകൾ നിറയെ പാടിപ്പറന്നുനടക്കും. നിന്റെ സുപ്രഭാതം പാടാനല്ല, നീ കൊന്നു തള്ളിയ അമ്മ പകർന്ന നേരിന്റെ മധുരംപകരാൻ… നോക്ക്, മരിച്ചുപോയ നദിക്കുമപ്പുറം; വരണ്ടുണങ്ങിയ വയലുകളും മണൽക്കാടുകളും താണ്ടിവരുന്നത് നിനക്ക് വിചാരണ ചെയ്യാനുള്ള ബലിമൃഗങ്ങളല്ല, നിന്നെ വിധിക്കാനുള്ള പൗരാവലിയാണ് “
രാജാവിന്റെ നേത്രങ്ങളിൽ ഭയംകൂടുകൂട്ടുന്നത് കണ്ട് ഞാനെഴുന്നേറ്റു. രാജസദസ്സിന്റെ തിക്കിതിരക്കിനിടയിലൂടെ ഞാനും കണ്ടു, അങ്ങ് ദൂരെ മരുഭൂമിയിലെ കാവൽമാടങ്ങൾ തകർത്ത്, നദിയിലെ ഉറവുകളെ ഉണർത്തി, തരിശുകളെ നനച്ച്, മുന്നോട്ട് കുതിക്കുന്ന പോരാളിക്കൂട്ടങ്ങൾ… വീണ്ടുകിട്ടിയ ആകാശത്തിൽ നിറഞ്ഞുപറക്കുന്ന, പാടുന്ന പക്ഷികൾ. മണലാരണ്യത്തിന്റെ ദണ്ഡനങ്ങൾ കുടഞ്ഞെറിഞ്ഞ് മുളയ്ക്കാൽ വെമ്പുന്ന വിത്തുകൾ. വിയർത്ത ദേഹങ്ങൾ, ചുരത്തുന്ന മുലകൾ, പുഞ്ചിരിക്കുന്ന മുഖങ്ങൾ…
കിളിയുടെ ചോര പറ്റിയ തുരുമ്പിച്ച വാൾതലപ്പുകൾക്കിടയിലൂടെ നടന്ന്, കോട്ടവാതിൽ മലർക്കെ തുറന്ന് …. അവരുടെ വരവിനായി ഞാൻ കാത്തു നിന്നു.
പുറകിൽ കിളിയുടെ ജഡവും കുറെ പ്ലാസ്റ്റിക്ക് പൂക്കളും.